ഹര്‍ത്താല്‍ കുറഞ്ഞത് നല്ല സൂചന

തികച്ചും ഗൗരവമേറിയ പൊതു വിഷയത്തിന്റെ പേരിൽ മാത്രമേ ഹർത്താൽ ആചരിക്കുകയുള്ളുവെന്നും അനാവശ്യ ഹർത്താലിനെ ഒരു നിലക്കും പിന്തുണയ്ക്കില്ലെന്നും രാഷ്ട്രീയ പാർട്ടികൾ തീരുമാനിക്കണം.

ഹര്‍ത്താല്‍ കുറഞ്ഞത് നല്ല സൂചന

ഹർത്താൽ ജനാധിപത്യപരമായ ഒരു പ്രതിഷേധമുറയാണ്. അനിവാര്യമായ സന്ദർഭങ്ങളിലാണ് ഹർത്താൽ ആഹ്വാനം നടത്തേണ്ടത്-അതായത് മറ്റെല്ലാ സമരമുറകളും പരാജയപ്പെടുമ്പോൾ. മഹാത്മാഗാന്ധി പോലും ഹർത്താൽ എന്ന സമരരീതി സ്വീകരിച്ച ചരിത്രമുണ്ട്. ബ്രിട്ടീഷ് ഭരണകൂടം ബംഗാളിനെ രണ്ടായി വിഭജിച്ചതിൽ പ്രതിഷേധിച്ച് 1905 ഒക്‌ടോബർ 16 നാണ് ഹർത്താൽ ആചരിച്ചതത്രെ. റൗലറ്റ് നിയമത്തിൽ പ്രതിഷേധിച്ച് ഗാന്ധിജിയുടെ നേതൃത്വത്തിൽ 1919 ഏപ്രിൽ 6 ന് ഹർത്താൽ ആചരിച്ചതായും ചരിത്രം രേഖപ്പെടുത്തുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ ഭീകരവാദിയെന്നാരോപിച്ച് രണ്ടു വർഷംവരെ തടവിലിടാൻ അധികാരം നല്കുന്നതായിരുന്നു ഈ നിയമം. സമാധാനപരമായിരുന്നു അന്നത്തെ ഹർത്താലുകളെല്ലാം. അക്രമരഹിതമാവാനും അഹിംസയിലധിഷ്ഠിതമാവാനും നേതാക്കളുടെ കർശ്ശന നിർദ്ദേശമുണ്ടായിരുന്നു. വഴിവിട്ടുപോകുമോ എന്ന് സംശയമുദിച്ചാൽ ഹർത്താൽ ആഹ്വാനം ഉപേക്ഷിക്കാൻപോലും നേതാക്കൾ തയ്യാറായി. ഇന്നതല്ല അവസ്ഥ. അക്രമത്തെ അനുകൂലിക്കുന്ന മനോഭാവമാണ് പല നേതാക്കൾക്കും. വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം രാഷ്ട്രീയപാർട്ടികൾ പൊടുന്നനെ ഹർത്താൽ പ്രഖ്യാപിക്കുകയാണ്. ജനങ്ങളെ മുഴുവൻ ബാധിക്കുന്ന പൊതു വിഷയങ്ങളിൽ പോലുമാവില്ല ചിലപ്പോൾ സംസ്ഥാന തല ഹർത്താൽ. ഇക്കാര്യത്തിൽ ഒരു പാർട്ടിയും പിന്നിലല്ല.

ഹർത്താലിനോട് ബന്ധപ്പെട്ട് ഏറെ പ്രാധാന്യമേറിയതും ആഹ്ലാദകരവുമായ ഒരു വാർത്തയാണ് ഈയിടെ പുറത്തുവന്നത്. പൊതുജനങ്ങളുടെ എതിർപ്പും വിമർശവും ഹൈക്കോടതിയുടെ താക്കീതും കാരണം കേരളത്തിൽ ഹർത്താൽ ആഹ്വാനം ഗണ്യമായി കുറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്ക് ഇക്കാര്യത്തിൽ തിരിച്ചറിവ് ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ ജനുവരിക്ക് ശേഷം സംസ്ഥാനത്ത് അഞ്ച് ഹർത്താൽ ആഹ്വാനമേ ഉണ്ടായിട്ടുള്ളു. കഴിഞ്ഞ മൂന്നുമാസം ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോ സംഘടനകളോ ഒരു പ്രാദേശിക ഹർത്താൽ പോലും നടത്തിയിട്ടില്ല. ജനവരിയിൽ മൂന്ന് തവണയും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഓരോ തവണ വീതവുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

