കാര്‍ഷിക മൊറട്ടോറിയവും കബളിപ്പിക്കപ്പെടുന്നതിനു പിന്നിലെ രാഷ്ട്രീയവും

വാഗ്ദാന ലംഘനങ്ങൾ തുടരുന്ന ഭരണാധികാരികൾക്കും ഉദ്യോഗസ്ഥ മേലധികാരികൾക്കും കടംകൊണ്ടു വലഞ്ഞവരുടെ ദുർഘടവും അതീവ സങ്കീർണ്ണവുമായ ജീവിത സാഹചര്യങ്ങൾ അധികാരത്തോളം പ്രിയങ്കരമാവില്ലെന്നു പറയേണ്ടതില്ല

കാര്‍ഷിക മൊറട്ടോറിയവും കബളിപ്പിക്കപ്പെടുന്നതിനു പിന്നിലെ രാഷ്ട്രീയവും

കർഷകസ്നേഹം പറയുന്നത്ര എളുപ്പമല്ല പ്രായോഗികതലത്തിലെന്ന് ഭരണകൂടം പോലും സമ്മതിക്കും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം നടപടികൾ വൈകിച്ചതിനു ചീഫ് സെക്രട്ടറി ടോം ജോസിന് എതിരേയുള്ള കൃഷിമന്ത്രി വി.എസ് സുനിൽ കുമാറിന്റെ പ്രതികരണം. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ചുവെന്നാണ് വാർത്ത. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമോ എന്ന ഭയം/സംശയമാണ് ഉത്തരവ് വൈകിക്കാന്‍ കാരണമായതെന്നാണ് ഉദ്യോഗസ്ഥ തലത്തിൽ ആദ്യമുണ്ടായ വിശദീകരണം. എന്നാൽ നേരത്തേ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് ഒക്ടോബർ വരെ കാലാവധിയുള്ളതിനാൽ രണ്ടുമാസം കൂടി ദീർഘിപ്പിച്ചുള്ള പുതിയ ഉത്തരവിന്റെ ആവശ്യം ഇപ്പോഴില്ലെന്നും ഇതുമൂലം പ്രയാസങ്ങളൊന്നും ഉണ്ടാകില്ലെന്നും കർഷകർക്ക് വേ­വലാതി വേണ്ടെന്നുമാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. സാങ്കേതിക കാര്യമെന്നതിലപ്പുറം ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും കർഷകർക്കോ ഗുണഭോക്താക്കൾക്കോ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നും ചീഫ് സെക്രട്ടറിയെ വിമർശിച്ച മന്ത്രി സുനിൽ കുമാറും ഇപ്പോൾ പറയുന്നു.

പിന്നെ എന്തിനാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിയും കൃഷി മന്ത്രിയും 'ആവശ്യമില്ലാത്ത' ഒരു ഉത്തരവിനെച്ചൊല്ലി ചീഫ് സെക്രട്ടറിയെ വിമർശിച്ചത്? ചീഫ് സെക്രട്ടറിയുടെ വിശദീകരണം തീർത്തും നിഷ്കളങ്കമാണോ? സി.എസിന്റെ വിശദീകരണത്തിലും ചില പിഴവുകളുണ്ട്. കാരണം വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ കർഷകർ എടുത്ത എല്ലാ വായ്പകൾക്കും മൊറട്ടോറിയം ബാധകമാക്കാമോ എന്ന തീരുമാനം എടുത്തത് ഈമാസം അ‍ഞ്ചിനു ചേർന്ന മന്ത്രിസഭാ തീരുമാനമാണെന്നാണ് റിപ്പോർട്ടുകൾ. അപ്പോൾ ഉത്തരവ് വെറും സാങ്കേതികവും സാങ്കൽപികവും മാത്രമല്ലെന്നു വ്യക്തം.

കാർഷിക വായ്പകൾക്കും കർഷകരുടെ കാർഷികേതര വായ്പകൾക്കും 2019 ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാനാണ്, മാർച്ച് അഞ്ചിനു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. തുടർന്ന് മാർച്ച് പത്തിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരികയും മാതൃകാ പെരുമാറ്റചട്ടം നിലവിൽവരികയും ചെയ്തതാണ് മൊറട്ടോറിയം സംബന്ധിച്ച വിജ്ഞാപനത്തിനു തടസ്സമായത്. എന്നാൽ ഇതേ മന്ത്രിസഭാ യോഗത്തിലെടുത്ത ക്വാറി ഖനനാനുമതി സംബന്ധിച്ച ഉത്തരവിന് മുടക്കങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നതാണ് അതിലേറെ ശ്രദ്ധേയം.

