ദേശീയ രാഷ്ട്രീയത്തില്‍ ഇടം കാണാതെ ഇടതുപാര്‍ട്ടികള്‍

മോദി ഗവണ്മെന്റിന്റെ ഏകാധിപത്യ നീക്കങ്ങൾക്കെതിരെ പ്രതിപക്ഷത്തുനിന്നു മാത്രമല്ല എൻ.ഡി.എയിൽനിന്നും ബി.ജെ.പിയുടെ മുതിർന്ന നേതാക്കളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ശത്രുഘ്‌നൻ സിഹ്ന, യശ്വന്ത് സിഹ്ന തുടങ്ങിയ ഇപ്പോഴും പേരിന് ബി.ജെ.പിയിൽ തുടരുന്ന നേതാക്കൾപോലും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തിനു പിന്നിൽ അണിനിരക്കുന്നു

ദേശീയ രാഷ്ട്രീയത്തില്‍  ഇടം കാണാതെ ഇടതുപാര്‍ട്ടികള്‍

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

നരേന്ദ്ര മോദി സർക്കാരിനെയും കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐയെയും കുറിച്ച് ഇപ്പോൾ ഉയരുന്ന വിവാദങ്ങപ്പറ്റി സി.പി.എം സ്വീകരിക്കുന്ന നിലപാടുകൾ വിചിത്രമാണ്. അതാകട്ടെ ഇടതുമുന്നണിയെ നയിക്കുന്ന പാർട്ടിയെന്ന നിലയ്ക്ക് ഇടതു മുന്നണിയുടെയാകെ നിലപാടായി മാറുകയും ചെയ്യുന്നു.

അതിനിർണ്ണായകമായ പൊതുതെരഞ്ഞെടുപ്പ് അടുക്കുന്ന വസ്തുനിഷ്ഠ സാഹചര്യവും അതുല്പാദിപ്പിക്കുന്ന വർഗ്ഗ വൈരുദ്ധ്യവും രാഷ്ട്രീയ സൂക്ഷ്മതയോടെ വിലയിരുത്താൻ സി.പി.എമ്മിന്കഴിയുന്നില്ല. മോദി സർക്കാരിന്റെ ഏകാധിപത്യവാഴ്ച അവസാനിപ്പിക്കാൻ ജനാധിപത്യ പാർട്ടികളുടെ ഐക്യം ശക്തിപ്പെടുമ്പോൾ സി.പി.എമ്മും ഇടതുമുന്നണിയും രാജ്യത്താകെ പുതിയ ജനമുന്നേറ്റത്തിന്റെ പരിധിക്കു പുറത്താണ് നിൽക്കുന്നത്.

കൊൽക്കത്തയിൽ പൊലീസ് കമ്മിഷണറെ സി.ബി.ഐ കസ്റ്റഡിയിൽ എടുക്കാൻ മുതിർന്നതും അതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനർജി സത്യഗ്രഹം നടത്തിയതും ഒരാഴ്ച മുമ്പാണ്. അതിനോട് സി.പി.എം പൊളിറ്റ് ബ്യൂറോ പ്രതികരിച്ചത് ഇങ്ങനെ: കൊൽക്കത്തയിൽ നടന്ന ഇടതുമുന്നണിയുടെ 'ഐതിഹാസിക റാലി'യിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും ചേർന്നു നടത്തിയ നാടകം'. എന്തൊരു ജുഗുപ്‌സാവഹമായ നിലപാട്!

