370-ാം വകുപ്പ് എടുത്തു കളഞ്ഞത് പട്ടേലിന്റെ സ്വപ്‌നമെന്ന് അമിത് ഷാ- അല്ലെന്ന് ചരിത്ര രേഖകള്‍

370ാം അനുച്ഛേദം സംബന്ധിച്ച എല്ലാ കാര്യങ്ങളും പട്ടേലും അറിഞ്ഞുകൊണ്ടാണ് നടന്നത്.

370-ാം വകുപ്പ് എടുത്തു കളഞ്ഞത് പട്ടേലിന്റെ സ്വപ്‌നമെന്ന് അമിത് ഷാ- അല്ലെന്ന് ചരിത്ര രേഖകള്‍

ഹൈദരാബാദ്: ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തു കളഞ്ഞതിലൂടെ സഫലമായത് ആദ്യ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേലിന്റെ സ്വപ്‌നമാണെന്ന് മന്ത്രി അമിത് ഷാ വീണ്ടും. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ ദേശീയ പൊലീസ് അക്കാദമിയില്‍ ഐ.പി.എസ് പ്രൊബേഷനേഴ്‌സുമായി സംസാരിക്കവെയാണ് ഷാ ഇതു പറഞ്ഞത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും സമാന പ്രസ്താവന നടത്തിയിരുന്നു.

യഥാര്‍ത്ഥത്തില്‍ സര്‍ദാര്‍ പട്ടേല്‍ അത്തരത്തില്‍ ആഗ്രഹിച്ചിരുന്നോ? ഇല്ലെന്നാണ് ചരിത്ര രേഖകള്‍ പറയുന്നത്. പട്ടേല്‍ കൂടി ഉള്‍പ്പെട്ട കാബിനറ്റ് സമിതിയാണ് കശ്മീരിന് പ്രത്യേക പദവി നല്‍കാനുള്ള തീരുമാനമെടുത്തത് എന്നതാണ് വസ്തുത. അതിങ്ങനെ;

370ാം അനുച്ഛേദത്തെ പട്ടേല്‍ പൂര്‍ണ്ണമായും പിന്തുണച്ചിരുന്നുവെന്നാണ് ഹരിയാനയിലെ അശോക് യൂണിവേഴ്സിറ്റിയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍ ആന്‍ഡ് ഹിസ്റ്ററിയിലെ പ്രൊഫസര്‍ ശ്രീനാഥ് രാഘവനെ ഉദ്ധിച്ച് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

370ാം അനുച്ഛേദം സംബന്ധിച്ച എല്ലാ കാര്യങ്ങളും പട്ടേലും അറിഞ്ഞുകൊണ്ടാണ് നടന്നത്. നെഹ്റു മാത്രമാണ് കശ്മീര്‍ വിഷയത്തില്‍ തീരുമാനമെടുത്തതെന്ന വാദം വസ്തുതാ വിരുദ്ധമാണ്. സര്‍ക്കാറിന്റെ നയപരമായ തീരുമാനമായിരുന്നു അത്. ഭരണഘടനാ നിര്‍മ്മാണ സഭ തീരുമാനം പാസാക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ആദ്യ യോഗം നെഹ്റുവിന്റെ സാന്നിദ്ധ്യത്തില്‍ 1949 മെയ് 15,16 തിയ്യതികളില്‍ പട്ടേലിന്റെ വീട്ടില്‍ വച്ചാണ് നടന്നത്.

ജമ്മു-കശ്മീരിന്റെ രൂപരേഖകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ മന്ത്രി എന്‍.ജി അയ്യങ്കാര്‍ കശ്മീര്‍ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് അബ്ദുല്ലയ്ക്ക് അയക്കുന്നതിന് മുമ്പ് പട്ടേലിന് ഒരു കത്ത് നല്‍കിയിരുന്നു.

