തലകുനിപ്പിച്ച 'ജനാധിപത്യം'

കള്ളവോട്ടും ബൂത്തുപിടിച്ചെടുക്കലും തെരഞ്ഞെടുപ്പു രംഗത്തു പുതിയ കാര്യമല്ലെന്നു പറഞ്ഞു ന്യായീകരിക്കുന്നവരുണ്ടാകാം. അവർ പക്ഷെ, ജനാധിപത്യപരമായി ചിന്തിക്കുന്നവരാകില്ല. ജനാധിപത്യത്തിൽ ഒരു പൗരന് ഒരു വോട്ടാണ്. അതു സ്വതന്ത്രമായും സ്വകാര്യമായും ചെയ്യേണ്ട ഒരു ഉത്തരവാദിത്തമാണ്. അതാണ് മേന്മ നടിക്കുന്ന മലയാളികളിൽ ചിലർ ചേർന്നു അട്ടിമറിച്ചത്.

തലകുനിപ്പിച്ച

സി വി ശ്രീജിത്ത്‌

സംസ്ഥാനത്തെ ഏഴിടത്തു ജനം ഇന്നലെ വീണ്ടും പൊളിങ് ബൂത്തിലെത്തി. അവരുടെതല്ലാത്ത കാരണത്താൽ. റീപോളിങ്ങിനു തെരഞ്ഞടുപ്പു കമ്മീഷൻ ഉത്തരവിട്ട വാർത്തകൾക്കു വലിയ പ്രാമുഖ്യമാണ് ലഭിച്ചത്. വർത്തമാന പത്രങ്ങളും ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളും ആ വാർത്ത നന്നായി കവർ ചെയ്തു. പതിവു ട്രോളുകൾക്കൊപ്പമെങ്കിലും സാമൂഹ്യമാദ്ധ്യമങ്ങളിലും റീപോളിങ് വലിയ സംഭവമായി. എന്നാൽ ആ വാർത്തയ്ക്കു പുറകിൽ മലയാളിക്കേറ്റ നാണക്കേടിന്റെ, മുഖത്തടിയുടെ കാര്യം അധികമാരും ചർച്ച ചെയ്തില്ല. എല്ലാത്തിലും മേനി പറയുന്ന കേരളമാണ്, കള്ളവോട്ടിന്റെ പേരിൽ വീണ്ടും ബൂത്തിലെത്തി നാണംകെട്ടു നിൽക്കേണ്ടി വന്നത്. വാക്കുകൊണ്ടും പെരുമാറ്റം കൊണ്ടും 'അണ്ണാച്ചി'യെന്നാക്ഷേപിക്കുന്ന തമിഴനു ഇത്തരത്തിലൊരു ഗതികേടുണ്ടായിട്ടില്ല. തങ്ങളോളം പരിഷ്‌കാരമില്ലാത്തവരെന്നു നാഴികയ്ക്കു നാൽപതു വട്ടം പറഞ്ഞപമാനിക്കുന്ന കന്നഡക്കാരനും ഈ വിധമുള്ള തലതാഴ്ത്തൽ വേണ്ടി വന്നില്ല. അവിടെയാണ് നാം 'മുന്നോട്ടുപോയ' കഥ ആവേശത്തോടെ, തെല്ലഹങ്കാരത്തോടെ വിളിച്ചു പറയേണ്ടത്.

സാധാരണ തെരഞ്ഞെടുപ്പുകൾക്കു ശേഷം ചില പ്രത്യേക സാഹചര്യങ്ങളിൽ റീ പോളിങ് നടക്കാറുണ്ട്. അതു നടപടി ക്രമങ്ങളിലെ പിഴവുകൊണ്ടോ, വോട്ടിങ് യന്ത്രത്തകരാറുമൂലമോ, കണക്കിലെ പിശകുകൊണ്ടോ ആണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുൻ കാലത്ത് റീപോളിങ് നടന്നിട്ടുള്ളത് ബൂത്തുകയ്യേറ്റം, സ്ഥാനാർത്ഥിയുൾപ്പെടെയുള്ളവർക്കു നേരെയുണ്ടാകുന്ന അക്രമം തുടങ്ങിയവ കൊണ്ടായിരുന്നു. മാവേവാദികൾ പൊളിങ് ബൂത്തുകൾ തകർത്തതിനാലും വ്യാപക അക്രമപരമ്പരകൾ അരങ്ങേറിയതിനാലും തെരഞ്ഞെടുപ്പു വീണ്ടും നടത്തേണ്ടി വന്നിട്ടുണ്ട്. എന്നാൽ സാക്ഷര, സുന്ദര, സാംസ്‌കാരിക കേരളത്തിൽ റീപോളിങ് നടക്കുന്നത് ഇത്തരം അപ്രതീക്ഷിതമായ കാരണങ്ങൾ കൊണ്ടല്ല. മറിച്ച് ഒരാളുടെ വോട്ടു വ്യാജമായി മറ്റൊരാൾ വന്നു ചെയ്തതിനാലാണ്.

