ഭീകരതയും വിഭാഗീയതയും മത സൃഷ്ടികളല്ല

ഭാഷ, ദേശം, ആചാരം, ഗോത്രം. വര്‍ണ്ണം, സമ്പത്ത്, അധികാരം, രാഷ്ട്രീയം തുടങ്ങി പല ഘടകങ്ങളും സങ്കുചിതത്വത്തിന് പ്രേരകമായിട്ടുണ്ട്. പഴയകാലങ്ങളില്‍ പൗരോഹിത്യവും പ്രാമാണിത്തവും തമ്മിലെ കൂട്ടുകെട്ടാണ് ഉച്ചനീചത്വ സൃഷ്ടിക്കും തമ്മില്‍തല്ലിനും കാരണമായതെങ്കില്‍ ആധുനിക കാലത്ത് അധികാരവും രാഷ്ട്രീയവും സമ്പത്തുമത്രെ മതസമൂഹങ്ങളെ പരസ്പരം തലയറുക്കുന്ന ഭീകരതയോളം ധ്രുവീകരിച്ചതെന്നു കാണാനാകും.

ഭീകരതയും വിഭാഗീയതയും മത സൃഷ്ടികളല്ല

ചെറിയമുണ്ടം അബ്ദുര്‍റസ്സാഖ്

സര്‍വ്വതലങ്ങളിലും ശാന്തിയായിരിക്കേണ്ട ആത്മീയ പ്രധാനമായ മത തത്വങ്ങള്‍ ഭീതിയും ആശങ്കയും ഉളവാക്കുന്ന ഭീകര സ്വത്വങ്ങളായി മാറുക എന്നതിലപ്പുറം പരിതാപകരമായി മറ്റൊന്നുമില്ല. താരതമ്യേന ശക്തികുറഞ്ഞ ചെറു സമൂഹങ്ങള്‍ സ്വയം ജീവന്‍ ത്യജിച്ച് തീവ്ര-ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും ചാവേറിനും തയ്യാറാവുന്നുവെങ്കില്‍ ക്രൂരവും പ്രാകൃതവുമായ ഹിംസമാര്‍ഗ്ഗം, അധികാരവും ആള്‍ബലവുമുള്ള വന്‍സംഘങ്ങള്‍ അവലംബിച്ചതിന്റെ പ്രതിസ്ഫുരണമാണ് അതെന്ന് കാണാനാവും.

പരസ്പരം മനസ്സിലാക്കാനുള്ള അന്വേഷണത്വര മതസമൂഹങ്ങള്‍ കാണിക്കുന്നില്ല. തങ്ങള്‍ക്കായി ഒരു കളം. അനുയായികള്‍ ആ കളം വിട്ടുപോകാതിരിക്കാന്‍-കളം വികസിപ്പിക്കാനും-സ്ഥാപിത താല്‍പര്യക്കാരായ നേതാക്കളുടെയും പുരോഹിത മേലാളരുടെയും തന്ത്രങ്ങള്‍! അങ്ങനെ സ്വന്തമായ ഒരു മതവും കുറേ ആചാരങ്ങളും.

പിന്നീട് അതിനു മേല്‍ക്കോയ്മയ്ക്കുവേണ്ടിയുള്ള യത്‌നം! ഇതാണ് ഏറെക്കുറേ മിക്ക മതസമൂഹങ്ങളും നേതൃത്വവും പുലര്‍ത്തിപ്പോരുന്ന നിലപാട്. വക്രമാക്കപ്പെട്ട ചരിത്രത്തിന്റെ വികലവും സങ്കുചിതവുമായ കാഴ്ചപ്പാടുകള്‍വരെ ഇതിനായി അവര്‍ കൂട്ടുപിടിക്കുന്നു. ചരിത്രത്തെ ആവശ്യാനുസരണം ഓരോരുത്തര്‍ക്കും പാകപ്പെടുത്തിക്കൊടുക്കുന്ന 'ബുദ്ധിജീവി' ഇടപെടലുകളും ഈ തലത്തില്‍ നടക്കുന്നു.

