ക്യാമ്പസിലെ ചെകുത്താന്‍ കൂട്ടങ്ങള്‍

സ്വന്തം നേതൃത്വത്തെ തിരുത്താനും തള്ളിപ്പറയാനുമുള്ള ആ ചുണയാണ് വൈകിയെങ്കിലും വിദ്യാർത്ഥികളിൽനിന്നും ചില ഉത്തരവാദപ്പെട്ട നേതാക്കളിൽനിന്നും പ്രകടമായത്‌

ക്യാമ്പസിലെ ചെകുത്താന്‍ കൂട്ടങ്ങള്‍

ഒരു വിദ്യാലയം തുറന്നാൽ 100 ജയിലറകൾ അടച്ചുപൂട്ടണമെന്നു പറഞ്ഞത് തത്വചിന്തകൻ പ്ലാറ്റോയാണ്. കാമ്പസിന്, വിദ്യാഭ്യാസത്തിന് നിർവ്വഹിക്കാനുള്ള സാമൂഹ്യദൗത്യമാണ് ആ വാക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇന്ന് സ്വന്തം സംഘടനയിൽ പെട്ടവനെ പോലും കഠാരയിലൂടെ കീഴ്പ്പെടുത്തുന്ന ക്രിമിനലുകളുടെ പോറ്റില്ലമാവുകയാണോ കാമ്പസ്? കാമ്പസുകളിൽ ഇരുണ്ട കാലം നിലനിർത്താനുള്ള സംഘടിത ശ്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ അരങ്ങേറിയ ഗുണ്ടാ രാജ്. ഇതിനെതിരേ ചെറുവിരലനക്കാൻ പ്രിൻസിപ്പലിനോ അവിടെയുള്ള അദ്ധ്യാപക സംഘടനകൾക്കോ ഈ നിമിഷം വരെ ആയില്ലെന്നതാണ് അതിനേക്കാളേറെ ഭീതിപ്പെടുത്തുന്നത്.

ഈ ക്രിമിനലുകളുടെ ഒളിത്താവളങ്ങൾ യഥാസമയം കണ്ടെത്താൻ പൊലീസ് മേലാളൻമാർക്കും സാധിച്ചില്ല. മുമ്പൊരു ക്രിമിനൽ കേസിൽ സത്യസന്ധയായ ഒരു പൊലീസ് ഓഫീസർ (തിരുവനന്തപുരം സി.സി.പി) ഒരു ഡി.വൈ.എഫ്.ഐ സഖാവിനെ തേടി പാർട്ടി ഓഫീസിൽ എത്തിയപ്പോൾ സർക്കാരിൽ നിന്നുണ്ടായ ദുരനുഭവം ഓർത്താവും ഈ അടിമത്തം. വൈകിയെങ്കിലും മുഖം രക്ഷിക്കാനെന്നോണം മുഖ്യപ്രതിയടക്കമുള്ളവരുടെ അറസ്റ്റും സംഘടനയിൽനിന്നുള്ള സസ്പെൻഷനും ഉണ്ടായിരിക്കുന്നു. തുടർ നാടകങ്ങൾ എന്തൊക്കെയാവും?

