തൊഴിയൂര്‍ സുനില്‍ വധം: ജംഇയ്യത്തുല്‍ ഇസ്‌ലാഹിയ സ്ഥാപകന്‍ അറസ്റ്റില്‍- അറസ്റ്റ് കൊളത്തൂരില്‍ ഒളിവില്‍ കഴിയവെ

ഉസ്മാന്‍ തീവ്രവാദ സംഘടനയായ ജംഇയ്യത്തുല്‍ ഇസ്‌ലാഹിയയുടെ സ്ഥാപനകനാണെന്ന് പൊലീസ് അറിയിച്ചു

തൊഴിയൂര്‍ സുനില്‍ വധം: ജംഇയ്യത്തുല്‍ ഇസ്‌ലാഹിയ സ്ഥാപകന്‍ അറസ്റ്റില്‍- അറസ്റ്റ് കൊളത്തൂരില്‍ ഒളിവില്‍ കഴിയവെ

മലപ്പുറം ബ്യൂറോ

തിരൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തൃശ്ശൂരിലെ തൊഴിയൂര്‍ സുനിലിനെ കൊലപ്പെടുത്തിയ കേസില്‍ ജംഇയത്തുല്‍ ഇസ്‌ലാഹിയ പ്രവര്‍ത്തകരായ രണ്ട് പേര്‍ കൂടി പിടിയില്‍. മലപ്പുറം കൊളത്തൂര്‍ ചെമ്പ്രശ്ശേരി പൊതുവക്കത്ത് ഉസ്മാന്‍ (51), തൃശ്ശൂര്‍ വാടാനപ്പള്ളി അഞ്ചങ്ങാടി നാലകത്തൊടിയില്‍ യൂസഫ് എന്ന യൂസഫലി (52) എന്നിവരെയാണ് തിരൂര്‍ ഡിവൈ.എസ.പി കെ.എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ കഴിഞ്ഞ ദിവസം തൃശ്ശൂര്‍ സ്വദേശി മുഹിയുദ്ധീനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റുകളെന്ന് ഡിവൈ.എസ്.പി കെ.എം സുരേഷ്ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഉസ്മാന്‍ തീവ്രവാദ സംഘടനയായ ജംഇയ്യത്തുല്‍ ഇസ്‌ലാഹിയയുടെ സ്ഥാപനകനാണെന്ന് പൊലീസ് അറിയിച്ചു. 92-96 കാലഘട്ടങ്ങളില്‍ പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം മേഖലകളിലെ സിനിമ തിയേറ്ററുകള്‍ കത്തിക്കുക, കള്ള് ഷാപ്പുകള്‍ കത്തിക്കുക, നോമ്പ് കാലത്ത് തുറക്കുന്ന ഹോട്ടലുകള്‍ ആക്രമിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഇയാളാണെന്ന് കണ്ടെത്തി. 1995 ല്‍ വാടാനപ്പള്ളി രാജീവ് വധക്കേസ്സില്‍ പ്രതിയാവുകയും ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് രക്ഷപ്പെട്ടു. പിന്നീട് 2007 ല്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

കൊളത്തൂരില്‍ ഒളിവില്‍ കഴിയവെ ഇന്നലെ രാത്രിയാണ് ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തത്. തൊഴിയൂര്‍ സുനിലിനെ വെട്ടികൊല്ലുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്തതിന്റെ വിശദവിവരം വെളിപ്പെടുത്തിയതായി അന്വേഷണ സംഘം പറഞ്ഞു.

ജം-ഇയ്യത്തുല്‍ ഇസ്‌ലാഹിയ പ്രവര്‍ത്തകനായിരുന്നു യൂസഫലി. ഇയാളും രാജിവ് വധക്കേസ്സില്‍ പ്രതിയായിരുന്നു. തുടര്‍ന്ന് ഗള്‍ഫിലേക്ക് രക്ഷപ്പെട്ടു. 2018 ല്‍ മുംബൈ വിമാനത്താവളം വഴി നാട്ടിലേക്ക് വരാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍ പിടിയിലായി. നേരത്തെ ക്രൈം ബ്രാഞ്ച് പുറപ്പെടുവിച്ചിരുന്ന ലുക്ക് ഔട്ട് നോട്ടിസ് പ്രകാരം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി.സുനില്‍ വധക്കേസിന്റെ അന്വേഷണം തന്നിലേക്ക് നീളുന്നതായി മനസ്സിലാക്കി വീണ്ടും ഒളിവിലായിരുന്നു. അവിടെ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. സംഘടനക്കായി ആയോധന പരിശീലനത്തിന് നേതൃത്വം നല്‍കിയിരുന്നത് യൂസഫലിയാണെന്ന് പൊലീസ് അറിയിച്ചു.

Read More >>