കള്ളവോട്ടും ബൂത്തുപിടിച്ചെടുക്കലും തെരഞ്ഞെടുപ്പു രംഗത്തു പുതിയ കാര്യമല്ലെന്നു പറഞ്ഞു ന്യായീകരിക്കുന്നവരുണ്ടാകാം. അവർ പക്ഷെ, ജനാധിപത്യപരമായി ചിന്തിക്കുന്നവരാകില്ല. ജനാധിപത്യത്തിൽ ഒരു പൗരന് ഒരു വോട്ടാണ്. അതു സ്വതന്ത്രമായും സ്വകാര്യമായും ചെയ്യേണ്ട ഒരു ഉത്തരവാദിത്തമാണ്. അതാണ് മേന്മ നടിക്കുന്ന മലയാളികളിൽ ചിലർ ചേർന്നു അട്ടിമറിച്ചത്.

ആർക്കും ഈ ദുർഗതിയുടെ, മാനക്കേടിന്റെ ഉത്തരവാദിത്തത്തിൽ നിന്നു ഒഴിഞ്ഞു നിൽക്കാനാവില്ല. അതു ഭരണകക്ഷിയായാലും പ്രതിപക്ഷമായാലും. തങ്ങൾക്കാവുംവിധം സ്വാധീനമേഖലകളിൽ തരം പോലെ കള്ളവോട്ടു കുത്തിയിടുന്ന ശീലം അവർക്കെല്ലാമുണ്ട്. പ്രത്യേകിച്ച് കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ. മുമ്പ് കള്ളവോട്ടു തെളിയിക്കപ്പെട്ടതിനെ തുടർന്നു നിയമസഭാംഗത്വം റദ്ദാക്കപ്പെട്ടതും ഈ നാട്ടിൽ തന്നെ. കള്ളവോട്ടിന്റെ പേരിൽ കുപ്രസിദ്ധി നേടിയ സഹകരണ സ്ഥാപന തെരഞ്ഞെടുപ്പുകളും കണ്ണൂരിനു സ്വന്തം. നായ്ക്കരുണ പൊടിയും മുളകുപൊടിയും വിതറി ജനാധിപത്യത്തെ ആട്ടിയോടിക്കുന്ന ഇത്തരം നടപടികൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നു ചുരുക്കം. ഇക്കുറി അതു തെളിവോടെ പിടികൂടി എന്നുമാത്രം. കയ്യോടെ പിടികൂടിയതിന്റെ പേരിൽ തെരഞ്ഞെടുപ്പു കമ്മീഷനു മേൽ ആക്ഷേപം ചൊരിയുന്നവർ ജനാധിപത്യത്തെ വസ്ത്രാക്ഷേപം ചെയ്തവരാണ്. അതു മറന്നുപോകരുത്. മുഖ്യ തെരഞ്ഞെടുപ്പു ഓഫീസർ പറഞ്ഞത് പോലെ, കേരളത്തിലാണല്ലോ ഇതെല്ലാം നടന്നതെന്നോർത്തു തലകുനിക്കാം.

