വിശ്വാസം നഷ്ടപ്പെട്ട് മോദി

പ്രധാനമന്ത്രിയുടെ വിമർശകരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും സത്യസന്ധതയോടെ പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരിൽ അഴിമതിയാരോപണങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കൗശലബുദ്ധി ഇതിനകംതന്നെ വലിയതോതിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്

വിശ്വാസം നഷ്ടപ്പെട്ട് മോദി

പി.ഷബീബ് മുഹമ്മദ്

2014ൽ അധികാരത്തിലേറിയതു മുതൽ മോദി സർക്കാർ 16ാം നൂറ്റാണ്ടിൽ ഇറ്റാലിയൻ നയതന്ത്രജ്ഞനും രാഷ്ട്രീയ ചിന്തകനുമായ നിക്കോളോ മാക്ക്‌വെല്ലിയുടെതിന് സമാനമായ രാഷ്ട്രീയതന്ത്രങ്ങളാണ് പിന്തുടരുന്നത്. നരേന്ദ്ര മോദി, അമിത് ഷാ, അജിത് ഡോവൽ ത്രയം വളരെ ആസൂത്രിതമായാണ് ഓരോ കാര്യങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ സമയബന്ധിതമായി വിഷയങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ഒടുക്കം സി.ബി.ഐയെക്കൊണ്ട് കൊൽക്കത്ത പൊലീസ് കമ്മിഷണർക്കെതിരെയുള്ള അന്വേഷണ നടപടി വരെയെത്തി കാര്യങ്ങൾ. പക്ഷേ, നിരന്തരമായ ഇത്തരം പ്രയോഗങ്ങൾ മോദി പക്ഷത്തിനുതന്നെ തിരിച്ചടിയായി ഭവിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വിമർശകരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയും സത്യസന്ധതയോടെ പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരിൽ അഴിമതിയാരോപണങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കൗശലബുദ്ധി ഇതിനകംതന്നെ വലിയതോതിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

പ്രതിപക്ഷത്തിന്റെ ഒരുമിച്ചുള്ള പ്രതിരോധം മൂലം ഭരണമുന്നണി പ്രയോഗിക്കുന്ന മൂർച്ചയേറിയ ഇത്തരം നീക്കങ്ങൾ വേണ്ടത്ര ഫലംകാണാതെ പോവുന്ന സാഹചര്യമാണ് ഉള്ളത്. പശ്ചിമബംഗാളിൽ പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെതിരായ സി.ബി.ഐ നീക്കത്തിൽ മമതാ ബാനർജി രംഗത്തുവന്നത് കേന്ദ്ര നീക്കത്തിനു തിരിച്ചടിയായിരുന്നു. സി.ബി.ഐ ഉദ്യോഗസ്ഥർ സംസ്ഥാനത്തിന്റെ സമ്മതം വാങ്ങാതെയായിരുന്നു സംസ്ഥാനത്ത് പ്രവേശിച്ചതും കൊൽക്കത്ത പൊലീസ് കമ്മിഷണറെ അറസ്റ്റുചെയ്യാൻ തുനിഞ്ഞതും. എന്നാൽ, സി.ബി.ഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്താണ് മമതാ ബാനർജി കമ്മിഷണർക്ക് സംരക്ഷണം നൽകിയത്. തുടർന്ന് സി.ബി.ഐയെ കൂട്ടുപിടിച്ചുള്ള കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ ധർണ്ണ നടത്തുകയും ചെയ്തു. ഇതിന് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം പിന്തുണ നൽകിയിരുന്നു.

