കളിയും കാര്യവും

വെള്ളാപ്പള്ളി നടേശൻ മുതലാളിയുടെ അരുമമകനാണെങ്കിലും തുഷാർ വെള്ളാപ്പള്ളി ഇപ്പോൾ ബി.ജെ.പി ജനറൽ സിക്രട്ടറി അമിത്ഷായുടെ മാനസപുത്രനാണ്. അച്ഛൻ കേശവൻ മുതലാളിയിൽ നിന്ന് കിട്ടിയ സ്വത്തും സ്വന്തമായി താൻ സമ്പാദിച്ച സ്വത്തുമെല്ലാം വെള്ളാപ്പളളി നടേശൻ തുഷാറിന് നീക്കിവെച്ചതാണ്. കൂട്ടത്തിൽ വേറെയൊന്നുകൂടി അച്ഛൻ മകന് ഇഷ്ടദാനം നല്കി. എസ്.എൻ.ഡി.പിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം. വെള്ളാപ്പള്ളി നടേശൻ 2015 ൽ നായാടി മുതൽ നമ്പൂതിരിവരെയുള്ള സകലമാന ഹിന്ദുക്കളേയും കൂട്ടിച്ചേർത്ത് ഭാരതീയ ധർമ്മജനസേനയെന്ന ഹിന്ദുപ്പാർട്ടിയുണ്ടാക്കിയപ്പോൾ, അതിന്റെ നേതൃസ്ഥാനവും തുഷാറിനു കിട്ടി. ചുരുക്കത്തിൽ തുഷാർ വെള്ളാപ്പള്ളിക്ക് കിട്ടിയതത്രയും അച്ഛൻ വക. പക്ഷേ എന്തുചെയ്യും തെരഞ്ഞെടുപ്പ് വന്നപ്പോൾ അച്ഛന്റെ വഴിവേറെ, മകന്റെ വഴി വേറെ.

കളിയും കാര്യവും

ആഴ്ച്ചക്കാഴ്ച്ച / ആരിഫ്


അച്ഛനും മകനും നേർക്കുനേർ നിന്നു പോരാടിയ സംഭവങ്ങൾ ലോകചരിത്രത്തിൽ പലതുണ്ട്. അതിന്നുമപ്പുറത്തേക്ക് കടന്ന്, മകന്റെ കൈമിടുക്കിൽ അസ്വാസ്ഥ്യം പൂണ്ട് കടുംകൈകൾ ചെയ്ത പെരുന്തച്ചന്മാരുമുണ്ട് നമ്മുടെയെല്ലാം ഓർമ്മകളിൽ. സാക്ഷാൽ മഹാത്മാഗാന്ധിപോലും സ്വന്തം മകന്റെ ചെയ്തികൾ മൂലം പൊറുതിമുട്ടിയിട്ടുണ്ടല്ലോ. ഇതൊക്കെ വെച്ചുനോക്കുമ്പോൾ വെള്ളാപ്പള്ളി നടേശൻ മുതലാളിയും മകൻ തുഷാർ വെള്ളാപ്പള്ളിയും രണ്ടുചേരിയിൽ നിന്ന്, ലോക്‌സഭാ തെരഞ്ഞടുപ്പ് കാലത്ത് ഒരു കളികളിക്കുമ്പോൾ അത് കളിയായിത്തന്നെയേ കരുതേണ്ടതുള്ളു മാലോകർ, ഒട്ടും കാര്യമാക്കേണ്ടതില്ല. രണ്ടുപേർക്കും സംഗതി ഒഴിവുസമയത്തെ ഒരു കളി, അല്ലെങ്കിലൊരു അസംബന്ധ നാടകം. പക്ഷേ അതിന്റെ അന്തിമഫലത്തിലാണ് യഥാർത്ഥ രസാനുഭൂതി. നാടകാന്ത്യം ചിന്ത്യം.

തെരഞ്ഞെടുപ്പ് കാലങ്ങളിൽ, കേരളത്തിലെ സകലമാന രാഷ്ട്രീയനേതാക്കന്മാരും മുന്നണിമുത്തപ്പന്മാരും കൃത്യമായി ചെയ്തുപോരുന്ന ഒരനുഷ്ഠാനമുണ്ട്, പെരുന്നയിലും കണിച്ചുകുളങ്ങരയിലും കാരന്തൂരിലും ചെന്ന് താണുവണങ്ങി അനുഗ്രഹം വാങ്ങുക. അതിനുശേഷം മാത്രമേ വിപ്ലവത്തിന്റെ തീപ്പന്തങ്ങൾപോലും അങ്കത്തട്ടിലെത്താറുള്ളൂ. അതാണ് നടേശൻ മുതലാളിയുടെ ആത്മവിശ്വാസത്തിന്റെ അടിത്തറ. പക്ഷേ കുറച്ചുകാലമായി നടേശൻ മുതലാളി പലവേഷങ്ങളാണ് കെട്ടിയാടുന്നത്. മകൻ തുഷാർ മുതലാളി തികച്ചും വ്യത്യസ്തമായ മറ്റൊരു വേഷത്തിലും അഭിനയിക്കുന്നു. അച്ഛനും മകനും കൂടിയുണ്ടാക്കുന്ന പുകിലുകൾക്ക് കേരള രാഷ്ട്രീയത്തിൽ ന്യൂയിസൻസ് വാല്യുമാത്രമേ ഉള്ളൂ എന്നതാണ് നേര്. നിർഭാഗ്യവശാൽ, ആ നേരുകാണാൻ പ്രബുദ്ധകേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് സാധിക്കുന്നില്ലെന്നത് അതിനേക്കാൾ വലിയനേരാണ്. വി.എം സുധീരനോ മറ്റോ മാത്രം, സത്യം വിളിച്ചു പറയുന്നുണ്ട്. എന്നിട്ടെന്തുഫലം?

