വിഷവായുവിന്റെ രക്തസാക്ഷികള്‍

വര്‍ഷം കൂടുംതോറും വായുമലിനീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമാവുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരമൊരവസ്ഥയില്‍ ദേശീയ ശുദ്ധവായു പദ്ധതിയുടെ പ്രസക്തിയും പ്രാധാന്യവും ഏറുകയാണ്.

വിഷവായുവിന്റെ രക്തസാക്ഷികള്‍

ഭൂമിയും വായുവും വെള്ളവും പൈതൃകമായി ലഭിച്ചതല്ല; വരുംതലമുറയില്‍ നിന്ന് കടം കൊണ്ടതാണ്. അവ അതേപോലെ തിരിച്ചു നല്കാന്‍ നാം ബാദ്ധ്യസ്ഥരാണ് -മഹാത്മാഗാന്ധി.

വായു മലിനീകരണം മാനവരാശിക്ക് വന്‍ദുരന്തമാണുണ്ടാക്കുന്നത്. അതുമൂലം മരിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ ദിനംപ്രതി കൂടിവരികയാണ്. ആശങ്കാജനകമായ ഇത്തരം സാഹചര്യങ്ങള്‍ ഇന്ത്യയില്‍ കനംവയ്ക്കുന്നതിനിടയില്‍ വായുമലിനീകരണം കര്‍ശനമായി തടയാന്‍ പദ്ധതിയാരംഭിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹവും പ്രശംസനീയവുമാണ്. ദേശീയ ശുദ്ധവായു പദ്ധതി (നാഷനല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാം-എന്‍.സി.എ.പി) കഴിഞ്ഞ ദിവസമാണ് കേന്ദ്രം പ്രഖ്യാപിച്ചത്.

വിഷവായു ശ്വസിച്ച് ഇന്ത്യയില്‍ വര്‍ഷംപ്രതി 1,01,788 കുട്ടികള്‍ മരിച്ചതായാണ് 2016 ലെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്-ഇതില്‍ 54893 പേര്‍ പെണ്‍കുട്ടികളാണ്; 46895 പേര്‍ ആണ്‍കുട്ടികളും. വീടിനുപുറത്തുള്ള വിഷവായു മാത്രമല്ല അകത്തുള്ളവയും മരണകാരണമാണെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയെപ്പോലുള്ള താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ അഞ്ചു വയസ്സു വരെയുള്ള കുട്ടികളുടെ 98 ശതമാനം മരണങ്ങളും വായുമലിനീകരണം മൂലമാണ്. ലോകാരോഗ്യസംഘടനയുടേത് മാത്രമല്ല ഗ്രീന്‍പീസ് എന്ന പരിസ്ഥിതിസംഘടനയുടെ പഠനത്തിലുള്ള കണ്ടെത്തലുകളും വ്യത്യസ്തമല്ല.

കുട്ടികളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ് വായുമലിനീകരണം. കുട്ടികളില്‍ ക്യാന്‍സര്‍, ആസ്തമ, ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധ, ന്യൂമോണിയ, മറ്റു ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ എന്നിവയും ദുഷിച്ച വായുകൊണ്ടുണ്ടാവുന്നുണ്ട്. തമിഴ്നാട്ടിലെ ഗ്രാമ-നഗരപ്രദേശങ്ങളില്‍ ഗര്‍ഭിണികളില്‍ നടത്തിയ ഒരു പഠനം ലോകാരോഗ്യസംഘടനയുടെ ഒരു റിപ്പോര്‍ട്ടിലുണ്ട്. ദുഷിച്ച വായു ശ്വസിക്കുന്ന ഗര്‍ഭിണികള്‍ പ്രസവിച്ച കുട്ടികളില്‍ ഗണ്യമായ ഭാരക്കുറവ് കാണപ്പെട്ടു എന്ന കാര്യമാണത്.

മറ്റൊരു പഠനത്തില്‍ 2017 ല്‍ ഇന്ത്യയില്‍ വായു മലിനീകരണവുമായി ബന്ധപ്പെട്ട് 12.4 ലക്ഷത്തോളം പേര്‍ മരിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്, ലോകജനസംഖ്യയുടെ 18 ശതമാനമുള്ള ഇന്ത്യയില്‍ 26 ശതമാനം അകാലമരണങ്ങളും വായുമലിനീകരണവുമായി ബന്ധപ്പെട്ടതാണെന്നാണ്. വായുമലിനീകരണത്തിന്റെ തോത് കുറച്ചിരുന്നുവെങ്കില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം 1.7 വര്‍ഷം ഉയരുമായിരുന്നുവെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.