ഒരാഴ്ചകഴിഞ്ഞ്, ആന്ധ്രാപ്രദേശിന് സ്‌പെഷ്യൽ പാക്കേജ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡൽഹിയിൽ ജന്ദർ മന്തറിൽ മോദി ഗവണ്മെന്റിന്റെ വാഗ്ദാനലംഘനത്തിൽ പ്രതിഷേധിച്ച് ഒരുദിവസത്തെ നിരാഹാരസമരം നടത്തി. മുൻ പ്രധാനമന്ത്രിമാരായ എച്ച്.ഡി ദേവഗൗഡ, മൻമോഹൻ സിങ്, കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, ശരദ് പവാർ, മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, ഡൽഹി മുഖ്യമന്ത്രി കെജ് രിവാൾ തുടങ്ങി 23 പ്രമുഖ പാർട്ടി നേതാക്കൾ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു. എൻ.ഡി.എ മുന്നണിയിലുള്ള ശിവസേനാ നേതാക്കളും ആന്ധ്രാ മുഖ്യമന്ത്രിക്ക് പിന്തുണ നൽകാനെത്തി. സി.പി.എമ്മിന്റേയോ ഇടതുപാർട്ടികളുടേയോ നേതാക്കളെ അവിടെ കണ്ടില്ല.

രണ്ടുദിവസം കഴിഞ്ഞ് ആം ആദ്മി പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാൾ ഡൽഹിയിൽ മോദി സർക്കാറിനെതിരെ മറ്റൊരു റാലി സംഘടിപ്പിച്ചു. 'ഏകാധിപത്യത്തെ തുടച്ചുനീക്കുക, ജനാധിപത്യം സംരക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, എൻ.സി.പി നേതാവ് ശരദ് പവാർ, ജെ.ഡി.യു നേതാവ് ശരദ് യാദവ്, ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ തുടങ്ങി ഒട്ടേറെ പ്രതിപക്ഷപാർട്ടി നേതാക്കൾ പിന്തുണയുമായെത്തി. മോദി ഗവണ്മെന്റിനെയും മമതാ ഗവണ്മെന്റിനെയും ഒന്നിച്ചു താഴെയിറക്കുമെന്നു പറയുന്ന സി.പി.എമ്മിന്റെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മമതാ ബാനർജിക്കൊപ്പം ആ വേദി പങ്കിട്ടു.

പശ്ചിമ ബംഗാളിൽ കോൺഗ്രസ്സുമായും സി.പി.എമ്മുമായും സഹകരിക്കാൻ തയ്യാറില്ലെങ്കിലും ദേശീയതലത്തിൽ മോദി ഭരണം അവസാനിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് സഹകരിക്കുമെന്ന് മമതാ ബാനർജി വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ നയപരമായ പ്രശ്നങ്ങളിൽ വിയോജിക്കുമ്പോഴും അമിതാധികാര നീക്കത്തിനെതിരെ ദേശീയതലത്തിൽ രാഷ്ട്രീയ പാർട്ടികളെ ഏകോപിപ്പിച്ച് ചെറുത്തുനിൽപ്പിന് നേതൃത്വം നൽകിപ്പോന്ന സി.പി.എമ്മിന് ഇപ്പോൾ പക്ഷെ മിണ്ടാട്ടമില്ല.

അഴിമതി – കൊലപാതക കേസുകളിൽ അന്വേഷണം നടത്തുന്ന രാജ്യത്തെ കേന്ദ്ര സർക്കാർ ഏജൻസിയായ സി.ബി.ഐയിൽ മോദി സർക്കാർ രാഷ്ട്രീയമായി സമ്മർദ്ദം ചെലുത്തുന്നതിനെതിരെ അതിൽതന്നെ വൈരുദ്ധ്യം മൂർച്ഛിച്ച് പൊട്ടിത്തെറിയിൽ എത്തിയത് ഈയിടെയാണ്. കേന്ദ്ര സർക്കാറിന്റെ ഭരണഘടനാ വിരുദ്ധമായ ഈ നീക്കത്തിനെതിരെ സുപ്രിം കോടതി രണ്ടു തവണ ഇടപെടുകയുണ്ടായി. പാതിരാത്രി സ്ഥലം മാറ്റിയ സി.ബി.ഐ ഡയറക്ടറെ തിരിച്ചു നിയമിച്ചു. ആ പഴുതിൽ സർക്കാർ ചട്ടുകമായി ഉപയോഗിച്ച സി.ബി.ഐ ജോയിന്റ് ഡയറക്ടർ നാഗേശ്വരറാവുവിനെ കോടതിയിൽ ഒരുദിവസം തടവിലിരുത്തുകയും ഒരുലക്ഷം രൂപ പിഴയൊടുക്കാൻ കല്പിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഈ ആദ്യ സംഭവങ്ങൾ മോദി സർക്കാർ ഉന്നത നീതിപീഠത്തിൽനിന്നും സ്വയം ഏറ്റുവാങ്ങിയ പ്രഹരങ്ങളാണ്.

