ആര്‍.ബാലകൃഷ്ണപിള്ള ഇടതുപക്ഷത്ത് പ്രത്യക്ഷപ്പെടുമ്പോള്‍

മൂല്യങ്ങൾ വെടിഞ്ഞുള്ള അടവുതന്ത്രങ്ങൾ അല്ല, നീണ്ടുനിൽക്കുന്ന ഒരു പോരാട്ടത്തിനു കരുത്തേകേണ്ടത് എന്ന് ഇടതുപക്ഷം തിരിച്ചറിയാൻ വൈകിക്കൂടാ.

ആര്‍.ബാലകൃഷ്ണപിള്ള ഇടതുപക്ഷത്ത് പ്രത്യക്ഷപ്പെടുമ്പോള്‍

കാൽനൂറ്റാണ്ടായി അംഗത്വത്തിനു കാത്തുനിന്ന ഇന്ത്യൻ നാഷനൽ ലീഗ് എന്ന പാർട്ടിക്കു ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ അംഗത്വം നൽകിയത് മുന്നു ദിവസം മുമ്പു മാത്രമാണ്. ഒരു പാർട്ടിക്കു മുന്നണിയിൽ അംഗത്വം കിട്ടാൻ 24 വർഷം കാത്തുനിൽക്കേണ്ടി വന്നത് എന്തു കൊണ്ടെന്നോ ഇപ്പോൾ അംഗത്വം നൽകുന്നത് എന്തു കൊണ്ടെന്നോ മുന്നണി വക്താക്കൾ വിശദീകരിച്ചു കണ്ടില്ല. എന്താണ് ഇടതുമുന്നണിയിൽ അംഗത്വം കിട്ടാനുള്ള യോഗ്യത? ആ യോഗ്യതയിൽ എന്തെല്ലാമായിരുന്നു ഐ.എൻ.എൽ എന്ന പാർട്ടിക്ക് ഇല്ലാതിരുന്നത്? ഇപ്പോൾ ആ വിടവുകളും ദോഷങ്ങളും അവർ പരിഹരിച്ചുവോ? എല്ലാ രഹസ്യമാണ്. സി.പി.എമ്മും ഒന്നും പറഞ്ഞിട്ടില്ല, ഐ.എൻ.എല്ലും ഒന്നും പറഞ്ഞിട്ടില്ല. ഇതെല്ലാം തങ്ങളുടെ ആഭ്യന്തരകാര്യമാണ്, ജനങ്ങളോട് വിശദീകരിക്കാൻ ബാദ്ധ്യതയില്ല എന്നാവും ഇരുകൂട്ടരും കരുതുന്നത്.