സി.ബി.ഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പുകളെ കൂട്ടുപിടിച്ച് ബി.ജെ.പി നിരന്തര രാഷ്ട്രീയ പകപോക്കലുകളാണ് നടത്തിവരുന്നത്. 2014ൽ അധികാരത്തിലേറുന്നതിന് മുമ്പ് ലോക്പാൽ ബിൽ പാസ്സാക്കൽ, രാജ്യത്തുനിന്ന് അഴിമതി തുടച്ചുനീക്കൽ തുടങ്ങിയ വാഗ്ദാനങ്ങളായിരുന്നു മോദി നല്കിയത്. അദ്ദേഹം ഇതു തന്നെയാണ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതും. എന്നാൽ, മോദി ഭരണം അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോഴും ലോക്പാൽ ബിൽ പാർലമെന്റ് കടന്നിട്ടില്ല. ഇന്ത്യക്കാരുടെ വിദേശത്തുള്ള കള്ളപ്പണം പിടിച്ചെടുത്ത്‌ ഇന്ത്യക്കാരുടെ ബാങ്ക് അകൗണ്ടിൽ 15 ലക്ഷം രൂപാ വീതം നിക്ഷേപിക്കും എന്ന വാഗ്ദാനവും എങ്ങുമെത്താതെ നിൽക്കുകയാണ്. ഇവയൊക്കെ കേവല രാഷ്ട്രീയലാഭത്തിനു മാത്രമായാണ് മോദി ഉയർത്തിക്കാട്ടിയത് എന്ന് വെളിവായി വരികയാണ്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് അഴിമതി വിരുദ്ധ മുദ്രാവാക്യത്തിന് ഓർ സവിശേഷപരിഗണന ജനങ്ങളിൽ നിന്ന് ലഭിച്ചിരുന്നു. അതിന് കാരണം രണ്ടാം യു.പി.എ സർക്കാരിനെതിരെ നിരന്തരം ഉയർന്നു വന്ന അഴിമതി ആരോപണങ്ങളായിരുന്നു. ആ പശ്ചാത്തലത്തിലാണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ലോക്‌പാൽ ബില്ലിനായി ന്യു ഡൽഹിയിൽ സത്യാഗ്രഹം നടത്തിയത്. ആ സത്യാഗ്രഹം സൃഷ്ടിച്ച ഒരു അന്തരീക്ഷം കൂടി മോദിയുടെ അധികാരാരോഹണത്തിന് കളമൊരുക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട് എന്നത് ഓർ യാഥാർഥ്യമാണ്.

ഇത്തരം കാര്യങ്ങളിൽ പെട്ടെന്നു തീരുമാനമെടുക്കുക യുക്തിസഹമായ കാര്യമാണ്. തെരഞ്ഞെടുപ്പ് ഫണ്ടിങ് സുതാര്യമാക്കുന്നതിനേക്കാൾ സർക്കാർ, ഭരണഘടനാ തലപ്പത്ത് നടക്കുന്ന അഴിമതി തുടച്ചുനീക്കുന്ന ലോക്പാൽ ബിൽ കൊണ്ടുവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. രാഷ്ട്രീയക്കാർക്കു നേരെയുള്ള അഴിമതിയാരോപണങ്ങളിൽ വേഗം തീർപ്പു കൽപ്പിക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും അദ്ദേഹം വീമ്പിളക്കി. തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ കോർപ്പറേറ്റ് ഫണ്ട് ലഭിച്ചുകൊണ്ടിരിക്കുന്നത് ബി.ജെ.പിക്കാണ്. ഈ വസ്തുത മറച്ചുപിടിച്ചുകൊണ്ടാണ് മോദി ഇപ്പോഴും വാഗ്ദാനങ്ങൾ നിരത്തിക്കൊണ്ടേയിരിക്കുന്നത്. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം സാദ്ധ്യമായാൽ, പിന്നീട് ഈ വിഷയം ഉയർത്തിക്കാട്ടി മോദിക്ക് വോട്ടുനേടാൻ കഴിയാതെവരും. അയോദ്ധ്യ വിഷയം ആവശ്യമുള്ളപ്പോഴൊക്കെ നിരന്തരമായി പ്രതിപക്ഷത്തിനു നേരെയുള്ള ആയുധമായി ഉയർത്തിക്കാട്ടുന്നതും ഇതുകൊണ്ടുതന്നെയാണ്.

