ആയിരം ദിനാഘോഷത്തിലെ സര്‍ക്കാര്‍ ധൂര്‍ത്തും നേട്ടമാണോ?

കൊടിയുടെയും ജാതിയുടെയും പാർട്ടിയുടെയും നിറം നോക്കി പ്രതികരിക്കുന്നത് മുഖ്യമന്ത്രിക്കു ചേർന്നതല്ലെന്ന തിരിച്ചറിവ് ഇനിയും പിണറായി വിജയനുണ്ടായിട്ടില്ല. ഇത്തരം ഒരു പാട് സംഭവങ്ങൾ തെളിയിക്കുന്നത് ഒരേ കാര്യം മാത്രം മുഖ്യമന്ത്രി വിജയൻ ഇപ്പോഴും മനസ്സിൽ പാർട്ടി നേതാവ് മാത്രമായി തുടരുന്നു

ആയിരം ദിനാഘോഷത്തിലെ സര്‍ക്കാര്‍ ധൂര്‍ത്തും നേട്ടമാണോ?

2016 മെയ് 25ന് അധികാരത്തിലേറിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ ആയിരം ദിവസം പിന്നിട്ടതിന്റെ ആഘോഷം ഒരു വശത്ത്, മറുവശത്ത് പക തീര്‍ക്കാന്‍ ചിന്തിയ ചോരയുടെ രൂക്ഷഗന്ധം. ആഘോഷങ്ങളുടെ പൊലിമ നശിപ്പിച്ചത് ഏറ്റവും നടന്ന ഇരട്ടക്കൊല. ആയിരം ദിനം എന്ന പുതുമയുള്ള ആഘോഷസന്ദര്‍ഭം തെരഞ്ഞെടുത്തത് അതിന്‍റെ മറവില്‍ തെരഞ്ഞെടുുപ്പ് പ്രചാരണവുമായിക്കൊള്ളട്ടെ എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. എല്ലാം പാഴായി.

നികുതിപ്പണം ദൂര്‍ത്തടിക്കുക എന്നതാണ് ഏതു സര്‍ക്കാര്‍ ആഘോഷത്തിന്‍റെയും പ്രധാന നടപടിക്രമം. ആയിരം ദിനാഘോഷത്തിനു ഈ സർക്കാറും കോടികൾ മുടിച്ചു. പ്രളയ പരാധീനതകൾക്കിടയിലും 9.5 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്. പ്രളയസെസ്സും മറ്റുമായി ജനങ്ങളിൽ അധിക ബാദ്ധ്യത അടിച്ചേൽപ്പിച്ച സർക്കാറാണ് കോടികൾ ധൂർത്തടിച്ച് ഖജനാവ് ഓട്ടയാക്കുന്നത്. ജനങ്ങളുടെ പണമല്ല പാർട്ടി പ്രചാരണത്തിനും ആർഭാടങ്ങൾക്കും ഉപയോ​ഗിക്കേണ്ടതെന്ന പരമപ്രധാനമായ ജനാധിപത്യതത്ത്വമാണ് ഇവിടെ നിരന്തരം ലംഘിക്കപ്പെടുന്നത്.

ഇത്തരം ആഘോഷങ്ങള്‍ക്കൊപ്പം നടക്കുന്ന നേട്ട-കോട്ട വിലയിരുത്തല്‍ തീര്‍ച്ചയായും പ്രയോജനപ്രദമാണ്. ഭരണം കൊണ്ട് എന്തുനേടി എന്ന പരിശോധന. ആയിരം ദിവസങ്ങള്‍ സംഭവബഹുലമായിരുന്നു. നല്ലതിനും അല്ലാത്തതിനും ഇടതുസര്‍ക്കാറിന്‍റെ പ്രവര്‍ത്തനം ഉടനീളം വിലയിരുത്തപ്പെട്ടിട്ടുണ്ട്. 2017 നവംബറിൽ കേരള തീരത്തെ തകർത്തെറിഞ്ഞ ഓഖി ചുഴലിക്കാറ്റും നാടിന്റെ സമസ്ത മേഖലകളെയും പിടിച്ചുലച്ച 2018 ആഗസ്തിലെ മഹാപ്രളയവും നമുക്കു മറക്കാനാവില്ല. ആരോഗ്യരംഗത്തു ഭീതി വിതച്ച നിപയും മറന്നുകൂടാ. ഇവയെയെല്ലാം ധീരമായി നേരിടാനും അതിജീവനത്തിന്റെ വഴിയിൽ മുന്നോട്ടുനീങ്ങാനും നേതൃപരമായ പങ്കുവഹിക്കാൻ സർക്കാറിനായിട്ടുണ്ട്.

ഒപ്പം ലിംഗ വിവേചനമില്ലാതെ, ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശം അംഗീകരിച്ചുകൊണ്ടു ശബരിമലയിലെ യുവതീ പ്രവേശത്തിനുള്ള സുപ്രിംകോടതിയുടെ ചരിത്രവിധിയെ അതിന്റെ അന്തസത്ത ചോർത്താതെ നെഞ്ചോട് ചേർക്കാനും സർക്കാറിനായി എന്നത് അഭിമാനകരമാണ്. കോടതി വിധിയെ വിശ്വാസത്തിന്റെയും ഭക്തിയുടെയും മറപിടിച്ച് നാട്ടിൽ അസമാധാനത്തിന്റെയും കാലുഷ്യത്തിന്റെയും വിത്തു പാകാൻ സംഘപരിവാരവും ചില പ്രതിപക്ഷ നേ­താക്കളും കോപ്പു കൂട്ടിയപ്പോൾ അ­തിന്റെ മർമ്മമറിഞ്ഞ് ഇടപെടാനും നീതിന്യായ സംവിധാനങ്ങളോട് നീതി പുലർത്താനും സർക്കാറിനായി. ആയിരം തെരഞ്ഞെടുപ്പുകൾ തോറ്റാലും ഒരു മതാചാരവും ഭരണഘടനയ്ക്കും ജുഡീഷ്യറിക്കും മുകളിലല്ലെന്നു തെളിച്ചു പറയാനുള്ള ആർജ്ജവം മുഖ്യമന്ത്രിയും അദ്ദേഹത്തെ നയിക്കുന്ന പാർട്ടിയും കാണിച്ചുവെന്നതും മതനിരപേക്ഷ മൂല്യങ്ങളിൽ വിശ്വസിക്കുന്നവർക്കു പ്രതീക്ഷ പകർന്നു.

