ഇടത് വിപുലീകരണം നല്‍കുന്ന സൂചനകള്‍

വലുതല്ലെങ്കിലും എഴുതിത്തള്ളാനാവാത്ത രാഷ്ട്രീയ ചലനങ്ങള്‍ക്കു സാദ്ധ്യത കല്പിക്കുന്ന നീക്കമാണിപ്പോള്‍ ഇടതു മുന്നണിയില്‍ നിന്നുണ്ടായത്. ചെറുതെങ്കിലും കേരളത്തിന്റെ നാലു പോക്കറ്റുകളില്‍ നാലുവിധത്തിലാണ് ഇത് പ്രതിഫലിക്കുക

ഇടത് വിപുലീകരണം നല്‍കുന്ന സൂചനകള്‍

ദീര്‍ഘനാളായി തങ്ങളോടൊപ്പമുള്ള നാലു പാര്‍ട്ടികളുടെ മുന്നണി പ്രവേശമെന്ന ആവശ്യത്തിനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍.ഡി.എഫ്) ഇന്നലെ പച്ചക്കൊടി കാണിച്ചത്. ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) അടക്കം നാലു പാര്‍ട്ടികള്‍ക്കു പുതുതായി മുന്നണിയില്‍ ഇടം ലഭിച്ചിരിക്കുന്നു. ആര്‍. ബാലകഷ്ണപിള്ളയും ഫ്രാന്‍സിസ് ജോര്‍ജും നയിക്കുന്ന കേരളാ കോണ്‍ഗ്രസുകളും എം.വി ശ്രേയാംസ് കുമാറിന്റെ ലോക് താന്ത്രിക് ജനതാദളും ഇതനുസരിച്ച് ഇടതുമുന്നണിയുടെ ഘടകകക്ഷികളാണ്.

ശബരിമല വിവാദത്തിന്റെയും ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിലാണ് ഇടതുമുന്നണിയുടെ പൊടുന്നനെയുള്ള മുന്നണി വിപുലീകരണം. രണ്ടര പതിറ്റാണ്ടു കാലത്തോണ്ടളമായി ഐ.എന്‍.എല്‍ ഇടതുമുന്നണിയുടെ ഉമ്മറപ്പടിയില്‍ കാത്തുകെട്ടി കിടപ്പാണ്. അവര്‍ മുട്ടാത്ത വാതിലുകളില്ല. ബാബരി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്ന് കോണ്‍ഗ്രസിനുള്ള മുസ്ലിം ലീഗ് പിന്തുണ പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് അന്നത്തെ പാര്‍ട്ടി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ഇബ്രാഹീം സുലൈമാന്‍ സേട്ട് എം.പിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം 1994 ഏപ്രിലില്‍ ഐ.എന്‍.എല്‍ രൂപീകരിച്ചത്. പി എം അബൂബക്കര്‍, സി.കെ.പി ചെറിയ മമ്മുക്കേയി, യു.എ ബീരാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരായ പലരും അതിന്റെ തലപ്പത്തെത്തിയെങ്കിലും നേതാക്കളുടെ തുടര്‍ച്ചയായ വിയോഗവും മുന്നണി പ്രവേശമെന്ന സ്വപ്നത്തിലേക്കുള്ള അകലവും പാര്‍ട്ടിയെ കൂടുതല്‍ കൂടുതല്‍ ശോഷിപ്പിച്ചു.

സാമുദായിക ചുവ കലരാതിരിക്കാനെന്നോണം സി.പി.എം ദേശീയ നേതൃത്വത്തിന്റേതടക്കം ഉപദേശമനുസരിച്ചാണ് ഐ.എന്‍.എല്‍ രജിസ്‌ട്രേഷന്‍ നടത്തിയതെങ്കിലും മുന്നണി പ്രവേശം ഇക്കാലമത്രയും നടന്നില്ല. അണ്ടപ്പോഴെല്ലാം പ്രതീക്ഷ കൈവിടാതെ ഇടതുമുന്നണിയോട് ഒട്ടിനിന്ന ചരിത്രമാണ് ഐ.എന്‍.എല്ലിനുള്ളത്. കോഴിക്കോട്ടു നിന്ന് ഒരു ജനപ്രതിനിധിയെ കേരള നിയമസഭയിലേക്ക് അയക്കാന്‍ പാര്‍ട്ടിക്കു യോഗമുണ്ടായെങ്കിലും പിന്നീട് ആ അംഗം പോലും മാതൃസംഘടനയില്‍ അഭയം കണ്ടെത്തി. ഏറ്റവും അവസാനം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു സമയത്തെങ്കിലും ഭാഗ്യം തെളിയുമെന്നു അവര്‍ പ്രതീക്ഷിച്ചെങ്കിലും ഇപ്പോഴാണ് ആ ലക്ഷ്യം പൂവണിഞ്ഞത്. ആ നിലയ്ക്കു പാര്‍ട്ടിയുടെ ക്ഷമയ്ക്കും ഇടതുമുന്നണിയിലര്‍പ്പിച്ച വിശ്വാസത്തിനുമുള്ള കൂലിയാണിത്. മറ്റൊരു തലത്തില്‍ പറഞ്ഞാല്‍ മറ്റു രണ്ടു സാമുദായിക സംഘടനകളെ പരിഗണിക്കേണ്ട ഒരു അനിവാര്യതയില്‍ ഐ.എന്‍.എല്ലിനു വന്ന ഒരു സുണ്ടവര്‍ണ്ണാവസരമായും ഇതിനെ വ്യാഖ്യാനിക്കാം.