കള്ളങ്ങൾ കൊണ്ട് കോട്ടതീർത്തു

എന്തും ആർക്കു നേരെയും പ്രയോഗിക്കാൻ മടികാണിക്കാത്ത രാഷ്ട്രീയ കൗശലമാണ് മോദി സ്വീകരിക്കുന്നത്. ഭരണകൂടത്തിന്റെ കള്ളത്തരങ്ങൾ മറച്ചുപിടിക്കാൻ ഉദ്യോഗസ്ഥരിൽ കുറ്റംചാർത്തുന്ന സമീപനമാണത്. റിസർവ് ബാങ്കിൽ നിന്നുമാണ് അതിന്റെ തുടക്കം. നോട്ടു നിരോധനത്തിന്റെ പരാജയം മറച്ചുപിടിക്കാൻ റിസർവ് ബാങ്കിനെ കേന്ദ്രം കരുവാക്കി. ഒടുക്കം അത് റിസർവ് ബാങ്ക് ഗവർണ്ണറുടെ രാജിയിലാണ് കലാശിച്ചത്. പിന്നീട് കേന്ദ്ര അന്വേഷണ ഏജൻസികൾക്കുമേൽ മോദി സർക്കാർ സ്വാധീനം ചെലുത്താൻ തുടങ്ങി.

സി.ബി.ഐക്കകത്തും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും അടുത്തകാലത്തായി കേന്ദ്രസർക്കാർ വലിയ രീതിയിലുള്ള ഇടപെടലുകലാണ് നടത്തിയത്. ഏജൻസികളുടെ നിഷ്പക്ഷമായ അന്വേഷണങ്ങളെ പോലും കേന്ദ്രസർക്കാരിന് അനുകൂലമായ തരത്തിൽ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങൾ നടത്തി. സി.ബി.ഐ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയുടെ അഴിമതിക്കഥകൾ മൂടിവെക്കാൻ സത്യസന്ധമായി ജോലി നിർവ്വഹിച്ച സി.ബി.ഐ ഡയറക്ടർ അലോക് വർമയെ കരുവാക്കി. ഇതിനിടെ സി.ബി.ഐയുടെ അന്വേഷണങ്ങളിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തുന്നതായും ആരോപണങ്ങൾ വന്നു. രാകേഷ് അസ്താനക്കെതിരെയുള്ള കൈക്കൂലി, അഴിമതിക്കേസിൽ സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളും അസ്താനയെ സംരക്ഷിക്കുന്നതിന് പ്രവർത്തിച്ചുവെന്നാണ് സത്യവാങ്മൂലത്തിൽ എം.കെ സിൻഹ പറഞ്ഞത്. സി.ബി.ഐ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനക്കെതിരായ അഴിമതിക്കേസിൽ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇടപെടൽ നടത്തിയതായി സി.ബി.ഐ അഴിമതി വിരുദ്ധ വിഭാഗം തലവനായ എം.കെ സിൻഹ സുപ്രിം കോടതിയെ ബോധിപ്പിച്ചിരുന്നു.

സി.ബി.ഐയെ 'സെന്റർ ഫോർ ബോഗസ് ഇൻവെസ്റ്റിഗേഷൻ (വ്യാജ അന്വേഷണകേന്ദ്രം) എന്നും ഇ.ഡിയെ പിടിച്ചുപറി ഡയറക്ടറേറ്റ് എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഈ സംഭവവികാസം പ്രധാനമന്ത്രിയുടെ ഓഫിസ് അടക്കമുള്ള രാജ്യത്തെ ഉന്നത രാഷ്ട്രീയ സ്ഥാപനങ്ങളുടെ ജീർണ്ണാവസ്ഥ തുറന്നുകാട്ടുന്നു. ഉന്നത രാഷ്ട്രീയ നേതാക്കളും ബിസിനസ് മേധാവികളും നടത്തിവന്നിരുന്ന കള്ളപ്പണം വെളുപ്പിക്കലിനെതിരെ അന്വേഷണത്തിനു മുതിർന്ന ഇ.ഡി ജോ. ഡയറക്ടർ രാജേശ്വറിനെതിരെയും പ്രധാനമന്ത്രിയുടെ ഓഫീസ് നടപടി കൈക്കൊണ്ടിരുന്നു.

