ഡല്‍ഹിയില്‍ സി.എ.എ സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു- പത്തിടത്ത് നിരോധാജ്ഞ

ഗോഗുല്‍പുരി പൊലീസ് സ്റ്റേഷനിലെ രത്തന്‍ ലാല്‍ എന്നയാളാണ് മരിച്ചത്

ഡല്‍ഹിയില്‍ സി.എ.എ സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു- പത്തിടത്ത് നിരോധാജ്ഞ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി അനുകൂല-പ്രതികൂല സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഡല്‍ഹിയില്‍ ഒരു പൊലീസ് കോണ്‍സ്റ്റ്ബ്ള്‍ കൊല്ലപ്പെട്ടു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. ജാഫറാബാദിലെ ചന്ദ്ബാഗ് മേഖലയിലാണ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടത്തെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഗോഗുല്‍പുരി പൊലീസ് സ്റ്റേഷനിലെ രത്തന്‍ ലാല്‍ എന്നയാളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കുണ്ട്.

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തലസ്ഥാനത്തെത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അനിഷ്ട സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ഡല്‍ഹിയിലെ ഭജന്‍പുര, മൗജ്പുര്‍, ജാഫറാബാദ് തുടങ്ങിയ മേഖലകളിലാണ് തിങ്കളാഴ്ച വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സി.എ.എ. വിരുദ്ധ പ്രക്ഷോഭകരും അനുകൂലികളും തുടര്‍ച്ചയായ രണ്ടാംദിവസവും ഏറ്റുമുട്ടുകയായിരുന്നു.

അക്രമികള്‍ വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചതായും പോലീസിന് നേരേ വെടിയുതിര്‍ത്തെന്നുമാണ് റിപ്പോര്‍ട്ട്. അക്രമികളില്‍ ഒരാള്‍ പോലീസിന് നേരേ വെടിയുതിര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മൗജ്പുരിലും ജാഫറാബാദിലും ഭജന്‍പുരയിലും രൂക്ഷമായ കല്ലേറാണുണ്ടായത്. ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് കല്ലെറിയുകയായിരുന്നു. ജാഫറാബാദിലും മൗജ്പുരിലും അക്രമികള്‍ രണ്ട് വീടുകള്‍ അഗ്‌നിക്കിരയാക്കി. അഗ്‌നിരക്ഷാ സേനയുടെ വാഹനവും കത്തിച്ചു.

സംഘര്‍ഷത്തെ തുടര്‍ന്ന് ജാഫറാബാദ്, മൗജ്പുര്‍, ബാബര്‍പുര്‍ സ്റ്റേഷനുകള്‍ അടച്ചിട്ടതായി ഡല്‍ഹി മെട്രോ അറിയിച്ചു. ഈ സ്റ്റേഷനുകളില്‍ ആളുകള്‍ക്ക് പ്രവേശിക്കാനാവില്ല. കഴിഞ്ഞദിവസം വൈകീട്ടും ഡല്‍ഹിയിലെ മൗജ്പുരിലും ജാഫറാബാദിലും സംഘര്‍ഷമുണ്ടായിരുന്നു.

ഡല്‍ഹിയിലെ ക്രമസമാധാന നില തകര്‍ന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ബി.ജെ.പി നേതാക്കള്‍ പൊതുവേദിയില്‍ വിദ്വേഷ പ്രസംഗം നടത്തിയിട്ടും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പൊലീസ് നടപടിയൊന്നും എടുത്തില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Next Story
Read More >>