സാമ്പത്തിക സംവരണവും രാഷ്ട്രീയ പാര്‍ട്ടികളും

സാമ്പത്തിക സംവരണ ബില്ലിനെതിരെ ഉയരുന്ന വിമർശങ്ങൾ നിസ്സാരമല്ല. രാജ്യത്തെ ഭരണഘടന അനുസരിച്ച് സാമൂഹിക പിന്നാക്കാവസ്ഥയിലുള്ള ജാതി വിഭാഗങ്ങൾക്കേ സംവരണത്തിനു വകുപ്പുള്ളൂ.

സാമ്പത്തിക സംവരണവും രാഷ്ട്രീയ പാര്‍ട്ടികളും

അയോദ്ധ്യയും ശബരിമലയിലെ യുവതീപ്രവേശവുമെല്ലാം കത്തിനിൽക്കുന്ന രാഷ്ട്രീയ വിവാദച്ചുഴിയിലേക്കാണ് സാമ്പത്തിക സംവരണ ബിൽ എത്തിയത്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു ഉന്നത വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും 10 ശതമാനം സാമ്പത്തിക സംവരണം വ്യവസ്ഥ ചെയ്യുന്ന ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കി. ലോക് സഭയിൽ മൂന്നിനെതിരെ 323 വോട്ടുകൾക്കാണ് ബിൽ പാസ്സായത്. ഭരണകക്ഷിക്കു ഭൂരിപക്ഷം ഇല്ലാത്ത രാജ്യസഭയിലാവട്ടെ ഏഴിനെതിരെ 165 വോട്ടിനും. പ്രതിപക്ഷ കക്ഷികളുടെ ഭേദഗതി നിർദ്ദേശങ്ങളെ വോട്ടിനിട്ടു തള്ളിയാണ് സർക്കാർ ബിൽ ചുട്ടെടുത്തത്.

ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ സർക്കാറിന്റെ അവസാന മണിക്കൂറുകളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ തെരഞ്ഞെടുപ്പ് ഗിഫ്റ്റ്/സ്റ്റണ്ടിനു വഴി തുറന്നത്. ഇതിന്റെ ഗുണം തങ്ങൾക്കുണ്ടാവുമെന്നാണ് സംഘപരിവാറിന്റെ പ്രതീക്ഷ. നഷ്ടമായ മുന്നാക്ക ജാതിവിഭാഗ വോട്ടു തിരിച്ചുപിടിക്കാനും ശബരിമല വിവാദത്തിലൂടെ കൂടുതൽ അടുത്ത മദ്ധ്യവർഗത്തെ ചേർത്തു നിർത്താനും ഈ തുരുപ്പു ചീട്ട് സഹായിക്കുമെന്ന് അവർ കരുതുന്നു. അതിനെ എങ്ങനെ മറികടക്കാമെന്ന ഗവേഷണത്തിലാണ് പ്രതിപക്ഷം. ബില്ലിനെ സ്വാഗതം ചെയ്തതിലൂടെ ശബരിമല വിവാദം വഴി മുന്നാക്ക വിഭാഗങ്ങളിൽ നിന്നുണ്ടായ അപ്രീതി മായ്ച്ചു കളയാൻ ഒരു പരിധിവരെ സഹായകമാവുമെന്നു സി.പി.എം കണക്കു കൂട്ടുന്നു. കോൺഗ്രസ്സാവട്ടെ മുന്നാക്ക, പിന്നാക്ക വിഭാഗങ്ങളുമായി കൂടുതൽ അടുപ്പവും യോജിപ്പും തങ്ങൾക്കാണെന്നും അന്ധമായ പിടിവാശി തങ്ങൾക്കില്ലെന്നത് അനുകൂലമാവുമെന്നും സ്വപ്നം കാണുന്നു. ആ നിലയ്ക്ക് ഇരുതല മൂർച്ചയുള്ള വാളാണ് മോദി പുറത്തെടുത്തത്. ശത്രുക്കളുടെ യോജിപ്പും മിത്രങ്ങളുടെ ഭിന്നിപ്പും ബില്ലിന്റെ തുട­ക്കത്തിലെ പ്രകടമായി. പിന്നാക്കക്കാരെ ആട്ടിത്തെളിച്ച് പിണറായി സർക്കാറുണ്ടാക്കിയ നവോത്ഥാന വനിതാമതിലിൽ അണിചേർന്നവർക്കിടയിൽ പോലും അതിന്റെ അനുരണനങ്ങളുണ്ടായി.

സാമ്പത്തിക സംവരണ ബില്ലിനെതിരെ ഉയരുന്ന വിമർശങ്ങൾ നിസ്സാരമല്ല. രാജ്യത്തെ ഭരണഘടന അനുസരിച്ച് സാമൂഹിക പിന്നാക്കാവസ്ഥയിലുള്ള ജാതി വിഭാഗങ്ങൾക്കേ സംവരണത്തിനു വകുപ്പുള്ളൂ. സാമ്പത്തിക സംവരണത്തിന് ഭരണഘടനയിൽ വകുപ്പില്ല. ഇതാണ് ഭരണഘടനാ ഭേദഗതിയിലൂടെ സർക്കാർ മറികടന്നത്. സത്യത്തിൽ കോടതി കനിഞ്ഞാൽ, രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകാൻ ഇനി വലിയ ദൂരമില്ലെങ്കിലും ഏതളവിൽ ലക്ഷ്യം കാണുമെന്നു ഇപ്പോൾ പറയാവതല്ല.

