പരിഷ്‌കാരങ്ങൾ നല്ലതിനാവട്ടെ

കസ്റ്റഡി മരണങ്ങളും ക്രൂരമായ മൂന്നാംമുറകളും പൊലീസിൽ നിന്നു വിട്ടുമാറിയിട്ടില്ല. അതുകൊണ്ടുതന്നെ പൊലീസിന് കൂടുതൽ സിവിൽ അധികാരങ്ങൾ കൂടി നൽകുന്ന പുതിയ പരിഷ്‌കാരത്തെ സംശയത്തോടെ കാണുന്നവരെ കുറ്റം പറയാനാകില്ല

പരിഷ്‌കാരങ്ങൾ നല്ലതിനാവട്ടെ

സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിൽ സമഗ്രമാറ്റം ലക്ഷ്യമിട്ടുകൊണ്ടുള്ള നടപടികൾക്കു തുടക്കമായി. പൊലീസിൽ കമ്മീഷണറേറ്റ് രൂപീകരിക്കാനും ക്രമസമാധാനപാലനത്തിന് കൂടുതൽ വിപുലമായ ഘടനാ മാറ്റം കൊണ്ടുവരാനുമുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. നിലവിൽ ഡി.ഐ.ജി റാങ്കിലുള്ള കമ്മീഷണർമാർക്കു പകരം ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനു കമ്മീഷണറേറ്റിന്റെ ചുമതല നൽകികൊണ്ടുള്ള ഉത്തരവ് സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിൽ വരുത്തിയ ഏറ്റവും മികച്ച പരിഷ്‌കാരങ്ങളിലൊന്നായാണ് ആഭ്യന്തരവകുപ്പ് വിലയിരുത്തുന്നത്. കാര്യക്ഷമവും കുറ്റമറ്റ രീതിയിലുമുള്ള കുറ്റാന്വേഷണം, ക്രമസമാധാനപാലനം എന്നിവ ലക്ഷ്യമിട്ടുകൊണ്ടുള്ള ഭരണപരിഷ്‌കാരത്തോടെ കേരളാ പൊലീസ് മികച്ച രീതിയിൽ മുന്നേറുമെന്നു ആശിക്കാം. ആഗോളതലത്തിൽ മാറ്റപ്പെടലിന് വിധേയമായി, ഏറ്റവും മികച്ച രീതിയിലുള്ള ക്രമസമാധാന, കുറ്റാന്വേഷണ സംവിധാനം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലായിടത്തെയും പൊലീസ് സംവിധാനം ഘടനാപരമായും പ്രവർത്തനപരമായും മാറുകയാണ്. ഇന്ത്യയിൽ തന്നെ വളരെ വിശാലമായ കാഴ്ചപ്പാടോടെ, ഏറ്റവും നൂതനമായി പൊലീസിനെ പുന:സംഘടിപ്പിക്കപ്പെട്ട സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമുണ്ട്. ആ തലത്തിലേക്കുയരാൻ പരിഷ്‌കാരം വഴി കേരളാ പൊലീസിനു സാധിക്കട്ടെ. സമൂഹത്തിന് നേരിട്ടു ബാധിക്കുന്നതും ആശ്രയിക്കേണ്ടതുമായ പൊലീസ് സംവിധാനം കൂടുതൽ നവീകരിക്കപ്പെടുന്നത് പ്രോത്സാഹിപ്പിക്കപ്പെടുക തന്നെ വേണം.

കമ്മീഷണറേറ്റ് നിലവിൽ വരുന്നതോടെ ജില്ലാ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരായ കളക്ടർമാരിൽ നിക്ഷിപ്തമായ ചില അധികാരങ്ങൾ ഐ.ജിമാർക്കു ലഭിക്കും. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ടു ക്രിമിനൽ നടപടിക്രമം നിശ്ചയിച്ച എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരങ്ങൾ നിലവിൽ കളക്ടർമാരാണ് നിർവഹിക്കുന്നത്. കരുതൽ തടങ്കലിൽ വെയ്ക്കുക, ക്രമസമാധാനപാലനത്തിനായി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റു പുറപ്പെടുവിക്കുന്ന പ്രത്യേക ഉത്തരവുകൾ തുടങ്ങി സുപ്രധാനമായ നടപടിക്രമങ്ങൾ നടത്തിവന്നത് കളക്ടർമാരാണ്. പുതിയ ക്രമീകരണം പൂർണതോതിൽ യാഥാർത്ഥ്യമായാൽ ഐ.ജി റാങ്കിലുള്ള മെട്രോ പൊളിറ്റൻ കമ്മീഷണർമാർക്കു മേൽ അധികാരങ്ങൾ ലഭിക്കും. സ്ഥിരം കുറ്റവാളികളെ അറസ്റ്റു ചെയ്തു കസ്റ്റഡിയിൽ വെയ്ക്കാനും തുടർ നടപടികൾ സ്വീകരിക്കാനും കളക്ടർമാരുടെ അനുമതിയില്ലാതെ തന്നെ ഐ.ജിമാർക്കു സാധിക്കുന്ന സാഹചര്യമുണ്ടാകും.

