ജനങ്ങളെ വിഷം തീറ്റുന്നവര്‍

മലയാളികൾ കാർഷികസംസ്‌ക്കാരത്തിൽ നിന്ന് പിന്നോട്ട് പോയത് ഭക്ഷ്യവസ്തുക്കളിലെ മായം വർദ്ധിക്കുന്നതിന് ഒരു കാരണമാണ്. ചെളിപുരണ്ട കൃഷീവലനും കൃഷിപ്പണിക്കുപയോഗിക്കുന്ന കാളകളും മറ്റും സംസ്ഥാനത്ത് നിന്ന് അന്യമായിക്കൊണ്ടിരിക്കുന്നു

ജനങ്ങളെ വിഷം തീറ്റുന്നവര്‍

മുൻ കാലങ്ങളിൽ വീടുകളിൽ തന്നെ ജനങ്ങൾ പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കിയിരുന്നു. ആധുനികകാലത്ത് ആളുകൾക്ക് തിരക്ക് കൂടി; സ്വഗൃഹങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സമയവും സൗകര്യവുമൊന്നും ആർക്കുമില്ല. ദ്രുതഗതിയിൽ ഭക്ഷണം തയാറാക്കി നല്കുന്ന സ്ഥാപനങ്ങളെയും വഴിയോരസ്റ്റാളുകളെയുമാണ് ആളുകൾ ഇന്ന് ആശ്രയിക്കുന്നത്. പല സ്ഥാപനങ്ങൾക്കും ത്വരിതമായി ഭക്ഷണം ഒരുക്കിക്കൊടുക്കാൻ പലപ്പോഴും കഴിയാറില്ല. തന്മൂലം അവർ തയ്യാറാക്കി വെച്ച ഭക്ഷണത്തിന്റെ ആയുർദൈർഘ്യം കൂട്ടുന്നതിനാവശ്യമായ രാസവസ്തുക്കൾ അനുവദനീയമായതിലും കൂടുതൽ അളവിൽ ചേർക്കുകയാണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ മായം കലർത്തുകയാണ്.

മായം ചേർന്ന ഭക്ഷണം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നത് സുവിദിതമായ കാര്യം. അത് മനുഷ്യന്റെ പ്രതിരോധശക്തി കുറയ്ക്കുന്നു. ധാതുക്കളിൽ നിന്നെടുക്കുന്ന എണ്ണപോലും വഴിയോരക്കച്ചവടക്കാർ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്നുണ്ട്. അത് കാൻസറിനും പക്ഷാഘാതത്തിനും ഇടയാക്കിയേക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു. ഗർഭിണികൾ അത്തരം ഭക്ഷണം കഴിച്ചാൽ ഗർഭഛിദ്രത്തിന് സാദ്ധ്യതയുണ്ട്; അതല്ലെങ്കിൽ ഗർഭസ്ഥശിശുവിന്റെ തലച്ചോറിനെ ബാധിച്ചേക്കാം. ഭക്ഷ്യവസ്തുക്കളിലെ നിറക്കൂട്ട് കരൾ രോഗത്തിനും അലർജിക്കും ഇടയാക്കിയേക്കും. മായം കലർന്ന ഭക്ഷണം ദഹനത്തിന്റെ സ്വഭാവികപ്രക്രിയയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ വെളിപ്പെടുത്തുന്നു.

ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യവസ്തുക്കളിലെ മായമത്രെ. നിസ്സാരമായ കരിവേപ്പിലയിൽ നിന്ന് തുടങ്ങുന്ന മായം. പലപ്പോഴും ചേർക്കുന്നത് അത്യന്തം വിഷകരമായ വസ്തുക്കളും. മൃതദേഹം അഴുകാതിരിക്കാനുപയോഗിക്കുന്ന ഫോർമാലിൻ മത്സ്യങ്ങളിൽ ഉപയോഗിച്ചതിനെക്കുറിച്ചും അധികൃതർ പരിശോധന നടത്തിയതിനെക്കുറിച്ചുമുള്ള വാർത്തകൾ പത്രങ്ങളിൽ വന്നതാണ്. മരുന്നിനുപോലും വ്യാജനുണ്ട് മാർക്കറ്റിൽ. കാർബൈഡ് ചേർക്കുന്നതുകൊണ്ടത്രെ, മാങ്ങ, ഓറഞ്ച് അടക്കമുള്ള പഴവർഗ്ഗങ്ങൾ ദിവസങ്ങളോളം മൊഞ്ച് നിലനിർത്തുന്നത്. മെഴുകുപുരട്ടിയാണ് ആപ്പിളിന്റെ തിളക്കം കാത്തുസൂക്ഷിക്കുന്നത്.

