കൊറോണ ഭീതി; സൗദിയില്‍ ഉംറ, ടൂറിസ്റ്റ് വിസക്കാര്‍ക്ക് താല്‍ക്കാലിക വിലക്ക്

വ്യാഴാഴ്ച രാവിലെയാണ് സൗദി വിദേശകാര്യ മന്ത്രാലയം നിരോധനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

കൊറോണ ഭീതി; സൗദിയില്‍ ഉംറ, ടൂറിസ്റ്റ് വിസക്കാര്‍ക്ക് താല്‍ക്കാലിക വിലക്ക്

റിയാദ്: കൊറോണ വൈറസ് ജാഗ്രതയുടെ ഭാഗമായി വിദേശരാഷ്ട്രങ്ങളില്‍ നിന്നുള്ള ഉംറ, ടൂറിസ്റ്റ് വിസകള്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തി. പൊതുസുരക്ഷ ഉറപ്പാക്കാനാണ് താല്‍ക്കാലിക നടപടിയെന്ന് സൗദി വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ച രാവിലെയാണ് സൗദി വിദേശകാര്യ മന്ത്രാലയം നിരോധനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വൈറസ് പടരുന്ന മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന എല്ലാവര്‍ക്കും സൗദിയിലേക്ക് പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചുവെന്നും അധികൃതര്‍ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

ജിസിസി രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്കും രാജ്യത്തിന് അകത്തും പുറത്തും സഞ്ചരിക്കാന്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കുന്നതിലും നിയന്ത്രണം ഉണ്ട്.

എന്നാല്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പൗരന്‍മാര്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ താത്പര്യമുണ്ടെങ്കില്‍ അതിന് അനുമതി ഉണ്ട്. സൗദിയില്‍ കഴിയുന്ന വിദേശികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനും ഇളവുകള്‍ ഉണ്ട്.

സൗദിയിലേക്ക് എത്തുന്നവര്‍ അതിന് മുന്‍പ് ഏതൊക്കെ രാജ്യങ്ങളില്‍ സന്ദര്‍ശിച്ചുവെന്നത് സംബന്ധിച്ച പരിശോധനകള്‍ എന്‍ട്രി പോയിന്റുകളില്‍ വെച്ച് തന്നെ നടത്തും. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവരുമായി ഇടപഴകുന്നതിന് ആരോഗ്യ മുന്‍കരുതലുകള്‍ കര്‍ശനമായി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൊറോണ വൈറസ് പടരുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും സൗദി അധികൃതര്‍ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വര്‍ഷം 70 ലക്ഷം ഉംറ തീര്‍ത്ഥാടകരാണ് ജിദ്ദ, മദീന വിമാനത്താവളങ്ങള്‍ വഴി സൗദിയിലെത്തുന്നത്.

അതിനിടെ, ഇതുവരെ സൗദിയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ പറഞ്ഞു.

Next Story
Read More >>