ബാബ്‌റി മസ്ജിദ് പ്രശ്‌നത്തിന്റെ പേരിൽ മുസ്‌ലിം ലീഗ് വിട്ടു പോയവരാണ് ഐ.എൻ.എൽ രൂപവൽക്കരിച്ചത്. ആ പാർട്ടിപ്പേരിൽ മതമില്ല. മുമ്പൊരിക്കൽ ലീഗ് പിളർന്നപ്പോൾ പാർട്ടി വിട്ട പക്ഷം മുസ്‌ലിം ലീഗ് എന്ന പേര് ഉപേക്ഷിച്ചിരുന്നില്ല. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് വിട്ടവർ ആൾ ഇന്ത്യ മുസ്‌ലിം ലീഗ് രൂപവൽക്കരിക്കുകയാണ് ചെയ്തത്. മുസ്‌ലിം ലീഗ് എന്ന മതനാമം ഉണ്ടായിരുന്നുവെങ്കിലും ലീഗ് ഇന്ത്യൻ ഭരണഘടനയുടെ മതനിരപേക്ഷ വ്യവസ്ഥകളിലും മൂല്യങ്ങളിലും പൂർണ്ണവിശ്വാസം പ്രകടിപ്പിച്ചിട്ടുള്ള പാർട്ടിയാണ്. ഇപ്പോഴും അതിൽ മാറ്റമില്ല. ഐ.എൻ.എല്ലിനു പാർട്ടിപ്പേരിൽ മതമില്ല. അവരുടെ അണികളിൽ ഭൂരിപക്ഷം മുസ്‌ലിംകളാണെന്നതു മാത്രമാണ് ആ പാർട്ടിയെക്കുറിച്ച് പറയാവുന്ന മതബന്ധം. ഈ കാൽനൂറ്റാണ്ടു കാലവും ഐ.എൻ. എൽ ബന്ധത്തിന്റെ കാര്യത്തിൽ സി.പി.എം കാട്ടിയത് വഞ്ചനാപരമായ നിലപാടാണ്. അസ്വീകാര്യമാണ് അവരുമായുള്ള ബന്ധം എങ്കിൽ അതു തുറന്നു പറയുകയും നിങ്ങളുമായി ബന്ധമില്ല എന്നു പറയുകയും വേണമായിരുന്നു. അതു ചെയ്തില്ല എന്നു മാത്രമല്ല അവരെ ഗേറ്റിനു പുറത്ത് നിറുത്തുകയും വേണ്ടപ്പോഴെല്ലാം വോട്ടുവാങ്ങുകയും ചെയ്തു.

ഇതിലേറെ വിചിത്രവും തത്ത്വരഹിതവും ആണ് ആർ.ബാലകൃഷ്ണപിള്ള നയിക്കുന്ന കേരള കോൺഗ്രസ്സുമായുള്ള ബന്ധം. വർഗ്ഗീയപാർട്ടി അല്ല എന്നതു മാത്രമാണ് ആ പാർട്ടിയെക്കുറിച്ച് പറയാവുന്ന ഒരേയൊരു മേന്മ. സി.പി.എം തന്നെ നയിച്ച അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഫലമായി ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്ന ആളാണ് ബാലകൃഷ്ണപിള്ള. തീർത്തും സ്വാർത്ഥതാല്പര്യപ്രേരിതമായ വിഷയങ്ങളുടെ പേരിൽ കേരള കോൺഗ്രസ്സിലെ ഔദ്യോഗിക നേതൃത്വമായി പിണങ്ങിയതുകൊണ്ടു മാത്രമാണ് പിള്ള പുറത്തായത്. ഇതിൽ എന്തെങ്കിലും തത്ത്വമോ രാഷ്്ട്രീയമോ ഇല്ല. പിള്ള സ്വാഭാവികമായി എത്തിച്ചേരേണ്ടത് സവർണ-ഹിന്ദുത്വാഭിമുഖ്യമുള്ള ഒരു പ്രസ്ഥാനത്തിലാണ്. ഇന്ന് അത്രയും സ്വാധീനം ഹിന്ദുത്വ കക്ഷി കേരളത്തിൽ നേടിയിട്ടില്ല എന്നതു മാത്രമാണ് അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തുന്നത്. സി.പി.എം നേതൃത്വത്തിനാകട്ടെ 2019-ലെ തിരഞ്ഞെടുപ്പ് മാത്രമാവും മനസ്സിലുള്ളത്. ബാലകൃഷ്ണപിള്ളയെ മുന്നണിയെടുക്കുകയും ഐ.എൻ.എല്ലിനെ എടുക്കാതിരിക്കുകയും ചെയ്യുന്നത് ചീത്തപ്പേരുണ്ടാക്കുമെന്ന ചിന്ത മാത്രമാവാം ഐ.എൻ.എല്ലിനെകൂടി കൂടെക്കൂട്ടാൻ അവരെ പ്രേരിപ്പിച്ചിരിക്കുക.