കടം കൊണ്ട്, മറ്റു ബാദ്ധ്യതകൾ കൊണ്ട് കണ്ണു കാണാത്തവർക്ക് മൊറട്ടോറിയം വലിയ ആശ്വാസമാണ്. ആ ആശ്വാസ ഉത്തരവ് രേഖയാക്കി ഭരണീയരെ യഥാസമയം അറിയിക്കുന്നതിൽ എന്തുകൊണ്ടാണ് അമാന്തമുണ്ടായത്? മന്ത്രിസഭാ തീരുമാനം വന്നാൽ ഉടൻ ഉത്തരവ് ഇറക്കേണ്ടതാണ്. കൃഷി വകുപ്പിന്റെ സ്‌പെഷ്യൽ സെക്രട്ടറി രത്തൻ ഘേൽക്കറുടെ ഉത്തരവ് 2018 മാർച്ച് ഏഴിന് തന്നെ ഇറങ്ങിയിട്ടുമുണ്ട്. പക്ഷേ, യോഗ തീരുമാനങ്ങളിൽ ഉത്തരവിറക്കേണ്ട ഉത്തരവാദിത്തമുള്ള ചീഫ് സെക്രട്ടറി എന്തിനാണിത് താമസിപ്പിച്ചത്? മന്ത്രിസഭാ യോഗതീരുമാനം ഉത്തരവായിറക്കുന്നതിന് മതിയായ സമയമുണ്ടായിട്ടും അക്കാര്യത്തിൽ ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ചയ്ക്കു ആരാണ് ഉത്തരാവാദി? ഇനി ഇതിനു പിന്നിൽ മറ്റു വല്ല താൽപര്യവുമുണ്ടോ എന്നതും അന്വേഷണത്തിലൂടെ തെളിയേണ്ടതാണ്.

മെയ് അഞ്ചിന് മന്ത്രിസഭ തീരുമാനമെടുത്തതിന് ശേഷം മൂന്ന് പ്രവൃത്തി ദിവസം മുന്നിലുണ്ടായിരുന്നു. അതും കഴിഞ്ഞ് രണ്ടാം ദിവസം മാർച്ച് പത്ത് ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതും. മന്ത്രിസഭാ യോഗതീരുമാനങ്ങളിൽ സാധാരണഗതിയിൽ 24 മണിക്കൂറിനകം ഉത്തരവിറക്കണമെന്നതാണ് കീഴ്വഴക്കം. പക്ഷേ സുപ്രധാനമായ ഈ വിഷയത്തിൽ ഉത്തരവിറക്കുന്നതിലുണ്ടായ വീഴ്ച നിസ്സാരമായി തള്ളിക്കളയാനാവുമോ?

വാഗ്ദാന ലംഘനങ്ങൾ തുടരുന്ന ഭരണാധികാരികൾക്കും ഉദ്യോഗസ്ഥ മേലധികാരികൾക്കും കടംകൊണ്ടു വലഞ്ഞവരുടെ ദുർഘടവും അതീവ സങ്കീർണ്ണവുമായ ജീവിത സാഹചര്യങ്ങൾ അധികാരത്തോളം പ്രിയങ്കരമാവില്ലെന്നു പറയേണ്ടതില്ല. കടും വെട്ടിനും ചൂഷണത്തിനും കിട്ടുന്ന ഒരവസരവും പാഴാക്കാത്തവർക്ക് കാർഷികവൃത്തി മുഖ്യ തൊഴിലായി സ്വീകരിച്ച രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പട്ടിണി പാവങ്ങൾ വോട്ടു തട്ടാനുള്ള കൂട്ടുകളിൽ ഒന്നു മാത്രമെന്നാണ് അനുഭവങ്ങൾ.

കൊടുംവേനലും വിലത്തകർച്ചയും പ്രളയക്കെടുതികളും വിളനാശവും വിപണി ഇല്ലായ്മയുമെല്ലാം കാരണം കടുത്ത ദുരിതത്തിലും കടക്കെണിയിലുമാണ് കൃഷിക്കാർ. കർഷകക്ഷേമം എന്നതിനപ്പുറം തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ജനപ്രിയ മാമൂലുകളിൽ ഒന്നു മാത്രമാണോ ഈ കാർഷിക മൊറട്ടോറിയ പ്രഖ്യാപനമെന്നും സംശയിക്കുന്നവരുണ്ട്. കാരണം അത്രത്തോളം പരിഗണനയെ ഭരണകൂടം ഇവർക്കു പതിച്ചുനൽകാറുള്ളൂ. പലപ്പോഴും ഇവർ വാർത്തകളിൽ ഇടം നേടുന്നതു പോലും കെടുതികളുടെയും കർഷക ആത്മഹത്യയുടെയും മറ്റും പേരിലാണ്. വൻകിട കുത്തകകൾക്കു നൽകുന്ന പരിഗണനയുടെ നൂറിലൊരു അംശമെങ്കിലും കർഷകരോട് കാണിക്കാനുള്ള ആത്മാർത്ഥത സർക്കാറുകൾക്കും ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വത്തിനും ഉണ്ടാകാറുമില്ല. മാറിമാറി വരുന്ന സർക്കാറുകളുടെ അവഗണനയും ദീർഘവീക്ഷണമില്ലാത്ത സമീപനങ്ങളും ഇതിനു പുറമെയാണ്. അതിന്റെ തനിയാവർത്തനമാണോ ഇപ്പോഴുണ്ടായതെന്നും പരിശോധിച്ച് നടപടി സ്വീകരിക്കേണ്ടതുണ്ട്. അതല്ലാതെ വെറും ലാക്കാക്കിയുള്ളതാവരുത് ഇടപെടലുകൾ.

Read More >>