മുത്തശ്ശിയുടെ പാതയില്‍ രാഹുല്‍ തെക്കേ ഇന്ത്യയില്‍

മുത്തശ്ശിയും അമ്മയും തുടര്‍ന്ന വിജയങ്ങളുടെ ചരിത്രമാവര്‍ത്തിക്കാനാണ് രാഹുല്‍ തെക്കേ ഇന്ത്യയിലേക്ക് വരുന്നത്.

മുത്തശ്ശിയുടെ പാതയില്‍ രാഹുല്‍ തെക്കേ ഇന്ത്യയില്‍

തെക്കേ ഇന്ത്യ നെഹറു കുടുംബത്തിന് വിജയം സമ്മാനിച്ച ചരിത്രത്തിന്റെ പിന്‍ബലത്തിലാണ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് മത്സരത്തിനെത്തുന്നത്. 1978ലും 1980 ലും ഇന്ദിരാഗാന്ധിയും 1999 ല്‍ സോണിയാഗാന്ധിയും തെക്കേ ഇന്ത്യയില്‍ വിജയക്കെടിപാറിച്ചു. രാഹുല്‍ വയനാട്ടിലെത്തുമ്പോള്‍ ചരിത്രമാവര്‍ത്തിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

അടിയന്തരാവസ്ഥ ശേഷം 1977 ലേറ്റ പരാജയത്തിന്റെ കയ്പ്പുനീരും പേറിയാണ് ഇന്ദിരാഗന്ധി ആദ്യമായി തെക്കേ ഇന്ത്യയില്‍ മത്സരത്തിനിറങ്ങിയത്. 1978 ല്‍ ചിക്കമംഗളൂരുവില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമായിരുന്ന ഡി.ബി ചന്ദ്രഗാഡ രാജിവെച്ചതോടെ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങുകയായിരുന്നു. അവിടെ മത്സരിക്കാന്‍ അന്ന് കര്‍ണ്ണാടക മുഖ്യമന്ത്രിയായിരുന്ന ദേവരാജ് അരശ് ഇന്ദിരയെ ക്ഷണിച്ചു. കോണ്‍ഗ്രസ് കോട്ടയില്‍ വന്‍ ഭൂരിപക്ഷത്തിന് ഇന്ദിര വിജയക്കൊടിപാറിച്ചു. 70,000 വോട്ടിന് ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥി വീരേന്ദ്ര പട്ടീലിനെ പരാജയപ്പെടുത്തിയാണ് ഇന്ദിര പാര്‍ലമെന്റില്‍ തിരിച്ചെത്തിയത്. ഇതോടെ 1978 ലെ വിജയം ഇന്ദിരയുടെ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ലായി മാറി.

പിന്നീട് 1980ലും ഇന്ദിരാ ഗാന്ധി ജനവിധി തേടാന്‍ ദക്ഷിണേന്ത്യയില്‍ എത്തി. ഉത്തര്‍പ്രദേശിലെ റായ്ബറേലിക്ക് പുറമേ ആന്ധ്രാ പ്രദേശിലെ മേഡക്കിലും ഇന്ദിര സ്ഥാനാര്‍ത്ഥിയായി. മേഡക്കില്‍ 200,000ത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച ഇന്ദിര, റായ് ബറേലിയില്‍ 100,000ത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു.

പിന്നീട് തെക്കേ ഇന്ത്യയിലേക്ക് സോണിയാ ഗാന്ധിയും വിജയം തേടിയെത്തി. 1999 ല്‍ സോണിയാ ഗാന്ധിയാണ് രണ്ടു മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടിയത്. കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നും. ബെല്ലാരിയില്‍ സോണിയയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായി സുഷമ സ്വരാജ് മത്സരിച്ചെങ്കിലും വിജയം സോണിയയ്ക്കൊപ്പം തന്നെയായിരുന്നു.

മുത്തശ്ശിയും അമ്മയും തുടര്‍ന്ന വിജയങ്ങളുടെ ചരിത്രമാവര്‍ത്തിക്കാനാണ് രാഹുല്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം തെക്കേ ഇന്ത്യയിലേക്ക് വരുന്നത്. രാഹുല്‍ ഗാന്ധി ദക്ഷിണോന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് മത്സരിച്ചാല്‍ ഹിന്ദി ഹൃദയഭൂമികളിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒതുങ്ങി നില്‍ക്കുന്ന ബിജെപിക്ക് എതിരെ ഇന്ത്യ മുഴുവന്‍ വ്യാപിച്ച പ്രവര്‍ത്തനമാണ് തങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതെന്ന് കോണ്‍ഗ്രസിനും അവകാശപ്പെടാന്‍ കഴിയും.

തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് മുമ്പു തന്നെ കര്‍ണ്ണാടക, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഏതെങ്കിലും ഒരു സംസ്ഥാനത്ത് മത്സരിക്കണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ കേരളത്തിന്റെ ആവശ്യത്തോട് രാഹുല്‍ അനുകൂലമായി പ്രതികരിക്കുന്നതും കാത്തിരിക്കുകയാണ് കോണ്‍ഗ്രസ്.

രാഹുലിന്റെ വരവോടെ ചരിത്രം ഒരിക്കല്‍കൂടി ആവര്‍ത്തിക്കുമോ എന്ന് കാത്തിരുന്നു കാണാം.

Next Story
Read More >>