മഴക്കാല രോഗങ്ങൾ: ജാഗ്രത വേണം

. ചുക്കും മല്ലിയും ജീരകവും ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. മഴക്കാലത്ത് മടിപിടിച്ചിരിക്കാതെ വ്യായാമം, യോഗ എന്നിവ തുടരുകയും വേണം. സാധാരണ ചെയ്യുന്ന വ്യായാമങ്ങൾ പോലും മഴക്കാലത്ത് ഉപേക്ഷിക്കുന്നത് അസുഖങ്ങൾ ക്ഷണിച്ചുവരുത്താൻ കാരണമായേക്കാം.

മഴക്കാല രോഗങ്ങൾ: ജാഗ്രത വേണം

കേരളത്തിൽ വർഷകാലം ശക്തമായി തുടരുകയാണ്. ഒരു വലിയ പ്രളയത്തെ അതിജീവിച്ച ശേഷം ആദ്യമെത്തുന്ന മഴക്കാലമാണ്. വ്യക്തി, പരിസര ശുചിത്വത്തിന് മഴക്കാലത്ത് ഏറെ പ്രാധാന്യമുണ്ട്. കൊതുകുജന്യ രോഗങ്ങളാണ് മഴക്കാലത്ത് മനുഷ്യരെ അലട്ടുന്ന മുഖ്യ പ്രശ്നം. കൊതുകുകൾക്ക് മുട്ടയിട്ടു പെരുകാൻ പാകത്തിൽ മലിനജലം കെട്ടിക്കിടക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. കുടിവെള്ളം മലിനമാകുന്നതും അസുഖങ്ങൾക്ക് കാരണമാകുന്നു.

വൈറൽ പനി, പകർച്ചവ്യാധികൾ എന്നിവ മഴക്കാലരോഗത്ത് സാധാരണമാണ്. ചുമ, മഞ്ഞപ്പിത്തം,ന്യൂമോണിയ,ടൈഫോയിഡ്, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ വേറെയും. കാലാവസ്ഥ പെട്ടെന്ന് മാറുമ്പോൾ രോഗാണുക്കൾ അന്തരീക്ഷത്തിൽ പെരുകുന്നതാണ് അസുഖങ്ങളുടെ പ്രധാന കാരണം. അന്തരീക്ഷം അണുമുക്തമാക്കാനും വീടും പരിസരവും ശുചിയായി സൂക്ഷിക്കാനും ഏറ്റവും കൂടുതൽ ശ്രമിക്കേണ്ട കാലമാണിത്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വരാതിരിക്കാൻ നോക്കലാണ്. ജലജന്യ രോഗങ്ങളിൽനിന്ന് രക്ഷ നേടാൻ കിണറിലെ വെള്ളമാണെങ്കിലും തിളപ്പിച്ചാറ്റി കുടിക്കണം. ഏതെല്ലാം വഴിയാണ് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുക എന്നു പറയാനാവില്ല. അതുകൊണ്ടു തന്നെ വെള്ളം ഉപയോഗിക്കുമ്പോഴും പച്ചക്കറികളും മറ്റും കഴുകുമ്പോഴും നല്ല വെള്ളമാണെന്ന് ഉറപ്പുവരുത്തണം. തണുത്ത ഭക്ഷണം കഴിക്കുന്നതും പഴകിയ ഭക്ഷണം ചൂടാക്കി കഴിക്കുന്നതും വേണ്ടെന്നുവെക്കണം.

ദിവസേന മൂന്നു മുതൽ 10 വരെ മുട്ടകൾ ഉല്പാദിപ്പിക്കുന്ന കൊതുകുകൾ വർഷങ്ങളായി മനുഷ്യർക്ക് അസുഖം വരുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ചിക്കുൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പടർത്തുന്നത് കൊതുകുകളാണ്. 7 മുതൽ 10 വരെ ദിവസമാണ് കൊതുകുകളുടെ മുട്ട വിരിയാൻ എടുക്കുന്ന സമയം. ചിരട്ടകളിലും ചകിരിത്തണ്ടുകളിലും ഇലകളിലും വരെ ഇവ മുട്ടയിട്ടു പെരുകാം.

ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. വൈറൽ പനി, മഞ്ഞപ്പിത്തം, ടോൺസിലൈറ്റിസ്, എലിപ്പനി എന്നിവയും മഴക്കാലത്ത് വരാൻ സാദ്ധ്യതയുള്ള രോഗങ്ങളാണ്. മാരകമായ ജന്തുജന്യ രോഗങ്ങളിലൊന്നാണ് എലിപ്പനി അഥവാ ലെപ്ടൊ സ്പൈറോസിഡ്. നിരവധി പേരുടെ ജീവനെടുത്ത രോഗം. കേരളത്തിൽ ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് എലിപ്പനി അധികരിക്കുന്നത്. എലിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെ മഴക്കാലത്ത് ജാഗ്രത പാലിക്കണം.

ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുക എന്നതാണ് പ്രധാനം. സ്വയം രോഗം വരാതിരിക്കാനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കുന്നതോടൊപ്പം മറ്റുള്ളവർക്ക് വരാതിരിക്കാനുള്ള കരുതലും ഉണ്ടാകണം. പനിയോ മറ്റോ ശ്രദ്ധയിൽപെട്ടാൽ ഒറ്റമൂലികളിൽ അഭയം കണ്ടെത്താതെ ഉടൻ ഡോക്ടറെ കണ്ട് ചികിത്സിക്കണം. കുട്ടികൾക്ക് പ്രത്യേകിച്ചും പ്രതിരോധ ശേഷി കുറവായതുകൊണ്ട് ഡോക്ടറെ കാണിക്കാതെ സ്വയം ചികിത്സിക്കരുത്. ദഹനശക്തി കുറവായതിനാൽ കട്ടിയായ ഭക്ഷണം മഴക്കാലത്ത് പരമാവധി ഒഴിവാക്കണം. എളുപ്പത്തിൽ ദഹിക്കുന്ന ഗോതമ്പ്, ചെറുപയർ, തവിട് കളയാത്ത അരി, ഇലക്കറികൾ, ചെറുമത്സ്യങ്ങൾ, ആട്ടിറച്ചി എന്നിവ മഴക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സൂപ്പുകളും ഔഷധക്കഞ്ഞിയും വളരെ നല്ലതാണ്. ചുക്കും മല്ലിയും ജീരകവും ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. മഴക്കാലത്ത് മടിപിടിച്ചിരിക്കാതെ വ്യായാമം, യോഗ എന്നിവ തുടരുകയും വേണം. സാധാരണ ചെയ്യുന്ന വ്യായാമങ്ങൾ പോലും മഴക്കാലത്ത് ഉപേക്ഷിക്കുന്നത് അസുഖങ്ങൾ ക്ഷണിച്ചുവരുത്താൻ കാരണമായേക്കാം.

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണമാണ് മഴക്കാലത്ത് കൂടുതൽ കഴിക്കേണ്ടത്. വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി കൂട്ടുന്ന ആന്റി ബോഡിയെ ഉദ്ദീപിപ്പിക്കുന്നു. കൂടുതൽ വെള്ളം കുടിക്കുക. വിഷാംശങ്ങൾ മൂത്രമൊഴിച്ച് പോകാൻ ഇത് നല്ലതാണ്. കൊതുകിനെ തടയാനുള്ള മാർഗ്ഗങ്ങൾ അവലംബിക്കേണ്ടത് മഴക്കാലത്ത് അനിവാര്യമാണ്.

മഴക്കാലം തുടങ്ങിയിട്ടേ ഉള്ളൂ. രോഗങ്ങൾ വരുന്നതിനു മുമ്പെ ജാഗ്രത പാലിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. ആരോഗ്യ വകുപ്പ് അധികൃതർ ഓരോ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് നടത്തുന്ന രോഗപ്രതിരോധ മാർഗ്ഗങ്ങളുമായി സഹകരിക്കണം. ആരോഗ്യമേഖലയിൽ മികച്ചുനിൽക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും നിപ ബാധ ഉൾപ്പെടെയുള്ള അസുഖങ്ങൾ ബാധിച്ചതും കേരളത്തെയാണ്. കൃത്യമായ പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിച്ചാണ് നിപയെ കേരളം തുരത്തിയത്. ഇത്തരം മാരക പകർച്ച വ്യാധികൾ വീണ്ടും വരാതിരിക്കാനുള്ള മുൻകരുതൽ കൂടി ഈ അവസരത്തിൽ ഉണ്ടാകണം. ജലദോഷവും പനിയും കാലാവസ്ഥാ മാറ്റത്തോടൊപ്പമുണ്ടാകുന്ന ശാരീരികാവസ്ഥയാണെങ്കിലും അത് വിടാതെ കൂടുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. നിരന്തരമായ ജാഗ്രത മാത്രമാണ് പരിഹാരം.

Read More >>