വിഷം തുപ്പുന്ന നാക്ക്

വിവാഹവും കുടുംബ ജീവിതവുമൊഴിവാക്കി ഹിന്ദുത്വദര്‍ശനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കഴിയുന്നതിനാല്‍ സാധ്വി എന്ന പേരും പ്രജ്ഞാ താക്കൂറിന്നു ചേരും അത്രേയുള്ളു. അല്ലാതെ സംയമിയായ സന്യാസിനിക്കും വാക്കുകളിലൂടെ വിഷം തുപ്പുന്ന പ്രജ്ഞക്കും തമ്മിലെന്തു സാമ്യം?

വിഷം തുപ്പുന്ന നാക്ക്

ആകെ മുങ്ങിയാല്‍ കുളിരൊന്ന് എന്നാണ് ചൊല്ല്. പ്രധാന മന്ത്രിയുടെ പാര്‍ട്ടിയായ ബി.ജെ.പി ഇപ്പോള്‍ ഈ അവസ്ഥയിലാണ്. മതേതരത്വത്തിന്റെ മുഖാവരണം അവര്‍ വലിച്ചു മാറ്റിക്കഴിഞ്ഞു. സബ്‌കോ വികാസ് എന്ന പറച്ചില്‍ വേണ്ടെന്ന് വെച്ചു. യഥാര്‍ത്ഥ ഹിന്ദുത്വത്തിന്റെ തേറ്റയും നഖവും പുറത്തെടുത്ത് വിശ്വരൂപം കാണിക്കാനും അതിന്റെ ബലത്തില്‍ അധികാരം പിടിച്ചെടുത്ത് ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുമുള്ള തങ്ങളുടെ പൂതി അവര്‍ മറച്ചു വെയ്ക്കുന്നേയില്ല. അതിന്റെ ഏറ്റവും പ്രബലമായ ഉദാഹരണമാണ് ഭോപാലില്‍ പ്രജ്ഞാസിങ് താക്കൂര്‍ എന്ന, തീവ്രവാദക്കേസിലെ പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കിയ പാര്‍ട്ടി നടപടി. പ്രജ്ഞയെ കയറൂരിവിട്ടതിലൂടെ മോദിയും അമിത്ഷായുമെന്ന ബാജ്പായിലെ രാമഹനുമാന്മാര്‍ രാജ്യത്തിന് നല്കുന്ന സന്ദേശം വളരെ വ്യക്തം. നിങ്ങള്‍ എത്രതന്നെ ജനാധിപത്യവും മതേതരത്വവും പറഞ്ഞാലും ശരി ഞങ്ങളൊന്ന് വേറെ; ഞങ്ങളുടെ പ്രത്യയശാസ്ത്ര പ്രതിരൂപം പ്രജ്ഞയെപ്പോലുള്ളവരാണ്; സൂക്ഷിച്ചും കണ്ടും നിന്നോളൂ എന്ന്.

ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിയാവുന്നതിനുമുമ്പ് ഹിന്ദു സ്വാഭിമാനത്തിന്റെ വക്താവെന്ന നിലയില്‍ പ്രജ്ഞാസിങ് താക്കൂര്‍ കാട്ടിക്കൂട്ടിയ വേലത്തരങ്ങള്‍ക്ക് കണക്കില്ല. മാലെ ഗാവ് സ്‌ഫോടനത്തിന്റെ ആസൂത്രകന്‍ പ്രജ്ഞയും കേണല്‍ പുരോഹിതും അസിമാനന്ദയുമാണെന്നാണ് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. പ്രജ്ഞയുടെ മോട്ടോര്‍ സൈക്കിളിലായിരുന്നുവത്രെ സ്‌ഫോടക വസ്തുക്കള്‍; അസിമാനന്ദ കിളി പറയുന്നതുപോലെ എല്ലാം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്; അതിന്റെയെല്ലാം തുടര്‍ച്ചയായി ജയിലിലായിരുന്നു പ്രജ്ഞ.

പലതവണ ജാമ്യത്തിന്നു ശ്രമിച്ചിട്ടും കോടതികള്‍ കനിഞ്ഞില്ല. ഒടുവില്‍ ബ്രസ്റ്റ് കാന്‍സര്‍ രോഗിയായതിന്റെ പേരില്‍ ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം കിട്ടിയത്. എന്നാല്‍ അതിനുശേഷം പ്രജ്ഞയുണ്ടാക്കിയ പുക്കാറത്തുകളാണ് കൂടുതല്‍ അപായകരം. തന്റെ വായിലെ നാവിലെ എല്ലില്ലെന്ന് അവര്‍ തെളിയിച്ചു പോന്നു. ഏറ്റവുമൊടുവില്‍ അവര്‍ രാജ്യത്തെ ഞെട്ടിച്ചത് സദാ ഗാന്ധിഘാതകനായ നാഥുറാം ഗോദ്‌സെ രാജ്യസ്‌നേഹിയാണെന്ന് പറഞ്ഞുകൊണ്ടാണ്. അതേപ്പറ്റി ലോകരെന്തു പറഞ്ഞാലും ശരി എല്ലാറ്റിനും ഈ സന്യാസിനിക്കും പുല്ലുവില.

