മയക്ക് മരുന്നു കടത്ത്: കര്‍ശന നടപടിവേണം

തുടക്കത്തിലെ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ ആപൽക്കരമായ ഈ ദുശ്ശീലത്തിൽ നിന്ന് ഇരകളെ പിന്തിരിപ്പിക്കാൻ സാധിക്കുമെന്ന് മനഃശ്ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സത്വരശ്രദ്ധയും താല്പര്യവും ഇക്കാര്യത്തിൽ വേണം

മയക്ക് മരുന്നു കടത്ത്: കര്‍ശന നടപടിവേണം

മയക്കുമരുന്ന് വിതരണക്കാരെയോ കഞ്ചാവ് കടത്തുകാരെയോ പിടിച്ചുവെന്ന വാർത്ത ഓരോദിവസവും ഇറങ്ങുന്ന ദിനപത്രങ്ങളിലെ പതിവ് ഇനമത്രെ. കഞ്ചാവിന്റെ മയക്കുമരുന്നിന്റെയും മുഖ്യ ഉപഭോക്താക്കൾ യുവതലമുറയാണെന്നതാണ് ആശങ്കാജനകം. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് വിപണനം ഏറെയും നടക്കുന്നത്. യുവാക്കളിൽ 45 ശതമാനം ഏതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ജീവൻ ത്യജിച്ച യുവാക്കളുണ്ട്. ലഹരിക്കടിമപ്പെട്ട് കുറ്റകൃത്യം ചെയ്ത യുവാക്കൾ ഒട്ടേറെയുണ്ട്. കോളജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചു പോലും മയക്കുമരുന്നു റാക്കറ്റുകൾ പ്രവർത്തിക്കുന്നു. ലഹരിവസ്തുക്കളുടെ ഉപയോഗം ഒരു ദിവസംകൊണ്ട് ഉണ്ടാകുന്നതല്ലെന്ന് മനഃശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ലഹരിവസ്തുക്കൾ കൊണ്ടുള്ള ഉന്മാദാവസ്ഥ അറിയാനുള്ള ആകാംക്ഷ, കൂട്ടുകാരുടെ പ്രേരണ, വീട്ടിലെ പ്രശ്നങ്ങൾ, വിഷാദം, ഇഷ്ടാനുസരണം ലഭിക്കുന്ന പോക്കറ്റ് മണി എന്നിവ ലഹരി വസ്തുക്കളിലേക്ക് എത്തിപ്പെടാൻ ഇടയാക്കുന്ന കാരണങ്ങളാണ്. തുടക്കത്തിലെ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ ആപൽക്കരമായ ഈ ദുശ്ശീലത്തിൽ നിന്ന് ഇരകളെ പിന്തിരിപ്പിക്കാൻ സാധിക്കുമെന്ന് മനഃശ്ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സത്വരശ്രദ്ധയും താല്പര്യവും ഇക്കാര്യത്തിൽ വേണം.

പ്രതിവർഷം 50000 കോടി ഡോളറിന്റെ വ്യാപാരം ആഗോളതലത്തിൽ നടക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. കൊളംബിയയാണ് മയക്കുമരുന്നു കടത്തിന്റെയും വ്യാപാരത്തിന്റെയും 'ലോക തലസ്ഥാനം.' 300 ടണ്ണിലധികം കൊകെയ്ൻ ഓരോ വർഷവും കൊളംബിയയിൽനിന്ന് വിദേശങ്ങളിലെത്തുന്നുണ്ടത്രെ. ഇവിടത്തെ പ്രമുഖ നേതാക്കൾ പോലും മയക്കുമരുന്ന് കടത്തിൽ പങ്കാളികളാണ്. മയക്കുമരുന്ന് 'പ്രഭുക്കന്മാർ'ക്ക് ഭരണത്തിൽ അത്യധികം സ്വാധീനവുമുണ്ട്.

ഏഷ്യയിലെ വൻ മയക്കുമരുന്ന് കേന്ദ്രം ബംഗ്ലാദേശ് ആണ്. മയക്കുമരുന്ന് കടത്തുകാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ആ രാജ്യം. മ്യാന്മർ അതിർത്തി ഗ്രാമങ്ങളാണത്രെ മയക്കുമരുന്നു വ്യാപാര കേന്ദ്രങ്ങൾ. 70 ലക്ഷം പേർ ബംഗ്ലാദേശിൽ മയക്കുമരുന്നിന് അടിമകളാണെന്നാണ് കണക്ക്.