എന്നാൽ പൊലീസിനു ലഭിക്കുന്ന ഈ പ്രത്യേക അധികാരം ദുരുപയോഗത്തിനിടയാക്കുമെന്ന ആക്ഷേപങ്ങൾ ഇതിനകം ഉയർന്നിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയിൽ ന്യായാധിപൻ സ്വീകരിക്കുന്ന മാർഗ്ഗങ്ങളവലംബിച്ചും വിവിധ നിയമവശങ്ങൾ പരിശോധിച്ചും മാനുഷിക തലങ്ങളിൽ നിന്നുകൊണ്ടു യുക്തിപൂർവ്വമായി ഇടപെട്ടുമാണ് ജില്ലാ കളക്ടർമാർ ഇത്തരം കേസുകളിൽ തീരുമാനമെടുക്കുന്നത്. കമ്മീഷണറേറ്റുകളിലെ ഐ.ജി തലത്തിലുള്ള പൊലീസുദ്യോഗസ്ഥന് ന്യായാധിപന്റെ നീതിയുക്തമായ സമീപനമോ മനോഭാവമോ ഉണ്ടാകില്ലെന്നും അതു പൗരന്റെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റത്തിനിടയാക്കുമെന്നും നിയമപണ്ഡിതൻമാരുൾപ്പെടെ ആശങ്കപ്പെടുന്നു. നിശ്ചയമായും ക്രമസമാധാനപാലനകാര്യത്തിലും കുറ്റാന്വേഷണത്തിലും കുറ്റകൃത്യങ്ങൾ മുൻകൂട്ടി കണ്ടു തടയുന്നതിലും ജില്ലാ കളക്ടർമാരുടെ രീതിയോ സമീപനമോ അല്ല പൊലീസിന്. അതു വേറിട്ടതും ഒരു പരിധിവരെ നിയമവ്യവസ്ഥകളിൽ കേന്ദ്രീകൃതവുമാണ്. കളക്ടർമാരിൽ നിന്നു പ്രതീക്ഷിക്കാവുന്ന ഉദാരസമീപനം പൊലീസിൽ നിന്നു ലഭിക്കില്ല. അതുകൊണ്ടുതന്നെയാവാം പുതിയ മെട്രോ പൊളിറ്റൻ കമ്മീഷണർമാരുടെ അധികാരപരിധി സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നത്.

പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള നിയമപരമായ ഉത്തരവാദിത്തം പൊലീസിനാണ്. അതോടൊപ്പം കുറ്റകൃത്യങ്ങൾ തടഞ്ഞ് സമൂഹത്തിൽ സമാധാനം സംരക്ഷിക്കാനുള്ള അധികാരവും ബാദ്ധ്യതയും പൊലീസിനുണ്ട്. അതിനനുസൃതമായി ഭരണപരമായ അധികാരങ്ങൾ പൊലീസിന് നൽകേണ്ടതുണ്ട്. എന്നാൽ അതൊരിക്കലും ദുരുപയോഗപ്പെടുത്തുന്ന തലത്തിലേക്കു മാറരുത്. പരാതി പറയാനെത്തിയ ആളെ മർദ്ദിച്ച് കേസിൽ പ്രതിയാക്കുന്ന പൊലീസ് രീതി ഒറ്റപ്പെട്ടതെങ്കിലും ഇപ്പോഴും തുടരുന്നുണ്ട്. പ്രതിയായ ഭർത്താവിനെ കസ്റ്റഡിയിലെടുക്കുമ്പോൾ മർദ്ദിക്കുന്നത് തടയുന്ന യുവതിയെ നടുറോഡിൽ സബ് ഇൻസ്‌പെക്ടർ ചവുട്ടിവീഴ്ത്തുന്ന കാഴ്ച ദിവസങ്ങൾക്കു മുമ്പ് തലസ്ഥാന ജില്ലയിലുണ്ടായി. കസ്റ്റഡി മരണങ്ങളും ക്രൂരമായ മൂന്നാംമുറകളും പൊലീസിൽ നിന്നു വിട്ടുമാറിയിട്ടില്ല. അതുകൊണ്ടുതന്നെ പൊലീസിന് കൂടുതൽ സിവിൽ അധികാരങ്ങൾ കൂടി നൽകുന്ന പുതിയ പരിഷ്‌കാരത്തെ സംശയത്തോടെ കാണുന്നവരെ കുറ്റം പറയാനാകില്ല. എന്നാൽ നവീകരണത്തിന്റെ പാത പൊലീസിന് അനിവാര്യവുമാണ്. തിരുത്തിയും കൂടുതൽ മാനുഷികമുഖത്തോടെയും പൊലീസ് മാറേണ്ടതുണ്ട്.

പൊലീസ് എന്ന സംവിധാനത്തിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന തോന്നലാണ് ഒരു പരിധിവരെ നിയമലംഘനങ്ങൾ കുറക്കുന്നത്. ആ സംവിധാനം കൂടുതൽ കാര്യക്ഷമുമായി മുന്നോട്ടു പോകേണ്ടത് സമൂഹത്തിന്റെ നിലനിൽപ്പിനാവശ്യവുമാണ്. സംശയങ്ങളും ആശങ്കകളും പരിഹരിച്ച് പുതിയ ഭരണസംവിധാനം പൗരന് ഗുണപരമായും സമൂഹത്തിന് സഹായകരമായും മാറ്റാനുള്ള ശ്രമങ്ങൾക്കു ആഭ്യന്തര വകുപ്പു മുൻകൈ എടുക്കണം.

Read More >>