എന്‍.എസ്.എസിനെ എതിരെ രാജഗോപാല്‍; ജാതി പറഞ്ഞു വോട്ടു പിടിക്കുന്നത് നിയമവിരുദ്ധം

ജാതി-മത സംഘടനകള്‍ ഒരു പാര്‍ട്ടിക്കു വേണ്ടി മാത്രം വോട്ടു ചോദിക്കുന്നത് നിയമവിരുദ്ധമായ നടപടിയാണ്

എന്‍.എസ്.എസിനെ എതിരെ രാജഗോപാല്‍; ജാതി പറഞ്ഞു വോട്ടു പിടിക്കുന്നത് നിയമവിരുദ്ധം

തിരുവനന്തപുരം: എന്‍.എസ്.എസ് നിലപാടിനെതിരെ ബി.ജെ.പിയും പരസ്യമായി രംഗത്തെത്തി. യു.ഡി.എഫിനു വോട്ടു ചെയ്യണമെന്ന എന്‍.എസ്.എസ് നിലപാട് നിയമവിരുദ്ധമാണെന്നു ഒ,രാജഗോപാല്‍ എം.എല്‍.എ. ജാതി-മത സംഘടനകള്‍ ഒരു പാര്‍ട്ടിക്കു വേണ്ടി മാത്രം വോട്ടു ചോദിക്കുന്നത് നിയമവിരുദ്ധമായ നടപടിയാണ്. അതിനു അവര്‍ക്കു അവകാശമില്ല.

വട്ടിയൂര്‍ക്കാവില്‍ മാത്രമല്ല എന്‍.എസ്.എസിനു ഈ നിലപാട്. സംസ്ഥാനത്തു മുഴുവന്‍ അവര്‍ യു.ഡി.എഫ് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ ഗൗരവമായി പരിശോധിക്കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.

>നടപടി കര്‍ശനമാക്കാന്‍ കമ്മിഷന്‍ നിര്‍ദ്ദേശം

ജാതി പറഞ്ഞു തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കുന്നതിനെതിരെ കര്‍ശന നിലപാടുമായി തെരഞ്ഞെടുപ്പു കമ്മീഷന്‍. വട്ടിയൂര്‍ക്കാവില്‍ ചില സമുദായ സംഘടനകള്‍ ജാതി പറഞ്ഞു വോട്ടു ചോദിക്കുന്നതായി ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ പരിശോധന നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ ടിക്കാറാം മീണ വരണാധികാരിയോടു നിര്‍ദ്ദേശിച്ചു.

എന്‍.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.കെ മോഹന്‍കുമാറിനു വേണ്ടി ഗൃഹസന്ദര്‍ശനം നടത്തിയെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.

എന്‍.എസ്.എസിനെതിരെ ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും ജാതി, മത വിഷയങ്ങളും ചിഹ്നങ്ങളും ഉയര്‍ത്തിക്കാട്ടി വോട്ടഭ്യര്‍ത്ഥന നടത്തുന്ന ചട്ടവിരുദ്ധമായതിനാലാണ് പരിശോധന നടത്താന്‍ തെരഞ്ഞെടുപ്പു ഓഫീസര്‍ നിര്‍ദ്ദേശിച്ചത്. പരിശോധനയ്ക്കു ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പു ഓഫീസര്‍ അറിയിച്ചു.

Read More >>