പോരാട്ടം തന്നെ പോംവഴി

വൈദ്യശാസ്ത്രത്തിലാണ് ബിരുദമെടുത്തതെങ്കിലും മലയാളമായിരുന്നു സിവിൽസർവീസ് പരീക്ഷയിൽ രേണുരാജിന്റെ ഓപ്ഷനൽ. ഒ.വി വിജയനും സുഗതകുമാരിയും ഒ.എൻ.വി കുറുപ്പുമാണ് രേണുവിന്റെ പ്രിയപ്പെട്ട എഴുത്തുകാർ. നർത്തകി പത്മാസുബ്രഹ്മണ്യത്തിന്റെ ഫാൻ കൂടിയാണ് ഈ ഐ.എ.എസുകാരി. ചെറുപ്പത്തിലേ ശാസ്ത്രീയനൃത്തം പഠിച്ചു. സ്‌കൂൾതല മത്സരങ്ങളിൽ സമ്മാനം നേടിയ രേണു ഇപ്പോഴും നൃത്തം ചെയ്യുന്നു; ശരീരവടിവ് നിലനിർത്താൻ, അതോടൊപ്പം മാനസിക സംഘർഷങ്ങളകറ്റാനും.

പോരാട്ടം തന്നെ പോംവഴി

ആഴ്ച്ചക്കാഴ്ച്ച / ആരിഫ്

സിവിൽ സർവീസ് ജീവിതം പ്രമേയമാക്കി മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച ആത്മകഥാപ്രധാനമായ നോവലാണ് യന്ത്രം. പ്രസ്തുത നോവലിൽ അദ്ദേഹം സുപ്രധാനമായ ഒരു ചോദ്യം ഉന്നയിക്കുന്നു-വരേണ്യ വർഗ്ഗത്തിന്റേയും പാവപ്പെട്ടവരുടേയും താല്പര്യങ്ങൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ ഐ.എ.എസ് ഉദ്യോഗസ്ഥൻ ആരുടെ പക്ഷത്ത് നില്ക്കണം? സ്ഥാപിത താല്പര്യങ്ങളും സമൂഹത്തിന്റെ ആവശ്യങ്ങളും നേർക്കുനേരെ നിന്നു പൊരുതുമ്പോൾ ജനകീയ ഇച്ഛകളോടാണ് പക്ഷപാതം കാണിക്കേണ്ടതെന്ന് വിശ്വസിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു ഇടതുപക്ഷ ചിന്താഗതിക്കാരനായ മലയാറ്റൂർ. പക്ഷേ, ഇന്ന് ഇതേ ഇടതുപക്ഷത്തിൽപെട്ട ഒരു എം.എൽ.എയുടെ ശകാരവാക്കുകൾക്കിരയായത് മലയാറ്റൂരിന്റെ പിന്മുറക്കാരിയായ ഒരു യുവ ഐ.എ.എസ് ഉദ്യോഗസ്ഥ. ദേവികുളം സബ്കളക്ടർ രേണുരാജിനെപറ്റി സ്ഥലം എം.എൽ.എയായ എസ്.രാജേന്ദ്രൻ പറഞ്ഞത് 'അവൾക്ക് ഐ.എ.എസ് പഠിക്കാനുള്ള തലയേ ഉള്ളു' എന്നാണ്. പക്ഷേ ജനപ്രതിനിധി ഏല്പിച്ച അപമാനങ്ങളുടെ ആഘാതത്തിൽ നിന്ന് മുക്തയായി, ഔദ്യോഗിക സേവനത്തിൽ പുലർത്തേണ്ട വിശുദ്ധിയുടേയും കാര്യക്ഷമതയുടേയും പ്രതീകമായി ഉയർന്നു വന്നിരിക്കുന്നു ഇപ്പോൾ രേണുരാജ്. അതിന് ഈ ഉദ്യോഗസ്ഥയെ കാര്യമായി പിന്തുണച്ചത് റവന്യുമന്ത്രി, ഒപ്പം കേരളത്തിലെ പൊതുസമൂഹം.

