ഉദ്ദേശിച്ച നേട്ടം കൊയ്യാനാകാതെ കെ.എസ്.എഫ്.ഇ പ്രവാസിചിട്ടി; ചേര്‍ന്നത് 8,577 പേര്‍ മാത്രം

2018 നവംബറില്‍ ആരംഭിച്ച പ്രവാസി ചിട്ടിയില്‍ ചേര്‍ന്നതില്‍ ഏറെപ്പേരും യു.എ.ഇയില്‍ നിന്നുള്ളവരാണ്

ഉദ്ദേശിച്ച നേട്ടം കൊയ്യാനാകാതെ കെ.എസ്.എഫ്.ഇ പ്രവാസിചിട്ടി; ചേര്‍ന്നത് 8,577 പേര്‍ മാത്രം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെയും പ്രചാരണങ്ങളോടെയും തുടങ്ങിയ കെ.എസ്.എഫ്.ഇ പ്രവാസിചിട്ടിക്ക് ഉദ്ദേശിച്ച നേട്ടം കൊയ്യാനായില്ല. യൂറോപ്പിലും ഗള്‍ഫ് മേഖലയിലുമായി ആകെ 8,577 പേര്‍ മാത്രമാണ് പ്രവാസി ചിട്ടിയില്‍ ചേര്‍ന്നതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനനിധിയിലേക്ക് വന്‍തുക ലക്ഷ്യമിട്ടാണ് ഏറെ പ്രചരണങ്ങളോടെ പ്രവാസി ചിട്ടി ആരംഭിച്ചത്.

വിവിധ രാജ്യങ്ങളില്‍ നിന്നായി ഇതുവരെ 54.17 കോടി രൂപയാണ് ചിട്ടി വഴി ലഭ്യമായത്. എന്നാല്‍ പ്രവാസി ചിട്ടിയുടെ പരസ്യ പ്രചാരണങ്ങള്‍ക്ക് മാത്രമായി കെ.എസ്.എഫ്.ഇ ഇതുവരെ ചെലവഴിച്ചത് 4.27 കോടി രൂപയാണ്.

ഇതിനായി ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചതിന്റെ ചെലവ് വേറെയും. 47 സ്ഥിരം ജീവനക്കാരേയും 35 കോള്‍ സെന്റര്‍ ജീവനക്കാരേയുമാണ് പദ്ധതി നടത്തിപ്പിനായി നിയോഗിച്ചത്. ഇവര്‍ക്ക് മാസശമ്പളമായി നല്‍കിയത് 40.40 ലക്ഷം രൂപ.

ഈ വര്‍ഷം ഓഗസ്റ്റ് 15 വരെ കെ.എസ്.എഫ്.ഇ പ്രവാസികള്‍ക്കായി 279 ചിട്ടികളാണ് ആരംഭിച്ചത്. ഇതിനായി ചെലവായത് ആകെ 8.78 കോടി രൂപ. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച 54.17 കോടിയില്‍ സമ്മാന തുകയായ 28.5 കോടി രൂപ അടിസ്ഥാന സൗകര്യ വികസന നിധി (കിഫ്ബി)യില്‍ സ്ഥിര നിക്ഷേപമായും 12.18 കോടി രൂപ കിഫ്ബി സുരക്ഷാ ബോണ്ടായും സൂക്ഷിച്ചിരിക്കുന്നുവെന്നാണ് കെ.എസ്.എഫ്.ഇ വിശദീകരിച്ചിരിക്കുന്നത്.

2018 നവംബറില്‍ ആരംഭിച്ച പ്രവാസി ചിട്ടിയില്‍ ചേര്‍ന്നതില്‍ ഏറെപ്പേരും യു.എ.ഇയില്‍ നിന്നുള്ളവരാണ്. യൂറോപ്പില്‍ മാത്രം പ്രവാസി ചിട്ടി പ്രചാരണത്തിനായി ചെലവഴിച്ചത് 9.43 ലക്ഷം രൂപയാണ്. എന്നാല്‍ വളരെ തണുപ്പന്‍ പ്രതികരണമാണ് ഇവിടങ്ങളില്‍ നിന്ന് ലഭിച്ചത്.

ഓസ്ട്രിയയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും ഓരോരുത്തരും ബെല്‍ജിയത്തില്‍ നിന്നും നോര്‍വേയില്‍ നിന്നും രണ്ടു പേര്‍ വീതവും സ്വിറ്റ്സര്‍ലാന്‍ഡ്, മാള്‍ട്ട, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നും മൂന്ന് പേര്‍ വീതവുമാണ് ചിട്ടിയില്‍ ചേര്‍ന്നത്. യൂറോപ്പില്‍ ആകെ ചേര്‍ന്ന 80 പേരില്‍ 44 പേരും ബ്രിട്ടനില്‍ നിന്നായിരുന്നു. അയര്‍ലന്‍ഡില്‍ നിന്ന് 13 പേരും.

ഒമാനില്‍ കെ.എസ്.എഫ്.ഇ സംഘടിപ്പിച്ച കസ്റ്റമര്‍ മീറ്റിന് മാത്രമായി 14.78 ലക്ഷം രൂപ ചെലവായി. ഭക്ഷണത്തിന് മാത്രം 9.88 ലക്ഷം രൂപ. ഗള്‍ഫ് രാജ്യങ്ങളില്‍ യു.എ.ഇയില്‍ നിന്ന് (4,754) ബഹ്റൈന്‍ (262) കുവൈറ്റ്(349)ഒമാന്‍(352)ഖത്തര്‍(590)സൗദി അറേബ്യ(567) എന്നിങ്ങനെയാണ് ചിട്ടിയില്‍ ചേര്‍ന്നവരുടെ കണക്ക്.

Read More >>