2017 ൽ ആദ്യത്തെ ആറ് മാസത്തിനിടയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ആഹ്വാനപ്രകാരം 73 തവണ ഹർത്താൽ ആചരിക്കാനും കടയടച്ചിടാനും കേരളീയർ നിർബന്ധിതരായി. 2018 ഇതേ കാലയളവിൽ 53 ഹർത്താലാണ് നടന്നത്. ഈ വർഷം ഹർത്താലിന്റെ എണ്ണം കുറഞ്ഞത് വ്യവസായങ്ങൾക്കും കച്ചവടസ്ഥാപനങ്ങൾക്കും പ്രഫഷണലുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമെല്ലാം ഏറെ ആശ്വാസമാണ്. വിവിധ തൊഴിലാളി സംഘടനകളുടെ ഏകോപന സമിതി യോഗം ചേർന്നു 2019 ഹർത്താൽ വിരുദ്ധ വർഷമായി പ്രഖ്യാപിച്ചിരുന്നു. ഞൊടിയിടെയുള്ള ഹർത്താൽ പ്രഖ്യാപനം തരണം ചെയ്യാനുള്ള നിർദ്ദേശങ്ങളടങ്ങുന്ന ആറിന പ്രമേയം ഏകോപനസമിതി അംഗീകരിക്കുകയുമുണ്ടായി. കേരള ട്രാവൽ മാർട്ട് സൊസൈറ്റി മുൻകൈയെടുത്ത് രൂപീകരിച്ച കേരള ടൂറിസം ടാസ്‌ക് ഫോഴ്‌സ് (കേരള ടൂറിസം കർമ്മസമിതി) ഹർത്താൽ നിരോധിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ടാസ്‌ക് ഫോഴ്‌സിൽ 28 തൊഴിലാളി സംഘടനകളുടെ പ്രാതിനിധ്യമുണ്ട്-ഇക്കാര്യങ്ങളെ ഇക്കൊല്ലം ഹർത്താൽ ആഹ്വാനം കുറയാൻ ഇടയാക്കിയിട്ടുണ്ടാവാം.

ഹർത്താൽ ആചരിക്കുന്നതിന് ഏഴ് ദിവസം മുമ്പ് മുൻകൂർ നോട്ടീസ് നല്കിയിരിക്കണമെന്ന മുന്നറിയിപ്പിന് ശേഷം രണ്ടു തവണ മാത്രമേ ഹർത്താൽ അഹ്വാനവും കടയടപ്പും ഉണ്ടായിട്ടുള്ളു. നിർദ്ദേശം ലംഘിച്ച നേതാക്കൾക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തു.

ഓരോ ഹർത്താലും നമ്മുടെ സാമ്പത്തിക സ്ഥിതിയെ പിന്നോട്ട് വലിക്കുന്നു. 2005 നും 2012 നും ഇടക്ക് 363 ഹർത്താൽ ആണ് കേരളത്തിൽ നടന്നത്. 2018 ഡിസംബർ വരെ പണിമുടക്കും ഹർത്താലും കാരണം 97 ദിവസം സംസ്ഥാനം സ്തഭിച്ചു. ഇന്ധനവിലവർദ്ധനയും ശബരിമല വിവാദവുമാണ് മിക്ക ഹർത്താലുകൾക്കും കാരണമായത്. ഇവയിൽ 33 തവണ പണിമുടക്കിനും ഹർത്താലിനും ആഹ്വാനം ചെയ്തത് ബി.ജെ.പിയാണ്. 27 ഹർത്താൽ നടന്നത് യു.ഡി.എഫ് ആഹ്വാന പ്രകാരമാണ്. 16 ഹർത്താലിനുള്ള ആഹ്വാനം ഇടതു മുന്നണിയുടെ വകയായിരുന്നുവെന്ന് 'സേ നോ ടു ഹർത്താൽ' എന്ന സംഘടന വ്യക്തമാക്കുന്നു.

ഓരോ ഹർത്താലും സംസ്ഥാന സമ്പദ് വ്യവസ്ഥക്ക് 200 കോടി രൂപയുടെ നഷ്ടമാണുണ്ടാക്കുന്നതെന്ന് കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (സി.സി.സി.ഐ) പറയുന്നു. പെട്ടെന്നുള്ള ഹർത്താൽ പ്രഖ്യാപനം മൂലം സംസ്ഥാന ടൂറിസം മേഖലക്കുണ്ടായത് 29000 കോടി രൂപയുടെ വരുമാന നഷ്ടമാണ്. ഹർത്താൽ മൂലം കേരളത്തെക്കുറിച്ച് മോശമായ പ്രതിച്ഛായ വിദേശ ടൂറിസ്‌ററുകൾക്കിടയിൽ വളരുന്നു.

തികച്ചും ഗൗരവമേറിയ പൊതു വിഷയത്തിന്റെ പേരിൽ മാത്രമേ ഹർത്താൽ ആചരിക്കുകയുള്ളുവെന്നും അനാവശ്യ ഹർത്താലിനെ ഒരു നിലക്കും പിന്തുണയ്ക്കില്ലെന്നും രാഷ്ട്രീയ പാർട്ടികൾ തീരുമാനിക്കണം. ഹർത്താൽ അല്ലാത്ത പ്രതിഷേധമുറകൾ എന്തുകൊണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് സ്വീകരിച്ചുകൂട.

Read More >>