മുന്നാക്ക സംവരണ ബിൽ രാജ്യത്തെ ദരിദ്രരുടെ അവശത പരിഹരിക്കുമെന്നാണ് മോദിയുടെ അവകാശവാദം. എട്ടുലക്ഷം വാർഷിക വരുമാന പരിധി നിശ്ചയിച്ചവർ എങ്ങനെയാണ് സാമ്പത്തികമായി പിന്നാക്കമാവുന്നത്? മാസം 18,000 രൂപ മിനിമം വേതനത്തിനു (2.16 ലക്ഷം വാർഷിക വരുമാനം) വേണ്ടി പണിമുടക്കു നടന്ന രാജ്യത്താണ‌് എട്ട‌ു ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക‌് സംവരണം എന്നതാണ് ഇതിലെ വൈരുദ്ധ്യം. (ദിവസ വേതനം 600 രൂപ നൽകാത്ത സർക്കാറാണ് ബില്ലിൽ മുന്നാക്ക വിഭാഗങ്ങൾക്ക് 2222 രൂപ ദിവസ വേതനം നിശ്ചയിച്ചത്). ഒപ്പം അഞ്ച് ഏക്കറിലധികം ഭൂമിയുണ്ടാകരുതെന്നാണ് മറ്റൊരു നിർദ്ദേശം. ഇതിനാണ് ഇടതു-വലതു പാർട്ടികൾ ഒന്നടങ്കം വോട്ട് രേഖപ്പെടുത്തിയത്. സംഘപരിവാറിനെതിരേ അവിടെ തിരിഞ്ഞു നിന്നത് നാലു പാർട്ടികൾ മാത്രമാണെങ്കിലും അത് അഭിമാനകരമാണ്.

മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തിക ദാരിദ്യം വരിഞ്ഞുമുറുക്കിയ എത്രയോ കുടുംബങ്ങളുണ്ട് എന്നത് സത്യമാണ്. അവർ അനുഭവിക്കുന്ന സാമ്പത്തിക അവശത/ദാരിദ്യം ഇല്ലാതാക്കുന്നതിനു പ്രായോഗിക നടപടികളാണ് സർക്കാർ എടുക്കേണ്ടത്? വിവിധ സ്കോളർഷിപ്പുകളും വിദ്യാഭ്യാസ വായ്പകളും അടക്കം ഒട്ടേറെ പദ്ധതികളിലൂടെ ഈ സാമ്പത്തിക പരിമിതി മറികടക്കാവുന്നതാണ്. ആ ലക്ഷ്യത്തിലേക്കു ഉറച്ച ചുവടുകളാണാവശ്യം. അതിന് ഭരണഘടനാപരമായി ഒരു തടസ്സവുമില്ല. എന്നാൽ മേൽജാതിക്കാർ ഇന്ത്യയിൽ സാമൂഹികമായ എന്തു വിവേചനമാണ് നേരിടുന്നത് എന്നത് സംബന്ധിച്ച് ഒരു പഠനം/കമ്മിഷൻ റിപ്പോർട്ട് പോലും സർക്കാറിന് സഭയിൽ വയ്ക്കാനായിട്ടില്ല.

സംവരണം എക്കാലത്തേക്കുമുള്ള സ്ഥായിയായ ഒരു സംവിധാനം ആകരുതെന്നാണ് ഭരണഘടനാ ശില്പികൾ ഓർമ്മിപ്പിച്ചത്. ലക്ഷ്യത്തിലേക്കുള്ള ഒരുപടി മാത്രമാണ് സാമുദായിക സംവരണം. ജാതി പിന്നാക്കാവസ്ഥ പോലെ ശാശ്വതമല്ല സാമ്പത്തിക പിന്നാക്കാവസ്ഥ. ഇന്നത്തെ ദരിദ്രൻ നാളെ സമ്പന്നനാകാം. എന്നാൽ ജാതി വിവേചനം പെട്ടന്നൊന്നും മാറില്ല. അതിന്റെ ഉദാഹരണമാണ് ഈയിടെ മുഖ്യമന്ത്രി പിണറായി വിജയനു നേരെയുണ്ടായ ജാതി അധിക്ഷേപം.

സംവരണം ചരിത്രപരമായ കാരണങ്ങളാൽ സാമൂഹികമായ പിന്നാക്കം അനുഭവിക്കുന്നവർക്ക് അധികാര പങ്കാളിത്തം ഉറപ്പാക്കാനുള്ളതാണ്. അതല്ലാതെ സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ളതല്ലെന്നു സംഘപരിവാർ വിരുദ്ധർ വൈകിയെങ്കിലും മനസ്സിലാക്കണം. ഇത് തിരിച്ചറിയാതെ വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ മറപിടിച്ചുള്ള ഗിമ്മിക്കുകൾ സാമുദായിക ധ്രുവീകരണത്തിനേ വഴിവയ്ക്കൂ. ഏറ്റവും ചുരുങ്ങിയത് മോദി കുഴിച്ച കുഴിയിൽ വീഴാതിരിക്കാനുള്ള രാഷ്ട്രീയ വിവേകമെങ്കിലും കോൺഗ്രസും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ കാണിക്കേണ്ടിയിരുന്നു.

Read More >>