എന്നാൽ ഈ പ്രതീക്ഷകൾക്കപ്പുറം നിരാശ പടർത്തുന്ന, തെറ്റായ എത്രയോ നടപടികളും സർക്കാറിൽ നിന്നുണ്ടായി. ജാതിയുടെയും പശുവിറച്ചിയുടെയും പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങളുടെ കാര്യത്തില്‍ മോദി സര്‍ക്കാരും രാഷ്ട്രീയ ഹിംസയിൽ പിണറായി സർക്കാരും ചങ്ക് ബ്രോകളാണ്. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ സർക്കാർ അധികാരമേറ്റ ശേഷം അരങ്ങേറിയ 20 രാഷ്ട്രീയ കൊലപാതകങ്ങളിൽ 16ലും മുഖ്യമന്ത്രിയുടെ പാർട്ടിയാണ് പ്രതിസ്ഥാനത്തുള്ളത്. രണ്ടു വീതം കൊലപാതകത്തിൽ ബി.ജെ.പിയും എസ്.ഡി.പി.ഐയും പ്രതിസ്ഥാനത്തുനിൽക്കുന്നു. ശബരിമല പ്രശ്നത്തിൽ സംഘപരിവാരം ഉൾപ്പെടെയുള്ളവരുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടിയതിൽ വിറളി പൂണ്ട് അക്രമികൾ ഒരു സ്വാമിയുടെ ആശ്രമത്തിന് തീ കൊളുത്തിയപ്പോൾ അവിടെ ഓടിയെത്താൻ കാണിച്ച ഉത്സാഹം, സ്വന്തം പാർട്ടിക്കാരാൽ രണ്ടു യുവാക്കളുടെ ജീവനെടുത്ത കാസർക്കോട് പെരിയയിലേക്കു പേരിനെങ്കിലും ഏന്തി നോക്കാൻ മുഖ്യമന്ത്രിക്കു മനസ്സു വന്നില്ല. കൊടിയുടെയും ജാതിയുടെയും പാർട്ടിയുടെയും നിറം നോക്കി പ്രതികരിക്കുന്നത് മുഖ്യമന്ത്രിക്കു ചേർന്നതല്ലെന്ന തിരിച്ചറിവ് ഇനിയും പിണറായി വിജയനുണ്ടായിട്ടില്ല. ഇത്തരം ഒരു പാട് സംഭവങ്ങള്‍ തെളിയിക്കുന്നത് ഒരേ കാര്യം മാത്രം-മുഖ്യമന്ത്രി വിജയന്‍ ഇപ്പോഴും മനസ്സില്‍ പാര്‍ട്ടി നേതാവ് മാത്രമായി തുടരുന്നു.

സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചതും പൊതുവിദ്യാലയങ്ങളിലേക്കു കൂടുതൽ പേരെ ആകർഷിപ്പിക്കാനായതും പ്രതീക്ഷ നൽകുന്നതാണ്. സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ ഉയർത്തിയതും ടീം പിണറായിയുടെ നേട്ടം തന്നെ. ഇഴഞ്ഞു നീങ്ങിയ ഗെയിൽ പദ്ധതി ലക്ഷ്യത്തിലേക്ക് അടുക്കുമ്പോൾ തന്നെയും ഇരകളുടെ ന്യായമായ സംശയങ്ങളെയും പ്രതിരോധങ്ങളെയും പൊലീസ് രാജിലൂടെ നേരിട്ട സർക്കാറിന്റെ വഴിവിട്ട രീതിയും ജനം മറന്നിട്ടില്ല. കേരളം ഏറെ ചർച്ച ചെയ്ത കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ലൈറ്റ് മെട്രോ പദ്ധതിയിലെ അനിശ്ചിതത്വം നീക്കാനും സർക്കാറിനായിട്ടില്ല.

പ്രതിപക്ഷത്തിന് മാർക്കിടാനും ഈ സമയം ഉചിതമാണ്. പോരാട്ടം പോരായ്മയല്ല, ഉണർവ്വും ഊർജവും തിരുത്തൽ ശേഷിയുമുള്ളതാക്കാൻ പ്രതിപക്ഷവും ഒരുപാട് മാറേണ്ടതുണ്ട്. ബ്രൂവറി അനുമതിയിലെ വഴിവിട്ട രീതി തിരുത്തിയതൊഴിച്ചാൽ സർക്കാറിനെതിരേ ആയുധമാക്കേണ്ട ഒട്ടേറെ വിഷയങ്ങളിൽ പ്രതിപക്ഷത്തിന് അതിന്റെ ധർമം നിറവേറ്റാനായിട്ടില്ല എന്നതും കാണാതിരുന്നുകൂടാ.

Read More >>