പൊലീസിനു വേണം മനോപൂര്‍ണ്ണത

ജോലിഭാരം പൊലീസിനെ സംബന്ധിച്ച് പുതിയ കാര്യമല്ലല്ലോ എന്നു വാദിക്കുന്നവരുണ്ടാകാം. എന്നാൽ മാറിയ കാലത്തെ അമിതജോലിയുടെ സമ്മർദ്ദം പൊലീസുകാരെ അടിമുടി ബാധിക്കുന്നുണ്ട്‌

പൊലീസിനു വേണം മനോപൂര്‍ണ്ണത

പൊലീസിന് ഇതെന്തുപറ്റി എന്ന ചോദ്യം പലരും പലവുരു ആവർത്തിക്കുകയാണ്. കടുത്ത മാനസിക സമ്മർദ്ദത്താൽ നമ്മുടെ പൊലീസുകാർ വീർപ്പുമുട്ടുകയാണോ. ആണെന്നു പറയാനുള്ള ഉദാഹരണങ്ങളാണ് നമുക്കു ചുറ്റുമുള്ളത്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതും ക്രമസമാധാനപാലനം ഉറപ്പുവരുത്തേണ്ടതുമായ ചുമതലയാണ് പൊലീസ് സേനയ്ക്കുള്ളത്. അതുകൊണ്ടു തന്നെ നിയമപരവും സാമൂഹികവും ഒപ്പം ധാർമ്മികവുമായ സമീപനമാണ് പൊലീസിനു വേണ്ടത്. അതിനുള്ള ആഭ്യന്തരവും ബാഹ്യവുമായ സാഹചര്യവും അടിസ്ഥാന സൗകര്യങ്ങളും പൊലീസിനു വേണം. ഒരു പരിധിവരെ അതൊരുക്കാൻ നമ്മുടെ ഭരണകർത്താക്കൾക്കു കഴിഞ്ഞിട്ടുമുണ്ട്. എന്നിട്ടും പൊലീസിന്റെ മാനസിക നില ഇത്രമേൽ സങ്കീർണമായതെന്തുകൊണ്ടാണ്. സംസ്ഥാനത്തെ പൊലീസ് സേനയ്ക്കുള്ളിൽ നിന്നു പുറത്തുവരുന്ന വാർത്തകൾ ഒട്ടും ശുഭകരമല്ല.

കടുത്ത മാനസിക പീഡനത്തെ തുടർന്നു സർക്കിൾ ഇന്‍സ്പെക്ടർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ ആരോടും പറയാതെ നാടുവിടുക, അവധി അനുവദിക്കാത്തതിൽ മനംനൊന്തു പൊലീസുകാരൻ ആത്മഹത്യ ചെയ്യുക, മാനസിക സമ്മർദ്ദത്തെ തുടർന്നു ജോലി ഉപേക്ഷിക്കുക, അടിക്കടിയുള്ള സ്ഥലം മാറ്റത്തെ തുടർന്നു ജോലി ഉപേക്ഷിക്കുക തുടങ്ങി കേൾക്കാൻ പാടില്ലാത്ത വാർത്തകളാണ് കുറച്ചു കാലമായി പൊലീസ് സേനയിൽ നിന്നും പുറത്ത് കേൾക്കുന്നത്. മൂന്നു മാസത്തിനിടെ പന്ത്രണ്ടോളം പൊലീസുകാരെ കാണാതായി. അവരിൽ പകുതിയോളം പേർ ആത്മഹത്യ ചെയ്തതായാണ് ലഭ്യമായ വിവരം. ഡ്യൂട്ടിയ്ക്കിടെ അറിയിപ്പു നൽകാതെ ഏങ്ങോട്ടെങ്കിലും പോയ്ക്കളയുന്ന പ്രവണത സേനയിൽ ഏറിവരുകയാണെന്നു പൊലീസ് കേന്ദ്രങ്ങൾ തന്നെ സമ്മതിക്കുന്നു. ഡ്യൂട്ടിയിലിരിക്കെ ചിലർ കുഴഞ്ഞു വീണു മരിക്കുന്നു. മറ്റു ശാരീരിക ആഘാതങ്ങളേൽക്കുന്നവരുടെ എണ്ണവും പൊലീസിൽ കുറവല്ല. പൊലീസുകാരിലെ കുറ്റകൃത്യങ്ങളും മാനസികനില തെറ്റി നടത്തുന്ന അതിക്രമങ്ങളും ഇതിനു പുറമെയാണ്. പൊലീസുകാരിയെ പൊലീസുകാരൻ തീവെച്ചുകൊന്ന ഞെട്ടിപ്പിക്കുന്ന സംഭവവും നടന്നു.

