ഞാന്‍ ഉള്ളി കഴിക്കാറില്ലെന്ന് ധനമന്ത്രി; 'ചപ്പാത്തി നഹീ'യെന്ന് രമണൻ- നിർമ്മലയ്ക്ക് ട്രോൾ മഴ

മന്ത്രിയുടെ വാക്കുകള്‍ മറ്റു ചില അംഗങ്ങള്‍ ചിരിയോടെയാണ് ഏറ്റെടത്തത്. കൂടുതല്‍ ഉള്ളികഴിക്കുന്നവരില്‍ കോപം കൂടുതലായിരിക്കുമെന്ന് ഇതിന് ഒരു പാര്‍ലമെന്റ് അംഗം മറുപടിയായി പറഞ്ഞിരുന്നു.

ഞാന്‍ ഉള്ളി കഴിക്കാറില്ലെന്ന് ധനമന്ത്രി;

രാജ്യത്ത് ഉള്ളി വില അനിയന്ത്രിതമായി വർദ്ധിക്കവെ പാർലമെന്റിൽ അസാധാരണമായ പ്രസ്താവന നടത്തിയ ധനമന്ത്രി നിർമല സീതാരാമനെ ട്രോളി സോഷ്യൽ മീഡിയ. ബുധനാഴ്ച പാർലമെന്‍റിൽ നടന്ന ചർച്ചയിലാണ് ഉള്ളി വിലയിൽ ധനമന്ത്രിയുടെ അസാധാരണ പ്രതികരണമുണ്ടായത്. ഉള്ളിവില വർദ്ധന വ്യക്തിപരമായി തന്നെ ബാധിക്കില്ലെന്നായിരുന്നു നിർമലയുടെ പ്രതികരണം.

ഉള്ളി തന്റെ കുടുംബത്തിന്റെ ഭക്ഷണത്തിൽ അവശ്യഘടകമല്ലെന്നും അതിനാൽ ഉള്ളി വില വർദ്ധന വ്യക്തിപരമായി തന്നെ ബാധിക്കില്ലെന്നുമായിരുന്നു നിര്‍മല സീതാരാമൻ പറഞ്ഞത്. 'ഞാൻ അധികം ഉള്ളിയും വെളുത്തുള്ളിയും കഴിക്കാറില്ല, അതു കൊണ്ട് ഒരു പ്രശ്നവുമില്ല, ഉള്ളി അധികം ഉപയോഗിക്കാത്ത വീട്ടിൽ നിന്നാണ് ഞാന് വരുന്നത്. ' -മന്ത്രി പറഞ്ഞു.

ഇതോടെയാണ് സോഷ്യൽ മീഡിയ മന്ത്രിയെ ട്രോളി രം​ഗത്തെത്തിയത്. #SayItLikeNirmalaTai എന്ന ഹാഷ് ടാഗ് നിലവിൽ ട്രെൻഡിങ്ങാണ്. 'ഞാൻ ചപ്പാത്തി കഴിക്കാറില്ല, അതുകൊണ്ട് ഗോതമ്പിന് വില കൂടുന്നത് എനിക്ക് പ്രശ്നമില്ലെ'ന്നാണ് രമണനെ വെച്ചുള്ള ട്രോളുകൾ പറയുന്നത്. 'ആളുകൾ വിവാഹിതരാകുന്നതിനാലാണ് ഇന്ത്യയിൽ വിവാഹമോചന നിരക്ക് കൂടുന്നതെന്നും' ട്രോളുണ്ട്.

'എനിക്ക് എക്കണോമിക്‌സറിയില്ല, അതുകോണ്ടു തന്നെ എക്കോണമി ഒരു പ്രശ്‌നമേയല്ല'. 'രാജ്യത്തെ മോശം റോഡുകള്‍ സല്‍മാന്‍ഖാന് പ്രശ്‌നമല്ല കാരണം ഫൂട്പാത്തിലൂടെയാണ് അദ്ദേഹം വാഹനമോടിക്കുന്നത്'. 'എക്കോണമി ക്ലാസില്‍ യാത്ര ചെയ്യാത്തതുകൊണ്ട് എക്കോണമി നിര്‍മ്മലാ സീതാരാമന് ഒരു പ്രശ്‌നവുമില്ല'. തുടങ്ങി നിരവധിയായ പരിഹാസമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.

അതേസമയം നിരവധി രാഷ്ട്രീയ നേതാക്കളും മന്ത്രിക്ക് മറുപടിയുമായി ഇന്ന് രംഗത്തെത്തിയിട്ടുണ്ട്. അവരെന്താണ് വെണ്ണപ്പഴമാണോ കഴിക്കുന്നത് എന്നായിരുന്നു കോൺ​ഗ്രസ് നേതാവ് പി. ചിദംബരത്തിൻെറ ചോദ്യം. 'അവര്‍ പറയുന്നു, ഉള്ളി കഴിക്കാറില്ലെന്ന്. എന്താണ് ധനമന്ത്രി ഉദ്ദേശിക്കുന്നത്? അവര്‍ വെണ്ണപ്പഴമാണോ (അവകാഡോ) തിന്നുന്നത്?' - ചിദംബരം ചോദിച്ചു.

Next Story
Read More >>