കടൽകടന്നും കിഫ്ബി

വികസനകാര്യങ്ങൾക്കുള്ള ഫണ്ടു സ്വരൂപിക്കാൻ കേരളം കണ്ടുപിടിച്ച ഉപായമാണ് കിഫ്ബി. ഏഴാം കടൽ കടന്നും കിഫ്ബി ആ ഉത്തരവാദിത്തം നിറവേറ്റാനുള്ള ശ്രമത്തിലാണ്. ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചു വഴി 2150 കോടി രൂപയുടെ ബോണ്ടുകൾ വിൽക്കുക എന്നതാണ് കിഫ്ബി ലക്ഷ്യമിടുന്നത്.

ലോകത്താകമാനമുള്ള നിക്ഷേപകർക്കു മുന്നിലേക്ക് കേരളത്തിന്റെ മസാല ബോണ്ടു കടന്നു വരുമ്പോൾ, ഒരു കാര്യം സംസ്ഥാനം വ്യക്തമാക്കുകയാണ്. മടിച്ചു നിൽക്കാതെ, പണം സമാഹരിച്ച് വികസനം ഉറപ്പു വരുത്തുക. അതിനായി ഓഹരി വിപണിയിലെ സാദ്ധ്യതകളെ സമർത്ഥമായി ഉപയോഗപ്പെടുത്തുകയാണ് സംസ്ഥാന സർക്കാർ.

കിഫ്ബി രൂപീകരണം ഈ സർക്കാരിന്റെ ആദ്യനടപടികളിലൊന്നായിരുന്നു. വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ഏജൻസികളെയും ബാങ്ക്-ധനകാര്യ സ്ഥാപനങ്ങളെയും ആശ്രയിച്ചു കൊണ്ടുള്ള വിഭവ സമാഹരണമാണ് നാളിതുവരെ സംസ്ഥാനം നടത്തിയിരുന്നത്.

അതിലെ പരിമിതിയും പ്രയാസങ്ങളും പലപ്പോഴും വികസന പ്രവർത്തനങ്ങളെ അനിശ്ചിതമായി വൈകിപ്പിച്ചു. പണം ആവശത്തിനും സമയത്തിനും ലഭിക്കാത്തതിനാൽ പല സ്വപ്ന പദ്ധതികളും കടലാസിലുറങ്ങി. പാതി വഴിയിൽ നിലച്ചു. സംസ്ഥാനത്തിന്റെ മൊത്തം ധനശേഷിയിൽ, ആവശ്യമുൾക്കൊണ്ടുള്ള വികസന പ്രവർത്തനം അസാദ്ധ്യമെന്നു തിരിച്ചറിഞ്ഞേടത്താണ് കിഫ്ബിയുടെ ഉദയം. കുറഞ്ഞ പലിശ നിരക്കിൽ പണം സമാഹരിച്ച് അതു വികസന പ്രവർത്തനങ്ങൾക്കു വേണ്ടി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ കിഫ്ബിക്കു രൂപം നൽകിയത്.

സാങ്കൽപ്പിക ലോകത്തു നിന്ന് പണം കണ്ടെത്തുന്ന വിദ്യയെന്ന ആക്ഷേപം ധനമന്ത്രി ഉൾപ്പെടെ കേൾക്കേണ്ടി വന്നെങ്കിലും കിഫ്ബി ഏറ്റെടുത്ത, നിർമ്മാണം തുടങ്ങിയ പദ്ധതികൾ എല്ലാ നിയോജക മണ്ഡലങ്ങളിലും തലപൊക്കാൻ തുടങ്ങി. ഇതോടെ ആരോപണങ്ങളുടെ മുനയൊടിഞ്ഞു.

എന്തായാലും കിഫ്ബിയുടെ മേൽനോട്ടത്തിൽ വികസന പ്രവർത്തനങ്ങളിൽ മുതൽ മുടക്കാനും പങ്കാളിത്തം നേടാനും നിക്ഷേപകരെത്തുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. ഇപ്പോഴിതാ സംസ്ഥാനത്തെ പശ്ചാത്തല മേഖലയുടെ വികസനത്തിനു വേണ്ട ഫണ്ടു കണ്ടെത്താനുള്ള മസാല ബോണ്ടും കിഫ്ബി ഇറക്കിയിരിക്കുകയാണ്. ആദ്യ ദിനത്തിൽ മികച്ച പ്രതികരണമാണ് കിഫ്ബിക്കു ലഭിച്ചത്. വരും ദിവസങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ മസാല ബോണ്ടിന് ആവശ്യക്കാർ വർദ്ധിക്കുന്നത് കേരളത്തിന് പ്രതീക്ഷ പകരുന്ന കാര്യമാണ്.

