കോടതിവിധിയിലൂടെ മാത്രം ഹര്‍ത്താല്‍ നിയന്ത്രണം സാധ്യമാവുമോ?

കോടതി നിർദ്ദേശത്തിന്റെ സത്ത ഉൾക്കൊള്ളുന്ന നിയമനിർമ്മാണമാണ് ഹർത്താൽ വിഷയത്തിൽ ഉടൻ ചെയ്യാവുന്ന കാര്യം

കോടതിവിധിയിലൂടെ മാത്രം ഹര്‍ത്താല്‍ നിയന്ത്രണം സാധ്യമാവുമോ?

1997-നു ശേഷം ഒരിക്കല്‍ക്കൂടി ഹര്‍ത്താല്‍ എന്ന സമരരൂപം ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നിരിക്കുന്നു. കേരളത്തിലെ ഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചില നടപടികള്‍ കോടതി മുന്നോട്ടു വയ്ക്കുകയും ചെയ്തു. 1997 മായി ഒരു പ്രധാന വ്യത്യാസമുണ്ട്. അന്ന് ഹര്‍ത്താലുകളല്ല, ബന്ദാണ് ഉണ്ടായിരുന്നത്. ബന്ദും ഹര്‍ത്താലും വ്യത്യാസമുള്ള സമരരൂപങ്ങളായിരുന്നു. ഹര്‍ത്താലുകള്‍ക്ക് കടയടപ്പു മാത്രവും ബന്ദ് എല്ലാം നിശ്ചലമാക്കുകയും ചെയ്യുകയായിരുന്നു അന്നത്തെ രീതി. ബന്ദ് നിരോധിച്ചുകൊണ്ടുള്ള കോടതിവിധിയെ തുടര്‍ന്നാണ് കേരളത്തില്‍ ഹര്‍ത്താല്‍ ബന്ദായി മാറിയത്. കോടതി ഉത്തരവിനെ ശരിക്കും പരിഹസിക്കുകയായിരുന്നു നമ്മുടെ രാഷ്ട്രീയകക്ഷികളെല്ലാം. ഒരു പാര്‍ട്ടി പോലും അതില്‍നിന്ന് ഒഴിഞ്ഞുനിന്നില്ല. കോടതിയാകട്ടെ, അങ്ങനെയൊരു വിധി തങ്ങള്‍ പുറപ്പെടുവിച്ചിട്ടേയില്ല എന്ന മട്ടില്‍ നിശ്ശബ്ദത പാലിക്കുകയായിരുന്നു. ജുഡീഷ്യറിക്ക് ഇത്തരം കാര്യങ്ങളില്‍ ഘടനാപരമായ നിസ്സഹായതകള്‍ ഉണ്ട് എന്നത് സത്യം തന്നെ.

തിങ്കളാഴ്ച കോടതി ഹര്‍ത്താലുകളുടെ കാര്യത്തില്‍ ചില നിബന്ധനകള്‍ പ്രഖ്യാപിച്ചു. ഏഴു ദിവസത്തെ നോട്ടീസ് നല്‍കി മാത്രമേ ഹര്‍ത്താല്‍ നടത്താവൂ എന്നതാണ് അതില്‍ പ്രധാനം. മിന്നല്‍ ഹര്‍ത്താലുകള്‍ എന്നു കോടതി വിശേഷിപ്പിച്ച തരം ഹര്‍ത്താലുകളുണ്ടാക്കുന്ന ഉപദ്രവം ചെറുതൊന്നുമല്ല. അവ തടയപ്പെടണമെന്ന കാര്യത്തില്‍ സംശയവുമില്ല. പക്ഷേ, വളരെയേറെ ആലോചനകളും പഠനവും ചര്‍ച്ചകളും നടത്താതെയാണ് ഈ ഉത്തരവ് നടപ്പാക്കുന്നതെങ്കില്‍ 1997-ലെ ബന്ദ് നിരോധനത്തിന്റെ അതേ ഗതിയാണ് ഹര്‍ത്താല്‍ ഉത്തരവിനും സംഭവിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഹര്‍ത്താല്‍ ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. ഭരണഘടനയും നിയമവും അതില്‍ പ്രധാനഘടകങ്ങളാണെങ്കിലും മറ്റു പലതു കൂടിയാണ് ഈ പ്രശ്‌നം. ഇതില്‍ പൗരാവകാശങ്ങളും മൗലികാവകാശങ്ങളും പ്രശ്‌നത്തിന്റെ രണ്ടു ഭാഗത്തും ഉണ്ട്. ഹര്‍ത്താലിന്, മിന്നല്‍ ഹര്‍ത്താലിനു തന്നെ ആഹ്വാനം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട് ഒരു പാര്‍ട്ടിക്ക്. അതിനുണ്ടാക്കുന്ന നിയന്ത്രണങ്ങള്‍ പോലും ചിലപ്പോള്‍ ഭരണഘടനാവിരുദ്ധമായേക്കും. ഇന്ന് ഉണ്ടാകുന്ന ഒരു സുപ്രധാന സംഭവത്തോട് ഒരാഴ്ച കഴിഞ്ഞാണോ പ്രതികരിക്കുക? മിന്നല്‍ ഹര്‍ത്താലുകളും ചിലപ്പോള്‍ വേണ്ടി വരാം. ഒരാഴ്ച സമയം കൊടുക്കുന്നത് രണ്ടു കാര്യങ്ങള്‍ക്കാണ് എന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒന്ന്, ഹര്‍ത്താല്‍ പ്രഖ്യാപനത്തിന് എതിരെ പൗരന് നിയമപരമായ സംരക്ഷണം തേടാന്‍ അവസരം കിട്ടുന്നതിന്. രണ്ട്, സര്‍ക്കാറിന് ആവശ്യമായ മുന്‍കരുതല്‍ എടുക്കുന്നതിന്. ഇതില്‍, ആദ്യം പറഞ്ഞ ഉപാധിയുടെ ഔചിത്യം ചോദ്യം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു ഹര്‍ത്താല്‍ ആഹ്വാനം ന്യായമോ അന്യായമോ എന്നു തീരുമാനിക്കാന്‍ കോടതികള്‍ക്ക് എങ്ങനെയാണ് കഴിയുക? അല്ലെങ്കില്‍, കോടതികളാണോ അതു തീരുമാനിക്കേണ്ടത്?

