തരിശുഭൂമിയില്‍ പച്ചവിരിക്കാന്‍ 'പച്ചത്തുരുത്ത് '

ജില്ലയിലെ ഉദയഗിരി പഞ്ചായത്താണ് ഈ പദ്ധതി ആദ്യം നടപ്പിലാക്കിയത്. ഈ മാതൃകയാണ് സംസ്ഥാനമാകെ നടപ്പിലാക്കുന്നത്. ജൈവ വൈവിധ്യ ബോർഡ്, കൃഷി വകുപ്പ്, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പരിപാടി, വനം വകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം, പരിസ്ഥിതി സംഘടനകൾ, വിവിധ കോളേജുകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്തൊരുക്കുന്നത്.

തരിശുഭൂമിയില്‍ പച്ചവിരിക്കാന്‍

കണ്ണൂർ: തരിശു ഭൂമിയിൽ പച്ചവിരിക്കുകയാണ് ഹരിത കേരളം മിഷൻ പ്രവർത്തനമായ പച്ചത്തുരുത്ത് പദ്ധതിയിലൂടെ. വൃക്ഷങ്ങളും ചെടികളും വെച്ച് പിടിപ്പിച്ചു സംരക്ഷിക്കുന്ന പ്രവർത്തനമാണ് പച്ചത്തുരുത്ത്. കണ്ണൂരിൽ 18 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഇതിനകം പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചു. ‌

ജില്ലയിലെ ഉദയഗിരി പഞ്ചായത്താണ് ഈ പദ്ധതി ആദ്യം നടപ്പിലാക്കിയത്. ഈ മാതൃകയാണ് സംസ്ഥാനമാകെ നടപ്പിലാക്കുന്നത്. ജൈവ വൈവിധ്യ ബോർഡ്, കൃഷി വകുപ്പ്, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പരിപാടി, വനം വകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം, പരിസ്ഥിതി സംഘടനകൾ, വിവിധ കോളേജുകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പച്ചത്തുരുത്തൊരുക്കുന്നത്.

ഇതിനകം ജില്ലയിൽ 250 ഏക്കറിലേറെ തരിശു നിലത്ത് പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കാൻ നടപടി ആരംഭിച്ചു. മുഴക്കുന്ന് പഞ്ചായത്ത് 136 ഏക്കർ ഭൂമിയാണ് പച്ചത്തുരുത്തിനായി നീക്കിവെച്ചിരിക്കുന്നത്. കണ്ടെത്തിയ ഭൂമിയിൽ ഡിജിറ്റൽ സർവ്വേ ഇതിനകം പൂർത്തീകരിച്ചു. വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഏജൻസിയെ ചുമതലപ്പെടുത്തി. പരിയാരം ഗ്രാമ പഞ്ചായത്തിൽ 24 ഏക്കർ ഭൂമിയിലാണ് പച്ചത്തുരുത്ത് ഒരുക്കുന്നത്.

കൊളച്ചേരി ഗ്രാമ പഞ്ചായത്തിൽ രണ്ടിടത്തായി 13 ഏക്കറിൽ പച്ചത്തുരുത് പദ്ധതി നടപ്പിലാക്കും. ആന്തൂർ നഗരസഭാ എ.കെ.ജി ദ്വീപിലാണ് പച്ചത്തുരുത്ത് ഒരുക്കുന്നത്. പടിയൂരിൽ അഞ്ച് ഏക്കറിലും ചപ്പാരപ്പടവിൽ ഒരു ഏക്കറിലും പച്ചത്തുരുത്തൊരുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ആലക്കോട് ഈയ ഭരണി തുരുത്തിനെ പച്ചത്തുരുത്തായി മാറ്റാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.

കണ്ണൂർ ഐ.ടി.ഐ, പാലയാട് ഡയറ്റ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും പച്ചത്തുരുത്തിന്റെ വഴിയിലാണ്. കണ്ണൂർ കോർപറേഷനിലെ എടച്ചേരിയിൽ പച്ചത്തുരുത്തിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് മാതൃകയായ ഉദയഗിരിയിൽ പച്ചത്തുരുത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കും തുടക്കമായി. പുതിയ തരിശു നിലങ്ങളിലേക്ക് തുരുത്ത് പ്രവർത്തനങ്ങൾ വ്യാപിക്കുകയും മരവൽക്കരണത്തിനുള്ള തൈകൾ, വിത്തുകൾ എന്നിവ തയ്യാറാക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് ഉദയഗിരിയിൽ നടക്കുന്നത്. അയ്യായിരം മുള തൈകൾ ഉൽപ്പാദിപ്പിച്ചു പ്രചരിപ്പിക്കാനുള്ള നഴ്സറി ഉദയഗിരിയിൽ ആരംഭിച്ചു. സംസ്ഥാന വന ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് നഴ്സറി ഒരുക്കുന്നത്.

പദ്ധതി പ്രവർത്തനങ്ങളെ സഹായിക്കാൻ ജില്ലാതല സാങ്കേതിക സഹായ സമിതി രൂപീകരിച്ചു. പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന കോളേജ് അധ്യാപകർ, ജൈവ വൈവിദ്ധ്യ ബോർഡ് അംഗങ്ങൾ, പരിസ്ഥിതി പ്രവർത്തകർ, വനവൽക്കരണ രംഗത്ത് പ്രവർത്തിക്കുന്നവർ തുടങ്ങിയ ഇരുപതോളം പേരാണ് സിമിതിയിലുള്ളത്.