ശബരിമലയിലെ ട്രപ്പീസു കളി

വര്‍ഷങ്ങളായി പിന്തുടരുന്ന ആചാരങ്ങളില്‍ കൈവെക്കുമ്പോള്‍ ആര്‍ക്കായാലും പൊള്ളുമെന്ന് മനസ്സിലാക്കാനുള്ള ശേഷി സി.പി.എമ്മിന് ഇല്ലാതെയും പോയി. പതിറ്റാണ്ടുകള്‍ പാടുപെട്ടിട്ടും കേരള രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്ത സംഘപരിവാരത്തിന് ഇതൊരു സുവര്‍ണ്ണാവസരമായി മാറി

ശബരിമലയിലെ ട്രപ്പീസു കളി

ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ രണ്ടു യുവതികളെ പ്രതിഷേധക്കാര്‍ ഇന്നും തടഞ്ഞു. കഴിഞ്ഞ ദിവസം തമിഴ് നാട്ടില്‍നിന്നെത്തിയ യുവതികളെ ഭയപ്പെടുത്തി ഓടിച്ചു വിട്ടു. സുപ്രിം കോടതി വിധിയനുസരിച്ച് യുവതികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ബാദ്ധ്യസ്ഥരായ പൊലീസ് ഒപ്പമുണ്ടായിട്ടും വിധി നടപ്പാക്കാന്‍ ആയില്ല. വഴിനീളെ പ്രതിഷേധമായിരുന്നു. ഒടുവില്‍ പൊലീസും യുവതികള്‍ക്കൊപ്പം തിരിച്ചോടുന്ന കാഴ്ചയാണ് കണ്ടത്. പ്രതിഷേധക്കാരെ നീക്കി കുറേദൂരം മുന്നോട്ടു പോയ ശേഷം ഇനി പോകാനാവില്ലെന്നു പറഞ്ഞ് പൊലീസ് യുവതികളെ തിരിച്ചിറക്കുന്നത് ഇപ്പോള്‍ പതിവു കാഴ്ചയായി.

യുവതികള്‍ പൊലീസിനോട് സുരക്ഷ ആവശ്യപ്പെടുന്നു. പൊലീസിന്റെ അനുവാദത്തോടെ മലകയറാനെത്തുന്നു. പൊലീസ് തന്നെ കൂട്ടിക്കൊണ്ടു പോകുന്നു. പാതിവഴിയിലെത്തുമ്പോള്‍ തിരിച്ചു പോകാമെന്ന് ഉപദേശിക്കുന്നു. യുവതികള്‍ തിരിച്ചിറങ്ങില്ലെന്ന് വാശിപിടിക്കുന്നു. സുരക്ഷ നല്‍കാനാവില്ലെന്നു പറഞ്ഞ് പൊലീസ് കൈയൊഴിയുന്നു. യുവതികള്‍ തിരിച്ച് മലയിറങ്ങുന്നു. ഇതാണ് കോടതിവിധി വന്ന ശേഷം ഇന്നു വരെ ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. മല കയറാനെത്തുന്ന സ്ത്രീകളുടെ വീടുകള്‍ക്കു മുന്നിലും പ്രതിഷേധം പതിവായിട്ടുണ്ട്. കേരളത്തിന്റെ ക്രമസമാധാനത്തെ തന്നെ നോക്കുകുത്തിയാക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്.

ഭക്തജനങ്ങള്‍ പ്രകോപിതരാണെന്നും യുവതികള്‍ തിരിച്ചു പോയേ പറ്റൂ എന്നുമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കുന്ന ദയനീയമായ വിശദീകരണം. ആയിരം പ്രതിഷേധക്കാരെ നേരിടാന്‍ അമ്പതു പൊലീസുകാരെ നിയോഗിച്ചാല്‍ തിരിച്ചു പോന്നേ പറ്റൂ എന്നതാണ് യാഥാര്‍ത്ഥ്യം. ഭക്തരെ ഇളക്കിവിടുന്നത് സംഘ്പരിവാര്‍ നേതാക്കളാണെന്നു പറയുമ്പോഴും പ്രതിഷേധക്കാര്‍ക്കിടയില്‍ ഭക്തര്‍ ഉണ്ടെന്ന് മന്ത്രി തന്നെ സമ്മതിക്കുകയാണ്. കവലപ്രസംഗങ്ങളില്‍ നേരെ തിരിച്ചാണ് വാദം. പുരോഗമന, നവോത്ഥാന കേരളത്തെ അടയാളപ്പെടുത്താന്‍ സര്‍ക്കാര്‍ വനിതാമതില്‍ പോലുള്ള സാംസ്‌ക്കാരിക പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ശബരിമലയില്‍ എന്തു ചെയ്യുന്നു എന്ന അന്വേഷണം പ്രസക്തമാണ്. ഭക്തരുമായി ബലപ്രയോ?ഗം പാടില്ലെന്നാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പ് പറയുന്നത്. ഇതു തന്നെയല്ലേ കോടതി വിധി വന്ന ദിവസം മുതല്‍ പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്. ബി.ജെ.പിയെയും സംഘപരിവാറിനെയും സജീവമാക്കി നിര്‍ത്തുക എന്നല്ലാതെ ഇപ്പോള്‍ നടക്കുന്ന നാടകങ്ങള്‍ കൊണ്ട് പ്രത്യേകിച്ചൊരു കാര്യവുമില്ല.