വെള്ളാപ്പള്ളി നടേശൻ മുതലാളിയുടെ അരുമമകനാണെങ്കിലും തുഷാർ വെള്ളാപ്പള്ളി ഇപ്പോൾ ബി.ജെ.പി ജനറൽ സിക്രട്ടറി അമിത്ഷായുടെ മാനസപുത്രനാണ്. അച്ഛൻ കേശവൻ മുതലാളിയിൽ നിന്ന് കിട്ടിയ സ്വത്തും സ്വന്തമായി താൻ സമ്പാദിച്ച സ്വത്തുമെല്ലാം വെള്ളാപ്പളളി നടേശൻ തുഷാറിന് നീക്കിവെച്ചതാണ്. കൂട്ടത്തിൽ വേറെയൊന്നുകൂടി അച്ഛൻ മകന് ഇഷ്ടദാനം നല്കി. എസ്.എൻ.ഡി.പിയുടെ വൈസ് പ്രസിഡന്റ് സ്ഥാനം. വെള്ളാപ്പള്ളി നടേശൻ 2015 ൽ നായാടി മുതൽ നമ്പൂതിരിവരെയുള്ള സകലമാന ഹിന്ദുക്കളേയും കൂട്ടിച്ചേർത്ത് ഭാരതീയ ധർമ്മജനസേനയെന്ന ഹിന്ദുപ്പാർട്ടിയുണ്ടാക്കിയപ്പോൾ, അതിന്റെ നേതൃസ്ഥാനവും തുഷാറിനു കിട്ടി. ചുരുക്കത്തിൽ തുഷാർ വെള്ളാപ്പള്ളിക്ക് കിട്ടിയതത്രയും അച്ഛൻ വക. പക്ഷേ എന്തുചെയ്യും തെരഞ്ഞെടുപ്പ് വന്നപ്പോൾ അച്ഛന്റെ വഴിവേറെ, മകന്റെ വഴി വേറെ. തൃശൂരിലല്ല, എവിടെമത്സരിച്ചാലും കെട്ടിവെച്ച തുക കിട്ടുകയില്ലെന്ന് അച്ഛൻ, അതിഗംഭീരമായി ജയിക്കുമെന്ന് മകൻ. അഭിപ്രായങ്ങൾ വെവ്വേറെയാണെങ്കിലും അനുഗ്രഹങ്ങൾ വാരിക്കോരി നല്കാൻ അച്ഛൻ തയ്യാർ. ഇതാണ് വെള്ളാപ്പള്ളിമാർ നടത്തുന്ന വെള്ളരിനാടകത്തിൽ ഉടനീളമുള്ള ഉദ്വേഗം.

തൃശൂരിൽ ചെന്ന് വടക്കുനാഥനെ വണങ്ങി പ്രചാരണമാരംഭിക്കുവാൻ പോവുകയാണ് തുഷാർ വെള്ളാപ്പള്ളി. അമ്മ പ്രീതിനടേശൻ ഏതായാലും മകനൊപ്പമുണ്ട്. തെരഞ്ഞെടുപ്പിൽ തുഷാരബിന്ദുവിനെപ്പോലെ അലിഞ്ഞുപോയാലെന്ത് തുഷാറിന്നൊരുകൂസലുമില്ല. അമിത്ഷായിൽ നിന്ന് തുഷാറിനൊരു ഉറപ്പുകിട്ടിയുണ്ടത്രേ-രാജ്യസഭാ എം.പി സ്ഥാനം. ഇതുവരെ അമിത്ഷാ നല്കിയ ഉറപ്പുകളെല്ലാം കുറുപ്പിന്റെ ഉറപ്പുകളാണെങ്കിലും തുഷാർ അതുവിശ്വസിച്ച് ചുട്ടുപൊള്ളുന്ന ചൂടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിത്തിരിച്ചതിലുണ്ട് ഒരുതരം പിടികിട്ടായ്മ. പക്ഷേ, നടേശൻ മുതലാളിയുടെ മകനാണ് തുഷാർ. അച്ഛനെപ്പോലെ മകനും എങ്ങനെയെറിഞ്ഞാലും നാലുകാലിലേ വീഴൂ, തീർച്ച. പക്ഷേ, ചിലപ്പോൾ പൂച്ചയല്ല ആനയും അടിതെറ്റി വീഴാറുണ്ട്. അത് മനസ്സിലാക്കാനുള്ള ബുദ്ധി അച്ഛനും മകനുമുണ്ടെങ്കിൽ ഇരുവരുമഭിനയിക്കുന്ന നാടകം കോമഡിയായി അവസാനിക്കും. അല്ലെങ്കിൽ തികഞ്ഞ ട്രാജഡിയാവും.

Read More >>