ഇത്തരം ഉത്തരവുകള്‍ നടപ്പാക്കുന്നതിന് പ്രായോഗികമായ പ്രയാസങ്ങളുണ്ട്. ചീഫ് സിക്രട്ടറിയോ ഡി.ജി.പി യോ ഉത്തരവിറക്കുന്നതു പോലെ രാപ്പകല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്ന സംവിധാനമല്ല ജുഡീഷ്യറിയുടേത്. അങ്ങനെ ആകാനും പാടില്ല. വിഷയവുമായി ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചന നടത്തി നിയമമുണ്ടാക്കാനും കോടതിക്ക് പരിമിതികളുണ്ട്. അങ്ങനെയൊന്നും ചെയ്യാതെ നടപ്പാക്കിയാല്‍ ഇപ്പോഴത്തെ കോടതി നിര്‍ദ്ദേശവും ബന്ദ് നിരോധനം പോലെ ജലരേഖയായി അവശേഷിക്കാനേ സാദ്ധ്യതയുള്ളൂ. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരെ ഉത്തരവാദികളാക്കുക എന്നതു പോലും പ്രയാസമുള്ള സംഗതിയാണ്. കേരളത്തില്‍, അജ്ഞാതര്‍ വാട്സ്ആപ്പിലൂടെ ആഹ്വാനം ചെയ്താലും ഹര്‍ത്താല്‍ നടപ്പാകും എന്നതല്ലേ അവസ്ഥ?

ഹര്‍ത്താല്‍ കാര്യത്തില്‍ കോടതി ഇടപെടുകയോ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയോ വേണ്ട എന്ന് വാദിക്കാനല്ല ശ്രമിക്കുന്നത്. പൗരന്റെ മൗലികാവകാശങ്ങള്‍ ക്രൂരമായി ചവിട്ടിമെതിക്കുന്ന സമരരൂപമാണ് ഹര്‍ത്താല്‍. പൗരനു സംരക്ഷണം ലഭിച്ചേ തീരൂ. ഹര്‍ത്താലുകാര്‍ക്ക് ആളുകളോട് ഹര്‍ത്താലുമായി സഹകരിക്കണമേ എന്ന് അഭ്യര്‍ത്ഥിക്കാനേ അവകാശമുള്ളൂ. നിയമവും ഭരണഘടനയും അതേ അനുവദിക്കുന്നുള്ളൂ. ആ അഭ്യര്‍ത്ഥന സ്വീകരിക്കണമോ എന്നു തീരുമാനിക്കാനുള്ള അവകാശം പൗരന്റേതാണ്. അതല്ല, ഞങ്ങള്‍ പറയുന്നത് അനുസരിച്ചോളണം, ഇല്ലെങ്കില്‍ നിന്റെ കഥ കഴിക്കും എന്ന അതിക്രൂരവും അങ്ങേയറ്റം ജനാധിപത്യവിരുദ്ധവുമായ സമീപനമാണ് ഏതാണ്ട് എല്ലായ്പ്പോഴും സമരക്കാര്‍ സ്വീകരിക്കുന്നത്.

കോടതി നിര്‍ദ്ദേശത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്ന നിയമനിര്‍മ്മാണമാണ് ഇക്കാര്യത്തില്‍ ഉടന്‍ ചെയ്യാവുന്ന കാര്യം. അതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല എന്നു പറഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഒരു പടി മുന്നോട്ടുപോയിട്ടുണ്ട്. സമരങ്ങളില്‍ പൊതു-സ്വകാര്യസ്വത്തുകള്‍ക്ക് ഉണ്ടാക്കുന്ന നഷ്ടം കുറ്റവാളികളില്‍നിന്ന് ഈടാക്കാനുള്ള നിയമനിര്‍മ്മാണം തികച്ചും സ്വാഗതാര്‍ഹമാണ്. ഓരോ ഹര്‍ത്താലും പൊതുസമൂഹത്തിനുണ്ടാക്കുന്ന നഷ്ടത്തിന്റെ കണക്ക് ആരും കൂട്ടിനോക്കാറില്ല. ഹര്‍ത്താലുകാര്‍ അവരുടെ രാഷ്ട്രീയ ലാഭനഷ്ടത്തിന്റെ കണക്കേ നോക്കൂ. സമൂഹത്തിന് ഉണ്ടാക്കുന്ന നഷ്ടത്തിനു ഉത്തരവാദികളെ കണ്ടെത്തണം, നഷ്ടം നികത്തപ്പെടണം. ഇത്തരം നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയമനിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. അതിന്റെ നടത്തിപ്പ് ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍ ആവുകയും വേണം.

Read More >>