യുവതീപ്രവേശത്തിന് സര്‍ക്കാര്‍ അനുകൂലമാണെന്നു പറയുമ്പോള്‍ത്തന്നെ ക്രമസമാധാന പ്രശ്‌നം മുന്‍കൂട്ടി കാണാന്‍ സാധിക്കാത്തതാണ് പ്രശ്നം വഷളാകാനുള്ള ഒരു കാരണം. സാമുദായിക, മത നവോത്ഥാന പ്രക്രിയ കേവലം കോടതിവിധിയിലൂടെ നടപ്പാകുന്ന കാര്യമല്ല. അതിന് സമുദായത്തിനകത്ത് ബോധവല്‍ക്കരണ, നവീകരണ ശ്രമങ്ങളുണ്ടാകണം. കോടതിവിധി വന്ന ഉടനെ വനിതാമതിലിനു വിളിച്ചു ചേര്‍ത്ത പോലെ ഒരു സമുദായ സംഘടനാ യോഗമോ സര്‍വ്വകക്ഷി യോഗമോ സര്‍ക്കാറിന് വിളിച്ചുകൂട്ടാമായിരുന്നു. പ്രതിപക്ഷം അക്കാര്യം ആവശ്യപ്പെട്ടിട്ടും ചെയ്തില്ല. പിന്നീട് നിര്‍ബന്ധിതാവസ്ഥയില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. വിധി നടപ്പാക്കാനുള്ള സാവകാശ ഹര്‍ജി, റിവ്യൂ ഹര്‍ജി തുടങ്ങിയ കാര്യങ്ങളില്‍ ആദ്യം പുറംതിരിഞ്ഞു നിന്ന സര്‍ക്കാര്‍ പിന്നീട് ആ വഴി തന്നെ തെരഞ്ഞെടുക്കുന്നതും കണ്ടു.

പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പൊതുപ്രസംഗങ്ങള്‍ പലപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടേതു പോലെയാകുന്നത് പ്രശ്നം സങ്കീര്‍ണ്ണമാകാന്‍ കാരണമാകുന്നുണ്ട്. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് വ്യാകുലതയുള്ളവരുടെയും മുഖ്യമന്ത്രിയായി അദ്ദേഹം മാറണം. എന്നാല്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സൗകര്യം ചെയ്യുമെന്ന അദ്ദേഹത്തിന്റെ വീരവാദങ്ങള്‍ വിശ്വാസികളുടെ കുത്തകാവകാശം സംഘപരിവാര്‍ ഏറ്റെടുക്കാന്‍ കാരണമായി. വര്‍ഷങ്ങളായി പിന്തുടരുന്ന ആചാരങ്ങളില്‍ കൈവെക്കുമ്പോള്‍ ആര്‍ക്കായാലും പൊള്ളുമെന്ന് മനസ്സിലാക്കാനുള്ള ശേഷി സി.പി.എമ്മിന് ഇല്ലാതെയും പോയി. പതിറ്റാണ്ടുകള്‍ പാടുപെട്ടിട്ടും കേരള രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്ത സംഘപരിവാരത്തിന് ഇതൊരു സുവര്‍ണ്ണാവസരമായി മാറി. ഇങ്ങനെയൊക്കെ സംഭവിക്കുന്നതിനു മുന്നേ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പോലെ സര്‍ക്കാറിന് സമവായത്തിന്റെയും അനുനയത്തിന്റെയും വഴി തേടാമായിരുന്നു.

Read More >>