അതായത്, സുപ്രിം കോടതിപോലും ഭരണഘടനയുടെ പരിമിതവൃത്തത്തിൽ നിന്ന് മോദി സർക്കാറിന്റെ ഏകാധിപത്യ നീക്കങ്ങളെ ആവുംവിധം പ്രതിരോധിക്കാൻ ശ്രമിക്കുകയാണ്. എന്നിട്ടും പിന്മാറാതെ സി.ബി.ഐ, എൻഫോഴ്‌സ്‌മെന്റ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ സർക്കാരുകൾക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരെ വീണ്ടും വീണ്ടും മോദി സർക്കാർ ഉപയോഗിക്കുകയാണ്. മുമ്പില്ലാത്തവിധം അതിനെതിരായ പ്രക്ഷോഭങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ പൊട്ടിപ്പുറപ്പെടുന്നു. സംസ്ഥാന മുഖ്യമന്ത്രിമാർതന്നെ കേന്ദ്ര ഗവണ്മെന്റിന്റെ നീക്കങ്ങൾക്കെതിരായ സമരങ്ങൾക്ക് നേതൃത്വം നൽകുന്നു. ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇടതുപാർട്ടികൾക്ക് ഒറ്റയ്ക്കു കഴിയില്ലെന്നും മതനിരപേക്ഷ പാർട്ടികളെ ദേശീയ തലത്തിൽ പരമാവധി യോജിപ്പിക്കണമെന്നും സി.പി.എമ്മിന്റെ രണ്ട് പാർട്ടി കോൺഗ്രസുകളും ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും.

ഇതിന്റെ മറ്റൊരു ദൃശ്യമാണ് തെക്കെ ഇന്ത്യയിൽ പോണ്ടിച്ചേരിയിൽ കണ്ടത്. സംസ്ഥാന സർക്കാറിനെതിരെ ഗവർണർ കിരൺ ബേദി നടത്തുന്ന ഇടപെടലിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുഖ്യമന്ത്രി നാരായണസ്വാമി രാജ് ഭവനുമുമ്പിൽ സത്യഗ്രഹം നടത്തി. സാധാരണ തെരഞ്ഞെടുപ്പുകാലത്ത് കാണാത്ത അസാധാരണ രാഷ്ട്രീയ പ്രതിഭാസമാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ജനാധിപത്യ സംരക്ഷണത്തിന്റെ പേരിൽ പ്രധാനമന്ത്രിക്കെതിരെ ഉയരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഉത്തരപൂർവ്വ സംസ്ഥാനങ്ങളിൽ സഞ്ചരിച്ച പ്രധാനമന്ത്രിയെ വ്യാപകമായ ബന്ദും പ്രതിഷേധവും കൊണ്ടാണ് ജനങ്ങൾ നേരിട്ടത്. അവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി അഭൂതപൂർവ്വ വിജയം നേടിയിരുന്നെങ്കിലും സഖ്യകക്ഷികളടക്കം ഇപ്പോൾ മോദിയുടെ പൗരത്വ ബില്ലിനെതിരെ ശക്തമായി രംഗത്തുവന്നിരിക്കയാണ്.

