സംയമനം പാലിക്കണം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം ഭരണപ്രതിസന്ധി സൃഷ്ടിക്കുമെന്ന് കരുതുന്നില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

സംയമനം പാലിക്കണം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍

തിരുവനന്തപുരം: കേരളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള തര്‍ക്കത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍. തര്‍ക്കം നിര്‍ഭാഗ്യകരമാണ് എന്ന് പറഞ്ഞ രാജഗോപാല്‍ അവ സ്വകാര്യമായി ആണ് പരിഹരിക്കേണ്ടിയിരുന്നത് എന്നും കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന രണ്ട് സുപ്രധാന കേന്ദ്രങ്ങളാണ് ഗവര്‍ണറും മുഖ്യമന്ത്രിയും. രണ്ട് പേര്‍ക്കും ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കാനുണ്ട്. തര്‍ക്കങ്ങള്‍ സ്വകാര്യമായാണ് പരിഹരിക്കേണ്ടിയിരുന്നത്. ഗവര്‍ണറും സംയമനം പാലിക്കേണ്ടിയിരുന്നുവെന്നു- അദ്ദേഹം വ്യക്തമാക്കി.

അധികാരത്തില്‍ ആരാണ് വലുത് ചെറുത് എന്ന തര്‍ക്കത്തിന് പ്രസക്തിയില്ല. ഭരണാധികാരികളെ ജനങ്ങള്‍ ആദരവോടെയാണ് കാണുന്നത്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം ഭരണപ്രതിസന്ധി സൃഷ്ടിക്കുമെന്ന് കരുതുന്നില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

അതിനിടെ, കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയില്‍ കേസിന് പോയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ തള്ളി. ചീഫ് സെക്രട്ടറിയുമായി അടച്ചിട്ട മുറിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടാണ് ഗവര്‍ണര്‍ ഇക്കാര്യം പറഞ്ഞത്. 'ഭരണഘടനാപരമായ ചട്ടങ്ങള്‍ സര്‍ക്കാര്‍ പാലിച്ചേ മതിയാകൂവെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

സുപ്രീം കോടതിയില്‍ പോകുന്നതിന് അനുമതി ആവശ്യമാണ്. കേന്ദ്രത്തിനെതിരെ കേസിനു പോകുന്നത് ഗവര്‍ണറെ അറിയിക്കല്‍ നിര്‍ബന്ധമാണ്. ഭരണഘടനാ തകര്‍ച്ച അനുവദിക്കില്ല. ഇക്കാര്യത്തില്‍ ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. അടുത്ത നടപടി എന്തെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story
Read More >>