യൂനിവേഴ്സിറ്റി കോളജിലെ ഗുണ്ടായിസത്തെ കുറിച്ച് പുറത്തുവരുന്ന ഒരോ വാർത്തയും ഇത് കോളജ് അല്ല, ഗുണ്ടകളുടെ ഭീകര ക്യാമ്പുകളാണോ എന്ന് സംശയം ഉണർത്തുന്നു. പ്രതിപ്പട്ടികയിലുള്ള ചിലർ ക്രിമിനൽ പ്രവർത്തനങ്ങളിൽ മാത്രമല്ല, പി.എസ്.സി റാങ്ക് ലിസ്റ്റിലും മുന്നിലാണ്. ഇത് അവിഹിത നേട്ടമാണെന്നും റിപ്പോർട്ടുകളുണ്ട്. തുടർ അന്വേഷണങ്ങൾ ന­ട­ത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. ഒപ്പം പ്രതിയുടെ വീട്ടിൽ നിന്ന് സർവ്വകലാശാലയുടെ ഉത്തരക്കടലാസും സീലും പിടികൂടിയ ഞെട്ടിപ്പിക്കുന്ന സംഭവവും ഉണ്ടായി. മാതൃരാഷ്ട്രീയക്കാർ മാത്രമല്ല, കോളജ് അധികൃതരും പരീക്ഷാ ഉദ്യോഗസ്ഥ സംവിധാനങ്ങളും അടക്കം ഈ ക്രിമിനലുകളുടെ നിയന്ത്രണത്തിലാണ് എന്നതിന്റെ സൂചനകളാണിത്. ഇതത്ര നിസ്സാരമല്ല. സഹപാഠിയെ വകവരുത്താൻ ശ്രമിച്ച ആക്രമി സംഘത്തിന്റെ ചെയ്തികൾ വെറും ആക്രമണത്തിന് അപ്പുറം വലിയ അട്ടിമറിശ്രമങ്ങളാണോ എന്നതടക്കം അന്വേഷണത്തിലൂടെ തെളിയേണ്ടതാണ്.

സ്വന്തം മക്കളെ വൻ ഫീസ് നൽകി സ്വാശ്രയ കോളജുകളിലും വിദേശത്തും പഠിപ്പിക്കുന്നവർ പാവങ്ങളായ സാധാരണ വിദ്യാർത്ഥികളെ കാമ്പസിൽ ചുടുചോര വീഴ്ത്തിക്കുകയാണ്. ഇതര സംഘടനകളിൽ പ്രവൃത്തിക്കുന്നവർക്കും അല്ലാത്തവർക്കും പ്രവർത്തനാനുമതി നിഷേധിക്കുക, തങ്ങൾ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ, പണമായാലും സ്വർണമായാലും തങ്ങൾ ചോദിച്ചത് തന്നില്ലെങ്കിൽ, അന്യായങ്ങൾക്കു കുട പിടിച്ചില്ലെങ്കിൽ ഭീകരമായി മർദ്ദിക്കുക, കാമ്പസിൽ നിന്ന് പുറത്തുപോകേണ്ട സ്ഥിതിയുണ്ടാവുക, ജീവൻ അപായപ്പെടുത്തുക തുടങ്ങിയ കാടൻ സമീപനം തുടരുകയാണ്. യു.ജി.സി ഫണ്ടോടെ സ്ഥാപിച്ച കോളജ് കെട്ടിടത്തിൽ എസ്.എഫ്.ഐയുടെ ഇടിമുറിയുണ്ടത്രേ. അവിടെ ആയുധങ്ങളും മദ്യക്കുപ്പികളുമെല്ലാം യഥേഷ്ടമുണ്ട്. വിദ്യാർത്ഥി സംഘടനകൾക്കും അദ്ധ്യാപകർക്കും സ്ഥാപന മേധാവികൾക്കുമെല്ലാം ഇതിനോട് ഒട്ടിനിൽക്കേണ്ട അതി ദയനീയ സ്ഥിതിയാണ്. ഇവിടെ നോക്കുകുത്തിയാവാനേ പൊലീസ് സംവിധാനത്തിനും തരമുള്ളൂ. ഏകാധിപത്യത്തിന്റെയും അടിച്ചമർത്തലുകളുടെയും അശ്ലീല ആഭാസങ്ങളുടെയും കുർത്ത നഖങ്ങൾ കാമ്പസ് രാഷ്ട്രീയത്തിന്റെ മറവിൽ വിദ്യാർത്ഥികളുടെ മേൽ ആഴ്ന്നിറങ്ങുകയാണ്. ഇത് ഏതെങ്കിലും ഭീകരാന്തരീക്ഷം നിലനിൽക്കുന്ന അതിർത്തി പ്രദേശങ്ങളിലല്ല, നമ്മുടെ സംസ്ഥാന ഭരണസംവിധാനങ്ങൾക്ക് തൊട്ടടുത്താണ്.