അഴിമതിക്കുറ്റത്തിനു കോടതി ശിക്ഷിക്കപ്പെട്ട ഒരാളെ മുന്നണിയിലെടുത്തതിനെതിരെ ഒരാളും ശബ്ദിക്കില്ലേ എന്നറിയാൻ കാത്തുനിൽക്കുകയായിരുന്നു കേരളം. പിള്ളക്കെതിരായ പോരാട്ടം നയിച്ച വി.എസ്സിന്റെ സ്വരം എത്ര ദുർബലമായി എന്ന് അദ്ദേഹത്തിന്റെ വെള്ളിയാഴ്ചത്തെ പ്രസ്താവന വെളിവാക്കുന്നു. കാലഹരണപ്പെട്ട അനാചാരങ്ങളും സ്ത്രീവിരുദ്ധതയും സവർണമേധാവിത്വാശയങ്ങളും ലജ്ജാലേശമില്ലതെ ഉയർത്തിപ്പിടിക്കുന്നവരിൽ ഒരാളാണ് ആർ.ബാലകൃഷ്ണപിള്ള എന്നദ്ദേഹം ഓർമ്മിപ്പിച്ചു. ഒഴിഞ്ഞു മാറാനുള്ള ഇടം വച്ചു കൊണ്ടായിരുന്നു വിമർശനമെല്ലാം. അദ്ദേഹം ഈ വിഷയത്തിൽ ആഞ്ഞടിക്കാൻ വാർത്താസമ്മേളനം നടത്തുകയോ ലേഖനമെഴുതുകയോ കേന്ദ്രനേതൃത്വത്തിനു കത്തെഴുതുകയോ ചെയ്തിട്ടില്ല. ആറ്റിങ്ങലിൽ ഒരു സാംസ്‌കാരിക യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്. 'കുടുംബത്തിൽപിറന്ന സ്ത്രീകൾ ശബരിമലയിൽ പോകില്ല' എന്ന ബാലകൃഷ്ണപിള്ളയുടെ പ്രസ്താവന പോലും പേരെടുത്തു പറയാതെയാണ് അദ്ദേഹം ഓർമ്മപ്പെടുത്തിയതെന്നു കാണാം. ഇതു പഴയ വി.എസ് അല്ല. പണ്ടത്തെ ശൗര്യം ഒട്ടും അവശേഷിച്ചിട്ടില്ല. അത് അദ്ദേഹത്തിൽനിന്നു നാം ഇനിയും പ്രതീക്ഷിച്ചു കൂടാത്തതാണ്.

ചുരുക്കത്തിൽ, ഇടതുപക്ഷം വലതുപക്ഷത്തേക്കാൾ അധാർമ്മികവും അവസരവാദപരവുമായ നിലപാടുകളിലേക്കു നീങ്ങുമ്പോൾ ആ പക്ഷത്തുനിന്ന് ഒരാൾ പോലും ഉറച്ച ശബ്ദത്തിൽ പാടില്ല എന്നു വിലക്കുന്നില്ല. ഹിന്ദുത്വ വർഗ്ഗീയതയുടെ ആളിക്കത്തൽ നേരിടാൻ എന്ത് അധർമ്മവുമാവാം എന്നു ധരിക്കുന്നതാണ് കൂടുതല്‍ അപകടം. കേരളം കത്തിത്തീർന്നാലും സാരമില്ല പത്തു സീറ്റു കിട്ടിയാൽ മതി എന്നു കരുതുന്ന ശക്തികൾക്കെതിരെ ധാർമ്മിക വെടിഞ്ഞുള്ള അടവുതന്ത്രങ്ങൾ മതിയാകും എന്നതു വെറും വ്യാമോഹമാണ്. മൂല്യങ്ങൾ വെടിഞ്ഞുള്ള അടവുതന്ത്രങ്ങൾ അല്ല, നീണ്ടുനിൽക്കുന്ന ഒരു പോരാട്ടത്തിനു കരുത്തേകേണ്ടത് എന്ന് ഇടതുപക്ഷം തിരിച്ചറിയാൻ വൈകിക്കൂടാ.

Read More >>