മദ്യ-മയക്കുമരുന്നു മാഫിയയുടെ വേരറുക്കണം

സ്വബുദ്ധിയിൽ കൊലപാതകം പോലെയുള്ള ക്രൂരകൃത്യങ്ങൾ ചെയ്യാൻ മനസ്സും കൈയുമറയ്ക്കുംമദ്യവും മയക്കു മരുന്നും വഴി നല്കുന്ന ഉന്മാദലഹരിയിലാണ് അത്തരം നികൃഷ്ടവൃത്തികൾ ചെയ്യുന്നത്

മദ്യ-മയക്കുമരുന്നു മാഫിയയുടെ വേരറുക്കണം

മദ്യപാനം താല്ക്കാലികമായ ആത്മഹത്യയാണ് -ബർട്രന്റ് റസ്സൽ

സാമൂഹിക വിപത്താണ് മദ്യവും മയക്കുമരുന്നും. ലഹരിയുടെ പിടിയലകപ്പെടുന്ന സമൂഹത്തിൽ അക്രമപ്രവണത കൂടുന്നു; കൊലപാതകവും സ്ത്രീപീഡനവും ബാലപീഡനവുമൊക്കെ പെരുകുന്നു; മദ്യം ഒരാളുടെ വിവേചനശേഷി തന്നെ നഷ്ടപ്പെടുത്തും-മദ്യവുമായി ബന്ധപ്പെട്ട അക്രമങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരികയാണെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുടർച്ചയായ മദ്യം-മയക്കുമരുന്ന് ഉപഭോഗം ഒരു വ്യക്തിയെ നിയമലംഘനങ്ങൾക്ക് പ്രേരിപ്പിച്ചുകൊണ്ടിരിക്കുമെന്ന് വിവിധ ഗവേഷണഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു-അത് വ്യക്തിയുടെ ജീവിതം തന്നെ താറുമാറാക്കും. മദ്യത്തിന്റെ പ്രേരണയാലാണ് തങ്ങൾ ശിക്ഷിക്കപ്പെടാൻ ഇടയാക്കിയ കുറ്റകൃത്യം ചെയ്തതെന്ന് വർഷങ്ങളായി തടവനുഭവിക്കുന്നവരിൽ 40 ശതമാനം പേർ പറയുകയുണ്ടായി.

മദ്യ ഉപഭോഗവുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ വിവരങ്ങളാണ് കഴിഞ്ഞ ദിവസം കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രി തവാർചന്ദ് ഗെഹ്‌ലോട്ട് രാജ്യസഭയിൽ വെളിപ്പെടുത്തിയത്: മദ്യപാനം ഇന്ത്യനേരിടുന്ന ഗുരുതരമായ പ്രശ്‌നമാണ്; നമ്മുടെ രാജ്യത്ത് മദ്യപിക്കുന്നവർ 16 കോടിയോളമാണ്-ഇത് രാജ്യത്തെ ജനസംഖ്യയുടെ 14.6 ശതമാനം വരും; കേന്ദ്ര സാമൂഹികനീതി വകുപ്പും ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും (എയിംസ്) നടത്തിയ ഗാർഹിക സർവെയിലാണ് ഇക്കാര്യം വ്യക്തമായത്; മദ്യപിക്കുന്നവരിൽ ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലത്രെ-4.2 കോടി; തൊട്ടു പിന്നിലുള്ളത് പശ്ചിമ ബംഗാളും (1.4 കോടി) മദ്ധ്യപ്രദേശുമാണ് (1.2 കോടി).

മാനസിക പ്രശ്നങ്ങൾക്കും സമ്മർദ്ദങ്ങൾക്കും പരിഹാരമാണ് മദ്യവും മയക്കുമരുന്നുമെന്ന വികലധാരണ പുലർത്തുന്നതുകൊണ്ടത്രെ പലരും അവയുടെ അടിമകളായി മാറുന്നത്. ഇവരെ ചികിത്സിച്ച് മുക്തി നേടിക്കൊടുക്കുകയാണ് ചെയ്യേണ്ടത്. 16 കോടി മദ്യപരിൽ 5.2 ശതമാനം പേർ ഈ വിധം ചികിത്സ ആവശ്യമുള്ളവരാണെന്ന് ഗാർഹിക സർവെ സൂചിപ്പിക്കുന്നു. ഇക്കാര്യത്തിൽ ഭരണകൂടത്തിനും മറ്റു അധികൃതർക്കും ഉത്തരവാദിത്തമുണ്ട്. 2010 നും 2017 നും ഇടക്ക് ഇന്ത്യയിലെ മദ്യ ഉപഭോഗത്തിൽ 38 ശതമാനം വർദ്ധനയുണ്ടായിട്ടുണ്ടെന്ന് 'ദ ലാൻസെറ്റ്' മെഡിക്കൽ ജേർണൽ നടത്തിയ പഠനത്തിൽ വ്യക്തമാവുകയുണ്ടായി. 1990 ന് മുമ്പ് യൂറോപ്പ് ആയിരുന്നു ആൽക്കഹോൾ ഉപഭോഗത്തിൽ മുന്നിൽ. ആൽക്കഹോൾ ഉപയോഗം യൂറോപ്പ് ഗണ്യമായി കുറച്ചുകൊണ്ടുവന്നു. ഇന്ത്യയിൽ നേരെ വിപരീതമാണ് സ്ഥിതി. ഇവിടെ മദ്യപാനം അപകടകരമാം വിധം വർദ്ധിക്കുകയാണ്. സമൂഹത്തിന്റെയും ജനകീയ പ്രസ്ഥാനങ്ങളുടെയും ശ്രദ്ധ പതിയേണ്ട വിഷയമത്രെ ഇത്. ഇന്ത്യയിലെ മദ്യപരിൽ 57 ദശലക്ഷം മദ്യജന്യരോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും നേരിടുന്നവരാണെന്ന് 'മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരായ കൂട്ടായ്മ' (കമ്യൂണിറ്റി എഗെൻസ്റ്റ് ഡ്രങ്കൺ ഡ്രൈവിങ്-സി.എ.ഡി.ഡി) എന്ന സംഘടന നടത്തിയ സർവെയിൽ വെളിപ്പെടുകയുണ്ടായി. മദ്യപിച്ച് വാഹനമോടിക്കുന്നവർ സ്വന്തം ജീവനുപുറമെ സഹയാത്രികരുടെയും വഴിയാത്രക്കാരുടെയും ജീവനും ഭീഷണിയാണ്. കൂടുതൽ കർശന നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാവേണ്ടിയിരിക്കുന്നു.

