ഈ അവിഹിതം പാര്‍ട്ടിയുടേതല്ല; എങ്കിലും?!...

ബിനോയ് കോടിയേരിയുടെ അധാര്‍മികതയുടെ വിഴുപ്പ് ഭാണ്ഡം സി.പി.എം പേറേണ്ടതല്ല

ഈ അവിഹിതം പാര്‍ട്ടിയുടേതല്ല; എങ്കിലും?!...

മക്കളുടെ കൊള്ളരുതായ്മകള്‍ക്ക് മാതാപിതാക്കളും മാതാപിതാക്കളുടെ വീഴ്ചകള്‍ക്ക് മക്കളും ഉത്തരവാദികളോ? പ്രത്യേകിച്ചും ഒരു രാഷ്ട്രീയ നേതാവിന്റെ പ്രായപൂര്‍ത്തിയായ മകന്റെ തെറ്റായ ചെയ്തികള്‍ക്ക് അച്ഛനെന്തു പിഴച്ചു? ഇക്കാര്യത്തില്‍ പൊതുപ്രവര്‍ത്തകനായ അച്ഛന് വല്ല ഉത്തരവാദിത്തവുമുണ്ടോ? കേരളം ഭരിക്കുന്ന ഒരു പ്രബല രാഷ്ട്രീയ പാര്‍ട്ടിയുടെ തലമുതിര്‍ന്ന ഒരു നേതാവിന്റെ, പാര്‍ട്ടി പ്രവര്‍ത്തകനല്ലാത്ത, പ്രായപൂര്‍ത്തിയായ ഒരു മകനെതിരേ മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന കേസാണ് ഇത്തരമൊരു ചോദ്യത്തിന് നിമിത്തമായത്.

തീര്‍ത്തും വ്യക്തിപരമായ, നിസ്സാരമെന്നു തോന്നുന്നതാണ് മുകളിലെ ചോദ്യമെങ്കിലും കാര്യങ്ങള്‍ അത്ര ലളിതമല്ല. വലതുപക്ഷം, പ്രത്യേകിച്ച് വലതുപക്ഷ നേതാക്കള്‍, അവരുടെ മക്കളുടെ ജീവിതരീതി, സംസ്‌ക്കാരം, രാഷ്ട്രീയം എല്ലാം ജീര്‍ണ്ണമാണെന്നു വിളിച്ചുകൂവിക്കൊണ്ടേയിരിക്കുന്നവരുടെ ജീവിതപരിസരം കൂടുതല്‍ മലിനമാണെന്നു വരുന്ന സാഹചര്യം കൂടുതല്‍ ഗൗരവമര്‍ഹിക്കുന്നു. അത്തരമൊരു പരിശോധനയും ആത്മവിമര്‍ശവും വൈകിയെങ്കിലും ഉയരേണ്ടിയിരിക്കുന്നു. സംഭവം ഒറ്റപ്പെട്ടതാണെന്നു വ്യാഖ്യാനിക്കാമെങ്കിലും ഇത് നല്‍കുന്ന സന്ദേശം എന്താണ്? പ്രത്യേകിച്ചും ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ, മുന്‍ ആഭ്യന്തര മന്ത്രിയുടെ വീട്ടിലേക്കു നീളുന്ന ചോദ്യങ്ങള്‍ സമകാലിക സമൂഹത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന ചില പുഴുക്കുത്തുകളുടെ തുടര്‍ച്ചയാണ്.

വൈവാഹിക ബന്ധത്തിലും വ്യഭിചാരത്തിലും ഒരേ ജൈവനിയമങ്ങളാണ് പാലിക്കപ്പെടുന്നത്. പക്ഷേ, വിവാഹം പരിശുദ്ധവും വ്യഭിചാരം നികൃഷ്ടമാണെന്നും നമ്മിലെ മൂല്യബോധം പറയും. അതേപോലെ ഒരു സാധാരണക്കാരന്‍ ചെയ്യുന്ന തെറ്റും പാര്‍ട്ടിയുടെ സമുന്നത പദവികള്‍ കയ്യാളുന്നവരുടെ കുടുംബാംഗം ചെയ്യുന്ന തെറ്റും തെറ്റു തന്നെ. പണ്ടക്ഷേ, രണ്ടാമത്തെ തെറ്റിന്റെ തീവ്രത സാണ്ടമൂഹ്യധാര്‍മികതയില്‍ ണ്ടഏറെ ചര്‍ച്ചയര്‍ഹിക്കുന്നു, കൂണ്ടടുണ്ടണ്ടതണ്ടല്‍ ഗൗരവമര്‍ഹിക്കുന്നു.

