വനിതാ ടി20 ലോകകപ്പ്; തുടക്കം കസറി ഇന്ത്യ- ഓസീസിനെ തറ പറ്റിച്ചത് 17 റണ്‍സിന്

19.5 ഓവറില്‍ ഓസീസ് 115 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.

വനിതാ ടി20 ലോകകപ്പ്; തുടക്കം കസറി ഇന്ത്യ- ഓസീസിനെ തറ പറ്റിച്ചത് 17 റണ്‍സിന്

സിഡ്നി: വനിതാ ഐസിസി ടി20 ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യക്കു അവിസ്മരണീയ വിജയം. ലോക ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. 17 റണ്‍സിനാണ് ഇന്ത്യന്‍ ജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ നാലു വിക്കറ്റിന് 132 റണ്‍സ് മാത്രമാണ് നേടിയത്. താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ആതിഥേയര്‍ പൂനം യാദവിന്റെ സ്പിന്നിനു മുമ്പില്‍ കറങ്ങി വീണു. 19.5 ഓവറില്‍ ഓസീസ് 115 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.

നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടു കൊടുത്താണ് പൂനം യാദവ് നാലു വിക്കറ്റ് വീഴ്ത്തിയത്. ഓസീസ് നിരയില്‍ ഓപ്പണര്‍ അലീസ്സ ഹീലി (51), ആഷ്ലെ ഗാര്‍ഡ്നര്‍ (34) എന്നിവരൊഴികെ മറ്റൊരും രണ്ടക്കം കടന്നില്ല. 35 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്സറുമടക്കമാണ് ഹീലി ഓസീസിന്റെ ടോപ്സ്‌കോററായത്. രണ്ടിന് 58 എന്ന നിലയില്‍ നിന്നാണ് ഓസീസ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മുമ്പില്‍ വീണത്.

ഇന്ത്യയ്ക്കായിശിഖ പാണ്ഡെ മൂന്നു വിക്കറ്റ് വീഴ്ത്തി. നേരത്തേ മധ്യനിരയില്‍ ദീപ്തി ശര്‍മയുടെ (49*) ഇന്നിങ്സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഓപ്പണര്‍ ഷെഫാലി വര്‍മ (29), ജെമീമ റോഡ്രിഗസ് (26) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. സൂപ്പര്‍ താരം സ്മൃതി മന്ദാനയ്ക്കു 10 റണ്‍സെടുക്കാനേ ആയുള്ളൂ. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ രണ്ടു റണ്‍സിനു പുറത്തായി.

Next Story
Read More >>