പെണ്‍കരുത്തിന്റെ പ്രതീകം

ബി.ജെ.പിക്കാരിയാണെങ്കിലും സാമ്പത്തിക വിഷയങ്ങളിൽ മൻമോഹൻസിങ്ങിന്റെ സമീപനങ്ങളോട് പൊരുത്തപ്പെട്ടുപോകുന്ന ആളാണ് നിർമല.

പെണ്‍കരുത്തിന്റെ പ്രതീകം

രണ്ടാം മോദിസർക്കാറിന്റെ ഒന്നാം ബജറ്റവതരിപ്പിച്ചത് നിർമല സീതാരാമൻ. ഒരു കണക്കിന് പല സവിശേതകളുമുണ്ട് ഈ ബജറ്റവതരണത്തിന്. ബി.ജെ.പിക്ക് വേരുപിടിക്കാനാവാത്ത തെക്കേ ഇന്ത്യയിൽ നിന്നാണ് ഈ വനിതയുടെ ഉദയം എന്നത് ഒന്നാമത്തെ സംഗതി. ഇന്ദിരാഗാന്ധിക്കുശേഷം കേന്ദ്രബജറ്റവതരിപ്പിക്കുന്ന ആദ്യത്തെ വനിതാ മന്ത്രിയെന്നത് മറ്റൊന്ന്. ഒരർത്ഥത്തിൽ ഇന്ദിരയുടെ പിന്മുറക്കാരി തന്നെ നിർമല. അതായത് ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധമന്ത്രി ഇന്ദിരാഗാന്ധി, രണ്ടാമത്തേത് നിർമല സീതാരാമൻ. ആദ്യത്തെ വനിതാ ധനകാര്യമന്ത്രി ഇന്ദിര രണ്ടാമത്തേത് നിർമല-ഈ പാരമ്പര്യങ്ങൾക്ക് പുറമെ രണ്ടുപേർക്കും പൊതുവായി ഒരു സവിശേഷത കൂടിയുണ്ട്. ഇരുവർക്കുമുള്ള ഉറച്ച മനസ്സ്, ഉൾക്കരുത്ത്.

ഈ ഉറച്ച മനസ്സാണ്, ഏറെയൊന്നും രാഷ്ട്രീയാഭിമുഖ്യമില്ലാതെ ജീവിച്ച നിർമല സീതാരാമനെ നരേന്ദ്രമോദി സർക്കാറിലെ മുൻനിര മന്ത്രിമാരിലൊരാളാക്കിയത്. രാഷ്ട്രീയം കളിക്കാനോ മന്ത്രിയാവാനോ പറ്റിയ അന്തരീക്ഷവും പാരമ്പര്യവുമായിരുന്നില്ല തമിഴ്‌നാട്ടിലെ മധുരയിൽ ഒരു സാധാരണകുടുംബത്തിൽ റെയിൽവേ ഉദ്ദ്യോഗസ്ഥനായ സീതാരാമന്റെ മകളായി പിറന്ന നിർമലയുടേത്. അച്ഛന് റെയിൽവേയിൽ ജോലിയായിരുന്നതിനാൽ പഠനം തമിഴ്‌നാട്ടിലെ വിവിധ സ്‌കൂളുകളിൽ. തിരുച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം. ജെ.എൻ.യുവിൽ നിന്ന് എം.എയും എംഫിലും. ഇന്തോ-യൂറോപ്യൻ വാണിജ്യത്തെപ്പറ്റി ഗവേഷണം നടത്താൻ ജെ.എൻ.യുവിൽ തന്നെ ചേർന്നുവെങ്കിലും ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സിൽ സ്‌കോളർഷിപ്പ് നേടി പഠിക്കാൻ പോയ ഭർത്താവിനൊപ്പം ചേരാൻ അവർ പഠനമുപേഷിച്ചു. ഇതാണ് നിർമലയുടെ കരിയർ ഗ്രാഫ്. സാധാരണ നിലയ്ക്ക് വീട്ടമ്മയോ ഉദ്യോഗസ്ഥയോ ആയി ഒടുങ്ങേണ്ടിയിരുന്ന ജന്മം.

