വൈശാഖ മഹോത്സവത്തിനൊരുങ്ങി ദക്ഷിണകാശി

പൂജകൾ നടക്കുന്ന അക്കരെ കൊട്ടിയൂരിന്റെ പ്രധാന പ്രത്യേകത എന്നത് അവിടെ ഒരു ക്ഷേത്രം ഇല്ല എന്നതാണ്. ബാവലി നദി തീർക്കുന്ന തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് സ്വയംഭൂവെന്ന് വിശ്വസിക്കപ്പെടുന്ന ശിവലിംഗമുള്ളത്. അമ്മാറക്കല്ലെന്നു പേരുള്ള മറ്റൊരു തറയിലാണ് പാർവ്വതി ദേവിയെ ആരാധിക്കുന്നത്.വൈശാഖോത്സവ ചിട്ടകളും കർമ്മങ്ങളും അളവുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങ് ഏപ്രിൽ 21ന് നടത്തിയിരുന്നു.

വൈശാഖ മഹോത്സവത്തിനൊരുങ്ങി ദക്ഷിണകാശി

കണ്ണൂർ: ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ആചാരം കൊണ്ടും അനുഷ്ഠാനം കൊണ്ടും സവിശേഷമായ മഹോത്സവത്തിന് വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. കണ്ണൂർ, കാസർകോട്, കോഴിക്കോട് , വയനാട് ജില്ലകളിലെ ഭക്തരാണ് കൂടുതലും വൈശാഖോത്സവത്തിന് കൊട്ടിയൂരിൽ എത്തുന്നത്. അക്കരെ കൊട്ടിയൂരിൽ ഉരാളര്‍ക്കും മറ്റുമായുള്ള കയ്യാലകളുടെ പ്രവർത്തി അന്തിമ ഘട്ടത്തിലാണ്. 17ന് അർദ്ധരാത്രിയിലാണ് നെയ്യാട്ടം.

നെയ്യാട്ടത്തിന്റെ മുന്നോടിയായി വ്രതക്കാർ ഇന്ന് രാവിലെ മഠത്തിൽ പ്രവേശിച്ചു. 16ന് മണത്തണയിൽ വിശ്രമിക്കുന്ന നെയ്യമൃത് സംഘങ്ങൾ 17ന് എട്ടുമണിക്ക് കൊട്ടിയൂരിലേക്ക് എഴുന്നള്ളും.

പൂജകൾ നടക്കുന്ന അക്കരെ കൊട്ടിയൂരിന്റെ പ്രധാന പ്രത്യേകത എന്നത് അവിടെ ഒരു ക്ഷേത്രം ഇല്ല എന്നതാണ്. ബാവലി നദി തീർക്കുന്ന തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് സ്വയംഭൂവെന്ന് വിശ്വസിക്കപ്പെടുന്ന ശിവലിംഗമുള്ളത്. അമ്മാറക്കല്ലെന്നു പേരുള്ള മറ്റൊരു തറയിലാണ് പാർവ്വതി ദേവിയെ ആരാധിക്കുന്നത്.വൈശാഖോത്സവ ചിട്ടകളും കർമ്മങ്ങളും അളവുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങ് ഏപ്രിൽ 21ന് നടത്തിയിരുന്നു.

പ്രളയത്തിൽ ഉണ്ടായ നഷ്ടം ഭീമമാണെങ്കിലും കൊട്ടിയൂരിൽ ഭക്ത ജനങ്ങൾക്കുള്ള സൗകര്യത്തിന് യാതൊരു കുറവും വരുത്തിയിട്ടില്ലെന്ന് കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ ബാലൻ നായർ,എക്സിക്യൂട്ടീവ് ഓഫീസർ മഞ്ചിത്ത് കൃഷ്ണൻ എന്നിവർ അറിയിച്ചു .


