കുതിച്ചുകയറി സവാള വില; ഒപ്പംകൂടി വെളുത്തുള്ളി, ചെറിയുളളി, ഇഞ്ചി, തക്കാളി

മാസങ്ങൾക്കു മുമ്പ് 20 രൂപയായിരുന്ന ഒരുകിലോ സവാളയുടെ ഇപ്പോഴത്തെ വില 70 മുതൽ 90 വരെയാണ്.

കുതിച്ചുകയറി സവാള വില; ഒപ്പംകൂടി വെളുത്തുള്ളി, ചെറിയുളളി, ഇഞ്ചി, തക്കാളി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സവാള വില വർദ്ധിച്ചതോടെ ഹോട്ടലുകളിലെ വിഭവങ്ങളിൽ ഉള്ളി കുറഞ്ഞു തുടങ്ങി. തട്ടുകടകളിൽ ഉൾപ്പെടെ 'ഓംലറ്റ് ഇല്ല' എന്ന ബോർഡ് വരെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പകരം ബുൾസ് ഐ കൊണ്ടു തൃപ്തിപ്പെടണം.

മാസങ്ങൾക്കു മുമ്പ് 20 രൂപയായിരുന്ന ഒരുകിലോ സവാളയുടെ ഇപ്പോഴത്തെ വില 70 മുതൽ 90 വരെയാണ്. ഈ വിലയ്ക്കു സവാള വാങ്ങി ഉപയോഗിച്ചാൽ ഓംലറ്റും എഗ്ഫ്രൈയുമൊന്നും ഇപ്പോഴത്തെ വിലയ്ക്കു കൊടുക്കാനാവില്ലെന്നു തന്നെയാണു തട്ടുകടക്കാരുടെ പക്ഷം. പൊരിച്ച ചിക്കനൊപ്പം നൽകിയിരുന്ന സാലഡിലും സവാള കുറഞ്ഞിട്ടുണ്ട്. ബിരിയാണിയിലും കറികൾക്കും സവാള കുറയ്ക്കാനാവില്ല.

ചെറിയമാറ്റം പോലും രുചിയെയും അതുവഴി കച്ചവടത്തെയും ബാധിക്കുമെന്നതിനാൽ ഹോട്ടലുകാർക്ക് വലിയ വെല്ലുവിളിയാണ് ഇപ്പോഴത്തെ സവാള വില. കഴിഞ്ഞ ഒരാഴ്ചയായി സവാള വില 80 ശതമാനമാണ് വർദ്ധിച്ചത്. വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ സവാള കയറ്റുമതി നിരോധിച്ചിരുന്നു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സവാള കയറ്റുമതി ചെയ്യരുതെന്നാണ് ഉത്തരവ്.

അതേസമയം, സംസ്ഥാനത്ത് സവാളയ്ക്ക് പിന്നാലെ ചെറിയ ഉള്ളിക്കും വെളുത്തുള്ളിക്കും വില കുതിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ തക്കാളി, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വിലയിലും വർദ്ധനയുണ്ടായി. ഓണത്തിന് 15 രൂപയ്ക്ക് ലഭിച്ച തക്കാളി ഇന്ന് വാങ്ങണമെങ്കിൽ 10 രൂപ അധികം നൽകണം. ഒരു കിലോ ഇഞ്ചിക്ക് 50 രൂപയാണ് കൂടിയത്. നാരങ്ങാ വെള്ളത്തിനുപോലും ചെറുനാരങ്ങ വാങ്ങാൻ ആളുകൾ മടിക്കുകയാണ്. 100 രൂപ കൊടുത്താലേ ഒരു കിലോ ചെറുനാരങ്ങ കിട്ടൂ.

Next Story
Read More >>