മോദി ഗവണ്മെന്റിന്റെ ഏകാധിപത്യ നീക്കങ്ങൾക്കെതിരെ പ്രതിപക്ഷത്തുനിന്നു മാത്രമല്ല എൻ.ഡി.എയിൽനിന്നും ബി.ജെ.പിയുടെ മുതിർന്ന നേതാക്കളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. ശത്രുഘ്‌നൻ സിഹ്ന, യശ്വന്ത് സിഹ്ന തുടങ്ങിയ ഇപ്പോഴും പേരിന് ബി.ജെ.പിയിൽ തുടരുന്ന നേതാക്കൾപോലും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തിനു പിന്നിൽ അണിനിരക്കുന്നു


അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനു മുമ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്നത്തെ പ്രധാനമന്ത്രിക്കെതിരെ പടർന്നുപിടിച്ച പ്രതിഷേധവും ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവും മറ്റൊരു രൂപത്തിൽ മുഴങ്ങുന്നതാണ് ഇപ്പോൾ കാണുന്നത്.

കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എയിലടക്കം മോദി ഗവണ്മെന്റിന്റെ നയങ്ങൾക്കെതിരായ വൈരുദ്ധ്യം മൂർച്ഛിക്കുകയാണെന്നാണ് ഇതു കാണിക്കുന്നത്. ജനങ്ങളുടെ അനുഭവവും പ്രധാനമന്ത്രിയുടെ അവകാശവാദവും തമ്മിലുള്ള ഏറ്റമുട്ടലും ഈ രാഷ്ട്രീയ പ്രതിഭാസത്തെ കൂടുതൽ ശക്തമാക്കുന്നു.

ഇതിനിടയിൽ സി.ബി.ഐ തങ്ങളെ വേട്ടയാടാൻ വന്നിരിക്കുന്നു എന്ന വിചിത്രമായ ഒരു വിലാപവും സി.പി.എമ്മിൽ നിന്നുണ്ടായി. കണ്ണൂരിലെ അരിയിൽ ഷുക്കൂർ വധക്കേസിൽ ഗൂഢാലോചന നടത്തിയതിന് സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജനെയും ടി.വി രാജേഷ് എം.എൽ.എയെയും പ്രതികളാക്കി സി.ബി.ഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചപ്പോഴാണ് ഇതുണ്ടായത്. അപ്പോഴും ബി.ജെ.പിയെ വിമർശിക്കാൻ സി.പി.എം സംസ്ഥാനസെക്രട്ടറി തയ്യാറായില്ല. തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും യോജിച്ച രാഷ്ട്രീയനീക്കം എന്നാണ് കോടിയേരി പ്രതികരിച്ചത്. ഇത് തൃണമൂലിനെ പിടികൂടാനോ വാദ്രയെ പിടിച്ച് പ്രിയങ്കയേയും രാഹുലിനേയും സോണിയാ ഗാന്ധിയേയും തേജോവധം ചെയ്യാനോ നടത്തുന്നതുപോലുള്ള മോദി ഗവണ്മെന്റിന്റെ രാഷ്ട്രീയനീക്കം അല്ല.