അതോടൊപ്പം ചില ആക്ഷേപങ്ങൾ കിഫ്ബി ബോണ്ടിനെതിരെ പ്രതിപക്ഷം ഉന്നിയിച്ചിട്ടുണ്ട്. വസ്തുതാപരമെങ്കിൽ, ഇതു സംബന്ധിച്ച് വ്യക്തത വരുത്താനുള്ള ബാദ്ധ്യത സംസ്ഥാന സർക്കാരിനുണ്ട്. പ്രത്യേകിച്ചും ലോക ഓഹരി വിപണിയിലേക്കു കിഫ്ബി കാലെടുത്തു വെയ്ക്കുന്ന അപൂർവ സാഹചര്യത്തിൽ. പലിശ നിരക്കു സംബന്ധിച്ചും, വിവാദങ്ങളിലിടം പിടിച്ച എസ്.എൻ.സി ലാവ്‌ലിൻ കമ്പനിയുടെ അദൃശ്യസാന്നിദ്ധ്യത്തെ ചൊല്ലിയുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും അദ്ദേഹം ആരോപണം ആവർത്തിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ താമസം വിനാ വ്യക്തത നൽകുന്നത് സംസ്ഥാന സർക്കാരിന്റെ ഉദ്ദേശ ശുദ്ധിക്കു തെളിച്ചമേകും.

രണ്ടില കീറുമോ

വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കേരളാ കോൺഗ്രസിൽ വീണ്ടുമൊരു പിളർപ്പിന്റെ കാലം മണക്കുന്നതായി കോട്ടയം കാറ്റ്. പതിവുതെറ്റിക്കാതെ ഇക്കുറിയും അധികാര സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് കാര്യങ്ങൾ കൈവിട്ട കളിയിലേക്കെത്തിയത്. കേരളാ കോൺഗ്രസിന്റെ ജീവനാഡിയായിരുന്നു കെ.എം.മാണി. മാണിയുടെ വിയോഗത്തോടെ പാർട്ടി അനാഥമായെന്ന തോന്നലിലാണ് അണികൾ. പകരം വെയ്ക്കാൻ മറ്റൊരാളില്ലാത്ത അവസ്ഥ. ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്തു സീറ്റു നിഷേധിച്ച പി.ജെ. ജോസഫ് അന്നേ ഇടഞ്ഞു നിൽപ്പാണ്. സീറ്റില്ലെന്നറിഞ്ഞപ്പോൾ പിളരാനൊരുങ്ങിയതാണ് ജോസഫ്. അന്നു പക്ഷെ, മാണിയുടെ കൂടി നിർദ്ദേശത്തിൽ മുസ്ലിംലീഗും കോൺഗ്രസും ഇടപെട്ട് ജോസഫിനെ പറഞ്ഞാശ്വസിപ്പിച്ചു. ലയനകാലം മുതൽ ജോസഫിന് പരിഭവമുണ്ട്. ഒപ്പമെത്തിയവരെ വേണ്ടവിധത്തിൽ പാർട്ടി കമ്മിറ്റികളിൽ ഉൾപ്പെടുത്താത്തതിൽ പരാതി പറഞ്ഞെങ്കിലും മാണി അതെല്ലാം മാറ്റിവെപ്പിച്ചു. ഇന്നു കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞിരിക്കുകയാണ്.