പൊലീസ് സേന കടുത്ത മാനസിക സമ്മർദ്ദങ്ങൾ നേരിടുന്നു എന്നത് നിഷേധിക്കാനാകാത്ത യാഥാർത്ഥ്യമാണ്. സമൂഹത്തിൽ ഏതുതലത്തിലുള്ളവരും മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. അതിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്നു മാത്രം. എന്നാൽ പൊലീസിനെ പോലെ സമയപരിധിയില്ലാത്ത സേവനം, അതും സങ്കീർണ്ണമായ കൃത്യനിർവ്വഹണം, വ്യക്തികളിൽ കടുത്തതും ആഴമേറിയതുമായ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നു എന്നതാണ് വസ്തുത. അതാവട്ടെ വ്യക്തിയെ മാനസികമായി ദുർബലനാക്കുന്നു. ഇതു തിരിച്ചറിയുന്നതിൽ പൊലീസ് തലപ്പത്തുള്ളവരോ ആഭ്യന്തര വകുപ്പോ വേണ്ടവിധം വിജയിച്ചു എന്നു കരുതാനാവില്ല. സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത് ആ യാഥാർത്ഥ്യമാണ്.

ജോലിഭാരം പൊലീസിനെ സംബന്ധിച്ച് പുതിയ കാര്യമല്ലല്ലോ എന്നു വാദിക്കുന്നവരുണ്ടാകാം. എന്നാൽ മാറിയ കാലത്തെ അമിതജോലിയുടെ സമ്മർദ്ദം പൊലീസുകാരെ അടിമുടി ബാധിക്കുന്നുണ്ട്. ഒരു ന്യൂനപക്ഷം ഒഴിച്ച് ബാക്കിയുള്ളവരെല്ലാം ഈ സമ്മർദ്ദം അനുഭവിക്കുന്നു. അതവരുടെ സ്വഭാവത്തിലും ചിന്തയിലും നടപടികളിലും പ്രതിഫലിക്കുന്നുണ്ട്. രാവിലെ ഏഴുമണിക്കു ഡ്യൂട്ടിയിലെത്തുന്ന പൊലീസുകാർ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് പലപ്പോഴും വീട്ടിൽ തിരിച്ചെത്തുന്നത്. ഒന്നോ രണ്ടോ മണിക്കൂറിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും ഡ്യൂട്ടിയ്ക്കെത്തുന്ന അവർ പിന്നെ വീടുകാണുന്നത് ചിലപ്പോൾ ആഴ്ചകൾക്കു ശേഷമാകും. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പൊതുവിഭാഗത്തെ പോലെയല്ല പൊലീസിലെ ജോലി. എട്ടുമണിക്കൂറോ അതിലധികമോ ജോലി ചെയ്താൽ, കൃത്യമായ ഇടവേള വിശ്രമത്തിനു ലഭിക്കുന്നവരാണ് മറ്റു വിഭാഗങ്ങൾ. അങ്ങനെയുണ്ടെന്നു രേഖകളിൽ ഉണ്ടാവാം. സേനയിൽ അനുഭവം മറിച്ചാണ്. അവിടെ സമയപരിധിയില്ല.

പഴയകാലത്തു, തീർത്തും പ്രതികൂലമായ സാഹചര്യങ്ങളിൽ പൊലീസുകാരിൽ ക്രൂരതയുള്ളവർ ഏറെയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സാധാരണക്കാരന് നീതി തേടി പൊലീസ് സ്റ്റേഷനിൽ ചെല്ലാൻ മടിയായിരുന്നു. പൊലീസ് എന്നതു ഭയപ്പെടേണ്ട ഒന്നാണെന്നായിരുന്നു പൊതുധാരണ. ഇന്നു കാലം മാറി. ഉന്നതയോഗ്യതയുള്ളവരും കായികക്ഷമതയുള്ളവരുമാണ് ഇന്നു പൊലീസിലെത്തുന്നത്. പൊലീസ് എന്തെന്നു മനസ്സിലാക്കി തന്നെയാണ് മഹാഭൂരിപക്ഷവും സേനയിലെത്തുന്നത്. അതുകൊണ്ടു തന്നെ അവരിൽ നിന്ന് മികച്ച സേവനം ഉറപ്പു വരുത്തണം. അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാഹചര്യവും ഇന്നുണ്ട്. അതേസമയം, മാനസികക്ഷമതയിൽ പൊലീസ് വെല്ലുവിളി നേരിടുന്നു എന്നതു ഗൗരവമേറിയ വസ്തുതയുമാണ്.

എല്ലാ വിഭാഗം തൊഴിലെടുക്കുന്നവർക്കും അല്ലാത്തവർക്കും മാനസിക സമ്മർദ്ദം ലഘൂകരിക്കാനും അതിനെ അതിജീവിക്കാനുമുള്ള അവസരമോ സൗകര്യങ്ങളോ ഉണ്ട്. പൊലീസിൽ അടുത്തകാലത്തായി യോഗ, ധ്യാനക്ലാസുകൾ, വ്യക്തിത്വ വികസന പരിശീലനങ്ങൾ എന്നിവ ചെറിയ തോതിൽ തുടങ്ങിയിട്ടുണ്ട്. എന്നാൽ അതു അപര്യാപ്തമാണ്. മാനസിക ശാക്തീകരണവും പൂർണതയും കൈവരിക്കാനുള്ള സ്ഥിരം പരിശീലന സംവിധാനം പൊലീസിനു വേണം. അല്ലാത്ത പക്ഷം പൊലീസിനു സ്വന്തം നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്കു കാര്യങ്ങളെത്തും.

Read More >>