സര്‍വെയുടെ പിന്‍ബലത്തില്‍ ദീദിയുടെ ബംഗാള്‍

ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തെ 'നേരിടാനായി' സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇക്കുറി കോൺഗ്രസ് മറ്റു സംസ്ഥാനങ്ങളിൽ മുസ്‌ലിംകളെ പരമാവധി തഴഞ്ഞിട്ടുണ്ടെങ്കിലും പശ്ചിമ ബംഗാളിൽ കാര്യങ്ങൾ അല്പം വ്യത്യസ്തമാണ്. 10 മണ്ഡലങ്ങളിൽ മുസ്‌ലിം സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കു മേൽക്കൈയുള്ള മണ്ഡലങ്ങളാണിവ. സംസ്ഥാനത്ത് ഏറ്റവുമധികം മുസ്‌ലിം സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിരിക്കുന്നതും കോൺഗ്രസ് തന്നെയാണ്

സര്‍വെയുടെ പിന്‍ബലത്തില്‍ ദീദിയുടെ ബംഗാള്‍

സിദ്ദീഖ് കെ

ഏഴു ഘട്ടങ്ങളായി നടക്കുന്ന 17ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എല്ലാ ഘട്ടങ്ങളിലും പോളിങ് നടക്കുന്നത് രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളിലാണ്. ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർ പ്രദേശിനു പുറമെ, (80 ലോക്‌സഭാ സീറ്റാണ് യു.പിയിലുളളത്) ബിഹാറിലും പശ്ചിമ ബംഗാളിലുമാണ് ഏഴു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്‌സഭ സീറ്റുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്- 48 എണ്ണം. എന്നാൽ, ഇവിടെ നാലു ഘട്ടമാണ് തെരഞ്ഞടുപ്പ്. ഏപ്രിൽ 29ന് മഹാരാഷ്ടയിലെ നാലാം ഘട്ട തെരഞ്ഞെടുപ്പും പൂർത്തിയായി. അതേസമയം, 42 ലോക്‌സഭ സീറ്റുകളുള്ള പശ്ചിമ ബംഗാളിലും 40 സീറ്റുകളുള്ള ബിഹാറിലും ഏഴു ഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പ്രധാന കാരണം തെരഞ്ഞെടുപ്പ് കാലത്തെ ഇവിടത്തെ ക്രമസമാധാന പ്രശ്നങ്ങൾ തന്നെയാണ്.

ആദ്യഘട്ട തെരഞ്ഞടുപ്പ് നടന്ന ഏപ്രിൽ 11ന് പശ്ചിമ ബംഗാളിലെ രണ്ടു മണ്ഡലങ്ങളിൽ മാത്രമാണ് തെരഞ്ഞെടുപ്പ് നടന്നത്. അടുത്ത ഘട്ടങ്ങളിൽ യഥാക്രമം മൂന്ന്, അഞ്ച്, എട്ട് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മെയ് ആറിന് ഏഴു മണ്ഡലങ്ങളിലും അവസാനത്തെ രണ്ടു ഘട്ടങ്ങളിൽ യഥാക്രമം എട്ട്, ഒമ്പത് മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ തെരഞ്ഞെടുപ്പിൽ ഇതുവരെ നടന്ന എല്ലാം ഘട്ടങ്ങളിലും സംസ്ഥാനത്ത് സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ്സും മൂന്നര പതിറ്റാണ്ടോളം തുടർച്ചയായി സംസ്ഥാനം ഭരിച്ച് അധികാരം നഷ്ടമായ സി.പി.എമ്മും ഇരു പാർട്ടികൾക്കുമിയിൽ ഇടം കണ്ടെത്താൻ ശ്രമിക്കുന്ന ബി.ജെ.പിയും എല്ലാം ഈ സംഘർഷങ്ങളുടെ പിന്നിലുണ്ട്.

42 ലോക്‌സഭ മണ്ഡലങ്ങളിൽ 12 എണ്ണം സംവരണ മണ്ഡലങ്ങളാണ്. ഇതിൽ രണ്ടു മണ്ഡലങ്ങൾ എസ്.ടി വിഭാഗങ്ങൾക്കും 10 മണ്ഡലങ്ങൾ എസ്.സി വിഭാഗങ്ങൾക്കും സംവരണം ചെയ്യപ്പെട്ടതാണ്.

തൃണമൂൽ കോൺഗ്രസ്സും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയും എല്ലാം മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. എന്നാൽ ഇടതുപക്ഷവും കോൺഗ്രസ്സും രണ്ടിടത്ത് സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. മൾദാഹ ദക്ഷിൺ മണ്ഡലത്തിലും ബഹറംപൂരിലുമാണ് ഇടതുപക്ഷത്തിന് സ്ഥാനാർത്ഥികളില്ലാത്തത്. ജാദവ്പൂർ, ബങ്കുറ മണ്ഡലങ്ങളിൽ കോൺഗ്രസ്സിനും സ്ഥാനാർത്ഥികളില്ല.

ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തെ 'നേരിടാനായി' സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇക്കുറി കോൺഗ്രസ് മറ്റു സംസ്ഥാനങ്ങളിൽ മുസ്‌ലിംകളെ പരമാവധി തഴഞ്ഞിട്ടുണ്ടെങ്കിലും പശ്ചിമ ബംഗാളിൽ കാര്യങ്ങൾ അല്പം വ്യത്യസ്തമാണ്. 10 മണ്ഡലങ്ങളിൽ മുസ്‌ലിം സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കു മേൽക്കൈയുള്ള മണ്ഡലങ്ങളാണിവ. സംസ്ഥാനത്ത് ഏറ്റവുമധികം മുസ്‌ലിം സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിരിക്കുന്നതും കോൺഗ്രസ് തന്നെയാണ്. രണ്ടു മണ്ഡലങ്ങളിൽ ബി.ജെ.പിയും മുസ്‌ലിം സ്ഥാനാർത്ഥികളെയിറക്കിയിട്ടുണ്ട്. ജങ്കിപൂർ മണ്ഡലത്തിൽ നിന്ന് കുമർഗഞ്ച് എം.എൽ.എ മഫുജ ഖാത്തൂനെയും മുർഷിദാബാദ് ലോക്‌സഭ മണ്ഡലത്തിൽ ഹുമയൂൺ കബീറുമാണ് ബി.ജെ.പിക്ക് വേണ്ടി ജനവിധി തേടുന്നത്.

അഭിപ്രായ സർവെകൾ എല്ലാം തൃണമൂൽ കോൺഗ്രസ്സിന് 30ന് മുകളിൽ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. സംഘപരിവാർ അനുകൂല ചാനലായ റിപ്പബ്ലിക് ടിവി-സിവോട്ടർ സർവെയാണ് തൃണമൂലിന് ഏറ്റവും കൂടുതൽ സീറ്റുകൾ പ്രവചിച്ചിരിക്കുന്നത്. 34 സീറ്റ് തൃണമൂൽ കോൺഗ്രസ് നേടുമെന്ന് പറയുന്ന സർവെയിൽ ഏഴ് സീറ്റ് ബി.ജെ.പിക്കും പ്രവചിക്കുന്നുണ്ട്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃണമൂലിന് 34ഉം കോൺഗ്രസ്സിന് നാലു സീറ്റുമാണ് ലഭിച്ചിരുന്നത്. സി.പി.എമ്മും ബി.ജെ.പിയും രണ്ടു സീറ്റുകൾ വീതം നേടിയിരുന്നു. എന്നാൽ, സ്പിക് മീഡിയ നടത്തിയ അഭിപ്രായ സർവെ മാത്രമാണ് സി.പി.എമ്മിന് ഇക്കുറി ഒരു സീറ്റെങ്കിലും പ്രവചിക്കുന്നത്.

2004 മുതൽ 2012 വരെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പ്രതിനിധീകരിച്ച ജങ്കിപുർ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ മകൻ അഭിജിത്ത് മുഖർജിയാണ് ഇക്കുറിയും കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടുന്നത്. പിതാവ് പ്രണബ് മുഖർജി രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഒഴിവിലാണ് അഭിജിത്ത് 2012 ഒക്ടോബറിൽ ഇവിടെ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് വെറും 2,536 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ മുസഫർ ഹുസൈനെ അദ്ദേഹം പരാജയപ്പെടുത്തിയത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും മുസഫർ ഹുസൈനെ പരാജയപ്പെടുത്തിയാണ് അഭിജിത്ത് ലോക്‌സഭയിലെത്തിയത്. ഭൂരിപക്ഷം 8,161 വോട്ടായി ഉയർന്നു. 2009ൽ പ്രണാബ് മുഖർജി ഇവിടെ നിന്നും ജയിച്ചത് 1,28,149 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. ഇക്കുറി അഭിജിത്ത് മുഖർജിയെ നേരിടുന്നത് സി.പി.എമ്മിലെ സുൽഫിക്കർ അലിയാണ്. തൃണമൂൽ കോൺഗ്രസ് നേതാവായ ഖലീലുർറഹ്മാൻ, ബി.ജെ.പിയിലെ മഫുജ ഖാത്തൂൻ, എസ്.ഡി.പി.ഐയിലെ തഈദുൽ ഇസ്ലാം, വെൽഫയർ പാർട്ടി നേതാവ് എസ്.ക്യൂ.ആർ ഇല്യാസി എന്നിവരും മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ ഒരു കക്ഷി രഹിതൻ അടക്കം 11 സ്ഥാനാർത്ഥികളാണ മത്സരം രംഗത്തുണ്ടായിരുന്നത്.