ഏഴുവർഷംമുമ്പ് ഷുക്കൂറിനെ വെട്ടിക്കൊന്ന കേസിൽ ജയരാജനും രാജേഷും പൊലീസ് അന്വേഷിച്ചപ്പോൾ തന്നെ പ്രതികളായതാണ്. എന്നാൽ അവരെ ഗൂഢാലോചനയിൽ പ്രതികളാക്കാതെ പൊലീസ് സഹായിച്ചപ്പോൾ ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക ഹൈക്കോടതിയിൽ സി.ബി.ഐ അന്വേഷണത്തിന് ഹർജി നൽകി. ആ അമ്മയുടെ കണ്ണീർ കണ്ട ഹൈക്കോടതിയാണ് ഉന്നത ഗൂഢാലോചനക്കാരെ രക്ഷപ്പെടാൻ അനുവദിക്കാതെ പിടികൂടാൻ കേസ് സി.ബി.ഐയ്ക്കു വിട്ടത്. സി.ബി.ഐ ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും ഹൈക്കോടതി ഉത്തരവിലൂടെ ചുമതലയേൽപ്പിക്കുകയായിരുന്നു. സി.പി.എം നേതൃത്വത്തിന്റെ വിലാപത്തെ മുൻ മുഖ്യമന്ത്രി വി.എസ് തന്നെ പരിഹസിച്ചത് അർത്ഥഗർഭമാണ്. സി.ബി.ഐ നേരത്തെ അന്വേഷണം ഏറ്റെടുത്ത ഫസൽ കൊലക്കേസിലും ജയരാജൻ പ്രതിയാണ്. അതിനെതിരായ ജയരാജന്റെ അപ്പീൽ സുപ്രിം കോടതിയിലും നീണ്ടുനീണ്ടു പോകുന്നു.

കേരളത്തിൽ സി.ബി.ഐയെ സി.പി.എമ്മിനെതിരായി ഉപയോഗിക്കാനുള്ള അവസരം കൈയിൽ വന്നിട്ടും മോദി സർക്കാർ ഉപയോഗിച്ചിട്ടില്ല. ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിട്ടയച്ചതിനെതിരെ സി.ബി.ഐ സുപ്രിം കോടതിയിൽ കൊടുത്ത അപ്പീൽ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുകയാണ്. കോൺഗ്രസ് നേതാക്കൾക്കോ തൃണമൂലിനോ എതിരെ സ്വീകരിക്കുന്ന പകപോക്കൽ സമീപനം എന്തുകൊണ്ടോ ലാവ്‌ലിൻ കേസിൽ സി.ബി.ഐ സ്വീകരിച്ചിട്ടില്ല. അതിന്റെ രാഷ്ട്രീയം എന്തെന്ന് ബി.ജെ.പിയും സി.പി.എമ്മും തന്നെയാണ് വിശദീകരിക്കേണ്ടത്. മുഖ്യമന്ത്രി മമതാ ബാനർജിക്കും മറ്റും എതിരെ നടത്തുന്ന പകപോക്കൽ മുഖ്യമന്ത്രി പിണറായി വിജയനോട് കാണിക്കണമെന്ന് ജനാധിപത്യ വിശ്വാസികൾ ആരും ആവശ്യപ്പെടില്ല. എന്നാൽ മോദി ഗവണ്മെന്റിന് പിണറായി വിജയനെന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയോട് പ്രത്യേകത മമതയെന്താണെന്ന് ചോദിച്ചാൽ അത് തെറ്റാകുകയുമില്ല. അഴിമതി കുംഭകോണങ്ങളിലെ ഇടത്തട്ടുകാരെ വിദേശത്തുനിന്നു ഒന്നൊന്നായി പിടികൂടി കൊണ്ടുവരുന്ന മോദി ഗവണ്മെന്റ് കോടതി അയച്ച നോട്ടീസുപോലും കൈപ്പറ്റാതെ കനഡയിൽ സസുഖം വാഴുന്ന ലാവ്‌ലിൻ കമ്പനി ഉടമകളെ പിടികൂടുന്ന കാര്യം പരിഗണിക്കാത്തതെന്താണെന്നു ചോദിക്കുന്നതിലും തെറ്റില്ല.

മോദി സർക്കാരിന്റെ ഏകാധിപത്യ നീക്കങ്ങൾക്കെതിരെ രാജ്യത്താകെ നടക്കുന്ന സംഭവവികാസങ്ങളെ കമ്മ്യൂണിസ്റ്റു പാർട്ടികളുടെ സ്വതഃസിദ്ധമായ രാഷ്ട്രീയ വിശകലനത്തിന് സി.പി.എം പക്ഷേ വിധേയമാക്കുന്നില്ല. പകരം കോൺഗ്രസ്സിനെയും ബി.ജെ.പിയെയും കൂട്ടിക്കെട്ടി വിഷയം ജനങ്ങൾക്കുമുമ്പിൽ തെറ്റായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. മോദിയെ അധികാരത്തിൽനിന്നു നീക്കാനും ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യ ശക്തികൾ കൂടുതൽ കൂടുതൽ മുന്നോട്ടുവരികയാണ്.