സാമുദായിക വാദത്തിന്റെ മണം പിടിച്ചാണ് ഇത്രയും നാള്‍ ഐ.എന്‍.എണ്ടല്ലിനെ മുന്നണി പുറത്തിരുത്തിരുത്തിയത്. എന്നാല്‍ ശബരിമല വിധിയും വനിതാ മതിലുമടക്കമുള്ള രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കിയ വിടവ് നികത്താനാണ് എന്‍.എസ്.എസ് അടക്കമുള്ള മുന്നാക്ക സംഘടനകളുമായി നല്ല ബന്ധമുള്ള ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗത്തിന് മുന്നണി പ്രവേശം എളുപ്പമായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി വഴിപിരിഞ്ഞ ജനാധിപത്യ കേരള കോണ്‍ഗ്രസിനും ഇതൊരു ഒന്നാന്തരം അവസരമായി. ഇവരെയെല്ലാം കരക്കടുപ്പിക്കുമ്പോള്‍ ഐ.എന്‍.എല്ലിനെ വീണ്ടും പുറത്തു നിര്‍ത്തിക്കൂടെന്ന നിര്‍ബന്ധ ബുദ്ധിയും സി.പി.എമ്മിനുണ്ടായി. അങ്ങനെയാണ് ഒരുപാട് കാലം പാര്‍ട്ടിയും മുന്നണിയും സാമുദായിക അയിത്തം കല്‍പ്പിച്ച മൂന്നു സാമുദായിക സംഘടനകള്‍ ഇടതിന്റെ ഭാഗമായത്. 2009ല്‍ കോഴിക്കോട് ലോക്സഭാ സീറ്റിന്റെ പേരില്‍ സി.പി.എമ്മുമായി തെറ്റി യു.ഡി.എഫില്‍ പോയ എം.പി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി മാസങ്ങള്‍ക്കു മുമ്പാണ് ഇടതു മുന്നണിയുമായി ചങ്ങാത്തം പുനസ്ഥാപിച്ചത്. മുന്നണി പ്രവേശനത്തിനു മുമ്പേ രാജ്യസഭാ സീറ്റ് സ്വന്തമാക്കി അവര്‍ മുന്നണി ബാന്ധവത്തിന്റെ സൂചനകളും നല്‍കി.

രാഷ്ട്രീയം, മുന്നണി സംവിധാനം സാദ്ധ്യതകളുടെ ഒരു പരീക്ഷണ വേദി കുടിയാണ്. നിലപാടുകള്‍ക്കപ്പുറം അവസരങ്ങളും അടവുകളുമാണ് അവിടെ പ്രധാനം. ഒരു കാലത്ത് അഴിമതിയും വര്‍ഗീയതയും ആരോപിച്ച് അകറ്റിനിര്‍ത്തിയവരെ പിന്നീട് മുന്നണിയിലേക്കു കാരണങ്ങളൊന്നും പറയാതെ കുടിയിരുത്താനും പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കുമാവും. ആ നിലയ്ക്ക് വലുതല്ലെങ്കിലും എഴുതിത്തള്ളാനാവാത്ത രാഷ്ട്രീയ ചലനങ്ങള്‍ക്കു സാദ്ധ്യത കല്പിക്കുന്ന നീക്കമാണിപ്പോള്‍ ഇടതു മുന്നണിയില്‍ നിന്നുണ്ടായത്. ചെറുതെങ്കിലും കേരളത്തിന്റെ നാലു പോക്കറ്റുകളില്‍ നാലുവിധത്തിലാണ് ഇത് പ്രതിഫലിക്കുക. രാഷ്ട്രീയ ലോക് ദളിനെ മാറ്റിനിര്‍ത്തിയാല്‍ ഇക്കാലമത്രയും സാമുദായിക പരിവേശം നല്‍കി അന്യം കല്‍പ്പിച്ചവയാണ് മറ്റുു മൂന്നു പാര്‍ട്ടികള്‍. എതിരാളികള്‍ ഇടതുപാര്‍ട്ടികളുടെ ആശയാടിത്തറയിലുണ്ടായ വൈരുദ്ധ്യമായോ വിലപേശല്‍ ശേഷി കുറഞ്ഞ പാര്‍ട്ടികളുടെ കുടിയേറ്റമായോ ചിത്രീകരിച്ചാലും ഇത് സമര്‍ത്ഥമായൊരു നീക്കമായി തന്നെ കാണുന്നതാണ് ബുദ്ധി. ഈയിടെ നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ന്യൂനപക്ഷ വിഭാഗങ്ങള്‍ കോണ്‍ഗ്രസിനോട് കൂടുതല്‍ അടുക്കമോ എന്ന സംശയം പ്രകടമായ സാഹചര്യത്തിലാണ് ഇടത് വിപുലീകരണം എന്നതും ശ്രദ്ധേയമാണ്.

പുതിയ പാര്‍ട്ടികളല്ലെങ്കിലും ഇതുവരെയും ഗ്യാലറിയിലിരുന്നു തങ്ങള്‍ക്കു വേണ്ടി കൈയടിച്ചവരെയാണ് ഇടതു മുന്നണി മൈതാനിയില്‍ ഇറക്കിയിരിക്കുന്നത്. ഇനി ഇവര്‍ മൈതാനിയില്‍ ഏതു വിധത്തിലുളള കളിയാണ് പുറത്തെടുക്കുകയെന്നും അത് ഫലത്തെ എങ്ങനെയാണ് നിര്‍ണ്ണായകമാക്കുകയെന്നും കാലം തെളിയിക്കേണ്ടതാണ്.


Read More >>