മൂന്നാറിലെ റിസോർട്ട് -ഭൂമികയ്യേറ്റ മാഫിയയിൽ നിന്ന് സിവിൽ സർവീസുദ്യോഗസ്ഥർ നേരിടുന്ന എതിർപ്പുകൾ പുതുമയേ അല്ല. നിയമവിരുദ്ധ പ്രവൃത്തികൾക്കെതിരായി ചെറുവിരലനക്കിയാൽ പോലും അപ്പോൾ വരും ഭരണക്കാരുടേയും രാഷ്ട്രീയനേതൃത്വങ്ങളുടേയും ഇണ്ടാസുകൾ. പിറകെ സ്ഥലമാറ്റം, തെറിവിളി. യുവ ഐ.എ.എസ് കാരായ ശ്രീറാം വെങ്കിട്ടരാമനും പ്രേംകുമാറുമെല്ലാം ഇങ്ങനെ മൂന്നാറിൽ നിന്ന് കെട്ടുകെട്ടിക്കപ്പെട്ട ഉദ്യോഗസ്ഥരാണ്. ഈ യുദ്ധത്തിൽ നിയമവിരുദ്ധ കയ്യേറ്റക്കാർക്കൊപ്പം നിൽക്കുന്ന ജനപ്രതിനിധി എന്ന പഴി ഏറെ കേട്ട ആളാണ് സ്ഥലം എം.എൽ.എ എസ് രാജേന്ദ്രൻ. ഏതായാലും ഇത്തവണ രാജേന്ദ്രന്റെ പല്ലിനുള്ള ശൗര്യം പണ്ടേപോലെ ഫലിച്ചിട്ടില്ല. സി.പി.എം അദ്ദേഹത്തെ വിരട്ടി വിട്ടിരിക്കുന്നു; അതിന്നു നിമിത്തമായിത്തീർന്നതിൽ രേണുരാജിന് അഭിമാനിക്കാമെന്ന് തീർച്ച.

രേണുരാജ് കേരളത്തിന്റെ ഭാഗ്യതാരമാവുന്നത് ഇത് രണ്ടാം തവണയാണ്, ആദ്യത്തേത് 2015 ൽ സിവിൽ സർവ്വീസ് പരീക്ഷയിൽ ദേശീയതലത്തിൽ ആദ്യത്തെ ഉദ്യമത്തിൽ തന്നെ രണ്ടാംറാങ്ക് നേടിയപ്പോൾ ചങ്ങനാശ്ശേരി സ്വദേശിയും കോട്ടയത്ത് കെ.എസ്.ആർ.ടി.സിയിൽ ഡിസ്ട്രിക്ട് ട്രാൻസ്‌പോർട്ട് ഓഫീസറും ആയ രാജകുമാരൻ നായരുടേയും വി.എൻ ലതയുടേയും മകളായ രേണുവിൽ ജനങ്ങളെ സേവിക്കണമെന്ന താല്പര്യം ചെറുപ്പത്തിലേയുണ്ട്. അവൾ ഒരിക്കൽ അന്നത്തെ കോട്ടയം കളക്ടർ മിനി ആന്റണിയെ കാണാനിടയായി. സിവിൽ സർവീസിനെക്കുറിച്ചറിയാനുള്ള രേണുവിന്റെ ആവേശം കണ്ട് മിനി ആന്റണിയാണ് നിനക്കും ഐ.എ.എസുകാരിയാവാമെന്ന് പറഞ്ഞത്. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് പാസായ രേണുവിൽ ഈ മോഹം പ്രബലമായത് ഹൗസ് സർജൻസി കാലത്താണ്. കല്ലുവാതുക്കലിലെ പബ്ലിക് ഹെൽത്ത് സെന്ററിൽ താൻ ചികിത്സിക്കുന്ന രോഗികളുടെ ജീവിതപ്രയാസങ്ങളെക്കുറിച്ചറിഞ്ഞ രേണുവിന് അവരെ കൂടുതൽ സഹായിക്കാൻ സിവിൽ സർവീസ് ഉതകുമെന്ന് തോന്നിയത് സ്വാഭാവികം. ഈ തോന്നലാണ് മുതിരപ്പുഴയാറിന്റെ തീരത്ത് ഒരു വ്യവസായ കേന്ദ്രത്തിനു വേണ്ടി അനധികൃത നിർമ്മാണം നടക്കുമ്പോൾ സ്‌റ്റോപ് മെമ്മോ കൊടുക്കാനുള്ള ധൈര്യം നല്കിയത്. ഭർത്താവ് ഡോ: എൻ.എസ് ഭഗതും അച്ഛനമ്മമാരുമുണ്ട് ഈ യുവഉദ്യോഗസ്ഥക്ക് തുണയായി എല്ലാ സന്ദർഭങ്ങളിലും.

