കാണാതാവുന്ന കുട്ടികൾ

പല സാഹചര്യങ്ങളാലാണ് കുട്ടികളെ കാണാതാവുന്നത്. കുടുംബബന്ധങ്ങളിലെ ശൈഥില്യം, പിതാവിന്റെ മദ്യപാനം എന്നിവ മൂലം വീടുവിട്ടിറങ്ങാൻ നിർബന്ധിതരാവുന്ന കുട്ടികളുണ്ട്. രക്ഷിതാക്കളുടെ ഭാഗത്തു നിന്ന് മതിയായ ശ്രദ്ധ ലഭിക്കാത്തത് കുട്ടികളെ വീടുകളിൽനിന്ന് അകറ്റുന്നു.

കാണാതാവുന്ന    കുട്ടികൾ

കുട്ടികൾ തോട്ടത്തിലെ പൂമൊട്ടുകളെപോലെയാണ്. അവരെ സ്‌നേഹപൂർവവും ശ്രദ്ധയോടെയും പരിപാലിക്കണം. നാളത്തെ പൗരന്മാരായ കുട്ടികളിലാണ് രാഷ്ട്രത്തിന്റെ ഭാവി

-ജവഹർലാൽ നെഹ്‌റു.

കാണാതാവുന്ന കുട്ടികളുടെ എണ്ണം ദിനംപ്രതി കൂടുന്നത് ആശങ്കയുയർത്തുന്നു. കണക്കുകൾ പ്രകാരം ഓരോ വർഷവും ഇന്ത്യയിൽ ഒരു ലക്ഷത്തോളം കുട്ടികളെ കാണാതാവുന്നു-അതായത് ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടി എന്ന തോതിൽ.പല സാഹചര്യങ്ങളാലാണ് കുട്ടികളെ കാണാതാവുന്നത്. കുടുംബബന്ധങ്ങളിലെ ശൈഥില്യം, പിതാവിന്റെ മദ്യപാനം എന്നിവ മൂലം വീടുവിട്ടിറങ്ങാൻ നിർബന്ധിതരാവുന്ന കുട്ടികളുണ്ട്. രക്ഷിതാക്കളുടെ ഭാഗത്തു നിന്ന് മതിയായ ശ്രദ്ധ ലഭിക്കാത്തത് പല കുട്ടികളെയും വീടുകളിൽനിന്ന് അകറ്റുന്നു. യാചകർ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങളുമുണ്ട്. ഭിക്ഷാടന മാഫിയ കുട്ടികളെ അംഗവൈകല്യം വരുത്തി യാചകരാക്കുന്നു.

വീട്ടിൽ നിന്ന് ഒളിച്ചോടുന്ന കുട്ടികളിൽ പലരും എത്തിച്ചേരുന്നത് വൻ നഗരങ്ങളിൽ. അവിടെയവർ കൊടിയ ചൂഷണത്തിന്നിരയാവുന്നു. അവയവ വ്യാപാരമെന്ന മൃഗീയതയ്ക്കു പോലും കുട്ടികൾ ഇരയാവുന്നു-നോയിഡയിലെ നിതാരഗ്രാമത്തിൽ നടന്നതുപോലെ. ഒളിച്ചോടി ചതിയിൽ പെട്ട കുട്ടികളിലേറെയും ദരിദ്രകുടുംബങ്ങളിൽ നിന്നുള്ളവരത്രെ. അത്തരം കുടുംബങ്ങൾക്ക് കാര്യക്ഷമവും സജീവവുമായ പൊലീസ് സേവനം പലപ്പോഴും അപ്രാപ്യവുമാണ്.

ആഗോളതലത്തിലും കുട്ടികളുടെ തിരോധാനം പെരുകുകയാണ്. ഏകദേശ കണക്കനുസരിച്ച് ഓരോ വർഷവും 80 ലക്ഷം കുട്ടികളെ കാണാതാവുന്നുണ്ട്. യു.എസ് നീതിന്യായ വകുപ്പിന്റെ ഗവേഷണവിവരമനുസരിച്ച് അമേരിക്കയിൽ ഓരോ വർഷവും എട്ടു ലക്ഷം കുട്ടികളെ കാണാതാവുന്നു. ഗ്ലോബൽ മിസിങ് കിഡ്‌സ്. ഓർഗ് എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച കണക്കു പ്രകാരം ഇന്ത്യയിൽ പ്രതിവർഷം കാണാതാവുന്ന കുട്ടികൾ 96,000 ആണ്. ഓസ്‌ട്രേലിയ (20,000), കനഡ (45,288), ജർമനി (10,0000), റഷ്യ (45,000), സ്‌പെയിൻ (20,000), ബ്രിട്ടൻ (11,2853), ജമൈക്ക (1984) എന്നിങ്ങനെയാണ് ഇതര രാജ്യങ്ങളിലെ ഏകദേശ കണക്ക്.

