വാഹനാപകടം: ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

അമിതവേഗത വാഹനാപകടത്തിന് മറ്റൊരു കാരണമാണ്. ഇരുചക്രവാഹനങ്ങളിൽ കുതിച്ചോടുന്ന ഫ്രീക്കൻമാർ റോഡുകളിലെ നിത്യക്കാഴ്ചയാണ്. മദ്യപിച്ചും മൊബൈൽ ഫോൺ ഉപയോഗിച്ചുമൊക്കെ വാഹനമോടിക്കുന്നതും അപകട കാരണമാവുന്നു. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിനുള്ള പിഴ വർദ്ധിപ്പിച്ചതു അപകടങ്ങൾ കുറയ്ക്കാൻ ഒരു പരിധിവരെ സഹായിക്കും

വാഹനാപകടം: ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ആശങ്കാജനകവും ദുഃഖകരവുമായ ചില വിവരങ്ങൾ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം കേരള നിയമസഭയിൽ വെളിപ്പെടുത്തുകയുണ്ടായി. സംസ്ഥാനത്തെ നിരത്തുകളിൽ ദിവസവും പൊലിയുന്നത് ശരാശരി 11 ലധികം ജീവനുകൾ. കഴിഞ്ഞ മൂന്നു വർഷത്തിനിടെ സംസ്ഥാനത്ത് റോഡപകടങ്ങളിൽ 12,392 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം മാത്രം 4303 പേർ അപകടത്തിൽ മരിച്ചു. ഇരുചക്രവാഹനങ്ങളാണ് ജീവനെടുക്കുന്നതിൽ മുൻപന്തിയിൽ. കഴിഞ്ഞ വർഷം 1326 അപകടങ്ങൾക്ക് കാരണം ഇരുചക്രവാഹനങ്ങളാണ്. 1382 പേർ ഇരുചക്രവാഹനങ്ങളുടെ അപകടം മൂലം മൃതിയടഞ്ഞു. കാറുകൾ 868 ഉം ലോറികൾ 362ഉം സ്വകാര്യ ബസ്സുകൾ 316ഉം കെ.എസ്.ആർ.ടി.സി ബസ്സുകൾ 169 ഉം ജീവനുകൾ കഴിഞ്ഞ വർഷം നഷ്ടമാകുന്നതിന് കാരണമായി- ഇതാണ് മന്ത്രിയുടെ പ്രസ്താവനയുടെ ചുരുക്കം. അധികൃതരുടെ സത്വരശ്രദ്ധ തേടുന്ന വിഷയമത്രെ ഇത്. വാഹനാപകട മരണത്തിന്റെ വാർത്തയില്ലാതെ ഒരു ദിനവും പുലരുന്നില്ല.

ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട വാഹനാപകടം നടന്നത് 1896 മെയ് 30 ന് ന്യൂയോർക്ക് നഗരത്തിലാണത്രെ; ആദ്യത്തെ ആളപായമുണ്ടായ മോട്ടോർ വാഹനാപകടം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1899 ഫെബ്രുവരി 25 ന് ലണ്ടനിൽ നിന്നുമാണ്. അന്ന് വാഹനാപകടം അപൂർവവമായിരുന്നു. ഇന്നു ദിനംപ്രതി ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന റോഡപകടങ്ങൾ പരസഹസ്രം വരും. ഇന്ത്യയിലെ 86.5 ശതമാനം റോഡപകടങ്ങൾ സംഭാവന ചെയ്യുന്ന 13 സംസ്ഥാനങ്ങളിൽ കേരളം നാലാം സ്ഥാനത്തുണ്ട്.

റോഡുകൾക്ക് താങ്ങാവുന്നതിലധികം വാഹനങ്ങൾ സംസ്ഥാനത്ത് ഓടുന്നുണ്ട്. കഴിഞ്ഞ മാർച്ച് 31 വരെ സംസ്ഥാനത്ത് 1.33 കോടി വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ട്രാൻസ്‌പോർട്ട് വാഹനങ്ങൾ 16.44 ലക്ഷമാണ്. ഇവയെല്ലാം വികസനം അനിവാര്യമായ നമ്മുടെ റോഡുകളിലൂടെയാണ് ഓടുന്നത്. വാഹനപ്രളയത്തിൽ ആശ്വാസം നേടണമെങ്കിൽ റോഡുവികസനം ഉണ്ടാവണം. ദേശീയ പാതയടക്കമുള്ളവ വികസിപ്പിക്കണം. ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയേയും സന്ദർശിച്ച് ഏതാനും ദിവസങ്ങൾ മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപാതാ വികസനത്തിനത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുകയുണ്ടായി. ദേശീയ പാതാവികസനത്തിനാവശ്യമായ ഭൂമിയേറ്റെടുക്കൽ ചെലവിന്റെ ഒരു ഭാഗമെങ്കിലും കേരളം വഹിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. ഭൂമിയുടെ ഉയർന്ന വില, ജനസാന്ദ്രത മൂലമുള്ള ഭൂമിയുടെ ലഭ്യതക്കുറവ് എന്നിവ ദേശീയപാതാ വികസനത്തിന് കാലതാമസം വരുത്തുന്ന ഘടകങ്ങളാണ്. ഇക്കാര്യത്തിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ പാർട്ടികളും സംയുക്തസമരസമിതിയും പ്രായോഗിക സമീപനത്തിലെത്തണം.