വര്‍ഷം കൂടുംതോറും വായുമലിനീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമാവുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരമൊരവസ്ഥയില്‍ ദേശീയ ശുദ്ധവായു പദ്ധതിയുടെ പ്രസക്തിയും പ്രാധാന്യവും ഏറുകയാണ്. മലിനീകരണം അതിരൂക്ഷമായ രാജ്യത്തെ 102 നഗരങ്ങളില്‍ മലിനീകരണ നിയന്ത്രണ നടപടികള്‍ ഊര്‍ജ്ജിതമാക്കുകയാണ് എന്‍.സി.എ.പി ലക്ഷ്യം. 2019 തുടക്കത്തില്‍ തന്നെ അതിനുള്ള ശ്രമം തുടങ്ങും. 2024 ആകുമ്പോഴേക്കും ഈ നഗരങ്ങളിലെ മലിനീകരണത്തിന്റെ തോത് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. 300 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്. രാജ്യത്തെ വായു മലിനീകരണം നിലവില്‍ ഉള്ളതില്‍ നിന്നും 20-30 ശതമാനമെങ്കിലും കുറയ്ക്കുന്നതിനുള്ള കേന്ദ്രപദ്ധതികളിലുള്‍പ്പെടുന്നതാണ് എന്‍.സി.എ.പി. ഈ പദ്ധതിയുടെ പരിധിയില്‍ വരുന്ന നഗരങ്ങളില്‍ കൃത്യമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. നിരീക്ഷണസംവിധാനങ്ങള്‍ ഉണ്ടായതുകൊണ്ടു മാത്രമായില്ല. അവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. എങ്കില്‍ മാത്രമേ പദ്ധതികൊണ്ട് ഉദ്ദേശിച്ചഫലം ലഭിക്കുകയുള്ളു. കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുക. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സഹകരണവും പദ്ധതിക്ക് ഉറപ്പു വരുത്തും. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ വിജയത്തിന് അനിവാര്യമത്രെ-പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ വായുമലിനീകരണമുണ്ടാക്കുന്നുണ്ടല്ലോ. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കികഴിഞ്ഞു. രണ്ടു മാസമായി വന്‍തോതിലുള്ള വായുമലിനീകരണമാണ് ഉത്തരേന്ത്യന്‍ നഗരങ്ങളിലുണ്ടാവുന്നത്. ഇതും ദേശീയ ശുദ്ധവായു പദ്ധതി ആവിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാറിനെ നിര്‍ബന്ധിച്ച ഘടകമത്രെ.

മലിനീകരണ അപകടങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും എന്‍.സി.എ.പിയിലുള്‍പ്പെടുന്നു. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലൂടെ വായുമലിനീകരണം ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാണ് കേന്ദ്രം കരുതുന്നത്. ബോധവല്‍ക്കരണം കൊണ്ട് മാത്രമായില്ല. അക്കാര്യം ഉള്‍ക്കൊള്ളാനും അതിനനുസൃത നടപടികള്‍ പ്രാവര്‍ത്തികമാക്കാനും ജനങ്ങള്‍ സന്നദ്ധരാവണം. എങ്കില്‍ മാത്രമേ മലിനീകരണം തടയാനുള്ള സര്‍ക്കാര്‍ നടപടികളും വിജയകരമാവുകയുള്ളു.

ജനറേറ്ററുകളില്‍ നിന്നും വ്യവസായശാലകളില്‍ നിന്നും പുറത്തുവിടുന്ന വാതകങ്ങള്‍, നിര്‍മ്മാണപ്രവൃത്തികള്‍, ഇഷ്ടികക്കളങ്ങള്‍ എന്നിവയില്‍ നിന്നുയരുന്ന പുക, മാലിന്യങ്ങള്‍, കാര്‍ഷികാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക്, വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുള്ള ജൈവവസ്തുക്കള്‍ എന്നിവ കത്തിക്കുമ്പോഴുണ്ടാകുന്ന പുക തുടങ്ങിയവ അന്തരീക്ഷ വായുവിലെത്തുന്ന വിഷ വസ്തുക്കളുടെ ഉറവിടമാണെന്ന് പഠനങ്ങളില്‍ വ്യക്തമായതാണ്. വായുമലിനീകരണത്തിനിട നല്കുന്ന മറ്റൊന്നാണ് വാഹനങ്ങള്‍ പുറത്തുവിടുന്ന പുക. ഇവയില്‍ പലതും തടയുന്നതിലും അങ്ങനെ വായുമലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിലും ജനങ്ങള്‍ക്കും പങ്ക് വഹിക്കാനാവും.


Read More >>