കര്‍ഷകരെയും വിദ്യാര്‍ത്ഥികളെയും കേള്‍ക്കാന്‍ നേരമില്ല, കോര്‍പറേറ്റുകളെ കേള്‍ക്കാന്‍ സമയം- മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

മോദിയുടെ ബജറ്റ് കൂടിയാലോചന ആര്‍ത്തിമൂത്ത മുതലാളിത്ത സുഹൃത്തുക്കള്‍ക്കും അതിസമ്പന്നര്‍ക്കും മാത്രം റിസര്‍വ് ചെയ്തതാണ്

കര്‍ഷകരെയും വിദ്യാര്‍ത്ഥികളെയും കേള്‍ക്കാന്‍ നേരമില്ല, കോര്‍പറേറ്റുകളെ കേള്‍ക്കാന്‍ സമയം- മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

ന്യൂഡല്‍ഹി: പൊതുബജറ്റിന് മുമ്പോടിയായി രാജ്യത്തെ വന്‍കിട കോര്‍പറേറ്റ് കമ്പനി മേധാവികളുമായി ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അതിസമ്പന്നര്‍ക്കും കോര്‍പറേറ്റ് സുഹൃത്തുക്കുള്‍ക്കും മാത്രമാണ് മോദിയുടെ ബജറ്റെന്നും ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയല്ലെന്നും രാഹുല്‍ തുറന്നടിച്ചു. ട്വിറ്ററിലാണ് രാഹുലിന്റെ പ്രതികരണം.

'മോദിയുടെ ബജറ്റ് കൂടിയാലോചന ആര്‍ത്തിമൂത്ത മുതലാളിത്ത സുഹൃത്തുക്കള്‍ക്കും അതിസമ്പന്നര്‍ക്കും മാത്രം റിസര്‍വ് ചെയ്തതാണ്. നമ്മുടെ കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, വനിതകള്‍, സര്‍ക്കാര്‍-പൊതുമേഖലാ ജീവനക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ഇടത്തരം നികുതി ദാതാക്കള്‍ എന്നിവരെ കേള്‍ക്കാന്‍ അദ്ദേഹത്തിന് താത്പര്യമില്ല' - എന്നാണ് രാഹുലിന്റെ വാക്കുകള്‍.

മുകേഷ് അംബാനി, രത്തന്‍ടാറ്റ, ഗൗതം അദാനി, ആനന്ദ് മഹീന്ദ്ര തുടങ്ങിയവര്‍ക്കൊപ്പം മോദി എടുത്ത ഫോട്ടോയും ഇവരുമായി നടത്തിയ ചര്‍ച്ചയുടെ ചിത്രവും രാഹുല്‍ ഷെയര്‍ ചെയ്തു.

>നിര്‍മലയില്ലാത്ത ചര്‍ച്ച

അതിനിടെ, ബജറ്റിന് മുന്നോടിയായി രാജ്യത്തെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ദ്ധരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഔട്ടായി. നിതി ആയോഗ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരിതല ഗതാഗത മന്ത്രി നിതിന്‍ഗഡ്കരി, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കയറ്റുമതിക്കാര്‍, ബാങ്കര്‍മാര്‍, സംരഭകര്‍, സ്വകാര്യ കമ്പനി പ്രതിനിധികള്‍ തുടങ്ങിയ നാല്‍പ്പത് പേര്‍ രണ്ടു മണിക്കൂര്‍ നീണ്ട യോഗത്തില്‍ പങ്കെടുത്തു. ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പദ് വ്യവസ്ഥയുടെ ഉത്തേജനത്തിനും വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി സ്വീകരിച്ചു. ധനമന്ത്രാലയത്തില്‍ നിന്ന് സെക്രട്ടറിമാര്‍ പങ്കെടുത്തു.

>രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

നിര്‍മല പങ്കെടുത്താക്ക യോഗത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഒരു സ്ത്രീ ചെയ്യുന്ന ജോലി എത്ര പുരുഷന്മാര്‍ ചേര്‍ന്നാണ് ചെയ്യുന്നത് എന്നായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം. അടുത്ത തവണ ധനമന്ത്രിയെ വിളിക്കുന്നത് പരിഗണിക്കണം എന്നും കോണ്‍ഗ്രസ് പരിഹസിച്ചു. ഫൈന്‍ഡിങ് നിര്‍മല എന്ന പേരില്‍ ട്വിറ്ററില്‍ ഹാഷ് ടാഗ് ട്രന്‍ഡിങുമാണ്.

ചില ട്വീറ്റുകള്‍ക്ക് നിര്‍മലയുടെ ഓഫീസ് പ്രതികരിച്ചിട്ടുണ്ട്. മന്ത്രി ഡിസംബര്‍ 20ന് ബജറ്റിന്റെ ഭാഗമായി സാമ്പത്തിക വിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ശശി തരൂരിന്റെ ട്വീറ്റിന് നിര്‍മലയുടെ ഓഫീസ് ട്വിറ്റര്‍ ഹാന്‍ഡില്‍ മറുപടി നല്‍കി.

>മോശം സാമ്പത്തിക നില

രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച അഞ്ചു ശമതാനത്തിലേക്ക് ഇടിഞ്ഞതിനു ശേഷമുള്ള ബജറ്റിനെ രാജ്യം താതപര്യപൂര്‍വ്വമാണ് നോക്കിക്കാണുന്നത്. ഉപഭോഗത്തിലെ കുറവും പണലഭ്യതക്കുറവും രാജ്യത്ത് മാന്ദ്യം സൃഷ്ടിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാന്‍ കേന്ദ്രം നിരവധി ഉത്തേജന പാക്കേജുകള്‍ ഇടക്കാലയളവില്‍ പ്രഖ്യാപിച്ചെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല.

Next Story
Read More >>