പരാതിക്കാരി രാഷ്ട്രീയ നേതാവിന്റെ മകന്‍ ബിനോയിയുടെ ഭാര്യയോ? കേസ് സാമ്പത്തിക വിലപേശലിനുള്ള തന്ത്രമോ തുടങ്ങി ഒരുപിടി ചോദ്യങ്ങളുയരവേ, മുംബൈ സെഷന്‍സ് കോടതി ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാണ്ടനായി വ്യാഴാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. കെട്ടിച്ചമച്ച തെളിവുകള്‍ വച്ചാണ് യുവതിയുടെ പരാതിയെന്നാണ് ബിനോയിയുടെ പക്ഷം. ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടുകയാണ് യുവതിയുടെ ലക്ഷ്യം. പരാതിയും എഫ്.ഐ.ആറും പരിശോധിച്ചാല്‍ ബിനോയിയും യുവതിയും ദമ്പതികളായാണ് ജീവിച്ചിരുന്നതെന്ന് മനസ്സിലാകും. അതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ വിവാഹവാഗ്ദാനം നടത്തി ലൈംഗിക ചൂഷണം നടത്തുന്നത് പീഡനത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഒരു ഭാര്യ നിലനില്‍ക്കേ അത് മറച്ചുവെച്ചുള്ള വഞ്ചനയാണെന്നും ഇവര്‍ പറയുന്നു. എന്തായാലും പ്രശ്‌നം കോടതി പരിഗണയിലിരിക്കെ അത്തരം കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയ്ക്കായി കാത്തിരിക്കാം.

ബിനോയിയെ ഇതുവരെയും കണ്ടെത്താനായില്ലെന്നാണ് മുംബൈ പൊലീസ് പറയുന്നത്. യുവതിയുടെ പരാതി ലഭിച്ച് ആഴ്ച കഴിഞ്ഞിട്ടും ബിനോയ് കോടിയേരി എവിടെയെന്ന് കേരള പൊലീസിനും അറിയില്ല. കേരള പൊലീസ് സഹകരിക്കുന്നില്ലെന്നും മുംബൈയില്‍ നിന്നുള്ള അന്വേഷണ സംഘത്തിന് പരാതിയുള്ളതായി വാര്‍ത്തയുണ്ട്.

