ദീപസ്തംഭം മഹാശ്ചര്യം

പുതിയ രാഷ്ട്രീയ പ്രതിസന്ധിയിൽ അടിപതറിയാലും പിടിച്ചു നിന്നാലും ശരി മകൻ നിഖിലിനെ രാഷ്ട്രീയത്തിലിറക്കി കുടുംബവാഴ്ചയുടെ തുടർച്ചക്ക് അടിത്തറയിട്ടിട്ടുണ്ട് സ്വാമി. കുമാരസ്വാമിക്ക് ഒന്നേയുള്ളു ആശയം, ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം....

ദീപസ്തംഭം മഹാശ്ചര്യം

സാദ്ധ്യതകളുടെ കലയാണ് രാഷ്ട്രീയം. കർണാടക രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ കരുക്കൾ നീക്കിയും വെട്ടിമാറ്റിയും ചെക്ക് പറഞ്ഞും കഴിച്ചുകൂട്ടിയ ദേവഗൗഢയെന്ന നാട്ടുമുഖ്യൻ ഇന്ത്യൻ പ്രധാനമന്ത്രിയായതും ദേശീയ രാഷ്ട്രീയത്തിൽ പ്രാമുഖ്യം നേടിയതും അതുമൂലമാണ്. ഇതേ സാദ്ധ്യതകൾ വെച്ചുതന്നെയാണ് അദ്ദേഹത്തിന്റെ മകൻ ഹർദൻ ഹള്ളി ദേവഗൗഢ കുമാരസ്വാമിയുടേയും കളി. അദ്ദേഹം ഒരേസമയം കളിക്കുന്നത് പലരോടുമാണ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ കൊമ്പുകുലുക്കിയടുക്കുന്ന ബി.ജെ.പിയോട്, സിദ്ധരാമയ്യയുടെ തലപ്പൊക്കവുമായി കളത്തിലിറങ്ങിയ കോൺഗ്രസ്സിനോട്, തഞ്ചംകിട്ടിയാൽ കാലുവാരാൻ തക്കം പാർത്തുനില്ക്കുന്ന സഹോദരൻ രേവണ്ണയോട്, ഇപ്പോൾ ഗവർണ്ണറും കോടതിയുമുണ്ട് കുമാരസ്വാമിയുടെ മുമ്പിൽ തടസ്സങ്ങളുടെ രൂപത്തിൽ. ഇങ്ങനെയൊക്കെയാണെങ്കിലും സാദ്ധ്യതകളുടെ തുമ്പത്ത് പിടിച്ചു തൂങ്ങി രക്ഷപ്പെടാൻ കുമാരസ്വാമി ശ്രമിച്ചുകൊണ്ടേയിരിക്കും. അതിനുള്ള വൈഭവം അദ്ദേഹത്തിനുണ്ടെന്ന് തീർച്ച. അതുകൊണ്ടാണ് എം.എൽ.എമാരിൽ പലരും മറുകണ്ടം ചാടിയിട്ടും മന്ത്രിസഭക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും രാജിവെക്കാൻ തയ്യാറാവാതെ, മുഖ്യമന്ത്രിസ്ഥാനത്ത് തുടരാൻ പഠിച്ച പണി പതിനെട്ടും പയറ്റി കുമാരസ്വാമി നിലക്കൊള്ളുന്നത്. ഇക്കണ്ട അതിജീവനശക്തിയാണ് കുമാരസ്വാമിയുടെ ശക്തി എന്നതിന് ചരിത്രം സാക്ഷി.