കരിങ്കോഴയ്ക്കൽ കല്ലറയിൽ നിന്നു തിരിക്കും മുമ്പെ മാണിക്കു പകരം ആരെ ചെയർമാനാക്കുമെന്ന ആലോചന പാർട്ടി നേതാക്കളും അണികളും തുടങ്ങിയതാണ്. പാർട്ടി മുഖപത്രത്തിൽ പി.ജെ.ജോസഫിനെതിരായ ലേഖനം വന്നതുമുതൽ കാര്യങ്ങൾ കൈവിടുന്നതിന്റെ സൂചനയും കണ്ടു തുടങ്ങി. സീനിയോറിറ്റിയും പൊതുസ്വീകാര്യതയും ചൂണ്ടിക്കാട്ടി ജോസഫിനെ ചെയർമാനാക്കണമെന്നുള്ള ചർച്ച ഒരു ഭാഗത്തു തകൃതിയായി. അതിനേക്കാൾ വേഗത്തിൽ, മാണിക്കു പകരം മകൻ ജോസ് കെ.മാണിതന്നെ നേതൃത്വത്തിൽ വരണമെന്നു മറുഭാഗവും കരുനീക്കം തുടങ്ങി. പാർട്ടി സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റികളിലും മഹാഭൂരിപക്ഷവും ജോസ് കെ.മാണിക്കൊപ്പമാണ്. ജോസഫിന്റെ നീക്കം മുളയിലെ നുള്ളാനാണ്, ഒമ്പതു ജില്ലാ പ്രസിഡന്റുമാരെ ഇറക്കി ചെയർമാൻ സ്ഥാനത്തിനു വേണ്ടി ജോസ് കെ.മാണി കളത്തിനു പുറത്തു കളിച്ചത്. അതെന്തായാലും സംഘടനാപരമായ നടപടിയല്ലെന്നു വിമർശനമുയർന്നതോടെ മാണി വിഭാഗം തൽക്കാലം പത്തിമടക്കി.

പാർട്ടി കമ്മിറ്റികൾ ഒപ്പമുണ്ടെങ്കിലും മുതിർന്ന നേതാക്കൾ ജോസ് കെ.മാണിയെ അത്രത്തോളം അംഗീകരിക്കാൻ തയ്യാറല്ല. സി.എഫ് തോമസ്, ജോയ് എബ്രഹാം എന്നീ മാണി വിഭാഗക്കാരുടെ മനംമാറ്റം ജോസഫിന് കൂടുതൽ കരുത്തുപകർന്നു. അപ്രതീക്ഷിതമല്ലെങ്കിലും, വർക്കിങ് ചെയർമാനായ പി.ജെ.ജോസഫിന് ചെയർമാന്റെ ചുമതല നൽകിയ സർക്കുലർ പുറത്തിറങ്ങിയതോടെ താൽക്കാലത്തേക്കു ജോസ് കെ.മാണി പക്ഷം പ്രതിപക്ഷത്തായി. ഇനി കമ്മിറ്റി വിളിക്കാനും ചെയർമാനെ തെരഞ്ഞെടുക്കാനും അധികാരമുള്ളത് വർക്കിങ് ചെയർമാനും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിക്കുമാണ്. കമ്മിറ്റി വിളിപ്പിക്കാനുള്ള ഒപ്പുശേഖരണത്തിലാണ് ഇപ്പോൾ ജോസ് കെ.മാണി വിഭാഗം.

തിരുവനന്തപുരത്തു നടന്ന കെ.എം മാണി അനുസ്മരണ സമ്മേളനം കോടതിവരെയെത്തിയതോടെ അധികാരത്തർക്കത്തിൽ പുതിയ വഴിത്തിരിവുണ്ടായി.

ഇനിയിപ്പോൾ കോടതി അനുവാദമില്ലാതെ ഭാരവാഹി തെരഞ്ഞെടുപ്പു എളുപ്പമല്ല. ഇരുവിഭാഗവും വിട്ടുവീഴ്ചയക്കില്ലെന്നു തറപ്പിച്ചു പറയുമ്പോഴും ചില ആത്മീയ നേതാക്കളുടെ ഇടപെടൽ മാത്രമാണ്, പരിക്കേൽക്കാതെ ഒന്നിച്ചു നിൽക്കാനുള്ള പോംവഴി. കേരളാ കോൺഗ്രസിന്റെ ജനനത്തോടൊപ്പം ഒട്ടിച്ചേർന്നതാണ് പിളർപ്പെന്ന നിയോഗം. പക്ഷെ കെ.എം മാണിയെന്ന അതികായനില്ലാത്ത കേരളാ കോൺഗ്രസിന് അതിനുള്ള ത്രാണിയുണ്ടോ എന്നതാണ് മലയോരം ഉറ്റുനോക്കുന്നത്.

Read More >>