സംസ്ഥാനത്തെ ശ്രദ്ധേയമായ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലമാണ് ബലൂർഘട്ട്. 1977 മുതൽ 2009 വരെ ആർ.എസ്.പി സ്ഥാനാർത്ഥിയെ മാത്രം വിജയിപ്പിച്ച മണ്ഡലമാണിത്. 1977 മുതൽ 1991 വരെ അഞ്ചു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചത് പലസ് ബർമൻ. 1996 മുതൽ 2004 വരെ റനേൻ ബർമൻ മണ്ഡലത്തെ പ്രതിനിധീകരിച്ച് ആർ.എസ്.പി ടിക്കറ്റിൽ ലോക്‌സഭയിൽ ഇരുന്നു. 2009ൽ ആർ.എസ്.പിയിലെ പ്രശാന്ത കുമാർ മജൂംദാർ ലോക്‌സഭയിലെത്തി. 2014ൽ നടന്ന തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്സിലെ അർപിത ഘോഷ് സീറ്റ് പിടിച്ചെടുത്തു. ആർ.എസ്.പിയിലെ ബിമലേന്ദു സർക്കാരിനെ ഒരു ലക്ഷത്തിൽ പരം വോട്ടിനാണ് അർപിത പരാജയപ്പെടുത്തിയത്.

നാലു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച മുൻ എം.പി റനേൻ ബർമനെയാണ് പാർട്ടിയുടെ പരമ്പരാഗത സീറ്റ് പിടിച്ചെടുക്കാൻ ആർ.എസ്.പി ഇക്കുറി രംഗത്തിറക്കിയിരിക്കുന്നത്. അബ്ദുസാദിഖ് സർക്കാരാണ് കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി. സുകന്ത മജൂംദാർ ബി.ജെ.പി ടിക്കറ്റിലും ബിരെൻ മൊഹന്ത എസ്.യു.സി.ഐ(സി) സ്ഥാനാർത്ഥിയായും മത്സര രംഗത്തുണ്ട്.

മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് ഗണ്യമായ സ്വാധീനമുള്ള മണ്ഡലമാണ് മുർഷിദാബാദ്. 1952 മുതൽ ഇതുവരെ മുസ്‌ലിം സ്ഥാനാർത്ഥികൾ മാത്രമാണ് ഈ മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധീകരിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ മുഹമ്മദ് ഖുദാ ബുഖ്ഷാണ് ആദ്യത്തെ രണ്ടു ലോക്‌സഭയിലും മണ്ഡലത്തെ പ്രതിനിധീകരിച്ചത്. മൂന്നും നാലും ലോക്‌സഭകളിൽ ഇൻഡപെൻഡന്റ് ഡെമോക്രാറ്റിക് പാർട്ടി ഇന്ത്യയുടെ ടിക്കറ്റിൽ സയ്യിദ് ബദ്‌റുദ്ദുജ ലോക്‌സഭയിലെത്തി. 1971 മുതൽ 1977 വരെ ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിലെ അബൂ താലിബ് ചൗധരി ലോക്‌സഭാംഗമായി. ആറാം ലോക്‌സഭയിൽ ജനത പാർട്ടിയിലെ കാസിം അലി മിർസയാണ് മുർഷിദാബാദിനെ ലോക്‌സഭയിൽ പ്രതിനിധീകരിച്ചത്. ഏഴാം ലോക്‌സഭ മുതൽ 11ാം ലോക്‌സഭ വരെ സി.പി.എം പ്രതിനിധി സയ്യിദ് മസൂദൽ ഹൊസൈൻ പാർലമെന്റിലെത്തി. തുടർന്ന് രണ്ടു തവണ സി.പി.എമ്മിലെ മൊയീനുൽ ഹസ്സൻ മുർഷിദാബാദ് എം.പിയായി. 2004ലും 2009ലും അബ്ദുൽ മന്നാൻ ഹുസൈനിലൂടെ മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബദ്‌റുദ്ദോസ ഖാനിലൂടെ സി.പി.എം തങ്ങളുടെ പരമ്പരാഗത മണ്ഡലം തിരിച്ചുപിടിച്ചു. ഇക്കുറി തൃണമൂൽ കോൺഗ്രസ്സിലെ അബൂ താഹിർ, കോൺഗ്രസ്സിലെ അബു ഹെന എന്നിവരാണ് ബദ്‌റുദ്ദോസയെ നേരിടുന്നത്.

ഓരോ രാഷ്ട്രീയ പാർട്ടികൾക്കും സ്വാധീനമുള്ള മേഖലകളിൽ കൈയൂക്കുള്ളവർ ബൂത്തു പിടിച്ചെടുക്കലും കള്ളവോട്ടും സംസ്ഥാനത്ത് ഇക്കുറിയും പതിവ് പോലെ അരങ്ങേറിയെന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് കാലത്തെ സംഘർഷവും അക്രമവും ഇവിട പതിവ് കാഴ്ചയാണ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പണിമുടക്കലിനും സംഘർഷങ്ങൾക്കുമിടയിൽ നാലാം ഘട്ട വോട്ടെടുപ്പ് നടന്ന ഏപ്രിൽ 29നും 76.47 ശതമാനം പേർ സംസ്ഥാനത്ത് വോട്ട് ചെയ്തു.

Read More >>