'കശ്മീരിന് പ്രത്യേക പദവി നല്‍കുന്നത് സംബന്ധിച്ച് താങ്കളുടെ നേരിട്ടുള്ള പ്രതികരണം അറിയാന്‍ നെഹ്റുവിന് താല്‍പര്യമുണ്ട്. താങ്കളുടെ സമ്മതം ലഭിച്ച ശേഷമേ രൂപരേഖ ഷെയ്ഖ് അബ്ദുല്ലയ്ക്ക് അയക്കുകയുള്ളൂ'-എന്നായിരുന്നു കത്തിലെ ഉള്ളടക്കം. നെഹ്റു വിദേശത്തായിരുന്ന സമയത്ത് അയ്യങ്കാറിനോട് ഷെയ്ഖ് അബ്ദുല്ലയോട് കശ്മീര്‍ വിഷയത്തില്‍ നടത്തുന്ന ചര്‍ച്ചകള്‍ തുടരാനും പട്ടേല്‍ പറഞ്ഞിരുന്നുവെന്നും പ്രൊഫ.രാഘവന്‍ പറയുന്നു. കശ്മീര്‍ വിഷയത്തില്‍ നെഹ്റുവിനെതിരെ ബി.ജെ.പി ഉയര്‍ത്തുന്ന മറ്റൊരു ആരോപണം, ഈ വിഷയം ഐക്യരാഷ്ട്ര സംഘടന(യു.എന്‍) യിലെത്താന്‍ കാരണം നെഹ്റു മാത്രമാണ് എന്നുള്ളതാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ജനസംഘം നേതാവ് ശ്യമാപ്രസാദ് മുഖര്‍ജിക്കും അറിവുണ്ടായിരുന്നുവെന്നാണ് പ്രൊഫ. രാഘവന്‍ പറയുന്നു.

1952 ഓഗസ്റ്റ് ഏഴിന് ലോക്സഭയില്‍ അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചിരുന്നതായി പ്രൊഫ. രാഘവന്‍ ചൂണ്ടിക്കാട്ടുന്നു. 'കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സംഘടനയില്‍ എത്തിയകാര്യം എനിക്ക് അറിവുള്ളതാണ്. അത് ഒരു വസ്തുതയാണ്. എന്നാല്‍, അതിന് കാരണമായ സാഹചര്യത്തെക്കുറിച്ച് ഇപ്പോള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഞങ്ങള്‍ പ്രതീക്ഷിച്ച ന്യായമായ പ്രതികരണം ഐക്യരാഷ്ട്രസഭയില്‍ നിന്ന് ലഭിച്ചിട്ടില്ല എന്നത് സത്യമാണ്.'-എന്നായിരുന്നു മുഖര്‍ജിയുടെ പ്രസ്താവന.

1953ല്‍ കശ്മീരികളല്ലാത്തവര്‍ക്ക് കശ്മീരില്‍ താമസമാക്കുന്നതിനുള്ള നിയന്ത്രണത്തിനെതിരെ നിരാഹാര സമരം നടത്തിയതിനെത്തുടര്‍ന്ന് കസ്റ്റഡിയിലിരിക്കെയാണ് മുഖര്‍ജി മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍, ഇത് നെഹ്റുവിന്റെ ഗൂഢാലോചനയാണെന്ന് അടല്‍ ബിഹാരി വാജ്പെയ് ആരോപിച്ചിരുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിന് പിന്തുണ നല്‍കാന്‍ പട്ടേലിന് തന്റേതായ കാരണമുണ്ടായിരുന്നുവെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ചൂണ്ടിക്കാട്ടുന്നു. സംഘപരിവാറുകാര്‍ മുസ് ലിംകളുടെ ഭൂമി തട്ടിയെടുക്കുകയും ആക്രമിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇതാണ് പട്ടേല്‍ കശ്മീരിന് പ്രത്യേക പദവി നല്‍കാനുള്ള തീരുമാനത്തെ അനുകൂലിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദിന് പകരം പാകിസ്താന് കശ്മീര്‍ നല്‍കാന്‍ ഒരുഘട്ടത്തില്‍ പട്ടേല്‍ തയ്യാറായിരുന്നു എന്നും ചരിത്രരേഖകള്‍ പറയുന്നു. അതേസമയം, കശ്മീര്‍ വിഷയം നെഹ്റു കൈകാര്യം ചെയ്ത രീതിയില്‍ പട്ടേലിന് എതിര്‍പ്പുണ്ടായിരുന്നു എന്ന് പട്ടേലിന്റെ ആത്മകഥയായ പട്ടേല്‍ എ ലൈഫ് എന്ന പുസ്തകത്തില്‍ രാജ്മോഹന്‍ ഗാന്ധി പറയുന്നുണ്ട്. യു.എന്നിലേക്ക് കശ്മീര്‍ പ്രശ്നം എത്തിച്ചതിലും മഹാരാജാവിനെ ഒഴിവാക്കിയ രീതിയിലും പട്ടേലിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നും തന്റേതായ പരിഹാരം അദ്ദേഹം നിര്‍ദ്ദേശിച്ചുമില്ല. കശ്മീര്‍ തങ്ങള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുന്നതായി വ്യവസായി ജി.ഡി ബിര്‍ളയോട് പട്ടേല്‍ പറഞ്ഞിരുന്നതായി ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി എന്ന പുസ്തകത്തില്‍ രാമചന്ദ്ര ഗുഹ എഴുതിയിട്ടുണ്ട്.

Read More >>