പുരുഷ പൊലീസുകാര്‍ തൊഴിച്ചു, പാകിസ്താനിയെന്ന് വിളിച്ചു- ജയില്‍ ദുരനുഭവം പങ്കുവച്ച് സദഫ് ജാഫര്‍

അറസ്റ്റിനെ കുറിച്ച് കുടുംബത്തെ അറിയിച്ചില്ല

പുരുഷ പൊലീസുകാര്‍ തൊഴിച്ചു, പാകിസ്താനിയെന്ന് വിളിച്ചു- ജയില്‍ ദുരനുഭവം പങ്കുവച്ച് സദഫ് ജാഫര്‍

ലഖ്‌നൗ: യു.പി പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവച്ച് പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റിലായ സാമൂഹ്യപ്രവര്‍ത്തക സദഫ് ജാഫര്‍. ചൊവ്വാഴ്ച രാവിലെയാണ് സദഫ് ജാഫര്‍ രണ്ടാഴ്ചയിലേറെ നീണ്ട ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയത്.

'പൊലീസ് കസ്റ്റഡിയില്‍ അവര്‍ എന്ന മൃഗീയമായി തൊഴിച്ചു. പുരുഷ പൊലീസുകാര്‍ പോലും തല്ലി. പാകിസ്താനിയെന്ന് വിളിച്ച് ആക്ഷേപിച്ചു. എന്റെ അറസ്റ്റിനെ കുറിച്ച് കുടുംബത്തെ അറിയിച്ചില്ല' - അവര്‍ പറഞ്ഞു.

'ഡിസംബര്‍ 19നാണ് ലഖ്‌നൗവില്‍ സംഘര്‍ഷമുണ്ടായത്. പൊലീസ് നിഷ്‌ക്രിയത്വത്തെ കുറിച്ച് ഫേസ്ബുക്ക് വഴി ലൈവ് നല്‍കുകയായിരുന്നു ഞാന്‍. ഭരണഘടനാ വിരുദ്ധമായ സി.എ.എയ്‌ക്കെതിരെ സമാധാനപരമായ രീതിയിലാണ് ഞങ്ങള്‍ ചെയ്തു കൊണ്ടിരുന്നത്. പിന്നീട് ഞങ്ങളെ ഹസ്‌റത്ത്ഗഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു' - അവര്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി സര്‍ക്കാറിനെ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ച അവര്‍ സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ വിഭജനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പ്രതികാരം എന്ന വാക്കാണ് ഉപയോഗിച്ചത്. ഇങ്ങനെ ഒരു ഭാഷയിലാണോ മുഖ്യമന്ത്രി സംസാരിക്കേണ്ടത്. അക്രമം സര്‍ക്കാര്‍ സൃഷ്ടിച്ചതാണ്. നൂറു കണക്കിന് നിരപരാധികളുടെ മേലാണ് കുറ്റം ചുമത്തിയിട്ടുള്ളത്- അവര്‍ പറഞ്ഞു.

തന്നെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്ക് അവര്‍ നന്ദി പറഞ്ഞു. 'എന്നെ പിന്തുണച്ചതിന് കോണ്‍ഗ്രസ് പാര്‍ട്ടിക്കും പ്രിയങ്കാ ഗാന്ധിക്കും നന്ദി. സി.എ.എയ്‌ക്കെതിരെയുള്ള പോരാട്ടം തുടരും'

സദഫ് ജാഫറിനു പുറമേ, മുന്‍ ഐ.പി.എസ് ഓഫീസര്‍ എസ്.ആര്‍ ദാരാപുരിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹവും ഇന്ന് രാവിലെ ലഖ്‌നൗ ജയിലില്‍ നിന്ന് പുറത്തിറങ്ങി. നിശ്ശബ്ദനാക്കാന്‍ ആകില്ല എന്നും സി.എ.എയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തണുപ്പില്‍ തനിക്ക് ഭക്ഷണവും പുതപ്പും നിഷേധിക്കപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.

Next Story
Read More >>