മന്‍മോഹന്‍സിങ് പാകിസ്താനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി

'സന്യാസിയെപ്പോലുള്ള മനുഷ്യന്‍' എന്നാണ് മന്‍മോഹന്‍ സിങ്ങിനെ കാമറൂണ്‍ വിശേഷിപ്പിക്കുന്നത്

മന്‍മോഹന്‍സിങ് പാകിസ്താനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തലുമായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന് സമാനമായ മറ്റൊരു ആക്രമണം കൂടി സംഭവിച്ചിരുന്നെങ്കില്‍ പാകിസ്താനെതിരെ സൈനിക നടപടിക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പദ്ധതിയിട്ടിരുന്നു എന്ന് വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ഇന്ന് പുറത്തിറങ്ങുന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.

'സന്യാസിയെപ്പോലുള്ള മനുഷ്യന്‍' എന്നാണ് മന്‍മോഹന്‍ സിങ്ങിനെ കാമറൂണ്‍ വിശേഷിപ്പിക്കുന്നത്. 'മുന്‍ പ്രധാനമന്ത്രിയുമായി എനിക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. സന്യാസിയെ പോലുള്ള മനുഷ്യനായിരുന്നു എങ്കിലും ഇന്ത്യ നേരിടുന്ന വെല്ലുവിളിയെ കുറിച്ച് അദ്ദേഹത്തിന് നല്ല ബോദ്ധ്യമുണ്ടായിരുന്നു. മുംബൈ ആക്രമണം പോലുള്ള ഒരാക്രമണം കൂടി ഉണ്ടായാല്‍ പാകിസ്താനെ ആക്രമിക്കുമെന്ന് ഒരു സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം എന്നോട് പറഞ്ഞത്' - കാമറൂണ്‍ വെളിപ്പെടുത്തി.

2010നും 2016നും ഇടയില്‍ മൂന്നുതവണ കാമറൂണ്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. 2016ലാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തുനിന്നും രാജിവെക്കുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തിന് ഹിതപരിശോധനയില്‍ അംഗീകാരം ലഭിച്ചതോടെയായിരുന്നു കാമറൂണിന്റെ രാജി.

2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടണില്‍ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ചും കാമറോണ്‍ സ്മരിക്കുന്നുണ്ട്. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ലണ്ടനിലെ വെബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യക്കാരുടെ സമ്മേളനത്തില്‍ താന്‍ പങ്കെടുത്ത് സംസാരിച്ചതിനെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. ജനങ്ങളുടെ ഹര്‍ഷാരവം അവിശ്വസനീയമായിരുന്നു. ആ വേദിയില്‍ വെച്ച് താന്‍ മോദിയെ ആലിംഗനം ചെയ്തു. അറുപതിനായിരം പേരാണ് സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയിരുന്നത്- കാമറൂണ്‍ കുറിച്ചു.

ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊല ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭവമാണെന്നും കാമറൂണ്‍ പറയുന്നു.

Read More >>