ഈ മുന്നേറ്റത്തേയും യോജിപ്പിനേയും തന്ത്രപരമായി മോദി വാഴ്ചയുടെ തകർച്ചയ്ക്ക് ഉപയോഗപ്പെടുത്താൻ സി.പി.എം ആദ്യമായി അറച്ചുനിൽക്കുന്നു. ദേശീയതലത്തിൽ ഒരു മൂന്നാംമുന്നണി ഇടതുപാർട്ടികൾ എന്നോ ഉപേക്ഷിച്ചു. ഇടതുപാർട്ടികൾക്ക് ഒറ്റയ്ക്ക് മോദി സർക്കാരിനെ എതിർക്കാനും തോല്പിക്കാനുമാകില്ലെന്നും അവർ കണ്ടെത്തുന്നു. കേരളത്തിൽനിന്നുള്ള സീറ്റുകൾ മാത്രം എന്ന അവസ്ഥയിൽ ഇടതുപക്ഷമാകെ ചുരുങ്ങിക്കൂടിയിരിക്കുന്നു. ഈ അവസ്ഥയിൽ തെരഞ്ഞെടുപ്പിനുശേഷം നേതൃത്വപരമായി അവർക്കെന്തു ചെയ്യാനാകും എന്നതും തെരഞ്ഞെടുപ്പു വേളയിൽ ജനങ്ങൾ പരിഗണിക്കുന്ന പ്രധാന ഘടകമാകും.

ഈ വേറിട്ടുനിൽപ്പിന് സി.പി.എം പറയുന്ന യുക്തിയും അവിശ്വസനീയം. തൃണമൂലും ടി.ഡി.പിയുമൊക്കെ ബി.ജെ.പിയെപ്പോലെ അഴിമതിക്കാർ. കോൺഗ്രസ്സിന്റെ കാര്യം പറയുകയും വേണ്ട. അഴിമതിക്കാരെന്നതിനു പുറമെ ബി.ജെ.പിയുടെ സാമ്പത്തിക നയംകൂടി ഉള്ളവരാണവർ. എന്നാൽ സി.പി.എം കണ്ടെത്തുന്ന കൂട്ടാളിയോ? ടു.ജി സ്‌പെക്ട്രം അടക്കം അഴിമതി കേസുകൾകൊണ്ട് യു.പി.എ ഗവണ്മെന്റിനെ നാണിപ്പിച്ച ഡി.എം.കെ.

90കൾ തൊട്ട് ദേശീയ രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തിയായിരുന്നു ഇടതുപക്ഷം; വിശേഷിച്ച് സി.പി.എം. ഇടതുപക്ഷ മുന്നണിക്കു നേതൃത്വവും ശക്തിയും പകർന്നു എന്നതു മാത്രമായിരുന്നില്ല അവരുടെ സംഭാവന. എന്നും ഏകാധിപത്യ -വർഗ്ഗീയ ശക്തികൾക്കെതിരെ ജനാധിപത്യ – മതനിരപേക്ഷ ശക്തികളെ ഒന്നിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധമായ പാർട്ടി. ഈ തെരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയത്തിൽ ഇടംകാണാതെ, ഇക്കാലമത്രയും എടുത്ത ജനാധിപത്യ – മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാനാകാതെ അവർ ദേശീയ രാഷ്ട്രീയത്തിന്റെ പരിധിക്കു പുറത്തുനിൽക്കുന്നു. കേരളത്തിൽ മാത്രം ഒതുങ്ങിത്തീർന്ന്.

Read More >>