വായില്‍ വരുന്നതു കോതക്ക് പാട്ടെന്നമട്ടില്‍ സാധ്വിപ്രജ്ഞ നടത്തുന്ന ജല്‍പനങ്ങളാണ് ഇവ എന്ന് നമുക്ക് കരുതിക്കൂടാ. പ്രജ്ഞയുടെ പ്രസ്താവനങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ സ്‌കീമിങ്ങുണ്ട്. ഒരിക്കലും ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത പ്രജ്ഞയെ തേടിപ്പിടിച്ച് ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു പാര്‍ട്ടി. ദിഗ് വിജയസിങിനെ തളക്കാന്‍ ഉശിരുള്ള ഒരു ഹിന്ദുത്വ സ്ഥാനാര്‍ത്ഥി വേണമെന്ന മോദിയുടെയും ഷായുടേയും ആവശ്യമാണ് ടെററിസക്കേസില്‍ പെട്ട പ്രജ്ഞക്ക് സീറ്റ് കിട്ടാന്‍ കാരണം. ബി.ജെ.പിയില്‍ അവര്‍ 2019 ഏപ്രില്‍ 17 നാണ് ചേര്‍ന്നത്. ഉടനടി സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തു. ബി.ജെ.പിയില്‍ ഇല്ലെങ്കിലും മൂത്ത ഹിന്ദുത്വത്തിന്റെ വക്താവായിരുന്ന കക്ഷി മധ്യപ്രദേശിലെ ധാതിയ ജില്ലയിലെ ഭിന്ദിയില്‍ ആയൂര്‍വേദ വൈദ്യനായ ചന്ദ്രപാല്‍ സിങിന്റെ മകളായി 1970 ഫെബ്രുവരി 2 നു ജനിച്ച പ്രജ്ഞ ചെറുപ്പത്തിലേ അച്ഛന്റെ ആശയമായ ആര്‍.എസ്.എസിനൊപ്പമായിരുന്നു.

ലാഹോറില്‍ കോളജില്‍ പഠിക്കുന്ന കാലത്ത് പ്രജ്ഞ എ.ബി.വി.പില്‍ ചേര്‍ന്നു സംസ്ഥാന സിക്രട്ടറി ആയെങ്കിലും 1997ല്‍ സംഘടനവിട്ടു. എ.ബി.വി.പിയ്ക്ക് തീവ്രത പോരാഞ്ഞതായിരുന്നു കാരണം. ഹിന്ദുത്വം തലക്ക് പിടിച്ച പ്രജ്ഞ സന്യസിക്കാന്‍ പോയിട്ടൊന്നുമില്ല. സാധ്വി പ്രജ്ഞ എന്നതൊരു ചെല്ലപ്പേരുമാത്രം. വിവാഹവും കുടുംബ ജീവിതവുമൊഴിവാക്കി ഹിന്ദുത്വദര്‍ശനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കഴിയുന്നതിനാല്‍ സാധ്വി എന്ന പേരും പ്രജ്ഞാ താക്കൂറിന്നു ചേരും അത്രേയുള്ളു. അല്ലാതെ സംയമിയായ സന്യാസിനിക്കും വാക്കുകളിലൂടെ വിഷം തുപ്പുന്ന പ്രജ്ഞക്കും തമ്മിലെന്തു സാമ്യം?

മുംബൈ മുന്‍ എ.ടി.എസ് മുഖ്യന്‍ ഹേമന്ദ് കര്‍ക്കരെ മരിച്ചത് താന്‍ ശപിച്ചതുകൊണ്ടാണെന്നായിരുന്നു പ്രജ്ഞയുടെ ഒരു പ്രസ്താവം. ചെറുപ്പം മുതല്‍ക്കേ തലമുടി ചെറുതാക്കിവെട്ടി, ആണ്‍കുട്ടികളെപ്പോലെ വേഷം ധരിച്ച് ബൈക്കില്‍ വിലസി നടന്ന പ്രജ്ഞാ താക്കൂറിന് ആളുകളെന്തു പറയുമെന്ന വിചാരമൊന്നുമില്ല; സ്ത്രീ സഹജമായ ലജ്ജയിമില്ല. പറയുന്ന നുണകള്‍ നുണകളാണെന്ന് കണ്ടുപിടിക്കപ്പെട്ടാല്‍ ഒട്ടും വിഷമമില്ല അവര്‍ക്ക്. തന്റെ കാന്‍സര്‍ രോഗം സുഖപ്പെട്ടത് ഗോമൂത്രവും പഞ്ചഗവ്യവും കഴിച്ചതുകൊണ്ടാണെന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു പ്രജ്ഞ. പക്ഷേ 2008 ല്‍ നടത്തിയ ശസ്ത്രക്രിയ കൊണ്ടാണ് രോഗശമനമുണ്ടായതെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. പക്ഷേ പ്രജ്ഞ അതൊന്നും ഗൗനിച്ചിട്ടേയില്ല. അതായത് മോദിയെന്ന ചങ്കരന്നൊത്ത ചക്കിതന്നെ ഈ സാധ്വി. ഭോപ്പാല്‍ നഗരം അത് തിരിച്ചറിയുമോ ആവോ!

Read More >>