കൊൽക്കത്തയിൽ വിജയം കണ്ടില്ല

കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ എന്തിനാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് തിങ്കളാഴ്ച മമതയോട് ചോദിച്ചിരുന്നു. 'സംരക്ഷിക്കുന്നതിനു പിന്നിലെ രഹസ്യമെന്താണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാൽ, ഇതേ ചോദ്യം തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ചോദിക്കേണ്ടത്. കൈക്കൂലിക്കേസിൽ മോദി എന്തിനാണ് അസ്താനയെ സംരക്ഷിക്കുന്നത്. േമാദിയും മമതയും തമ്മിലെ ഇപ്പോഴുള്ള പ്രശ്‌നങ്ങൾക്ക് പ്രധാന കാരണം അസ്താന തന്നെയാണ്. ശാരദ ചിട്ടി ഫണ്ട് ഇടപാടു കേസ്സിൽ സത്യസന്ധമായ അന്വേഷണമായിരുന്നു രാജീവ് കുമാർ നടത്തിയത്.

2017ൽ അസ്താന സി.ബി.ഐ സ്‌പെഷ്യൽ ഡയറക്ടറായതു മുതൽ അദ്ദേഹം രാജീവ് കുമാറിനു മേൽ നിരന്തര സമ്മർദ്ദങ്ങളാണ് നടത്തിയത്. ഇതേത്തുടർന്ന് രാജീവ് കുമാർ അന്നത്തെ സി.ബി.ഐ ഡയറക്ടർ അലോക് വർമക്ക് പരാതി നൽകിയിരുന്നു. കുറ്റവാളിയെ സംരക്ഷിക്കുന്ന സമീപനമാണ് സി.ബി.ഐ കൈക്കൊള്ളുന്നതെന്നായിരുന്നു രാജീവ് കുമാർ പരാതിയിൽ ആരോപിച്ചിരുന്നത്. മുകുൾ റോയ്, അസം ഉപമുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ എന്നിവരായിരുന്നു കേസ്സിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ഇവരെ രക്ഷിക്കുന്നതിനാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനെതിരെ സി.ബി.ഐ നടത്തുന്ന നീക്കം. പക്ഷേ, പ്രതിപക്ഷം ഒരുമിച്ച് ഇതിനെതിരെ രംഗത്തുവന്നതോടെ മോദിയും കൂട്ടരും പരിഭ്രമത്തിലാണ്.

പ്രതിപക്ഷ സ്ഥാനാർത്ഥികൾക്കു നേരെയും അടുത്തിടെയായി ആദായനികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് വകുപ്പുകളെ ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയ പ്രേരിത നീക്കങ്ങൾ കേന്ദ്രം നടത്തുന്നുണ്ട്. യു.പിയിൽ എസ്.പി-ബി.എസ്.പി തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ചതിനു പിന്നാലെ അഖിലേഷിനെതിരെ 12 വർഷം മുമ്പത്തെ അനധികൃത മണൽ ഖനന കേസ് കുത്തിപ്പൊക്കി. മായാവതിയും ഇ.ഡിയുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെയും നിരവധി കേസ്സുകളാണ് കേന്ദ്ര സർക്കാർ വിവിധ ഏജൻസികളെ ഉപയോഗിച്ച് കുത്തിപ്പൊക്കിയത്.

എന്നാൽ, ഇത്തരം കേസ്സുകൾക്കൊന്നും മതിയായ തെളിവുകൾ ഹാജരാക്കാൻ ഏജൻസികൾക്ക് സാധിച്ചിട്ടില്ല. യഥാർത്ഥത്തിൽ മോദിയുടെ സത്യസന്ധതയെ ചോദ്യംചെയ്യുന്നതാണ് ഇവയെല്ലാം. അധികാരം പിടിച്ചെടുക്കാൻ എന്തു വൃത്തികെട്ട കളിയും മോദി കളിക്കുമെന്ന് പ്രതിപക്ഷ കക്ഷികൾക്ക് അറിയാം. അതിനാൽ തന്നെയാണ് പ്രതിപക്ഷം ഈ കേസ്സുകളിലെല്ലാം മോദിയുടെയും അമിത് ഷായുടെയും താൽപ്പര്യം പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്നത്.

Read More >>