സി.പി.എം അംഗമല്ലാത്ത ഒരാളുടെ ഇടപാടില്‍ പാര്‍ട്ടിക്കു ഉത്തരവാദിത്തമില്ല എന്നത് ശരിയാണ്. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിക്കു മകന്റെ കാര്യത്തില്‍ കുറച്ചു കൂടി ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം പ്രത്യേകിച്ചും പ്രായപൂര്‍ത്തിയാതുകൊണ്ടു മാത്രം ഒരു കമ്മ്യൂണിസ്റ്റിന് ഏതളവുവരെ ഇളവ് നല്‍കാനാവും? മക്കളുടെ സാമ്പത്തികവും സാമൂഹികവുമായ ജീവിതം പരിശോധിക്കപ്പെടേണ്ടതില്ലേ? പാര്‍ട്ടി മെമ്പര്‍ഷിപ്പുളളവരുടെ വിഷയത്തില്‍ മാത്രമാണോ ഇക്കാലമത്രയും പാര്‍ട്ടിയും പോഷകസംഘടനകളും മുന്നണിയും ഇടപെട്ടത്? എന്തെല്ലാം ധാര്‍മികാപചയങ്ങള്‍ നമുക്കു ചുറ്റും ഉണ്ടായി. എന്നിട്ട് മെമ്പര്‍ഷിപ്പ് നോക്കിയാണോ ഇവിടെ ചവിട്ടുനാടകം/പ്രതിഷേധ സദ്ദസ്സ് ഉയര്‍ന്നത്? ഏറ്റവും ഒടുവില്‍ നടന്‍ ദിലീപിന്റെ ഹോട്ടലും കല്ലട ബസിന്റെ ഓഫീസും അടിച്ചുതകര്‍ത്ത യുവകേസരികള്‍ ബാര്‍ ഡാന്‍സുകാരിയുടെ പീഡനക്കേസില്‍ ബിനോയ് കോടിയേരിയോട് ക്ഷമിച്ചതിലെ രാഷ്ട്രീയം എന്താണ്? ലൈംഗിക പീഡനം സംബന്ധിച്ച് സി.പി.എമ്മിനു ലഭിച്ച പരാതിയില്‍, കണ്ണൂര്‍ ഐ.ജിക്കു ലഭിച്ച പരാതിയില്‍ പാര്‍ട്ടിയും സര്‍ക്കാറും എന്തു ചെയ്തു? ഇവിടെയുള്ള വനിതാ സംഘടനകള്‍ക്കു ഇക്കാര്യത്തിലുള്ള നിലപാട് എന്താണ്? ഒരു രാഷ്ട്രീയ നേതാവിന്റെ മകന് നല്‍കുന്ന ആനുകൂല്യമാണോ ഈ മൗനം? ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയാവണം നാട്ടിലും വീട്ടിലും? കമ്മ്യൂണിസ്റ്റ് സംസ്‌ക്കാരം സ്വന്തം വീട്ടില്‍ ഉണ്ടാക്കാനാകാത്തവര്‍ക്ക് എങ്ങനെയാണത് നാട്ടില്‍ അതുണ്ടാക്കാനാകുക? ഇങ്ങനെ ചോദ്യങ്ങള്‍ നിരവധിയാണ്.

അതിനിടെ, പൊതുപ്രവര്‍ത്തകനായ അച്ഛന്റെ പ്രയാസം വാര്‍ത്താസമ്മേളനത്തിനിടെ സി.പി.എം സെക്രട്ടറി തുറന്നു പറഞ്ഞു. 'ഇത് എല്ലാവര്‍ക്കും പാഠമാണ്.' സത്യം. ഒപ്പം എതിര്‍ രാഷ്ട്രീയ നേണ്ടതാക്കളുടെ നിലപാടും പരിശോധനയര്‍ഹിക്കുന്നു. ചിലരുടെ വിമര്‍ശിക്കാനുള്ള നിസ്സഹായാവസ്ഥ പോലും രാഷ്ട്രീയ അന്തസ്സായി ചിത്രീകരിക്കുമ്പോള്‍ ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.

ബിനോയ് കോടിയേരിയുടെ അധാര്‍മികതയുടെ വിഴുപ്പ് ഭാണ്ഡം സി.പി.എം പേറേണ്ടതല്ല. എന്നാല്‍ മക്കളുടെ തെറ്റുകള്‍ മറക്കാന്‍ രാഷ്ട്രീയ പദവികള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അത് തുറന്നുകാട്ടേണ്ടതാണ്. ഒപ്പം ഒരു പൊതുപ്രവര്‍ത്തകന്റെ വീട്, കുടുംബം, ജീവിതം തുടങ്ങി എല്ലാം തുറന്ന പുസ്തകമാണെന്നിരിക്കെ എത്രകാലം കണ്ണടച്ച് ഇരുട്ടാക്കാനാവുമെന്നും ബന്ധപ്പെട്ടവര്‍ അറിഞ്ഞാല്‍ അവര്‍ക്കു നന്ന്. അതല്ലാതെ ഈ വിമര്‍ശമെല്ലാം വെറും ഇടതു വിരോധമായി തോന്നുമെങ്കില്‍ അവരോട് സഹതപിക്കാനെ നിവൃത്തിയുള്ളൂ.

Read More >>