കേരളം തുടക്കം കുറിച്ച ട്രാക്ക് ചൈൽഡ് വെബ് സൈറ്റിൽ കുട്ടികളെ കാണാതായ 3365 സംഭവങ്ങൾ റജിസ്റ്റർ ചെയ്യുകയുണ്ടായി. അവയിൽ 2626 കണ്ടെത്താൻ പൊലീസിന് കഴിഞ്ഞു. 739 കുട്ടികളെക്കുറിച്ച് ഒരു വിവരവുമില്ല. വെബ് സൈറ്റ് തുടക്കം കുറിച്ചതു മുതലുള്ള കണക്കാണിത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കാണാതായ 644 കുട്ടികളെ തെരഞ്ഞുപിടിക്കുകയുണ്ടായി. എന്നാൽ 511 കുട്ടികൾ എവിടെയാണെന്ന് ഇപ്പോഴും അറിയാൻ കഴിഞ്ഞിട്ടില്ല.

അപ്രത്യക്ഷരാവുന്ന കുട്ടികളുടെ ദിനേന വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ശിശുസംരക്ഷണയൂനിറ്റ്, ശിശുക്ഷേമസമിതി, ചൈൽഡ്‌ലൈൻ എന്നിവയുടെ സഹകരണത്തോടെ ഓപറേഷൻ വാത്സല്യ, ഓപറേഷൻ സ്‌മൈൽ എന്നീ പദ്ധതികൾ ജില്ലാതലങ്ങളിൽ ആവിഷ്‌കരിക്കുകയുണ്ടായി. കാണാതായ കുട്ടികളെ അന്വേഷിച്ച് കണ്ടെത്തി വീടുകളിലെത്തിക്കുകയെന്നതാണ് ഇവയുടെ ഉദ്ദേശ്യം. പക്ഷേ ഈ പദ്ധതികൾ പ്രതീക്ഷിച്ച ഫലമുളവാക്കിയില്ല. ഒരു ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ സ്‌മൈൽ ടീം രൂപവൽക്കരിച്ചത്. ആ ഉദ്യോഗസ്ഥനാണെങ്കിൽ വേറെയും പിടിപ്പത് ജോലികൾ.

ക്രൈം റിക്കോർഡ്‌സ് ബ്യൂറോ, ആർ.ടി.ഐ എന്നിവപ്രകാരമുള്ള കണക്കുകൾ പ്രകാരം കുട്ടികളെ കാണാതാവുന്നതിൽ ഇന്ത്യയിൽ മുൻപന്തിയിലുള്ളത് ന്യൂഡൽഹിയാണ്. അവിടെ കാണാതാവുന്ന 10 കുട്ടികളിൽ ആറു പേരെയും കണ്ടെത്താൻ കഴിയുന്നില്ലെന്ന് അലയൻസ് ഫോർ പീപ്പിൾസ് റൈറ്റ്‌സ് (എ.പി.ആർ), ചൈൽഡ് റൈറ്റ്‌സ് ആൻഡ് യു (സി.ആർ.വൈ) എന്നീ സർക്കാരേതര സംഘടനകൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇവിടെ നിന്ന് കാണാതാവുന്ന 63 ശതമാനം കുട്ടികളെയും കണ്ടെത്താൻ കഴിയുന്നില്ലെന്ന് പൊലീസും സമ്മതിക്കുന്നു. രാജ്യതലത്തിൽ കണ്ടെത്താൻ കഴിയാത്ത കുട്ടികളുടെ എണ്ണം 30 ശതമാനമാണ്. കുട്ടികളുടെ തിരോധാനം തടയുന്നതിന് നിരവധി ശുപാർശകൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മുമ്പാകെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻ.എച്ച്.ആർ.സി) വയ്ക്കുകയുണ്ടായി. കുട്ടികളെ കണ്ടെത്താൻ സർക്കാരുകളും നിയമസമാധാനപാലന ഏജൻസികളും മുൻഗണന നൽകണം, എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇതിനായി പ്രത്യേക സ്‌ക്വാഡ് രൂപവൽക്കരിക്കണം, സി.ബി.ഐയിൽ ഇക്കാര്യത്തിൽ പ്രത്യേക സെൽ ഉണ്ടായിരിക്കണം, കാണാതായ കുട്ടികളെ സംബന്ധിച്ച ഓരോ കേസും ബാലാവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മിഷനിൽ റിപ്പോർട്ട് ചെയ്യണം, കാണാതായ ഓരോ കുട്ടിയുടെയും വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭ്യമാകും വിധം ദേശീയ ക്രൈം റിക്കോർഡ്‌സ് ബ്യൂറോ തയ്യാറാക്കേണ്ടതാണ് തുടങ്ങിയവയാണ് എൻ.എച്ച്.ആർ.സി യുടെ നിർദ്ദേശങ്ങൾ. ഇവ പൂർണമായും നടപ്പിലാക്കേണ്ടത് കുട്ടികളുടെ ഒളിച്ചോട്ടം തടയാൻ അനിവാര്യമത്രെ. ഇന്ത്യയിൽ കാണാതാവുന്ന കുട്ടികളിലേറെയും 12 നും 18നും ഇടക്ക് പ്രായമുള്ളവരാണ്. ഇവരിൽ ഒട്ടേറെ പെൺകുട്ടികളുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ബാലവേല, ലൈംഗികവൃത്തി, നിർബന്ധിതയാചന എന്നീ മേഖലകളിലാണ് ഈ പെൺകുട്ടികളിൽ പലരും എത്തിപ്പെടുന്നത്. ഇതു തടയാൻ സംസ്ഥാനങ്ങൾ ജാഗ്രത പുലർത്തണം.

Read More >>