അയോദ്ധ്യയില്‍ നിര്‍ണായക വഴിത്തിരിവ്; ബാബരി ഭൂമിക്ക് മേലുള്ള അവകാശവാദം സുന്നിവഖഫ് ബോര്‍ഡ് ഉപേക്ഷിക്കുമെന്ന് റിപ്പോര്‍ട്ട്

രാമക്ഷേത്രത്തിന് വേണ്ടി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുകയാണ് എങ്കില്‍ എതിര്‍പ്പില്ല എന്ന് വഖഫ് ബോര്‍ഡ് സുപ്രിംകോടതി നിയോഗിച്ച മദ്ധ്യസ്ഥ സമിതിക്ക് മുമ്പാകെ അറിയിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

അയോദ്ധ്യയില്‍ നിര്‍ണായക വഴിത്തിരിവ്; ബാബരി ഭൂമിക്ക് മേലുള്ള അവകാശവാദം സുന്നിവഖഫ് ബോര്‍ഡ് ഉപേക്ഷിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ ബാബരിമസ്ജിദ്-രാമജന്മഭൂമി തര്‍ക്കഭൂമിക്കു മേലുള്ള അവകാശവാദം ഉപേക്ഷിക്കാന്‍ സുന്നിവഖ്ഫ് ബോര്‍ഡ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. രാമക്ഷേത്രത്തിന് വേണ്ടി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുകയാണ് എങ്കില്‍ എതിര്‍പ്പില്ല എന്ന് വഖഫ് ബോര്‍ഡ് സുപ്രിംകോടതി നിയോഗിച്ച മദ്ധ്യസ്ഥ സമിതിക്ക് മുമ്പാകെ അറിയിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ സുന്നി വഖഫ് ബോര്‍ഡ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

തകര്‍ക്കപ്പെട്ട പള്ളിക്ക് മേലുള്ള അവകാശവാദങ്ങള്‍ ഉപേക്ഷിച്ചാല്‍ അയോദ്ധ്യയില്‍ നിലവിലുള്ള പള്ളികള്‍ സര്‍ക്കാര്‍ നവീകരിച്ചു നല്‍കണം എന്നും വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ബാബരി മസ്ജിദിന് പകരമായി അനുയോജ്യമായ സ്ഥലത്ത് മറ്റൊരു പള്ളിയും നിര്‍മിക്കണം- എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഏറ്റെടുത്ത പള്ളികളുടെ പട്ടികയും മദ്ധ്യസ്ഥ സമിതിക്ക് ബോര്‍ഡ് കൈമാറിയിട്ടുണ്ട്. ഇവ ആരാധനയ്ക്കായി ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

അതിനിടെ, കേസില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി, മദ്ധ്യസ്ഥ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് വൈകാതെ പരിഗണിക്കും. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്താനാണ് സുപ്രിംകോടതി മദ്ധ്യസ്ഥ സമിതിയെ നിയോഗിച്ചിരുന്നത്. ഇത് വിജയം കണ്ടെത്താതിരുന്നതിനെ തുടര്‍ന്നാണ് കേസില്‍ പരമോന്നത കോടതി മാരത്തണ്‍ വാദം കേട്ടത്.

16-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ബാബരി മസ്ജിദ് നിലനില്‍ക്കുന്ന ഭൂമിക്കായി സുന്നിവഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാം ലല്ല എന്നീ കക്ഷികളാണ് രംഗത്തുള്ളത്. രാമന്റെ ജന്മസ്ഥലത്താണ് പള്ളിയുള്ളത് എന്നാണ് ഹിന്ദു കക്ഷികളുടെ വാദം.

രാംലല്ലയ്ക്ക് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരാശരന്‍ അത് ഇന്നലെ വ്യക്തമാക്കി. 'അയോദ്ധ്യയില്‍ മാത്രം 50-60 പള്ളികളുണ്ട്. എന്നാല്‍ രാമന്റെ ജന്മസ്ഥലം ഒന്നേയുള്ളൂ. അത് മാറ്റാനാകില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

മുന്‍ സുപ്രിംകോടതി ജഡ്ജ് എഫ്.എം ഖലീഫുല്ല, ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് മദ്ധ്യസ്ഥ സമിതിയില്‍ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് ജസ്റ്റിസ് ഖലീഫുല്ല റിപ്പോര്‍ട്ട് ചീഫ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് സമര്‍പ്പിച്ചത്. എന്നാല്‍ ഇന്നത്തെ വാദത്തില്‍ ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റിസ് പരാമര്‍ശമൊന്നും നടത്തിയിരുന്നില്ല.

ചീഫ് ജസ്റ്റിസ് വിരമിക്കുന്ന നവംബര്‍ 17ന് മുമ്പ് പതിറ്റാണ്ടുകളായി ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന കേസില്‍ വിധിയുണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ്.എ നസീര്‍ എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍.

അയോദ്ധ്യയിലെ 2.77 ഏക്കര്‍ വരുന്ന ഭൂമി സുന്നിവഖ്ഫ് ബോര്‍ഡ്, രാം ലല്ല, നിര്‍മഹോ അഖാഡ എന്നിവയ്ക്കു തുല്യമായി വീതിച്ച 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ ഉള്ളത്.

1992 ഡിസംബര്‍ ആറിനാണ് മുഗള്‍ ചക്രവര്‍ത്തി ബാബര്‍ നിര്‍മിച്ച മസ്ജിദ് തീവ്രഹിന്ദുത്വവാദികള്‍ തകര്‍ത്തത്. രാമന്റെ ജന്മസ്ഥലത്താണ് പള്ളി നില്‍ക്കുന്നത് എന്നാണ് തീവ്രവലതുപക്ഷ വിഭാഗം പറയുന്നത്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ രാജ്യത്തുടനീളം വലിയ കലാപങ്ങള്‍ ഉണ്ടായിരുന്നു.

Read More >>