പ്രവാചകന്മാര്‍ വഴി ദൈവം നിര്‍ദ്ദേശിച്ച വിശ്വാസങ്ങളും നന്മയുടെ മാര്‍ഗ്ഗത്തില്‍ ജീവിതചലനങ്ങളുടെ ക്രമീകരണവുമാണ് മതങ്ങളുടെ മര്‍മ്മം. ഏതൊരാത്മീയ പ്രസ്ഥാനമെടുത്തു പരിശോധിച്ചാലും അടിസ്ഥാനപരമായ ശേഷിപ്പുകള്‍ വരച്ച കളം അവിടെ കാണില്ല. അത് പില്‍കാല പ്രബോധകരുടെ സൃഷ്ടിയാണ്. ഭൗതികമായ പലതരം താല്‍പര്യങ്ങളാലുണ്ടായ അപച്യുതി. ഖുര്‍ആന്‍ പറഞ്ഞു: 'സത്യവിശ്വാസികളൊ ജൂതന്മാരൊ സാബികളൊ ക്രൈസ്തവരൊ ആരാകട്ടെ, ദൈവത്തിലും പുനരുത്ഥാനത്തിലും വിശ്വസിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവര്‍ക്ക് ഭയപ്പെടാനില്ല. അവര്‍ വ്യസനിക്കേണ്ടതായും വരില്ല.'(5.99)

ജന്മമല്ല കര്‍മ്മമാണ് മോക്ഷത്തിന് നിദാനം. ചാതുര്‍വര്‍ണ്യം മായാസൃഷ്ടമെന്ന് അറിയാത്ത ആരും ഇന്നില്ല. മതത്തില്‍ മനുഷ്യന്റെ കയ്യേറ്റമായി കടന്നുകൂടിയ ഉച്ചനീചത്വങ്ങള്‍ക്ക് മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിങ്കല്‍ സ്ഥാനമൊട്ടുമില്ല. നിഷ്‌കാമകര്‍മ്മത്തിലൂടെ സ്വന്തം കടപ്പാടുകള്‍ നിര്‍വ്വഹിച്ചവനെയത്രെ ദൈവം അന്വേഷിക്കുന്നത്.

പ്രവാചകന്മാര്‍ക്കെന്നപോലെ ഋഷിമാര്‍ക്കും ദൈവികബോധനം ലഭിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാനാകും. അനശ്വരനായ പരമാത്മാവിനെ ഉപാസിച്ച് ജ്ഞാനത്തിലൂടെയും കര്‍മ്മത്തിലൂടെയും അമൃതത്വം നേടുക എന്നതാണ് ജീവിതത്തിന്റെ അര്‍ത്ഥമായി അവരെല്ലാം ഉദ്‌ഘോഷിച്ചത്.

'പ്രപഞ്ചങ്ങളേയും ദേവന്മാരേയും സൃഷ്ടിച്ചതും സ്വര്‍ഗ്ഗവും ഭൂമിയും മറ്റും നിര്‍മ്മിച്ചതും വിശ്വകര്‍മ്മാവാണ്. സര്‍വ്വ വ്യാപിയായ അവന്‍ എല്ലാവിധ അനുഗ്രഹങ്ങളുടെയും ഉറവിടമാണ്. അതിനാല്‍ വിശ്വകര്‍മ്മാവിനെ വന്ദിക്കുക' (ഋഗ്വേദം 10:81:1).

ആകാശഭൂമിയുടെ സ്രഷ്ടാവ്, പ്രപഞ്ചത്തിന്റെ നിയന്താവ്, അനാദി, അനന്തന്‍, ദൃശ്യാ ദൃശ്യജ്ഞാനി! അവനറിയാതെ ഒരിലപോലും കൊഴിയുന്നില്ല. അവന്‍തന്നെ മാര്‍ഗ്ഗദര്‍ശി...എന്നിങ്ങനെ ആ പരാശക്തിയെ വിളംബരപ്പെടുത്തുകയത്രെ വിശുദ്ധ ഖുര്‍ആനും ബൈബിള്‍ അടക്കമുള്ള വേദഗ്രന്ഥങ്ങളും അടിസ്ഥാനപരമായി നിര്‍വ്വഹിക്കുന്ന ദൗത്യം.

