ശാസ്ത്രത്തെ കുറിച്ച് അദ്ദേഹം പൂജ്യമാണ്

പാകിസ്താനിലെ ബാലാക്കോട്ടിൽ വ്യോമാക്രമണം നടത്താൻ മേഘവും മഴയും സഹായകരമാകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന അടിസ്ഥാന ശാസ്ത്രമറിയുന്നവർക്ക് ചിരിക്കു മാത്രമല്ല വകനൽകിയത്, ഇക്കാര്യങ്ങളിൽ നമ്മുടെ പ്രധാനമന്ത്രി സമ്പൂർണ്ണ അജ്ഞനാണെന്ന വിവരം കൂടിയാണ്. ന്യൂസ് നാഷൻ ടി.വി ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വീമ്പുപറച്ചിൽ.

ശാസ്ത്രത്തെ കുറിച്ച്  അദ്ദേഹം പൂജ്യമാണ്

രാഷ്ട്രവിചാരം / എം.അബ്ബാസ്

പാകിസ്താനിലെ ബാലാക്കോട്ടിൽ വ്യോമാക്രമണം നടത്താൻ മേഘവും മഴയും സഹായകരമാകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന അടിസ്ഥാന ശാസ്ത്രമറിയുന്നവർക്ക് ചിരിക്കു മാത്രമല്ല വകനൽകിയത്, ഇക്കാര്യങ്ങളിൽ നമ്മുടെ പ്രധാനമന്ത്രി സമ്പൂർണ്ണ അജ്ഞനാണെന്ന വിവരം കൂടിയാണ്. ന്യൂസ് നാഷൻ ടി.വി ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വീമ്പുപറച്ചിൽ. അതിങ്ങനെയാണ്; 'ഒമ്പത് ഒമ്പതരയോടെ ഞാൻ ഒരുക്കങ്ങൾ വിലയിരുത്തി. പിന്നെ പന്ത്രണ്ട് മണിക്ക്. പെട്ടെന്ന് മോശമായ കാലാവസ്ഥയായിരുന്നു പ്രശ്‌നം. നിങ്ങൾ ഓർക്കുന്നുണ്ടാകും, മഴ പെയ്തിരുന്നു. ഈ കാലാവസ്ഥയിൽ എന്തു ചെയ്യുമെന്ന് ഞങ്ങൾ ചിന്തിച്ചു. മേഘങ്ങളുണ്ട്. മുന്നോട്ടു പോകാൻ പറ്റുമോ ഇല്ലയോ? തിയ്യതി മാറ്റിയാലോ എന്നായിരുന്നു വിദഗ്ദ്ധരുടെ അഭിപ്രായം. എന്റെ മനസ്സിൽ രണ്ട് കാര്യങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് രഹസ്യമാണ്. മറ്റൊന്ന്, ഞാൻ ഈ ശാസ്ത്രമറിയുന്ന ആളല്ല. പക്ഷേ, അവിടെ മേഘങ്ങളുണ്ടെന്ന് ഞാൻ ചിന്തിച്ചു. മഴയുമുണ്ട്. അതു കൊണ്ട് നമുക്ക് റഡാറിൽ നിന്ന് (പാക് റഡാർ) രക്ഷപ്പെടാനാകും. മേഘവും അതിന് ഗുണകരമാകും. എന്തു ചെയ്യണമെന്ന കാര്യത്തിൽ എല്ലാവർക്കും ആശയക്കുഴപ്പമായിരുന്നു. അവസാനം ഞാൻ പറഞ്ഞു. ശരി, മേഘങ്ങളുണ്ട്, മുമ്പോട്ടു പോകുക'

ഈ വാക്കുകൾ ദേശ്കിദിൽമേംമോദി എന്ന ഹാഷ്ടാഗോടെ ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പങ്കുവെച്ചതോടെയാണ് പാർട്ടി പുലിവാലു പിടിച്ചത്. ശാസ്ത്രസത്യങ്ങൾക്കു നിരക്കാത്ത വാദങ്ങളെ സാമൂഹിക മാദ്ധ്യമങ്ങൾ കൊന്നുകൊലവിളിച്ചപ്പോൾ ട്വീറ്റ് ബി.ജെ.പി മുക്കി. എന്നാൽ അപ്പോഴേക്കും വിരുതന്മാർ അതിന്റെ സ്‌ക്രീൻ ഷോട്ട് എടുത്തു വെച്ചിരുന്നു. എന്റയർ ക്ലൗഡ് കവർ എന്ന ഹാഷ്ടാഗിൽ മോദിയുടെ അവകാശവാദത്തെ കണക്കിന് പരിഹസിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ നിന്ന് പ്രധാനമായും രണ്ടു കാര്യങ്ങളാണ് മനസ്സിലാകുന്നത്. ഒന്ന് ബലാക്കോട്ട് ആക്രമണത്തിന് നേതൃത്വം നൽകിയത് അടിസ്ഥാന ശാസ്ത്രധാരണയില്ലാത്ത സംഘമാണ്. രണ്ട്, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇക്കാര്യത്തിൽ വേണ്ടത്ര റോൾ ഉണ്ടായിരുന്നില്ല. റഡാറിന്റെ പ്രവർത്തനവും അവയുടെ സാങ്കേതിക മേന്മയും കൃത്യമായി അറിയുന്നവർ തന്നെയാണ് സൈന്യത്തിന്റെ തലപ്പത്തുള്ളത് എന്നതിൽ തർക്കങ്ങളുണ്ടാകാൻ വഴിയില്ല. മേഘങ്ങൾ മൂലം ശത്രുറഡാറുകൾ തങ്ങളുടെ വിമാനങ്ങളെ കണ്ടെത്തില്ല എന്ന് വിശ്വസിക്കാൻ മാത്രം ബുദ്ധിയില്ലാത്തവരാകില്ല സൈനിക സാങ്കേതിക മേധാവികൾ.