അക്കരെ സന്നിധാനത്തെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള അവകാശികളുടെ കയ്യാലകൾ പുറകോട്ട് നീക്കി ഭക്ത ജനങ്ങൾക്ക് നിൽക്കുന്നതിനുള്ള സൗകര്യം വിപുലപ്പെടുത്തിയിട്ടുണ്ട്. തിരുവഞ്ചിറയിലേക്ക് മലിന ജലം ഒഴുകിയെത്താതിരിക്കാൻ പന്നിയാല വനത്തിൽ നിന്ന് പൈപ്പ് വഴി ശുദ്ധജലമെത്തിച്ച് തിരുവഞ്ചിറയിൽ ഒഴുക്കുന്നതിനുള്ള പണികൾ പൂർത്തിയായി. തിരുവഞ്ചിറക്ക് പുറത്ത് പെയ്യുന്ന മഴവെള്ളം തിരുവഞ്ചിറയിലേക്ക് എത്താതിരിക്കാൻ കിഴക്കേ നടമുതൽ വടക്കേ നടവരെ ഡ്രയ്‌നേജ് പണി പൂർത്തിയായി വരുന്നു. പ്രളയത്തിൽ പുഴകൾ വളരെയധികം താഴ്ന്ന പോയതിനാൽ ഇടവാവലി പുഴയിൽ കൽപ്പടവുകൾ കെട്ടി ഭക്ത ജനങ്ങൾക്ക് കുളിക്കുന്നതിനും പുഴയിലിറങ്ങുന്നതിനുമായി സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനുള്ള പണി പൂർത്തിയായി വരുന്നു. ടോയ്‌ലറ്റ് ബ്ലോക്കുകൾ, വിശ്രമ മന്ദിരങ്ങൾ, സ്ത്രീകൾക്ക് വസ്ത്രം മാറുന്നതിനുള്ള ഷെഡ്ഡുകൾ എന്നിവയുടെ നവീകരണ പ്രവർത്തി പൂർത്തിയായി വരുന്നു. പൂർണ്ണമായും പ്ലാസ്റ്റിക് മുക്ത ഉത്സവമാണ് ഇത്തവണ നടക്കുക. ഇതിനായി ദേവസ്വം കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബ ശ്രീ ഹരിത സേനയുമായി ഒത്തോരുമിച്ച് പ്രവർത്തിക്കും. പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യാൻ ദേവസ്വം ഇന്സിനറ്റർ സ്ഥാപിച്ചട്ടുണ്ട്.

ലഹരി മുക്തമാക്കുന്നതിന് എക്സൈസ് വകുപ്പും വിവിധ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഉത്സവ നഗരിയിൽ പോലീസ് , എക്സൈസ്, ഫയർഫോഴ്‌സ്, മെഡിക്കൽ, കെ എസ ആർ ടി സി, കെ. എസ് . ഇ .ബി മുതലായ വകുപ്പുകളുടെ ഇരുപത്തിനാല് മണിക്കൂർ സേവനം ഉണ്ടാകും. കൂടാതെ വിവിധ ഏജൻസികളുടെ സൗജന്യ മെഡിക്കൽ സംവിധാനം ഇക്കര ക്ഷേത്ര സമീപത്ത് ഉണ്ടാകും. ആംബുലൻസ് സൗകര്യം ദേവസ്വവും, കൊട്ടിയൂർ പി.എച്ച്.സി യും ഏർപ്പെടുത്തും പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി നെയ്പ്പായസം സീൽഡ് പേപ്പർ കണ്ടൈനറിലും, ആടിയ നെയ്യ് പാക്കിങ് ഫിലിമിലും നിറച്ച് വിതരണം ചെയ്യുന്നതിന് മിഷനറി സംവിധാനം ഏർപ്പെടുത്തി.

ശുചീകരണത്തിന് ഭാഗമായി കൂടുതൽ തൊഴിലാളികളെ ഏർപ്പെടുത്തി ദിവസവുമുള്ള ശുചീകരണ നടപടികൾ വേഗത്തിലാക്കും.24 മണിക്കൂറും പ്രവർത്തിക്കുന്ന ദേവസ്വം ഇൻഫോർമേഷൻ സെന്റർ പ്രവർത്തിക്കും.

Read More >>