മലയാളികൾ കാർഷികസംസ്ക്കാരത്തിൽ നിന്ന് പിന്നോട്ട് പോയത് ഭക്ഷ്യവസ്തുക്കളിലെ മായം വർദ്ധിക്കുന്നതിന് ഒരു കാരണമാണ്. ചെളിപുരണ്ട കൃഷീവലനും കൃഷിപ്പണിക്കുപയോഗിക്കുന്ന കാളകളും മറ്റും സംസ്ഥാനത്ത് നിന്ന് അന്യമായിക്കൊണ്ടിരിക്കുന്നു. ഇതുകൊണ്ടൊക്കെ പഴങ്ങൾക്കും പച്ചക്കറികൾക്കും ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കാൻ നമ്മൾ നിർബ്ബന്ധിതരാവുകയാണ്. തമിഴ് നാട്ടിൽ നിന്നുള്ള പച്ചക്കറികളാണ് ഏറെയും കേരളത്തിലെത്തുന്നത്. അവിടെ രണ്ടു വിധമാണ് കൃഷി-തദ്ദേശിയർക്ക് വില്ക്കാനുള്ളതും മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കാനുള്ളതും. സ്വന്തം നാട്ടുകാർക്ക് നല്കാനുള്ളത് ജൈവപച്ചക്കറികളായി ഉല്പാദിപ്പിക്കും; കേരളമടക്കമുള്ള ഇതരസംസ്ഥാനങ്ങളിലേക്ക് വ്യവസായികാടിസ്ഥാനത്തിൽ കയറ്റിയയക്കാനുള്ളത് കീടനാശിനി വ്യാപകമായി തളിച്ചവയുമായിരിക്കും. അങ്ങനെ വിഷമയമായ കീടനാശിനി തളിച്ച പച്ചക്കറിയാണ് നമ്മുടെ അടുക്കളയിലെത്തുന്നത്. കീടനാശിനിയുടെ പാർശ്വഫലങ്ങൾ അത് കഴിക്കുന്നവരിലുണ്ടാവുക സ്വാഭാവികം.

തേനിൽ ശർക്കരപ്ലാവ്, പഞ്ചസാരയിൽ ചോക്കു പൊടി, നെയ്യിൽ മൃഗക്കൊഴുപ്പ്, വെളിച്ചെണ്ണയിൽ പാരഫിൻ ഓയിൽ, പരിപ്പിൽ കേസരിപ്പരിപ്പ്, മാങ്ങയിൽ കാത്സ്യം കാർബൈഡ്, മുളക്‌പൊടിയിൽ സുഡാൻ രാസപദാർത്ഥം, മഞ്ഞളിന് നിറം കൂട്ടാൻ ലെഡ് ക്രോമേറ്റ്; തൂക്കം കൂട്ടാൻ വെള്ളാരം കല്ല് തുടങ്ങിയവയൊക്കെ ചേർക്കുകയാണ്. കൺസ്യൂമർ-വോയ്‌സ് ഓർഗ് (consumervoice org.) വെബ്‌സൈറ്റിൽ മായമായി ചേർക്കുന്ന വസ്തുക്കളും അതുണ്ടാക്കുന്ന പാർശ്വഫലങ്ങളും വിവരിക്കുന്നുണ്ട്.

പാലും മായത്തിൽ നിന്ന് മുക്തമല്ല. പാലിന്റെ കൊഴുപ്പ് കൂട്ടാനും കേടാവാതെ ദിവസങ്ങളോളം സൂക്ഷിക്കാനും, മനുഷ്യശരീരത്തിന് ഒട്ടേറെ പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കൾ ചേർക്കുന്നുണ്ട്. ഭക്ഷ്യവകുപ്പ്, ആരോഗ്യവകുപ്പ് അധികൃതർ മായം കലർന്നെന്ന് സംശയിക്കുന്ന നിരവധി വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിക്കുകയും അവയുടെ പേരുകൾ പരസ്യപ്പെടുത്തുകയും വിപണനം തടയുകയുമുണ്ടായി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ആ ബ്രാൻഡുകൾ മാർക്കറ്റിൽ സുലഭമായി. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് അധികൃതർ കച്ചവടക്കാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത് കഴിഞ്ഞ ദിവസമാണ്. ഭക്ഷ്യ സാധനങ്ങൾ പൊതിയാൻ അച്ചടിച്ചകടലാസുകൾ ഉപയോഗിക്കരുത്; മഷി പുരളാത്ത കടലാസിലോ വാഴയിലയിലോ ഭക്ഷണം പൊതിയാം; തട്ടുകടകളിലും വഴിയോരകടകളിലും വില്പനക്ക് വെച്ച, എണ്ണയിൽ പൊരിച്ച ഭക്ഷ്യസാധനങ്ങൾ അടച്ച് സൂക്ഷിക്കണം; തുടങ്ങിയവയായിരുന്നു ഭക്ഷ്യസുരക്ഷാവിഭാഗം നല്കിയ നിർദ്ദേശങ്ങൾ. അവ മിക്കതും പാലിക്കപ്പെടുന്നില്ല.

തങ്ങൾ നടത്തുന്ന ഭക്ഷ്യസുരക്ഷാപരിശോധനക്കനുസൃതമായ തുടർനടപടികൾ നീക്കാൻ പലപ്പോഴും അധികൃതർക്കാവുന്നില്ല-അതല്ലെങ്കിൽ അതിനവർക്കാവശ്യമായ ആളും അർത്ഥവുമില്ല. അതിന്റെ ഫലമോ? ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ വ്യാപകമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ സർക്കാരിനുണ്ട് കൂടുതൽ ഉത്തരവാദിത്തം. വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ നമ്മുടെ വളപ്പിലോ വീടിന്റെ ചുറ്റുവട്ടത്തോ കൃഷിചെയ്യുകയെന്നത് വിഷാംശമുള്ള പച്ചക്കറിയിൽ നിന്ന് മോചനം നേടുന്നതിനുള്ള മാർഗ്ഗമാണ്. വീടിന്റെ ടെറസ്സിൽ പച്ചക്കറികൃഷിചെയ്യുന്ന ഒട്ടേറെയാളുകൾ നമ്മുടെ സംസ്ഥാനത്തുതന്നെയുണ്ട്. മായം ചേർക്കുന്നതായ സംശയം തോന്നിയാൽ അക്കാര്യം അധികൃത ശ്രദ്ധയിൽപെടുത്തലും നമ്മുടെ കടമയത്രെ.

Read More >>