ഈ കണ്ണ് പൊത്തിക്കളി അവസാനിപ്പിക്കാറായില്ലേ?

മലബാറിനോടുള്ള ഈ അവഗണന/അസന്തുലിതാവസ്ഥ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സർക്കാറിന്റെ ഈ ചിറ്റമ്മനയം തിരുത്തിയേ പറ്റൂ. എന്തുകൊണ്ടാണ് സർക്കാറുകൾ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ നോക്കി ഇവ്വിധം കണ്ണു പൊത്തി കളിക്കുന്നത്

ഈ കണ്ണ് പൊത്തിക്കളി അവസാനിപ്പിക്കാറായില്ലേ?

പുതിയൊരു അദ്ധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മലബാർ മേഖലയിലെ പ്ലസ് വൺ പ്രവേശവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അനുഭവിക്കുന്ന അനിശ്ചിതത്വത്തിന് ഇനിയും അറുതിയായിട്ടില്ല. ഇടതും വലതും മാറി മാറി ഭരിച്ചെങ്കിലും 2003 മുതൽ സംസ്ഥാനത്ത് തുടരുന്ന ഈ അനിശ്ചിതാവസ്ഥയ്ക്കു ഇത്തവണയും മാറ്റമുണ്ടാവില്ലെന്നാണ് പിണറായി സർക്കാറിന്റെയും നിലപാട് തെളിയിക്കുന്നത്. പ്ലസ് വൺ പുതിയ ബാച്ചുകളോ സ്കൂളുകളോ അനുവദിക്കാതെ ഓരോ ഹയർ സെക്കൻഡറി സ്കൂളിലും നിലവിലുള്ള ക്ലാസുകളിൽ 20% സീറ്റുകൾ വർദ്ധിപ്പിക്കുകയാണ് താൽക്കാലിക പരിഹാരമെന്നോണം സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ തനിയാവർത്തനമാണ് ഇത്തവണയും. ഇത് യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനമല്ല.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരെ എസ്.എസ്.എൽ.സി പരീക്ഷയ്ക്കിരുത്തുകയും ഏറ്റവും കൂടുതൽ എ പ്ലസുകാരെ സൃഷ്ടിക്കുകയും ചെയ്ത മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 78,335 പേരാണ്. എന്നാൽ, ഇവിടെയുള്ളത് 52,775 സീറ്റുകൾ മാത്രവും. അതായത് 25,560 സീറ്റുകൾ കുറവ്. 44,074 പേർ ഉപരിപഠനത്തിന് യോഗ്യത നേടിയ കോഴിക്കോട് ജില്ലയിൽ 34,522 പ്ലസ് വൺ സീറ്റുകളാണുള്ളത്. 9522 സീറ്റുകളുടെ കുറവ്. കണ്ണൂരിൽ 33,908 പേർ ഉപരിപഠനത്തിന് യോഗ്യത

നേടിയപ്പോൾ 27,967 സീറ്റുക­ളാണുള്ളത്. പാലക്കാട്ട് 39,815 പേർക്കായി 28,206 സീറ്റുകൾ മാത്രം. 11,306 പേർ വിജ­യിച്ച വയനാട്ടിൽ 8656 പേർക്ക് മാത്രമേ ഉപരിപഠനത്തിന് അവസരമുള്ളൂ. കാസർകോട്ട് 18,541 പേരിൽ 14,278 പേർക്കേ സീറ്റുണ്ടാവൂ. അതായത് കാസർകോട് മുതൽ പാലക്കാട് വരെയുള്ള ആറു ജില്ലകളിലായി എസ്.എസ്.എൽ.സി കടമ്പ കടന്ന 59,575 വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി പഠനത്തിന് അവസരമില്ലെന്നു ചുരുക്കം. ആനുപാതിക സീറ്റ് വർദ്ധനവോടെ നിലവിലുള്ള 3.61 ലക്ഷം പ്ലസ് വൺ സീറ്റുകൾ 4.20 ലക്ഷമായാണ് ഉയരുക. ഇതോടെ അധികം സീറ്റുകളുള്ള തെക്കൻ ജില്ലകളിലും സീറ്റുകൾ വർദ്ധിച്ച് കൂടുതൽ ഒഴിവുകളുണ്ടാവും. മലപ്പുറത്ത് 8000 സീറ്റും കോഴിക്കോട് 5000 സീറ്റുകളുമാണ് ഇതിലൂടെ വർദ്ധിക്കുക. പക്ഷേ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയുള്ള ഈ വർദ്ധന കൊണ്ടൊന്നും ഈ ജില്ലകളിലെ സീറ്റ് പ്രശ്നത്തിന് പരിഹാരമാകില്ല.