യഥാർത്ഥത്തിൽ ഏത് പ്രതികൂല കാലാവസ്ഥയിലും ശത്രുവാഹനങ്ങളെ കണ്ടെത്താനുള്ള ശേഷി റഡാർ എന്ന ഇലക്ട്രോമാഗ്നറ്റിങ് സംവിധാനത്തിന് ഉണ്ട്. റഡാറുകളുടെ കണ്ണിൽപ്പെടാത്ത ഒരു വിമാനം പോലും ഇല്ല എന്നതാണ് യാഥാർത്ഥ്യം. യു.എസിന്റെ എഫ് 22 വിമാനത്തിന്റ റഡാർ ക്രോസ് സെക്ഷൻ (ഒരു വിമാനം റഡാറുകൾക്ക് ദൃശ്യമായിരിക്കുന്നതിന്റെ അളവ്) 0.01 ആണ്. റഷ്യയുടെ എസ്.യു 57, ചൈനയുടെ ജെ 20 തുടങ്ങിയ വിമാനങ്ങളും ക്രോസ് സെക്ഷൻ കുറഞ്ഞ വിമാനങ്ങളാണ്. ഇവയെപ്പോലും റഡാറുകൾക്ക് വലിയ വലിപ്പത്തിൽ കണ്ടുപിടിക്കാമെന്ന് ചുരുക്കം.

ചർച്ച നടന്നു കൊണ്ടിരിക്കുന്നത് റഡാർ സാങ്കേതിക വിദ്യയെ കുറിച്ചാണ്. എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി മോദി സർക്കാർ ശാസ്ത്രസ്ഥാപനങ്ങൾക്കു നേരെ സർജിക്കൽ സ്‌ട്രൈക്ക് തന്നെ നടത്തിയെന്ന് ഈയിടെ വിശേഷിപ്പിച്ചത് പ്രമുഖ ചരിത്രകാരൻ രാമചന്ദ്രഗുഹയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്ററിക്കൽ റിസർച്ച് നേതൃത്വം നൽകുന്ന ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൽ ഐൻസ്റ്റീന്റെ ഭൂഗുരുത്വാകർഷണ തരംഗത്തെ നരേന്ദ്രമോദി തരംഗം എന്ന് പുനർനാമകരണം ചെയ്യണം എന്ന വിചിത്രമായ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. രാമായണ കാലത്ത് 24 തരത്തിലുള്ള യുദ്ധവിമാനങ്ങൾ ഉണ്ടായിരുന്നു എന്നായിരുന്നു മറ്റൊരു വാദം. പുരാതന കാലത്തു തന്നെ ജനിതക ശാസ്ത്രവും സൗന്ദര്യ വർദ്ധക ശസ്ത്രക്രിയയും ഉണ്ടായിരുന്നു എന്നവകാശപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്രമമോദി തന്നെയാണ്. മഹാഭാരതത്തിൽ ആനയുടെ തലയുള്ള ഗണേഷനെ ഉദ്ധരിച്ചായിരുന്നു കോസ്മറ്റിക് സർജറിയിൽ മോദിയുടെ വിചിത്രവാദം. മഹാഭാരതത്തിലെ തന്നെ കർണനെ ഉദ്ധരിച്ചായിരുന്നു ജനിതക ശാസ്ത്രകുറിച്ചുള്ള മോദിയുടെ പ്രസ്താവന. അടിസ്ഥാന ശാസ്ത്രത്തെ കുറിച്ച് കേവലധാരണകൾ പോലുമില്ലാത്ത ഒരാളാണ് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലിരിക്കുന്നത് എന്നതാണ് ഏറെ ദൗർഭാഗ്യകരം. അതു കൊണ്ടു തന്നെ രാജ്യത്തിന് പറയേണ്ടി വരുന്നു; ശാസ്ത്രത്തെ കുറിച്ച് അദ്ദേഹം പൂജ്യമാണ്.