വൈദ്യശാസ്ത്രത്തിലാണ് ബിരുദമെടുത്തതെങ്കിലും മലയാളമായിരുന്നു സിവിൽസർവീസ് പരീക്ഷയിൽ രേണുരാജിന്റെ ഓപ്ഷനൽ. ഒ.വി വിജയനും സുഗതകുമാരിയും ഒ.എൻ.വി കുറുപ്പുമാണ് രേണുവിന്റെ പ്രിയപ്പെട്ട എഴുത്തുകാർ. നർത്തകി പത്മാസുബ്രഹ്മണ്യത്തിന്റെ ഫാൻ കൂടിയാണ് ഈ ഐ.എ.എസുകാരി. ചെറുപ്പത്തിലേ ശാസ്ത്രീയനൃത്തം പഠിച്ചു. സ്‌കൂൾതല മത്സരങ്ങളിൽ സമ്മാനം നേടിയ രേണു ഇപ്പോഴും നൃത്തം ചെയ്യുന്നു; ശരീരവടിവ് നിലനിർത്താൻ, അതോടൊപ്പം മാനസിക സംഘർഷങ്ങളകറ്റാനും.

യന്ത്രത്തിലെ നായകനെപ്പോലെ രേണുവും പൊരുതേണ്ടിവരുന്നത് വലിയൊരു സേനാവ്യൂഹത്തോടാണ്. അധികാരം, രാഷ്ട്രീയശക്തികൾ, സമ്പത്ത്-എല്ലാം ഈ പോരാട്ടത്തിൽ എതിർവശത്താണ്. പക്ഷേ ആദർശപ്രേരിതരായ ഒരു പറ്റം യുവ സിവിൽ സർവീസുകാർ അവർക്കൊപ്പമുണ്ട്. സംശുദ്ധരായ ചിലരാഷ്ട്രീയ നേതാക്കളുമുണ്ട്, സമൂഹമുണ്ട്-അത് രേണുവിന്ന് പകരുന്ന കരുത്ത് കുറച്ചൊന്നുമല്ല. പ്രകൃതിയേയും പരിസ്ഥിതിയേയും ജീവിതത്തിലുണ്ടാവേണ്ട നൈതികതയെയും കുറിച്ച് ധാരാളമായി വ്യാകുലപ്പെട്ടിരുന്ന വിജയനും സുഗതകുമാരിയും ഒ.എൻ.വിയും രേണുവന്റെ പ്രിയ എഴുത്തുകാരായത് ആകസ്മികതയല്ല. ഒരിക്കലും മരിക്കാത്ത ഭുമിയെപ്പറ്റിയും ഒരുപാട്ട് പിന്നേയും പാടുന്ന കാട്ടുപക്ഷിയെപ്പറ്റിയും ചെതലിയുടെ താഴ് വാരത്തിലെ ചെമ്പകമരത്തെപ്പറ്റിയുമോർത്ത് തുടിക്കുന്ന ഹൃദയം ഈ ഉദ്യോഗസ്ഥയുടെ ഉള്ളിലുണ്ട്. എപ്പോഴും ഈ തുടിപ്പ് തന്നെയായിരിക്കണം രേണുരാജിന്റെ ആത്മബലം; എല്ലാ പ്രതിസന്ധികളിലും.

Next Story
Read More >>