അമിതവേഗത വാഹനാപകടത്തിന് മറ്റൊരു കാരണമാണ്. ഇരുചക്രവാഹനങ്ങളിൽ കുതിച്ചോടുന്ന ഫ്രീക്കൻമാർ റോഡുകളിലെ നിത്യക്കാഴ്ചയാണ്. മദ്യപിച്ചും മൊബൈൽ ഫോൺ ഉപയോഗിച്ചുമൊക്കെ വാഹനമോടിക്കുന്നതും അപകട കാരണമാവുന്നു. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിനുള്ള പിഴ വർദ്ധിപ്പിച്ചതു അപകടങ്ങൾ കുറയ്ക്കാൻ ഒരു പരിധിവരെ സഹായിക്കും. ഗതാഗത നിയന്ത്രണത്തിനും ട്രാഫിക് നിയമങ്ങൾ നടപ്പാക്കുന്നതിനും ചുമതലപ്പെട്ട പൊലീസ് എൻഫോഴ്‌സ്മെന്റിലെ അംഗസംഖ്യ വളരെ കുറവാണ്. ജോലിഭാരത്തിന് ആനുപാതികമായി ഉദ്യോഗസ്ഥർ മോട്ടോർ വാഹനവകുപ്പിലില്ല. ഗതാഗത നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊലീസിലും മോട്ടോർ വാഹനവകുപ്പിലും വേണ്ടത്ര ഉദ്യോഗസ്ഥരെ നിയമിക്കണം.

കുണ്ടുംകുഴിയും നിറഞ്ഞ നമ്മുടെ റോഡുകളും വാഹനാപകടത്തിന് കാരണമാണ്. നിർമ്മിച്ച് ഏതാനും വർഷങ്ങൾക്കകം തകർന്നുപോകുന്ന റോഡുകൾക്കും പാലങ്ങൾക്കുമുള്ള ഉത്തമ ഉദാഹരണമാണ് പാലാരിവട്ടം പാലം. റോഡുകൾ ഒരു നിശ്ചിതകാലാവധിക്ക് മുമ്പ് തകർന്നാൽ കരാറുകാർക്കെതിരെ നടപടിയെടുക്കാൻ നിയമമുണ്ട്. രാഷ്ട്രീയ ഇടപെടൽ മൂലം ഇത് പലപ്പോഴും നടപ്പിലാവാറില്ല. ജല അതോറിറ്റി, ബി.എസ്.എൻ.എൽ പോലെയുള്ള സ്ഥാപനങ്ങൾ പുതുതായി നിർമ്മിച്ച റോഡുകൾ അവരുടെ ആവശ്യങ്ങൾക്കായി കുത്തിപ്പൊളിക്കുന്നതായി മന്ത്രി ജി. സുധാകരൻ നിയമസഭയിൽ വെളിപ്പെടുത്തുകയുണ്ടായി: ഇതുവഴി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഖജനാവിന് നഷ്ടമായത് 3000 കോടി രൂപയത്രെ.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള 'റോഡ് സുരക്ഷ ദശകം' അവസാനിക്കുന്നതു അടുത്ത വർഷമാണ്. 2011 ജനുവരി ഒന്നുമുതൽ 2020 ഡിസംബർ 31 വരെ റോഡ് സുരക്ഷാദശകമായി ആചരിക്കാൻ 2010 മാർച്ചിൽ ചേർന്ന യു.എൻ ജനറൽ അസംബ്ലിയാണ് തീരുമാനിച്ചത്. ലോകത്താകമാനം 2020 ഓടെ മരണമോ ഗുരുതരമായ പരിക്കോ ഉണ്ടാക്കുന്ന വാഹനാപകടം പരമാവധി ഇല്ലാതാക്കുക എന്നതിന് 'ദശകം' ഊന്നൽ നല്കുന്നു. അതിന് ബന്ധപ്പെട്ട അധികൃതർ കൃത്യമായ ഗതാഗതനിയമ നിർവ്വഹണം നടത്തണം. ഇക്കാര്യത്തിൽ ചിലപ്പോൾ നിയമഭേദഗതികൾ വേണ്ടിവരും. ഗതാഗതനിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തണം. അപകടമുണ്ടായാൽ ചെയ്യേണ്ട പ്രാഥമിക നടപടികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുകയെന്നത് 'ദശക'ത്തിന്റെ ഒരു ലക്ഷ്യമാണ്. റോഡ് സുരക്ഷാദശകപ്രഖ്യാപനത്തിന്റെ പൊരുൾ ഉൾക്കൊണ്ട് പ്രവർത്തിക്കുകയാണ് റോഡ് അപകടങ്ങളും ദുരന്തങ്ങളും ആവർത്തിക്കാതിരിക്കാനുള്ള വഴി.

Read More >>