കണക്കിലെ കളികൾ

ലോക്‌സഭാ യുദ്ധം അതിന്റെ അവസാനഘട്ടത്തിലാണ്. എല്ലാവരും ഉറ്റുനോക്കുന്നത് മെയ് 23 ലേക്ക. ഒരിക്കൽക്കൂടി ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം കിട്ടുമോ? മറ്റു കക്ഷികളെ കൂട്ടുപിടിച്ചെങ്കിലും സർക്കാർ രൂപവൽക്കരിക്കാനാകുമോ തുടങ്ങിയ ചോദ്യങ്ങൾ ഇന്ദ്രപ്രസ്ഥത്തിന്റെ അന്തരീക്ഷത്തിലുണ്ട്. ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയേക്കില്ല എന്നാണ് വിലയിരുത്തൽ. ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അതു തുറന്നു പറയുകയും ചെയ്തു. മികച്ച സഖ്യകക്ഷി സർക്കാർ കൊണ്ടു നടക്കാനും ബി.ജെ.പിക്ക് അറിയാം. അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ബി.ജെ.പി അതു തെളിയിച്ചതാണ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

ബി.ജെ.പിക്ക് 200 സീറ്റിൽ കുറയുകയും കോൺഗ്രസിന് 125 സീറ്റിൽ കൂടുതൽ കിട്ടുകയും ചെയ്താൽ ഒരു ജംബോ സഖ്യകക്ഷി സർക്കാറിന് കോൺഗ്രസ് മുൻകൈയെടുത്തേക്കും. ടി.ഡി.പി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു ഇതിനായി ഡൽഹിയിൽ ചരടുവലി നടത്തുന്നുണ്ട്. കോൺഗ്രസിന് നൂറു സീറ്റിൽ കുറവാണ് ലഭിക്കുന്നതെങ്കിൽ പ്രാദേശിക കക്ഷികളിലെ നേതാക്കളാകും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുക. ബി.ജെ.പിക്ക് 220-230 സീറ്റു കിട്ടിയാൽ ജെ.ഡി.യു, ശിവസേന, അകാലിദൾ, അണ്ണാഡി.എം.കെ തുടങ്ങിയ കക്ഷികളുടെ സഹായത്തോടെ പാർട്ടിക്ക് സർക്കാർ രൂപീകരിക്കാനാകും. എന്നാൽ അതിലും കുറവാണെങ്കിൽ ഒഡിഷയിലെ ബിജു ജനതാദൾ, ജഗൻ മോഹൻ റെഡ്ഢിയുടെ വൈ.എസ്.ആർ കോൺഗ്രസ്, ചന്ദ്രശേഖരറാവുവിന്റെ തെലങ്കാന രാഷ്ട്രസമിതി, ചില സ്വതന്ത്രമാന്മാർ എന്നിവയുടെ നിലപാടുകൾ നിർണ്ണായകമാകും. 200ൽ താഴെ സീറ്റുകളാണെങ്കിൽ സഖ്യകക്ഷികൾക്കു കൂടി സമ്മതാനായ നിതിൻ ഗഡ്കരി, രാജ്‌നാഥ് സിങ് തുടങ്ങിയ പേരുകൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടി വരും. എന്നാൽ ബി.ജെ.പി അംഗങ്ങളെ മോദിക്ക് പിന്നിൽ അണിനിരത്താനാണ് പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ ശ്രമം.

ബി.ജെ.പിക്ക് കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തനു സഹായകരമായി നിന്ന യു.പിയിൽ പാതി സീറ്റെങ്കിലും ഇത്തവണ നഷ്ടപ്പെടുമെന്ന് ബി.ജെ.പി കരുതുന്നു. കോൺഗ്രസും ബി.ജെ.പിയും മുഖാമുഖം വന്ന ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നിവിടങ്ങളിലും ബി.ജെ.പിക്ക് 2014 ആവർത്തിക്കാനാകില്ല. കഴിഞ്ഞ തവണ ബി.ജെ.പി ഇവിടത്തെ 100 സീറ്റിൽ 97 സീറ്റും പിടിച്ചടക്കിയിരുന്നു. 2014ന് ശേഷം ഉത്തരാഖണ്ഡിലും ഹിമാചലിലും കോൺഗ്രസിൽ നിന്ന് ബി.ജെ.പി അധികാരം കൈയടക്കിയെങ്കിൽ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് അധികാരത്തിലെത്തി. ഗുജറാത്തിൽ പോലും നേരിയ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി അധികാരം നിലനിർത്തിയത്. ഇവിടങ്ങളിലെ തിരിച്ചടി നേരിടാൻ പശ്ചിമബംഗാൾ, ഒഡിഷ എന്നിവിടങ്ങളിലാണ് ബി.ജെ.പി കണ്ണു വയ്ക്കുന്നത്. ഇരുസംസ്ഥാനങ്ങളിലെയും ഭരണവിരുദ്ധ വികാരം മുതലെടുക്കുകയാണ് ലക്ഷ്യം.

Next Story
Read More >>