എന്തിനേറെ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 187 വിദ്യാർത്ഥികൾക്കാണ് ഇവിടെ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി പഠനം നിർത്തുകയോ മറ്റു കാമ്പസുകളിൽ അഭയം തേടുകയോ ചെയ്യേണ്ടി വന്നത്. അതുകൊണ്ടുതന്നെ ഈ ഗുണ്ടകൾക്കെതിരേ, ഇവരെ സംരക്ഷിച്ച കക്ഷി രാഷ്ട്രീയക്കാർക്കും കോളജ് മേധാവികൾക്കുമെതിരേ തൊലിപ്പുറത്തെ ചികിത്സ പോരാ. ഏത് കൊടിയുടെ പേരിലായാലും ഇത് അവസാനിപ്പിച്ചേ തീരൂ. അതിന് ശക്തമായ നിയമനടപടി ഉണ്ടായേ പറ്റൂ.

വിപ്ലവം അതിന്റെ കുഞ്ഞുങ്ങളെ തന്നെ തിന്നുമെന്ന് ഒരു ചൊല്ലുണ്ട്. സത്യത്തിൽ അതാണിവിടെ നടന്നുകൊണ്ടിരിക്കുന്നത്. എസ്.എഫ്.ഐയെ നന്നാക്കാനും ദുഷ്‌പേര് കേൾപ്പിക്കാനും സംഘടനയിൽ തന്നെ ആളുകളുണ്ട്. സംഘടനയെ നാറ്റിച്ചവർക്കെതിരെ കൈക്കൊണ്ട തിരുത്തൽ നടപടികൾ പ്രഹസനമാവുമോ എന്നത് കാലം തെളിയിക്കേണ്ടതാണ്. എന്തായാലും സ്വന്തം സംഘടനയിൽ നടക്കുന്ന നെറികേടുകൾക്കെതിരെ ശബ്ദിക്കാൻ ആളുണ്ടായി എന്നത് അഭിമാനിക്കാൻ വക നൽകുന്നതാണ്. സ്വന്തം നേതൃത്വത്തെ തിരുത്താനും തള്ളിപ്പറയാനുമുള്ള ആ ചുണയാണ് വൈകിയെങ്കിലും വിദ്യാർത്ഥികളിൽനിന്നും ചില ഉത്തരവാദപ്പെട്ട നേതാക്കളിൽനിന്നും പ്രകടമായത്.

കാമ്പസ് യോജിപ്പുള്ളവരുടെ കൂട്ടായ്മ മാത്രമാവരുത്. വിയോജിപ്പിന്റെ ശബ്ദങ്ങൾക്കും കൂട്ടായ്മയ്ക്കും അവിടം ഇടം ലഭിക്കണം. സ്വാതന്ത്ര്യത്തിനായി അനന്തപുരിയിലെ തെരുവുകളിലേക്കിറങ്ങിയ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥികളോട് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ്. ജനാധിപത്യത്തിന്റെ, സർഗാത്മകതയുടെ, സ്വാതന്ത്യത്തിന്റെ, വിശ്വമാനവികതയുടെ ഈ പോർമുഖം ആർക്കു മുമ്പിലും നിങ്ങൾ അടിയറ വെക്കരുത്. ഈ കുഞ്ഞനിയൻമാരുടെ കുഞ്ഞനിയത്തിമാരുടെ ജാഗ്രതയും കരുതലും പ്രതികരണവും ഇഛാശക്തിയുമാണ് ജനാധിപത്യത്തിന്റെ വഴികളിലേക്ക് നമ്മെ തിരിച്ചു നടത്തേണ്ടത്.

Read More >>