ഈഥൈൽ ആൽക്കഹോൾ അഥവാ എത്തനോൾ ആണ് പൊതുവേ ആൽക്കഹോൾ എന്നറിയപ്പെടുന്നത്. മനുഷ്യനെ മത്ത്പിടിപ്പിക്കാൻ ആൽക്കഹോളിന് കഴിയും. ആൽക്കഹോൾ മനുഷ്യശരീരത്തിൽ ഗുരുതര പ്രശ്നങ്ങളാണുണ്ടാക്കുന്നത്. രോഗം, അംഗവൈകല്യം, മരണം എന്നിവയ്ക്ക് ഏറ്റവുമധികം കാരണമാകുന്ന അഞ്ചു ഘടകങ്ങളിൽ ഒന്ന് മദ്യമാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ലിയു.എച്ച്.ഒ) കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു; കരൾ, ആഗ്‌നേയ ഗ്രന്ഥി എന്നിവയെ ആൽക്കഹോൾ പെട്ടെന്ന് ബാധിക്കും; രക്തസമ്മർദ്ദം വർദ്ധിക്കുകയും രക്തധമനികൾ പൊട്ടുന്നതിന് ഇടയാക്കുകയും ചെയ്യും; ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഗണ്യമായി കുറയ്ക്കും; അത് ക്ഷയം, ന്യുമോണിയപോലെയുള്ള രോഗങ്ങൾ എളുപ്പത്തിൽ പിടിപെടാനുള്ള സാദ്ധ്യതയൊരുക്കും-ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് വിശദീകരിക്കുന്നു. മദ്യ ഉപഭോഗം വഴി പ്രതിവർഷം ലോകത്ത് 30 ലക്ഷം പേർ മൃതിയടയുന്നുണ്ടെന്നാണ് ഡബ്ലിയു.എച്ച്.ഒയുടെ കണ്ടെത്തൽ.

മദ്യലഹരി രക്തത്തിൽ കലരുന്നതോടെ സ്വബോധരഹിത പ്രതികരണങ്ങൾ മനുഷ്യരിലുണ്ടാവുന്നു; മൃഗീയ സ്വഭാവംപോലും ജനിക്കുന്നു. തൊടുപുഴയിലെ ഏഴു വയസ്സുകാരൻ അമ്മയുടെ ആൺസുഹൃത്തിന്റെ ലഹരി ഉപഭോഗത്തിന്റെ ഇരയായിരുന്നുവല്ലോ. കൊടിയ മർദ്ദനമേറ്റ ആ ബാലൻ വെന്റിലേറ്ററിൽ 10 ദിവസങ്ങളോളം ബോധമറ്റ് കിടന്നശേഷം കണ്ണടക്കുകയായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ലാത്‌വിയൻ യുവതി തിരുവനന്തപുരത്ത് കൊല്ലപ്പെട്ടത് മദ്യ-ലഹരി മാഫിയയുടെ പീഡനം മൂലമായിരുന്നു. സ്വബുദ്ധിയിൽ കൊലപാതകം പോലെയുള്ള ക്രൂരകൃത്യങ്ങൾ ചെയ്യാൻ മനസ്സും കൈയുമറയ്ക്കും-മദ്യവും മയക്കു മരുന്നും വഴി നല്കുന്ന ഉന്മാദലഹരിയിലാണ് അത്തരം നികൃഷ്ടവൃത്തികൾ ചെയ്യുന്നത്.

അതിന് ഇടയാക്കുന്ന മദ്യ-മയക്കുമരുന്നുമാഫിയക്കെതിരെ കർശന നടപടിവേണം. മദ്യത്തിന്റെ വ്യാപനം തടയാൻ മദ്യത്തിന്റെ ലഭ്യത ഇല്ലാതാക്കണം. അക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ ശ്രമിക്കണം. ഭരണ-പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയും ഈ വിഷയത്തിൽ അനിവാര്യമാണ്.

Read More >>