സി.ബി.എസ്.ഇ, ഐ.സി.എസ്.­ഇ സിലബസുകളിൽ നിന്നായി പത്താംതരം പാസായവരും പ്സ്ലസ് വണ്ണിലേക്ക് വരുന്ന പ്രവണതയുണ്ട്. കഴിഞ്ഞ വർഷം 42,864 വിദ്യാർത്ഥികൾ ഇവ്വിധം അപേക്ഷിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതുകൂടി കണക്കിലെടുത്താൽ ഉപരിപഠനത്തിന് അവസരമില്ലാതെ ബുദ്ധിമുട്ടുന്നവരുടെ എണ്ണം ഇനിയും വർദ്ധിക്കും. നേരത്തെ മലബാറിൽ സീറ്റുകളുടെ എണ്ണത്തിൽ ഒന്നര ലക്ഷം വരെ കുറവുണ്ടായിരുന്നു. അതിൽ നിന്ന് വലിയ വ്യത്യാസമുണ്ടായെങ്കിലും ശാശ്വത പരിഹാരം ഇനിയുമായിട്ടില്ല. നിലവിലുള്ള 20% സീറ്റ് വർദ്ധന മലബാറിലെ പ്രശ്നപരിഹാരത്തിന് തീർത്തും അപര്യാപ്തമാണെന്നറിയാൻ വലിയ ഗവേഷണമൊന്നും വേണ്ട. സീറ്റ് ക്ഷാമം രൂക്ഷമായ മലബാർ മേഖലയിൽ ആനുപാതിക സീറ്റ് വർദ്ധനവ് പരിഹാരമല്ലെന്ന് വിദ്യാഭ്യാസ വകുപ്പിനെ അദ്ധ്യാപക, വിദ്യാർത്ഥി സംഘടനകൾ പലവട്ടം അറിയിച്ചതാണ്. എന്നാൽ ആനുപാതിക സീറ്റ് വർദ്ധനവിലൂടെ തടിതപ്പുകയാണ് സർക്കാർ. സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങളൊന്നും പരിഗണിക്കാതെയുള്ള സീറ്റ് വർദ്ധന കാരണം പലപ്പോഴും മിക്ക സ്കൂളുകളും വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനും തയ്യാറല്ല. ഇനി തയ്യാറാകുന്ന സ്ഥാപനങ്ങളിലാവട്ടെ ഇതുണ്ടാക്കുന്ന പ്രശ്നങ്ങളും നിസ്സാരമല്ല. ഒരു ക്ലാസിൽ പരിധിവിട്ട് വിദ്യാർത്ഥികൾ തിങ്ങി ഞെരുങ്ങി ഇരിക്കുന്നത് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രയാസങ്ങൾ ഉണ്ടാക്കും.

മലബാറിൽ നില­വിൽ ഒരു ക്ലാസിൽ അമ്പതിലധികം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇനിയിത് അറുപതിനും മുകളിലാകും. ഇത്രയധികം വിദ്യാർത്ഥികൾ ഒരു ക്ലാസിലുണ്ടാകുമ്പോൾ മതിയായ പഠനാന്തരീക്ഷമുണ്ടാകില്ല. ഇത് തിരിച്ചറിയാൻ ബന്ധപ്പെട്ടവർക്കു സാധിക്കാതെ വരുന്നത് അങ്ങേയറ്റം അപഹാസ്യമാണ്. സീറ്റുകൾ വർദ്ധിപ്പിക്കുകയെന്നത് സർക്കാരിന് എളുപ്പമുള്ള കാര്യമാണ്. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ പ്രത്യേകിച്ച് മാറ്റമൊന്നും വരുത്തേണ്ടതില്ല. പുതിയ അദ്ധ്യാപകരെയോ ക്ലാസ് റൂമുകളോ ആവശ്യവുമില്ല. തൽക്കാലം സീറ്റുകൾ അനുവദിച്ചിട്ടുണ്ടെന്നു പറഞ്ഞ് കൈ കഴുകാം. അത്രമാത്രം. ഇത്തരത്തിലുള്ള പരിഹാരക്രിയകൾ വിദ്യഭ്യാസരംഗത്തെ ഏറെ പ്രതികൂലമായി ബാധിക്കും.

മലബാറിനോടുള്ള ഈ അവഗണന/അസന്തുലിതാവസ്ഥ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സർക്കാറിന്റെ ഈ ചിറ്റമ്മനയം തിരുത്തിയേ പറ്റൂ. എന്തുകൊണ്ടാണ് സർക്കാറുകൾ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ നോക്കി ഇവ്വിധം കണ്ണു പൊത്തി കളിക്കുന്നത്. പ്രതിപക്ഷത്താവുമ്പോൾ കാണിക്കുന്ന താൽപര്യത്തിന്റെ നാലിലൊരംശം പോലും ഭരണകക്ഷിയാവുമ്പോൾ ഇല്ലാതെ പോവുന്നതിനു പിന്നിലെ രാഷ്ട്രീയം എന്താണെന്നു ഗൗരവപൂർവം പരിശോധിക്കേണ്ടതുണ്ട്.

പ്ലസ് ടു സീറ്റുകളുടെ കാര്യത്തിൽ സംസ്ഥാനത്തൊട്ടാകെ സന്തുലിത സമീപനം സ്വീകരിക്കാൻ സർക്കാറിനു ബാദ്ധ്യതയുണ്ട്. വടക്കൻ ജില്ലകളുടെ വിദ്യാഭ്യാസ വേദന പരിഹരിക്കാനുള്ള അടിയന്തര ഇടപെടലുകളാണ് വിദ്യാഭ്യാസ വകുപ്പിൽനിന്നും ഉണ്ടാവേണ്ടത്.

Read More >>