മയക്കുമരുന്ന് കടത്തുകാർക്ക് ഈ മാസം 16 ന് അധികൃതർ മുമ്പാകെ കീഴടങ്ങുന്നതിനുള്ള അവസരം സർക്കാർ നല്കുകയുണ്ടായി. ഇതുകൊണ്ട് അവിടത്തെ മയക്കുമരുന്ന് ഭീഷണി ഒടുങ്ങിയെന്ന് പറയാനാവില്ല. റെയ്ഡും ഏറ്റുമുട്ടലും ഏറ്റുമുട്ടൽ മരണങ്ങളും തുടരുകയാണ്. ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്കും മയക്കുമരുന്ന് വ്യാപകമായി കടത്തുന്നുണ്ട്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങൾ ഇന്ത്യയിൽ പഞ്ചാബിൽ 2018 ൽ കുത്തനെ കൂടുകയുണ്ടായെന്ന് ബി.ബി.സിയുടെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇവിടെ 2018 ജനുവരിക്കും ജൂണിനും ഇടയിൽ നടന്നത് 60 മയക്കുമരുന്നു മരണങ്ങളാണ്. മയക്കുമരുന്നിന്റെ ഇന്ത്യയിലെ മുഖ്യവിപണനകേന്ദ്രമായി പഞ്ചാബ് മാറി. സംസ്ഥാനത്തേക്കുള്ള മയക്ക് മരുന്ന് കടത്ത് കർശനനടപടികളിലൂടെ കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്ന് പഞ്ചാബ് ആരോഗ്യ മന്തി ബ്രഹ്മമൊഹീന്ദ്ര ബി.ബി.സിയോട് അവകാശപ്പെടുകയുണ്ടായി. പക്ഷേ മരണസംഖ്യ 2018ൽ മുൻവർഷത്തേക്കാൾ കൂടാനുള്ള കാരണം വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പഞ്ചാബിലെ മയക്കുമരുന്ന് വ്യാപനത്തെക്കുറിച്ച് 2015ൽ ഡൽഹി ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യുട്ട് (എയിംസ്) നടത്തിയ പഠനത്തിൽ മയക്കുമരുന്നിന് അടിമകളായ രണ്ടു ലക്ഷത്തോളം പേരുണ്ടെന്നാണ് കണ്ടെത്തിയത്.

ഇന്ത്യയിൽ ലഹരി ഉപയോഗത്തിൽ മുമ്പിലുള്ള നഗരങ്ങളുടെ പട്ടികയിൽ കൊച്ചി മൂന്നാംസ്ഥാനത്താണെന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് ഒരു ചടങ്ങിൽ പറയുകയുണ്ടായി. അമൃത്‌സറും പൂനെയുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. സ്ഥാനക്രമത്തിൽ മാറ്റംവന്നതായി അറിയില്ല. ലഹരി വസ്തുക്കളുടെ വിപണനരംഗത്ത് പെൺകുട്ടികൾ പോലും രംഗപ്രവേശം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. എക്‌സൈസ് വകുപ്പ് നടപടികൾ തുടരുന്നതിന്നിടയിലും കേരളത്തിൽ ലഹരി വസ്തുക്കളുടെ വില്പന കൂടുകയാണെന്ന് പിടിച്ചെടുത്ത ലഹരി ഉല്പനങ്ങളുടെ വിലയും ചാർജ് ചെയ്ത കേസുകളുടെ എണ്ണവും ചൂണ്ടിക്കാണിക്കുന്നു. 2018 ൽ മാത്രം ചാർജ് ചെയ്തത് 80000 ഓളം കേസുകൾ; പിടികൂടിയത് 650 കോടി രൂപയുടെ ലഹരി ഉല്പന്നങ്ങളും. ഒരു പക്ഷേ ഇവിടെ വില്ക്കപ്പെടുന്ന ലഹരി വസ്തുക്കളുടെ ഒരു ഭാഗം മാത്രമായിരിക്കും ഇത്. ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിന് രൂപീകരിച്ച ജില്ലാതല ആന്റി നാർക്കോട്ടിക് സെല്ലിന്റെ പ്രവർത്തനം വിപുലപ്പെടുത്തണം. സെല്ലിൽ ആവശ്യാനുസൃതം ഉദ്യോഗസ്ഥരും സംവിധാനവുമുണ്ടാവില്ല. തന്മൂലം കാര്യക്ഷമമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കാൻ സെല്ലിന് കഴിയുന്നില്ല. മയക്കുമരുന്നു മാഫിയയുടെ പ്രവർത്തനം ഇവിടെ നിർബാധം തുടരുകയും ചെയ്യുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തെതന്നെ നശിപ്പിച്ച സംഭവങ്ങൾ എടുത്തുപറയാനാവും. ലഹരിപദാർത്ഥങ്ങളുടെ ലഭ്യതയാണ് ആദ്യം തടഞ്ഞു നിർത്തേണ്ടത്. ലഹരി ഉല്പന്നങ്ങളുടെ കടത്തിനും വിപണനത്തിനുമെതിരായ നടപടികളും അതിനുള്ള ശിക്ഷയും കൂടുതൽ കണിശവും കർശനവുമാക്കണം. മയക്കുമരുന്നു മാഫിയക്കെതിരായ നടപടികളിൽ അധികൃതർക്ക് എല്ലാവിധ പിന്തുണയും സമൂഹം നല്‌കേണ്ടതുമാണ്.

Read More >>