അവരോട് എന്തു പറയാന്‍? ഉല്ലാസ യാത്രയാണ് എന്ന് ആക്ഷേപിച്ചവരോട് മുഖ്യമന്ത്രി

യുവാക്കളെയും നാടിന്റെ വികസനത്തെയും മുന്നില്‍ക്കണ്ടാണ് ജപ്പാനും കൊറിയയും സന്ദര്‍ശിച്ചത്

അവരോട് എന്തു പറയാന്‍? ഉല്ലാസ യാത്രയാണ് എന്ന് ആക്ഷേപിച്ചവരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: എന്തിനെയും എതിര്‍ക്കുക എന്ന സമീപനം വെച്ചു പുലര്‍ത്തുന്നവരോട് എന്തുപറയാനാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാര്‍ക്കൊപ്പം കുടുംബാംഗങ്ങള്‍ പോയത് സര്‍ക്കാര്‍ ചെലവിലല്ല. ഒരു യാത്രയിലും കുടുംബാംഗങ്ങളുടെ ചെലവ് സര്‍ക്കാര്‍ വഹിച്ചിട്ടില്ല. ഉല്ലാസയാത്രയാണോ എന്നു എന്നു പറയുന്നവരോടു താനെന്തു പറയാന്‍. അക്കാര്യം അവരോടു തന്നെയാണ് ചോദിക്കേണ്ടത്- തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

യുവാക്കളെയും നാടിന്റെ വികസനത്തെയും മുന്നില്‍ക്കണ്ടാണ് ജപ്പാനും കൊറിയയും സന്ദര്‍ശിച്ചത്. ഓരോ സ്ഥലവും ഓരോ സ്ഥാപനവും സന്ദര്‍ശിക്കുമ്പോഴും മനസില്‍ യുവാക്കളുടെ വികസനമായിരുന്നു. ഓരോ സന്ദര്‍ശനവും യുവാക്കള്‍ക്കു ഗുണകരമാകുമെന്നു ഉറപ്പുവരുത്തി. അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയെ ഊന്നിയാണ് ചര്‍ച്ചകള്‍ നടത്തിയത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീറ്റ ജലാറ്റിന്‍ കമ്പനി. തോഷിബ, ടൊയോട്ട തുടങ്ങിയ വന്‍കിട കമ്പനികള്‍ കേരളത്തില്‍ നിക്ഷേപിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. തോഷിബയുമായി വൈകാതെ കരാറൊപ്പിടും. സാങ്കേതിക കൈമാറ്റത്തിനുള്ള ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു.

പൊതുമേഖലാ സ്ഥാപനവുമായി സഹകരിച്ച് തോഷിബ ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ബാറ്ററി നിര്‍മ്മിക്കാനാണ് പദ്ധതി. മൊത്തം 200 കോടി രൂപയുടെ വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജപ്പാനിലെ വിവിധ സര്‍വകലാശാലകളുമായി വിദ്യാഭ്യാസ രംഗത്തു സഹകരിക്കാനുള്ള സാദ്ധ്യതയും തേടിയിട്ടുണ്ട്. തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള വികസന സാദ്ധ്യതകള്‍ സംബന്ധിച്ചു ജപ്പാന്‍ സന്ദര്‍ശനത്തിലൂടെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ചെറുകിട-ഇടത്തരം വ്യാവസായങ്ങളുടെ വികസനത്തിനു ജപ്പാനുമായി സഹകരിക്കാനും തീരുമാനിച്ചു. സാങ്കേതിക വിദ്യാ കൈമാറ്റമാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്- അദ്ദേഹം വ്യക്തമാക്കി.

Read More >>