പ്രപഞ്ചത്തിന്റെയും അതിലെ സര്‍വ്വ ചരാചരങ്ങളുടെയും സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും കാരണഭൂതമായ ഈ ഏകാസ്തിത്വത്തിന് അറബി ഭാഷയില്‍ അല്ലാഹ്/അല്‍ ഇലാഹ് എന്ന് പറയുമ്പോള്‍ സംസ്‌കൃതത്തില്‍ അതിന് പരബ്രഹ്മം/പരമാത്മാവ് എന്നും ഹിബ്രുവില്‍ എലോഹി/യഹോവ എന്നും സംജ്ഞ നല്‍കപ്പെട്ടിരിക്കുന്നു. വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ പല കാരണങ്ങളാല്‍ കാഴ്ചപ്പാടുകള്‍ ഭിന്നമാവുകയും വ്യാഖ്യാനങ്ങള്‍ വഴിപിരിയുകയും ചെയ്യുന്നു. നാനാത്വം വന്നുചേര്‍ന്ന വഴി അതാണ്. മനുഷ്യനുള്ള കാലം ആ ഭിന്നത തീര്‍ക്കുക സാധ്യവുമല്ല. വ്യാഖ്യാന വീക്ഷണങ്ങളിലെ വൈവിധ്യം ശാരീരികമായ ഏറ്റുമുട്ടലുകളിലേക്കെത്തിക്കുന്ന സ്ഥിതി അനിവാര്യമോ എന്നാണ് ചിന്തിക്കാനുള്ളത്. അടിസ്ഥാന തത്വങ്ങളെ ഉപരിപ്ലവ വീക്ഷണങ്ങള്‍ക്കു ബലികൊടുത്തേ പറ്റൂ എന്ന് ചിന്തിക്കാന്‍ നിവൃത്തിയില്ലെങ്കില്‍ ഒരു കാര്യം തീര്‍ച്ച: നാനാത്വങ്ങളില്‍ ആ ഏകത്വം മനുഷ്യനെ ഒന്നിപ്പിക്കുന്നു എന്ന സത്യം പാലിച്ചേ മതിയാവൂ.

ഭാഷ, ദേശം, ആചാരം, ഗോത്രം. വര്‍ണ്ണം, സമ്പത്ത്, അധികാരം, രാഷ്ട്രീയം തുടങ്ങി പല ഘടകങ്ങളും സങ്കുചിതത്വത്തിന് പ്രേരകമായിട്ടുണ്ട്. പഴയകാലങ്ങളില്‍ പൗരോഹിത്യവും പ്രാമാണിത്തവും തമ്മിലെ കൂട്ടുകെട്ടാണ് ഉച്ചനീചത്വ സൃഷ്ടിക്കും തമ്മില്‍തല്ലിനും കാരണമായതെങ്കില്‍ ആധുനിക കാലത്ത് അധികാരവും രാഷ്ട്രീയവും സമ്പത്തുമത്രെ മതസമൂഹങ്ങളെ പരസ്പരം തലയറുക്കുന്ന ഭീകരതയോളം ധ്രുവീകരിച്ചതെന്നു കാണാനാകും.

ദൈവത്തെ ആരാധ്യവസ്തുവാക്കേണ്ടിടത്ത് മതത്തെയും മത മേലധ്യക്ഷന്മാരെയും ദൈവമാക്കാന്‍ പരിശീലിപ്പിക്കപ്പെടുമ്പോള്‍ അധികാര നേട്ടത്തിനായി വിശ്വാസി സമൂഹത്തെ കയ്യിലെടുക്കാന്‍ രാഷ്ട്രീയക്കാരും കച്ചവട താല്‍പര്യങ്ങള്‍ക്കായി കുത്തക വ്യവസായികളും ശ്രമിക്കുന്നു.

മതം അതിന്റെ സ്വത്വത്തില്‍ ഈ ഉണങ്ങാത്ത രക്തവുമായി ബന്ധമുള്ള ആശയമോ ആചാരമോ അല്ല. അത് അങ്ങനെയൊരു സങ്കീര്‍ണ്ണ സമസ്യയുമല്ല. വിശ്വാസ തലത്തിലും പ്രയോഗ തലത്തിലും ഏറെ സൗമ്യവും ദീപ്തവുമത്രെ മത ദര്‍ശനങ്ങളും സിദ്ധാന്തങ്ങളും.

ലോകം മുഴുവന്‍ ഇന്ന് അശാന്തിയിലാണ്. ഊരുകള്‍ക്കുപോലും ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും-മിണ്ടാപ്രാണികളടക്കം-കെടുതികള്‍ക്ക് ബലിയായിക്കഴിഞ്ഞ ഭീകരതയുടെ ദാരുണമായ കാഴ്ച! ബാബരിയും ഗുജറാത്തും അഹമ്മദാബാദും അഫ്ഗാനും മാറാടും ബംഗളൂരും മുംബൈയുമെല്ലാം ഇതിന്റെ കയ്യൊപ്പുകളത്രെ. ഇവിടെ ഉണരാന്‍ കഴിയുന്നത് മനുഷ്യര്‍ക്ക് മാത്രമാണ്. മതങ്ങള്‍ മനുഷ്യരുടെ നന്മക്കുവേണ്ടി മാത്രമുള്ളതാണ്. സംഘര്‍ഷമുള്ളിടത്ത് മതം മരവിക്കുന്നു. ഇവിടെ മതങ്ങളെ നമ്മളെന്തിന് കുറ്റപ്പെടുത്തണം?

Read More >>