പാരമ്പര്യം വഴിയും നിർമല ബി.ജെ.പി രാഷ്ട്രീയത്തിലെത്തേണ്ട ആളല്ല. കുടുംബത്തിന് സജീവ രാഷ്ട്രീയമില്ല. ജെ.എൻ.യുവിൽ പഠിക്കുമ്പോൾ കണ്ടുമുട്ടി പിന്നീട് ഭർത്താവായിത്തീർന്ന പറക്കാല പ്രഭാകർ എന്ന തെലുങ്ക് ബ്രാഹ്മണന്റേത് കോൺഗ്രസ്സിനോടാഭിമുഖ്യമുള്ള കുടുംബമായിരുന്നു. 1986 ലായിരുന്നു വിവാഹം. ഭർത്താവ് പ്രഭാകർ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഉപദേഷ്ടാക്കളിലൊരാളും. അതായത് ബി.ജെ.പി രാഷ്ട്രീയം നിർമലയിൽ നിന്ന് ഏറെ ദൂരെ.

എന്നിട്ടും നിർമല സീതാരാമൻ 2008 ൽ ബി.ജെ.പിയിൽ ചേർന്നു. പാർട്ടി വക്താവായി. 2014 ൽ നരേന്ദ്രമോദി മന്ത്രിസഭയിൽ ജൂനിയർ മന്ത്രിയായി. 2014 ജൂണിൽ ആന്ധ്രപ്രദേശിൽ നിന്ന് രാജ്യസഭ എം.പിയായി. 2016 ൽ വീണ്ടും എം.പിയായത് കർണ്ണാടകത്തിൽ നിന്ന്. 2017 ൽ പ്രതിരോധ മന്ത്രിയായതോടെ, നിർമലക്ക് ബി.ജെ.പിയിലുള്ള സ്ഥാനവും മോദിയോടും അമിത്ഷായോടുമുള്ള അടുപ്പവുമാണ് വെളിപ്പെട്ടത്. ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് നിർമലയിലുള്ള വിശ്വാസം രണ്ടാം മോദിസർക്കാറിൽ അവർ ധനമന്ത്രിയായതോടെ ദൃഢപ്പെട്ടു. ഇന്ത്യയിലെ ആദ്യത്തെ വനിത ധനമന്ത്രിയാണ് വരുന്ന ആഗസ്തിൽ 60 തികയുന്ന ഈ തമിഴ്‌നാട്ടുകാരി.

ബി.ജെ.പിക്കാരിയാണെങ്കിലും സാമ്പത്തിക വിഷയങ്ങളിൽ മൻമോഹൻസിങ്ങിന്റെ സമീപനങ്ങളോട് പൊരുത്തപ്പെട്ടുപോകുന്ന ആളാണ് നിർമല. ലണ്ടനിലെ റീജന്റ് സ്ട്രീറ്റിലെ ഒരു കടയിൽ സെയിൽസ് ഗേളായി ജീവിതമാരംഭിച്ച അവർ ബി.ബി.സി വേൾഡ് സർവീസിലും പ്രൈസ് വാട്ടർ ഹൗസിലുമടക്കം ബ്രിട്ടനിലെ പല സ്ഥാപനങ്ങളിലും ഉയർന്ന മാനേജ്‌മെന്റ് തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമ്പത്തിക ശാസ്ത്രത്തിലുള്ള അവഗാഹമായിരുന്നു അവരുടെ കരുത്ത്. ദേശീയ വനിതാ കമ്മിഷനിൽ അംഗവുമായിരുന്നു നിർമല. ഏതു പദവിയിലിരുന്നാലും അർപ്പണബോധത്തോടെ പ്രവർത്തിക്കാൻ നിർമല സീതാരാമൻ തയ്യാർ. അതാണവരുടെ വിജയ രഹസ്യം.

2022 ആകുമ്പോഴേക്കും എല്ലാ വീടുകളിലും പാചകവാതകമെത്തിക്കുമെന്നാണ് നിർമലയുടെ ബജറ്റ് വാഗ്ദാനം. അപ്പോഴേക്കും അവർ ദേശീയരാഷ്ട്രീയത്തിലും ഭരണത്തിലും എത്രത്തോളം ഉയരുമെന്നതും നാം കാത്തിരുന്നു കാണുക.

Read More >>