എച്ച്.ഡി കുമാരസ്വാമി ഒരു ശരാശരി രാഷ്ട്രീയക്കാരനാണ്. ഹസ്സൻ ജില്ലയിലെ ഹോളെനരസിവുരയിലെ ഹർദൻ ഹള്ളിയിലെ കിരീടം വെക്കാത്ത രാജാവായ ദേവഗൗഢയുടെ മകനായി പിറന്നു എന്നതുമാത്രമാണ് കുമാരസ്വാമിയുടെ കൈമുതൽ, സ്വന്തം ഗ്രാമത്തിലും ബംഗളൂരുവിലും പഠിച്ച് ബി.എസ്.സി ബിരുദമെടുത്ത കുമാരസ്വാമി പിതാവിന്റെ തണലിൽ രാഷ്ട്രീയത്തിലിറങ്ങിയത് ഒരു സ്വാഭാവികത്തുടർച്ച, അല്ലാതെ സോഷ്യലിസമൊന്നും മൂപ്പർക്കൊരു വിഷയമേയല്ല. 1996 ൽ കനകപുരയിൽ നിന്ന് എം.എൽ.എയാവുമ്പോൾ വയസ്സ് 37. രണ്ടുകൊല്ലം കഴിഞ്ഞു അവിടെത്തന്നെ കെട്ടിവെച്ച തുക തിരിച്ചു വാങ്ങാൻപോലും കഴിയാതെ തോറ്റു. 1999ൽ ഡി.കെ ശിവകുമാറിനോട് സത്തനൂറിലും തോറ്റു. തോൽവിയും ജയവും മാറിമാറിപ്പുണർന്ന കുമാരസ്വാമിയുടെ കണ്ണു തെളിഞ്ഞത് 2004 ൽ രാമനഗരിയിൽ നിന്ന് ജയിച്ച് എം.എൽ.എ ആയപ്പോഴാണ്. ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ കോൺഗ്രസ്സിനോട് കൂട്ടുചേർന്ന് ജനതാദൾ-എസ് മന്ത്രിസഭയുണ്ടാക്കി. കോൺഗ്രസ്സിലെ ധരംസിങ്ങായിരുന്നു മുഖ്യമന്ത്രി. 2006 ആയതോടെ ധരംസിങ്ങിനെ കാലുവാരി 42 പേർക്കൊപ്പം കുമാരസ്വാമി പുറത്തുപോന്നു. പിന്നീട് ബി.ജെ.പിയായി കൂട്ട്. 2006 മുതൽ 2007 വരെ ബി.ജെ.പിയുടെ പിന്തുണയോടെ മുഖ്യമന്ത്രി. 2007 ഒക്ടോബറിൽ സ്ഥാനമൊഴിഞ്ഞുകൊടുക്കേണ്ടതായിരുന്നു കുമാരസ്വാമി, പക്ഷേ, അതിന് അദ്ദേഹം തയ്യാറായില്ല; പലതും പറഞ്ഞും പറഞ്ഞത് മാറ്റിപ്പറിഞ്ഞുമൊക്കെ കുറച്ചുദിവസം കൂടി മന്ത്രിസഭക്ക് ആയുസ്സു നീട്ടിക്കിട്ടാൻ കുമാരസ്വാമി ഒരുപാടുകളിച്ചുവെങ്കിലും ഫലം നാസ്തി. പിന്നീട് യെദിയൂരപ്പയുടെ കാലും വാരി കുമാരസ്വാമി. പക്ഷേ ഒന്നുണ്ട്-ഒരു കളിയിൽ തോറ്റെന്ന് വെച്ച് കുമാരസ്വാമിക്ക് കൂസലൊന്നുമില്ല. കക്ഷി കളിച്ചുകൊണ്ടേയിരിക്കും. അങ്ങനെയൊരു കളിക്കൊടുവിലാണ് 2018 ലെ തെരഞ്ഞെടുപ്പിനുശേഷം ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ മൂന്നാംസ്ഥാനത്തായിരുന്ന ജനതാദൾ എസിന്റെ നേതാവായ കുമാരസ്വാമിക്ക് മുഖ്യമന്ത്രിസ്ഥാനം ലഭിച്ചത്. അതു നിലനിർത്താൻ കുമാരസ്വാമി കളിച്ചുകൊണ്ടിരിക്കുന്നതും സ്വാഭാവികം.

എച്ച്.ഡി കുമാരസ്വാമിക്ക് രാഷ്ട്രീയം നാട്ടുകാരുടെ കാര്യമല്ല സ്വന്തം കാര്യമാണ്; കസ്തൂരിയെന്ന ചാനൽ, സിനിമാനിർമ്മാണ സംരംഭങ്ങൾ-ഇവയൊക്കെ വിജയകരമായി നടത്താൻ അധികാരം അത്യാവശ്യം. 'ചന്ദ്രയകോരി'എന്ന സിനിമയിലൂടെ കുമാരസ്വാമി നേടിയത് കോടികളാണ്. സിനിമയിലൊരു കൈനോക്കിയതു മൂലം രാധികയെന്ന നടിയേയും സ്വന്തമായി കിട്ടി. 1986 ൽ വിവാഹം കഴിച്ച അനിത കുമാരസ്വാമി ബിസിനസ്സിലും രാഷ്ട്രീയത്തിലും കൂട്ടുകാരി. 1986 ൽ ജനിച്ച രാധികയുമായി നടത്തിയത് ഗാന്ധർവവിവാഹമായിരുന്നു. ബഹുഭാര്യത്വക്കുറ്റം ചുമത്തി കുമാരസ്വാമിയെ കുടുക്കാൻ ചിലരൊക്കെ ശ്രമിച്ചെങ്കിലും അതിൽനിന്നെല്ലാം ഊരിപ്പോരാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ജന്തകൻ മൈനിംഗ് അഴിമതിക്കേസ്, വിശ്വഭാരതി ഹൌസിംഗ് സൊസൈറ്റി വിവാദം തുടങ്ങിയ അഴിമതിവിവാദങ്ങളും കുമാരസ്വാമിയെ ഉലച്ചിട്ടില്ല.

പുതിയ രാഷ്ട്രീയ പ്രതിസന്ധിയിൽ അടിപതറിയാലും പിടിച്ചു നിന്നാലും ശരി മകൻ നിഖിലിനെ രാഷ്ട്രീയത്തിലിറക്കി കുടുംബവാഴ്ചയുടെ തുടർച്ചക്ക് അടിത്തറയിട്ടിട്ടുണ്ട് സ്വാമി. കുമാരസ്വാമിക്ക് ഒന്നേയുള്ളു ആശയം, ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം....

Read More >>