ആധാര്‍ വിധിയില്‍ സന്ദേഹം!

ഒരു പ്രശ്നത്തെ ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിൽ നീതിയുക്തമാണോ എന്ന് രാജ്യത്തെ സമുന്നത ന്യായാധിപന്മാർ ഇഴകീറി പരിശോധിക്കുകയാണ്. അവരുടെ തീരുമാനം ആ രാജ്യത്തിലെ നുറു കോടിയിലധികം വരുന്ന ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതുമാണ്. ഈ ന്യായാധിപന്മാർ പരസ്പരം ചർച്ച ചെയ്താവുമല്ലോ വിധിയിലേക്കെത്തുന്നത്. ജസ്റ്റിസ് ചന്ദ്രചൂഡിനെ ബോദ്ധ്യപ്പെടുത്താൻ കഴിയാത്ത കാര്യങ്ങൾ ഭരണഘടനാ ബെഞ്ചിലെ മറ്റ് നാലു ന്യായാധിപന്മാർ ഒരു രാജ്യത്തിന്റെ മേൽ അടിച്ചേൽപ്പിക്കുകയാണ്.

ആധാര്‍ വിധിയില്‍ സന്ദേഹം!

ആധാറിന് ഭരണഘടനസാധുത നല്‍കിയ വിധിയില്‍ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിയോജിപ്പിനെ കുറിച്ച് എന്‍.ഇ സുധീര്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാണ്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

സുപ്രീം കോടതിയുടെ പ്രവർത്തനത്തെ പറ്റി വ്യക്തമായ അറിവെനിക്കില്ല. ആധാറുമായി ബന്ധപ്പെട്ട ഇന്നലത്തെ വിധി കണ്ടപ്പോൾ തോന്നിയ ഒരു സംശയം മുന്നോട്ടു വെക്കുന്നു എന്നു മാത്രം. ആധാറിന്റെ ഭരണഘടനാ സാധുതയാണ് നമ്മുടെ പരമോന്നത നീതിപീഠം പരിശോധിച്ചത്. അതും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്. ആധാറിന്റെ സാധുത അവർ അംഗീകരിച്ചു എന്നാണ് ഭൂരിപക്ഷ വിധിയിൽ കാണുന്നത്. അതേസമയം ജസ്റ്റിസ് ചന്ദ്രചുഡ് പ്രത്യേകമായി എഴുതിയ വിധിയിൽ ആധാർ ഭരണഘടനാ വിരുദ്ധമെന്ന് അസന്നിഗ്ദമായി പ്രസ്താവിച്ചിരിക്കുന്നു. ആധാർ ബിൽ രാജ്യസഭയെ മറികടന്ന് പണ ബില്ലായി അവതരിപ്പിച്ചത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം പറയുന്നുണ്ട്. അതായത് ഭൂരിപക്ഷ വിധിയുടെ അന്തസത്തയോട് ജസ്റ്റിസ് ചന്ദ്രചൂഡ് പൂർണ്ണമായും വിയോജിക്കുന്നു.

ഒരു പ്രശ്നത്തെ ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിൽ നീതിയുക്തമാണോ എന്ന് രാജ്യത്തെ സമുന്നത ന്യായാധിപന്മാർ ഇഴകീറി പരിശോധിക്കുകയാണ്. അവരുടെ തീരുമാനം ആ രാജ്യത്തിലെ നുറു കോടിയിലധികം വരുന്ന ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതുമാണ്. ഈ ന്യായാധിപന്മാർ പരസ്പരം ചർച്ച ചെയ്താവുമല്ലോ വിധിയിലേക്കെത്തുന്നത്. ജസ്റ്റിസ് ചന്ദ്രചൂഡിനെ ബോദ്ധ്യപ്പെടുത്താൻ കഴിയാത്ത കാര്യങ്ങൾ ഭരണഘടനാ ബെഞ്ചിലെ മറ്റ് നാലു ന്യായാധിപന്മാർ ഒരു രാജ്യത്തിന്റെ മേൽ അടിച്ചേൽപ്പിക്കുകയാണ്. ഇത് ജനാധിപത്യ പരമായ നടപടിയാണെന്നതു ന്യായം. ഭൂരിപക്ഷ തീരുമാനം ജനാധിപത്യപരമാണ്. എന്നാൽ ഒരു ഭരണഘടനാ പ്രശ്നത്തിന് തീർപ്പ്കല്പിക്കാൻ ഇതാണോ നീതിയുടെ ശരിയായ മാർഗ്ഗം? ചെറിയ വിയോജിപ്പകളോടെ ഭൂരിപക്ഷ വിധി വരുന്നത് അംഗീകരിക്കാം. തീർത്തും ഘടക വിരുദ്ധമായ ഒരു വിധി ഭൂരിപക്ഷ വിധിയുടെ കൂടെ എങ്ങനെ ചേർന്ന് നിൽക്കും? അത്തരമൊരു സാഹചര്യത്തിൽ ഭരണഘടനാ ബെഞ്ച് വിഷയം വീണ്ടും സമഗ്രമായി പഠിക്കുകയും വേറിട്ട നിലപാടുള്ള ന്യായാധിപനെക്കൂടി ബോദ്ധ്യപ്പെടുത്തിക്കൊണ്ട് നേർവിചിന്തനം നടത്തുകയുമല്ലേ ഉചിതം? അല്ലാത്ത പക്ഷം നീതി എന്നത് തികച്ചും വ്യക്തിപരമായ നിലപാടുകളാണ് എന്ന് വരില്ലേ ? ജസ്റ്റിസ് ചന്ദ്രചൂഡിന് മനസ്സിലാവാത്ത ഒന്നാണോ അദ്ദേഹം പരിശോധിച്ചത് ? അതോ ജസ്റ്റിസ് ദീപകാ മിശ്ര, ജസ്റ്റിസ് എ.കെ. സിക്രി, ജസ്റ്റിസ് എ. എം. ഖാൻവിൽക്കർ, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവർക്കാണോ കാര്യങ്ങൾ പിടികിട്ടാതെ പോയത്?

ദിനംപ്രതി വരുന്ന കോടതി വിധികളുടെ പ്രഹരമേൽക്കേണ്ടി വരുന്ന ഒരു സാധാരണ ഭാരതീയ പൗരന്റെ സന്ദേഹം മാത്രമാണിത്. നമ്മുടെ ജീവിതം ഇവരുടെ കൈകളിലായി ചുരുങ്ങിപ്പോവുകയാണ്. (അവരില്ലായിരുന്നെങ്കിൽ എന്ന ഉട്ടോപ്യൻ ചോദ്യം എന്നിലെ ജനാധിപത്യവാദിയുടെ മുന്നിൽ അപ്രസക്തമാണ്) . എന്റെ നാടിന്റെ രാഷ്ടീയ നേതൃത്വത്തെ ഓർത്ത് എനിക്ക് ഖേദവും ദുഖവുമുണ്ട്. അവരിങ്ങനെ ഈ നാട്ടിലങ്ങോട്ടുമിങ്ങോട്ടും തെരാപാര നടക്കുന്നതെന്തിനാണാവോ!

Read More >>